2021, മേയ് 31, തിങ്കളാഴ്‌ച

ബോദ്‌ലേർ - രാത്രിയുടെ കല്ലറ പോലെ...


രാത്രിയുടെ കല്ലറ പോലെ നിന്നെ ഞാനാരാധിക്കുന്നു,
കദനത്തിന്റെ ഭാജനമേ, മൗനം വെടിയാത്തവളേ,
അത്രയ്ക്കധികം സ്നേഹിക്കുന്നു ഞാൻ നിന്നെ,
എന്നിൽ നിന്നകലുകയാണു നീയെന്നതിനാൽത്തന്നെ,
പതിന്മടങ്ങാക്കുകയാണു നീ,യെന്റെ രാത്രികൾക്കലങ്കാരമേ,
എനിക്കുമനന്തനീലിമയ്ക്കുമിടയിലെ കാതങ്ങളെന്നതിനാൽത്തന്നെ.

യുദ്ധസജ്ജനായി ഞാൻ വരുന്നു, ഞാനാക്രമിച്ചുമുന്നേറുന്നു,
ശവത്തിനു മേൽ പുഴുക്കളുടെ വൻപട പോലെ.
എനിക്കത്രമേലിഷ്ടം, ക്രൂരമായ, മെരുങ്ങാത്ത മൃഗമേ,
നിന്റെ സൗന്ദര്യമിരട്ടിപ്പിക്കുന്ന ആ തണുപ്പൻ മട്ടും!

2021, മേയ് 30, ഞായറാഴ്‌ച

ബോദ്‌ലേർ - സംഭാഷണം



നീയൊരു ശരൽക്കാലവിശദാകാശം, സുന്ദരം, സുതാര്യം!
എന്നിട്ടും വേലിയേറ്റം പോലെ വിഷാദമെന്നിലുയരുന്നു,
അതിറങ്ങുമ്പോഴെന്റെ മ്ളാനമായ ചുണ്ടുകളിൽ ശേഷിക്കുന്നു,
ഉപ്പു കയ്ക്കുന്ന ചെളിക്കുഴമ്പിന്റെ പൊള്ളുന്ന ഓർമ്മകൾ.

-എന്റെ മൂർച്ഛിക്കുന്ന നെഞ്ചിൽ നിന്റെ കൈ പരതുന്നതു വെറുതേ;
അതു തേടുന്നിടമെന്റെ പ്രിയേ, കൊള്ളയടിച്ചുകഴിഞ്ഞു,
സ്ത്രീകളുടെ നഖങ്ങളും ക്രൂരദംഷ്ട്രകളും കൂടി.
ഇനിയെന്റെ ഹൃദയത്തെത്തേടരുതേ; മൃഗങ്ങൾക്കതു തീറ്റയായി.

ആൾക്കൂട്ടം കയ്യേറിയൊരു കൊട്ടാരമാണെന്റെ ഹൃദയം;
അവരവിടെ കുടിച്ചുമറിയുന്നു, തമ്മിൽത്തല്ലുന്നു, കൊല്ലുന്നു!
-നിന്റെ നഗ്നമായ കണ്ഠത്തെത്തഴുകുന്നതേതു പരിമളം!...

സുന്ദരീ, ആത്മാവുകളെ പ്രഹരിക്കുന്ന ചമ്മട്ടീ, നിന്റെ ഹിതം നടക്കട്ടെ!
പെരുന്നാളുകൾ പോലെ തിളങ്ങുന്ന നിന്റെ കണ്ണുകളിലെ ജ്വാലയാൽ
മൃഗങ്ങൾ ബാക്കിവച്ച ഈ മാംസശിഷ്ടത്തെ നീയെരിക്കൂ!

ബോദ്‌ലേർ - ദൗർഭാഗ്യം



ഇത്രയും കനത്തൊരു ഭാരമെടുത്തുയർത്താൻ
നിനക്കുള്ളത്രയും ധൈര്യം വേണം, സിസിഫസ്;
തന്റെയുദ്യമത്തിൽ ഉത്സാഹിയാണു ഹൃദയമെങ്കിലും
കലയെത്ര ദീർഘം, കാലമെത്ര ഹ്രസ്വം!

പേരു കേട്ടവരുടെ ശവകുടീരങ്ങളിലേക്കല്ല,
ഏകാന്തമായൊരു സെമിത്തേരിയിലേക്കത്രേ,
ഒച്ചയടഞ്ഞൊരു ഭേരിയും താക്കി
എന്റെ ഹൃദയത്തിന്റെ വിലാപയാത്ര.

എത്ര രത്നങ്ങൾ മറഞ്ഞുകിടക്കുന്നു,
പാരകളും തമരുകളും തുരന്നുചെല്ലാത്ത
ഭൂഗർഭത്തിന്റെ വിസ്മൃതിയിലും തമസ്സിലും;

എത്ര പൂക്കൾ ഖേദത്തോടെ നിശ്വസിക്കുന്നു,
രഹസ്യങ്ങൾ പോലെ സൗമ്യമായ പരിമളങ്ങൾ
ഏകാന്തമായ കാനനഗഹനതകളിൽ.

2021, മേയ് 29, ശനിയാഴ്‌ച

ബോദ്‌ലേർ - ഒരേ ചിന്ത



കൊടുങ്കാടുകളേ, 
ഭദ്രാസനപ്പള്ളികൾ പോലെ നിങ്ങളെന്നെ പേടിപ്പെടുത്തുന്നു,
ഓർഗനുകൾ പോലെ നിങ്ങളിരമ്പുന്നു; 
ഞങ്ങളുടെ ശപ്തഹൃദയങ്ങളിൽ,
ഊർദ്ധ്വശ്വാസങ്ങൾ കുറുകുന്ന നിത്യവിലാപങ്ങളുടെ മുറികളിൽ,
നിങ്ങളുടെ ‘ഡെയ് പ്രൊഫുൺഡിസി’ന്റെ* മാറ്റൊലികൾ 
ഞങ്ങൾ കേൾക്കുന്നു.

പെരുംകടലേ, നിന്നെ ഞാൻ വെറുക്കുന്നു! 
നിന്റെ കുതിപ്പുകളിലും പെരുക്കങ്ങളിലും
എന്റെയാത്മാവതിനെത്തന്നെ കാണുന്നു;
കടലിന്റെ അലറിച്ചിരിയിൽ
തെറികളും തേങ്ങലുകളും നിറഞ്ഞ
പരാജിതന്റെ മനം കടുത്ത ചിരി ഞാൻ കേൾക്കുന്നു.

രാത്രീ, നിന്നെ ഞാനെത്രയിഷ്ടപ്പെട്ടേനേ,
എനിക്കറിയുന്നൊരു ഭാഷ സംസാരിക്കുന്ന
ആ നക്ഷത്രങ്ങളില്ലായിരുന്നെങ്കിൽ!
ഇന്നെനിക്കിരുട്ടു മതി, ശൂന്യതയും നഗ്നതയും മതി!

ഇരുട്ടും പക്ഷേ, ഒരു കാൻവാസാകുന്നു,
അതിലെന്റെ കണ്ണുകളെത്രയെന്നില്ലാതെ വരച്ചിടുന്നു,
പണ്ടേ മറഞ്ഞുപോയ ചിരപരിചിതരൂപങ്ങൾ.
***

* De Profundis- ‘യഹോവേ, ആഴത്തിൽ നിന്നു ഞാൻ നിലവിളിക്കുന്നു...’ എന്നു തുടങ്ങുന്ന സങ്കീർത്തനം 130.


ബോദ്‌ലേർ - ഈ പ്രപഞ്ചത്തെ മുഴുവൻ...



ഈ പ്രപഞ്ചത്തെ മുഴുവൻ നീ നിന്റെ കിടപ്പറയിലേക്കു ക്ഷണിക്കും, 
അശുദ്ധയായ സ്ത്രീയേ! 
വൈരസ്യം നിന്റെയാത്മാവിനെ നിർദ്ദയമാക്കുന്നു. 
ആ വിചിത്രമായ കളിയിൽ മുഴുകാൻ 
നിന്റെ പല്ലുകൾക്കെന്നും വേണം, 
കൂടയിൽ ഒരു പുതിയ ഹൃദയം. 
അങ്ങാടികൾ പോലെ, മേളകൾ പോലെ
പ്രകാശപൂരിതമായ നിന്റെ കണ്ണുകൾ 
അവയുടെ സൗന്ദര്യത്തിന്റെ നിയമമൊരുനാളുമറിയാതെ 
കടം വാങ്ങിയൊരു വെളിച്ചം നിസ്സങ്കോചമുപയോഗപ്പെടുത്തുന്നു.

പുതിയ ക്രൂരതകൾ കണ്ടെത്തുന്നതിൽ നിപുണമായ 
അന്ധവും ബധിരവുമായ യന്ത്രമേ! 
വിമോചനത്തിന്റെ ഉപകരണമേ, 
ലോകത്തിന്റെ ചോരയൂറ്റിക്കുടിക്കുന്നവളേ, 
ലജ്ജ തോന്നാതിരിക്കാൻ നിനക്കെങ്ങനെ കഴിയുന്നു,  
ഏതു കണ്ണാടിയിലും നിന്റെ ചാരുതകൾ മങ്ങുന്നതു കാണാതിരിക്കാൻ 
നിനക്കെങ്ങനെ കഴിയുന്നു? 
താൻ നിപുണയാണെന്നു നീയഭിമാനിക്കുന്ന ഈ തിന്മയുടെ വലിപ്പം കണ്ടു 
നീയൊരിക്കലും പേടിച്ചു പിന്മാറിയിട്ടില്ലേ? 
ഗൂഢപദ്ധതികളിൽ പ്രബലയായ പ്രകൃതി 
ഒരു പ്രതിഭയെ രൂപപ്പെടുത്താൻ 
നിന്നെ, സ്ത്രീയേ, പാപങ്ങളുടെ റാണീ! നിന്നെ, ഹീനമൃഗമേ! 
നിന്നെ ഉപയോഗപ്പെടുത്തുകയല്ലേ?

കളങ്കിതമായ ഗാംഭീര്യമേ! ഉദാത്തമായ അപമാനമേ!

2021, മേയ് 28, വെള്ളിയാഴ്‌ച

ബോദ്‌ലേർ - ആദർശം



തൂലികാചിത്രങ്ങളിലെ സൗന്ദര്യധാമങ്ങളെനിക്കു വേണ്ട:
വിലകെട്ടൊരു കാലത്തിന്റെ ജീർണ്ണോല്പന്നങ്ങളാണവ;
മടമ്പുയർന്ന ചെരുപ്പുകൾ, കൈകളിൽ ചപ്ലാങ്കട്ടകൾ,
എന്റേതുപോലൊരു ഹൃദയത്തിന്റെ ദാഹം തീർക്കാനവയ്ക്കാവില്ല.

വിളർച്ചരോഗത്തിന്റെ കവി, ഗാവർണിക്കിരിക്കട്ടെ,
ആശുപത്രിസുന്ദരിമാരുടെ ചിലയ്ക്കുന്ന പറ്റം;
ആ വിളറിയ പനിനീർപ്പൂക്കളിൽ ഞാൻ കാണുന്നില്ല,
എന്റെയാദർശത്തിന്റെ ജ്വലിക്കുന്ന രക്തപുഷ്പം.

ഏതു ഗർത്തത്തിലുമാഴമേറിയ ഈ ഹൃദയത്തിനു വേണം,
മാക്ബത്ത് പ്രഭ്വീ, പാപത്തിൽ പതറാത്ത നിന്നെ,
കൊടുങ്കാറ്റുകളുടെ നാട്ടിൽ വിരിഞ്ഞ ഈസ്ക്കിലസ്സിന്റെ സ്വപ്നമേ;

അല്ലെങ്കിൽ നിന്നെ, ആഞ്ജെലോയുടെ പുത്രീ, മഹാരാത്രീ,
അതികായന്മാരുടെ ചുണ്ടുകൾക്കു ദാഹം തീർക്കുന്ന മാറുമായി
വിചിത്രമായൊരു പടുതിയിൽ ചരിഞ്ഞുകിടക്കുന്നവളേ!
***

*ഗാവർണി (Gavarni)- ക്ഷുദ്രവിഷയങ്ങൾ ചിത്രീകരിച്ചിരുന്ന, ജനപ്രിയനായ ചിത്രകാരൻ.
*ഈസ്ക്കിലസ്സിന്റെ സ്വപ്നം- ഈസ്ക്കിലസ്സിന്റെ നടകത്തിലെ പ്രതികാരദുർഗ്ഗയായ ക്ലിറ്റെംനെസ്ട്രയെ സ്കോട്ടിഷ് പശ്ചാത്തലത്തിൽ പ്രതിഷ്ഠിച്ചാൽ മാക്ബത്ത് പ്രഭ്വി ആയി എന്ന അർത്ഥത്തിൽ.

*ആഞ്ജെലോയുടെ പുത്രി- ഫ്ലോറൻസിലെ മെഡിച്ചി ചാപ്പലിൽ മൈക്കെലാഞ്ജലോ ചെയ്ത രാത്രിയുടെ ശില്പം, ബലിഷ്ഠയും നഗ്നയുമായ ഒരു സ്ത്രിയുടെ രൂപത്തിൽ; ഗ്രീക്കുപുരാണത്തിൽ ടൈറ്റനുകൾ എന്ന അതികായന്മാരായ ദേവന്മാരുടെ മാതാവാണ്‌ രാത്രി.

2021, മേയ് 26, ബുധനാഴ്‌ച

ബോദ്‌ലേർ - സംഗീതം


(ബീഥോവന്‌)

സംഗീതം പലപ്പോഴുമെന്നെ കടൽ പോലെ കടത്തിക്കൊണ്ടുപോകുന്നു!
മൂടൽമഞ്ഞിന്റെ വിതാനത്തിനടിയിലൂടെ,
അല്ലെങ്കിലാകാശത്തിന്റെ വൈപുല്യത്തിനിടയിലൂടെ,
എന്റെ വിവർണ്ണതാരത്തിലേക്കു  ഞാനെന്റെ പ്രയാണം തുടങ്ങുന്നു;

നെഞ്ചു തള്ളിച്ചും കപ്പല്പായകൾ പോലെ 
ശ്വാസകോശങ്ങൾ വീർപ്പിച്ചും
രാത്രി എന്നിൽ നിന്നു മറയ്ക്കുന്ന
തിരകളുടെ കൂമ്പാരത്തിലേക്കു ഞാൻ പിടിച്ചുകയറുന്നു;

കാറ്റും കടലും തട്ടിയുരുട്ടുന്ന കപ്പലുകളുടെ വികാരങ്ങൾ
എന്നിൽ ത്രസിക്കുന്നതു ഞാനറിയുന്നു;
നല്ല കാറ്റും കൊടുങ്കാറ്റുമതിന്റെ സംക്ഷോഭങ്ങളും

കൊടുംഗർത്തങ്ങളിലെന്നെ താരാട്ടുന്നു.
ചിലനേരങ്ങളിൽ ഒരു മഹാശാന്തത,
എന്റെ ഹതാശയുടെ ദർപ്പണം പോലെ.

2021, മേയ് 24, തിങ്കളാഴ്‌ച

ബോദ്‌ലേർ - അതിപ്രസന്ന



നിന്റെ ശീർഷം, നിന്റെ ഭാവം, നിന്റെ ചേഷ്ടകൾ-
ഒരു ഗ്രാമീണദൃശ്യം പോലവ മനോഹരം;
മന്ദഹാസം നിന്റെ മുഖത്തു കളിയാടുന്നു,
തെളിഞ്ഞ മാനത്തു കുളിർതെന്നൽ പോലെ.

നിന്റെ കൈകളിൽ നിന്നും നിന്റെ തോളുകളിൽ നിന്നും
വെളിച്ചം പോലാരോഗ്യം പ്രസരിക്കുമ്പോൾ
നിന്നെക്കടന്നുപോകുന്ന വിഷണ്ണനായ വഴിപോക്കൻ
അതിന്റെ ദീപ്തിയിലന്ധാളിച്ചുപോകുന്നു.

നിന്റെ ഉടയാടകളിൽ നീ വിതറുന്ന
വിസ്മയിപ്പിക്കുന്ന വിവിധവർണ്ണങ്ങൾ
കവികളുടെ മനസ്സിൽ വിതയ്ക്കുന്നു
സംഘനൃത്തം ചെയ്യുന്ന പൂക്കളുടെ ചിത്രം.

കടുംചായങ്ങൾ തട്ടിമറിഞ്ഞ നിന്റെയുടയാടകൾ
ബഹുലവർണ്ണമായ നിന്റെ പ്രകൃതിയുടെ ചിഹ്നം തന്നെ;
എന്നെ ഭ്രാന്തെടുപ്പിക്കുന്ന ഭ്രാന്തിപ്പെണ്ണേ,
വെറുപ്പാണെനിക്കു നിന്നെ, അത്രതന്നെ സ്നേഹവും!

ചിലനേരം ഞാനെന്റെ ജാഡ്യവും വലിച്ചിഴച്ചു
മനോഹരമായൊരുദ്യാനത്തിലേക്കു ചെല്ലുമ്പോൾ
സൂര്യവെളിച്ചമൊരു വ്യാജോക്തി പോലെ
എന്റെ ഹൃദയം പറിച്ചെടുക്കുന്നതു ഞാനറിഞ്ഞു.

തഴച്ച പച്ചപ്പും വസന്തകാലവും
എന്റെ ഹൃദയത്തെ അത്രക്കപമാനിക്കയാൽ
ഒരു പൂവിന്റെ ദലങ്ങൾ നുള്ളിക്കീറി
പ്രകൃതിയുടെ ഗർവ്വിനെ ഞാൻ ശിക്ഷിക്കുകയും ചെയ്തു.

അതുപോലെനിക്കു മോഹം, ഒരു രാത്രിയിൽ,
നിഗൂഢാനന്ദങ്ങളുടെ നേരമെത്തുമ്പോൾ,
ഒച്ചയനക്കമില്ലാതൊരു ഭീരുവിനെപ്പോലെ
നിന്റെയുടലിന്റെ ഖജനാവിലേക്കിഴഞ്ഞെത്താൻ,

ഉല്ലാസിയായ നിന്റെയുടലിനെ ശിക്ഷിക്കാൻ,
നിത്യമൃദുലമായ നിന്റെ മാറിടത്തെ മുറിപ്പെടുത്താൻ,
ആശ്ചര്യം കൊണ്ടു ത്രസിക്കുന്ന നിന്റെയിടുപ്പിൽ
ആഴത്തിലും വീതിയിലുമൊരു മുറിവു തുരക്കാൻ,

പിന്നെ, എന്റെ തല ചുറ്റിക്കുന്ന മാധുര്യമേ!
കൂടുതലുജ്ജ്വലവും കൂടുതൽ സുന്ദരവുമായ
ആ പിളർന്ന, പുതിയ ചുണ്ടുകൾക്കുള്ളിലൂടെ,
സോദരീ, എന്റെ വിഷമുള്ളിൽക്കടത്താൻ!


2021, മേയ് 23, ഞായറാഴ്‌ച

ബോദ്‌ലേർ - രാക്ഷസി



ആദിയിൽ, അമിതകാമത്താലൂർജ്ജവതിയായ പ്രകൃതി
ഓരോനാളുമെന്നപോലെ  വിചിത്രസൃഷ്ടികളെ ജനിപ്പിച്ചിരുന്ന കാലം,
ഒരു യുവരാക്ഷസിക്കരികിൽ ജീവിക്കാൻ ഞാൻ കൊതിക്കുമായിരുന്നു,
ഒരു റാണിയുടെ കാലടിയിൽ സുഖാസക്തനായൊരു പൂച്ചയെപ്പോലെ.

പേടിപ്പെടുത്തുന്ന ക്രീഡകളിലൂടതിരുകൾ കവിഞ്ഞവൾ മുതിരുന്നതും
ഉടലിലുമാത്മാവിലും പുഷ്ടി പ്രാപിക്കുന്നതും ഞാൻ കണ്ടിരിക്കുമായിരുന്നു;
അവളുടെ കണ്ണുകളിലൊഴുകുന്ന മഞ്ഞിൽ നിന്നു ഞാനൂഹിക്കുമായിരുന്നു,
ഏതഗ്നിയാണവളുടെ ഹൃദയത്തിലൊളിഞ്ഞു പുകയുന്നതെന്നും.

അവളുടെ പ്രൗഢമായ വടിവുകളിലൂടലസമായി ഞാനലയുമായിരുന്നു;
മലഞ്ചരിവിലൂടെന്നപോലവളുടെ കാലുകളിൽ പിടിച്ചു ഞാൻ കയറുമായിരുന്നു;
നടുവേനലിൽ ചിലനേരം മാരകസൂര്യന്മാരാൽ ക്ഷീണിതയായി,

നാട്ടുമ്പുറത്തിനു നെടുകേയവൾ നീണ്ടുനിവർന്നുകിടക്കുമ്പോൾ
അവളുടെ മുലകളുടെ തണലിലസം ഞാൻ മയങ്ങുമായിരുന്നു,
ഏതോ മലയടിവാരത്തൊതുങ്ങിക്കിടക്കുന്നൊരു കുഞ്ഞുഗ്രാമം പോലെ.


2021, മേയ് 22, ശനിയാഴ്‌ച

ബോദ്‌ലേർ - എന്റെ ഫ്രാൻസിസ്കയ്ക്ക് സ്തുതി



പുതിയൊരു ശ്രുതിയിൽ നിന്നെ ഞാൻ വാഴ്ത്താം,
എന്റെ ഹൃദയത്തിന്റെ ഏകാന്തതയിൽ
ഉല്ലസിച്ചുലയുന്ന പൂമൊട്ടേ.

പുഷ്പകിരീടങ്ങളെടുത്തണിയൂ,
മനം കവരുന്ന സ്ത്രീയേ,
ഞങ്ങൾക്കു പാപനിവൃത്തി വരുത്തുന്നവളേ.

ഹിതകാരിയായ ലീത്തിയിൽ നിന്നെന്നപോലെ
നിന്റെ ചുംബനങ്ങൾ ഞാൻ കുടിക്കാം,
കാന്തം പോലാകർഷിക്കുന്നവളേ.

ചെയ്ത പാപങ്ങളുടെ കൊടുങ്കാറ്റിൽ
എന്റെ നടവഴികളിരുണ്ടപ്പോൾ
ദേവതേ! നീ പ്രത്യക്ഷയായി,

ഞങ്ങളുടെ കപ്പൽച്ചേതത്തിൽ രക്ഷകയായി,
ധ്രുവനക്ഷത്രം പോലെ ദീപ്തയായി...
നിന്റെയൾത്താരയിലെന്റെ ഹൃദയം ഞാനർപ്പിക്കാം!

നന്മ നിറഞ്ഞ തടാകമേ,
നിത്യയൗവ്വനത്തിന്റെയുറവേ,
എന്റെ ചുണ്ടുകളിൽ നിന്നു മൗനമടർത്തിമാറ്റൂ!

മാലിന്യങ്ങൾ നീ കഴുകിക്കളഞ്ഞു,
വളവുകൾ നീ തടവിനീർത്തി,
ബലം കെട്ടതിനു കരുത്തും നല്കി നീ.

വിശന്നപ്പോൾ നീ വഴിയമ്പലമായി,
ഇരുട്ടിൽ നീ വഴിവിളക്കായി,
എന്നുമെന്നെ നന്മയിലേക്കു നയിച്ചാലും.

ഇനി നിന്റെ ബലമെന്നോടു ചേർക്കൂ,
ഹൃദ്യപരിമളങ്ങളലിഞ്ഞ
സുരഭിലസ്നാനജലമേ!

മാലാഖമാർ തൈലാഭിഷേകം ചെയ്ത
പവിത്രതയുടെ കവചമേ,
എന്റെയരക്കെട്ടിനു കോട്ട കെട്ടൂ;

രത്നഖചിതമായ ചഷകമേ,
ഉപ്പു ചേർത്ത അപ്പമേ, സ്വാദിഷ്ഠഭോജനമേ,
എന്റെ ഫ്രാൻസിസ്കാ, സ്വർഗ്ഗീയപാനീയമേ!

2021, മേയ് 21, വെള്ളിയാഴ്‌ച

ബോദ്‌ലേർ - തിരയിളക്കുന്ന പട്ടുടയാടയിൽ...



തിരയിളക്കുന്ന പട്ടുടയാടയിലവളെക്കാണുമ്പോൾ
നടക്കുമ്പോഴും നൃത്തം വയ്ക്കുകയാണവളെന്നു തോന്നും,
പാമ്പാട്ടിയുടെ മകുടിയിളകുമ്പോഴതിന്റെ താളത്തിൽ
പത്തിവിടർത്തിയാടുന്ന നെടിയ നാഗങ്ങളെപ്പോലെ.

മനുഷ്യയാതനകളോടൊരുപോലുദാസീനമായ
മരുനിലങ്ങളിലെ വരണ്ട മണലും നീലവാനവും പോലെ;
കടൽപ്പെരുക്കത്തിൽ തിരകളുടെ മെടച്ചിൽ പോലെ,
ഉദാസീനതയോടവൾ സ്വയമനാവൃതയാകുന്നു.

മനം കവരുന്ന രത്നങ്ങൾ അവളുടെ മിന്നുന്ന കണ്ണുകൾ,
ആ പ്രതീകാത്മകമായ വിചിത്രപ്രകൃതത്തിലൊരുമിക്കുന്നു,
നിർമ്മലയായ മാലാഖയും പ്രാക്തനയായ സ്ഫിങ്ക്സും.

സർവ്വതും പൊന്നുമുരുക്കും വെളിച്ചവും വജ്രവുമായൊരിടത്ത്
നിരുപയോഗമായൊരു നക്ഷത്രം പോലെന്നുമെന്നും തിളങ്ങുന്നു,
വന്ധ്യയായൊരു സ്ത്രീയുടെ നിർവ്വികാരമായ പ്രതാപം.


ബോദ്‌ലേർ - നൃത്തം ചെയ്യുന്ന സർപ്പം



എനിക്കെത്രയിഷ്ടമാണെന്നോ, 
അത്ര സുന്ദരമായ നിന്റെയുടലിൽ
പട്ടുനൂലിന്റെ പൊൻവല പോലെ
സ്നിഗ്ധചർമ്മത്തിന്റെ മിനുക്കം!

തീക്ഷ്ണപരിമളങ്ങളലയടിക്കുന്ന
നിന്റെയഗാധമായ മുടിത്തഴപ്പിൽ,
ഊതവും നീലവുമായ തിരകളുമായി
വാസനിച്ചലയുന്നൊരു കടലിൽ,

പുലരിയിലിളംകാറ്റിളകുമ്പോ-
ളനക്കം വയ്ക്കുന്ന നൗക പോലെ
എന്റെയാത്മാവെന്ന സ്വപ്നജീവി
ഒരു വിദൂരവാനത്തേക്കു യാത്രയാകുന്നു.

നിന്റെ കണ്ണുകളിൽ വെളിപ്പെടുന്നില്ല,
മധുരവും തിക്തവുമായിട്ടൊന്നും,
പൊന്നുമിരുമ്പുമൊരുപോലെ കലർന്ന
രണ്ടു വെറുങ്ങലിച്ച രത്നങ്ങളാണവ.

മോഹിപ്പിക്കുന്നൊരലക്ഷ്യത്തോടെ
താളത്തിൽ നിന്റെ നട കാണുമ്പോൾ
ഞാൻ കാണുന്നു, മകുടിക്കൊപ്പം
നൃത്തം വയ്ക്കുന്നൊരു സർപ്പത്തെ.

നിന്റെയാലസ്യത്തിന്റെ ഭാരത്താൽ
താഴുന്നു നിന്റെ കൈശോരശീർഷം,
പതിഞ്ഞ താളത്തിലതുലയുന്നു,
ഒരാനക്കുട്ടിയുടെ മസ്തകം പോലെ.

നിന്റെയുടൽ ചായുന്നു, നിവരുന്നു,
സുന്ദരമായൊരു യാനം പോലെ;
വളവരകൾ വെള്ളത്തിൽ നനച്ചുകൊ-
ണ്ടിരുപുറത്തേക്കുമതുലയുന്നു.

ഹിമാനികൾ തമ്മിലുരഞ്ഞുരുകുമ്പോൾ
പുഴവെള്ളം തിങ്ങിപ്പൊങ്ങുമ്പോലെ
ദന്തനിരകളെക്കവിഞ്ഞു നിന്റെ-
യുമിനീരു നുരഞ്ഞുപൊന്തുമ്പോൾ,

എനിക്കതൊരു ബൊഹീമിയൻ മദിര,
പൊള്ളുന്നതും കയ്ക്കുന്നതും കീഴടക്കുന്നതും,
അതെന്റെ ഹൃദയത്തിൽ താരകൾ വിതറുന്ന
ദ്രാവകരൂപത്തിലൊരാകാശം.


2021, മേയ് 20, വ്യാഴാഴ്‌ച

ബോദ്‌ലേർ - വിഷം



എത്രയറയ്ക്കുന്ന ചെറ്റപ്പുരയേയും
ആഡംബരത്തിന്റെ വിസ്മയമുടുപ്പിക്കാൻ വീഞ്ഞിനറിയാം;
മേഘാവൃതവാനത്തസ്തമിക്കുന്ന സൂര്യനെപ്പോലെ
ശോണധൂമത്തിന്റെ സൗവർണ്ണദീപ്തിയിൽ
ഐതിഹാസികമണ്ഡപങ്ങളതു പ്രത്യക്ഷമാക്കും.

അവീൻ പരിധിയറ്റതിനെ വികസ്വരമാക്കും,
അനന്തതയെ വലിച്ചുനീട്ടും,
കാലത്തെ അഗാധമാക്കും, പ്രഹർഷത്തെ അടിയറ്റതാക്കും,
ഇരുണ്ട സുഖങ്ങൾ ചെടിക്കുവോളം ചെലുത്തി
ആത്മാവിനെയതു നിസ്സഹായമാക്കും.

ഇതൊന്നുമൊന്നുമല്ല, നിന്റെ കണ്ണുകളിൽ നിന്ന്,
നിന്റെ പച്ചക്കണ്ണുകളിൽ നിന്നൊഴുകുന്ന വിഷത്തിനു മുന്നിൽ;
എന്റെയാത്മാവു തകിടം മറിയുന്ന തടാകങ്ങളവ.
ആ തിക്തഗർത്തങ്ങളിൽ ദാഹനിവൃത്തി വരുത്താൻ
എന്റെ സ്വപ്നങ്ങൾ തിക്കിത്തിരക്കിവരുന്നു.

ഇതൊന്നുമൊന്നുമല്ല, നിന്റെയുമിനീരിനു മുന്നിൽ-
ആ കരാളവിസ്മയത്തിന്റെ ദംശനം
എന്റെയാത്മാവിനെ വിഭ്രാന്തമാക്കുന്നു,
കുറ്റബോധങ്ങളറ്റ വിസ്മൃതിയിലേക്കതിനെ മുക്കിത്താഴ്ത്തുന്നു,
പിന്നൊരു മൂർച്ഛയിൽ മരണതീരത്തേക്കതിനെ ചുഴറ്റിയെറിയുന്നു.
*

ബോദ്‌ലേറുടെ ജീവിതത്തിലേക്കു കടന്നുവന്ന മൂന്നാമതൊരു സ്ത്രീയെ, Marie Daubrun എന്ന ‘പച്ചക്കണ്ണുള്ള വീനസി’നെ സംബോധന ചെയ്തുകൊണ്ടെഴുതിയ കവിതകളിൽ ആദ്യത്തേത്. 


2021, മേയ് 19, ബുധനാഴ്‌ച

ബോദ്‌ലേർ - സ്നേഹം ഒരു നുണയോട്



മച്ചിലലച്ചുതകരുന്ന സംഗീതമകമ്പടിയായി,
സാവധാനത്തിൽ, താളാത്മകമായി ചുവടുകൾ വച്ചും
മടുപ്പു കനത്ത നോട്ടത്തെ അവിടവിടെയലയാൻ വിട്ടും,
നീ കടന്നുപോകുമ്പോൾ, അലസയായ സുന്ദരീ;

സാന്ധ്യദീപങ്ങൾ പുലരിക്കു തീ കൊളുത്തുകയും 
രോഗാതുരമായൊരു ചാരുതയലങ്കരിക്കുകയും ചെയ്യുന്ന നിന്റെ വിളർത്ത നെറ്റിത്തടവും
ഒരു ഛായാപടത്തിലെന്നപോലെ വശ്യമായ കണ്ണുകളും
അവയെ നിറപ്പെടുത്തുന്ന ഗ്യാസുവിളക്കുകളുടെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ:

ഞാൻ എന്നോടുതന്നെ പറയുന്നു: “എത്ര സുന്ദരിയാണിവൾ! എത്ര ഓജസ്സാർന്നവൾ!
ഒരു വിപുലസ്മൃതി, ഒരു രാജകീയഗോപുരമവളെ മകുടമണിയിക്കുന്നു,
തുടുത്ത പീച്ച് പഴം പോലെ ചതഞ്ഞ അവളുടെ ഹൃദയം,
അവളുടെയുടൽ പോലെ, ഒരു നിപുണകാമുകന്റെ കൈകൾക്കു പാകം.

സ്വാദിന്റെ പാരമ്യമെത്തിയ ശരല്ക്കാലക്കനിയാണോ നീ?
ചില കണ്ണീർത്തുള്ളികൾ കാത്തിരിക്കുന്ന ചിതാഭസ്മകുംഭമോ?
വിദൂരമരുപ്പച്ചകളെ ഓർമ്മയിലേക്കാനയിക്കുന്ന പരിമളമോ,
തലോടുന്ന തലയിണയോ, പുതുപൂക്കളുടെ കൂടയോ?

അതിവിഷാദം വഴിയുന്ന ചില കണ്ണുകളെനിക്കറിയാം: 
ഒരനർഘരഹസ്യവും ഒളിപ്പിക്കാനില്ലാത്തവ;
രത്നങ്ങളില്ലാത്ത ചെല്ലങ്ങൾ, തിരുശേഷിപ്പുകളടങ്ങാത്ത പേടകങ്ങൾ,
ആകാശമേ, നിന്നെക്കാൾ ശൂന്യവും ഗഹനവും!

വെറുമൊരു പ്രതീതിയാണു നീയെങ്കില്ക്കൂടി അതു മതിയാവില്ലേ,
നേരിൽ നിന്നൊളിച്ചോടുന്നൊരു ഹൃദയത്തെയതു ത്രസിപ്പിക്കുമെങ്കിൽ?
നീയാരുമാകട്ടെ, മൂഢയോ ഉദാസീനയോ ആവട്ടെ!
പൊയ്മുഖമേ ചമയമേ, നിനക്കഭിവാദ്യം! സൗന്ദര്യമേ, ഞാനാരാധിക്കുന്നു നിന്നെ!

2021, മേയ് 18, ചൊവ്വാഴ്ച

ബോദ്‌ലേർ - ശരൽക്കാലഗീതകം



നിന്റെ കണ്ണുകൾ, തെളിഞ്ഞ പളുങ്കുകളെന്നോടു ചോദിക്കുന്നു:
“ഇത്രമേലെന്നെ സ്നേഹിക്കാൻ വിചിത്രകാമുകാ, നീയെന്നിലെന്തു കണ്ടു?”
-എന്നുമിതുപോലെ മനോഹരിയായിരിക്കു നീ, പിന്നെ മിണ്ടാതിരിക്കൂ!
ഉടലിന്റെ ആർജ്ജവമല്ലാതൊന്നും ഹിതമാവാത്ത എന്റെ ഹൃദയം,


താരാട്ടുന്ന കൈകൾ കൊണ്ടു ദീർഘനിദ്രയിലേക്കെന്നെ ക്ഷണിക്കുന്നവളേ,
അതിന്റെ നാരകീയരഹസ്യങ്ങൾ നിന്നിൽ നിന്നു മറച്ചുവയ്ക്കും,
അഗ്നിയിലെഴുതിയ ഇരുണ്ട പുരാണങ്ങളുമതുപോലെ.
വികാരത്തെ ഞാൻ വെറുക്കുന്നു, അറിവെന്നെ മുറിപ്പെടുത്തുന്നു!

നാമതിനാൽ സൗമ്യസ്നേഹത്തിലാഴുക; പ്രണയം പതിയിരിക്കുന്നു,
ഇരുണ്ട മാളത്തിൽ നിന്നുമവൻ മാരകമായ വില്ലു കുലയ്ക്കുന്നു.
അവന്റെ ആവനാഴിയിലെ പ്രാചീനബാണങ്ങളെനിക്കറിയാം,

ഉന്മാദം, അപരാധം, ഭീതി! ഹാ,യെന്റെ വിളർത്ത മാർഗരീത്താ!*
നീയുമൊരു ശരൽക്കാലസൂര്യനല്ലേ, എന്നെപ്പോലെ,
ഹാ,യെന്റെ മാർഗരീത്താ,* അത്രയും വെളുത്തവളേ, അത്രയും തണുത്തവളേ?
***

* ഡെയ്സിവർഗ്ഗത്തിൽ പെട്ട പൂവ്

*ഗെയ്ഥേയുടെ ഫൗസ്റ്റിലെ നായിക


ബോദ്‌ലേർ - ഒരു ക്രെയോൾ സ്ത്രീയോട്



വെയിലു താലോലിക്കുന്ന, വാസനിക്കുന്നൊരു ദേശത്ത്,
കടുംചുവപ്പുമരങ്ങളുടെ വിതാനത്തിനടിയിൽ,
കണ്ണുകളിലാലസ്യം പെയ്യുന്ന പനമരങ്ങൾക്കു ചുവട്ടിൽ
ഒരു ക്രിയോളുകാരിയുടെ അജ്ഞാതചാരുതകൾ ഞാനറിഞ്ഞു.

ഊഷ്മളചർമ്മം വിളർത്തവൾ, കറുത്ത മന്ത്രവാദിനി,
അവൾ തല വെട്ടിക്കുമ്പോഴതിലുണ്ടൊരു തറവാടിത്തം;
കിളരത്തിൽ, ചടച്ചവൾ- നടക്കുമ്പോഴൊരു വേട്ടക്കാരി;
അവളുടേതമർന്ന മന്ദഹാസം, നില വിടാത്ത നോട്ടം.

സേൻ നദിക്കരയിൽ, അല്ലെങ്കിൽ ലുവാറിൻ്റെ പച്ചപ്പിൽ,
ഐശ്വര്യത്തിന്റെ യഥാർത്ഥദേശത്തേക്കൊരുനാൾ ഭവതീ, നീ പോയിരുന്നെങ്കിൽ,
ആ പുരാതനഹർമ്മ്യങ്ങളലങ്കരിക്കാൻ യോഗ്യമായ സൗന്ദര്യമേ,

വള്ളിക്കുടിലുകളുടെ നിഴലടഞ്ഞ സങ്കേതങ്ങളിൽ
കവികളുടെ ഹൃദയങ്ങളിലൊരായിരം ഗീതകങ്ങൾ നീയുണർത്തും,
നിന്റെ കണ്ണുകൾക്കവർ നിന്റെയടിമകളെക്കാൾ വിധേയരാകും.

*ക്രെയോൾ (Creol)- യൂറോപ്യരും കറുത്തവരും ചേർന്ന സങ്കരവർഗ്ഗം; ബോദ്‌ലേർ മൗറീഷ്യസ്സിൽ വച്ചു പരിചയപ്പെട്ട M. Autard de Bragardന്റെ ഭാര്യയാണ്‌ ഈ ക്രിയോൾ സ്ത്രീ. ഭർത്താവിനെഴുതിയ കത്തിൽ ഭാര്യക്കുള്ള ഈ കവിതയും കവി വിദഗ്ധമായി ഉൾപ്പെടുത്തിയിരുന്നു.


2021, മേയ് 17, തിങ്കളാഴ്‌ച

ബോദ്‌ലേർ- ശവമടക്കം



കരാളമായൊരശുഭരാത്രിയിൽ,
വിമലതാരങ്ങളസ്തമിക്കുന്ന വേളയിൽ,
മാറാല മൂടിയൊരു പാഴ്പ്പുരയ്ക്കരികിൽ,
അണലി പെറുന്ന കുപ്പകൾക്കിടയിൽ
യൗവ്വനം പുളച്ചിരുന്ന നിന്റെയുടലിനെ
തന്റെ സന്മനസ്സു കൊണ്ടൊരാൾ
കുഴി വെട്ടിമൂടിയെന്നിരിക്കട്ടെ;
നിന്റെ ശപ്തമായ അസ്ഥികൾക്കു മേൽ,
ഋതുപ്പകർച്ചകൾക്കിടയിൽ നീ കേട്ടുകിടക്കും,
വിശപ്പു മാറാത്ത മന്ത്രവാദിനികളുടേയും
ചെന്നായ്ക്കളുടേയും ദീനരോദനങ്ങൾ,
കാമാർത്തരായ കിഴവന്മാരുടെ കൊഞ്ചലുകൾ,
കവർച്ചക്കാരുടെ ഇരുണ്ട ഗൂഢാലോചനകൾ.

2021, മേയ് 16, ഞായറാഴ്‌ച

ബോദ്‌ലേർ - ആൽബട്രോസ്

 

പലപ്പോഴും, വെറുമൊരു വിനോദത്തിനായി,
നാവികർ ആൽബട്രോസ്സിനെ കെണി വച്ചു പിടിക്കുന്നു,
ഉപ്പു ചുവയ്ക്കുന്ന കയങ്ങൾക്കു മേൽ തെന്നുന്ന കപ്പലിനെ
അലസമായനുയാത്ര ചെയ്യുന്ന കൂറ്റൻ കടൽപക്ഷികളെ.

അവരവയെ കപ്പൽത്തട്ടിൽ വയ്ക്കേണ്ട താമസം,
ആകാശത്തെയാ രാജാക്കന്മാർ, ചേലു കെട്ടും നാണം കെട്ടും
തങ്ങളുടെ വെളുത്ത കൂറ്റൻ ചിറകുകൾ താഴ്ത്തിയിടുന്നു,
വശങ്ങളിൽ നിരുപയോഗമായിക്കിടന്നിഴയുന്ന തുഴകൾ പോലെ.

ഈ ചിറകുള്ള സഞ്ചാരി, എത്ര വിലക്ഷണനും ദുർബ്ബലനുമാണവൻ!
ഒരു നിമിഷം മുമ്പെത്ര സുന്ദരൻ, ഇപ്പോഴെത്ര വികൃതവും അപഹാസ്യവും!
ഒരാളവന്റെ കൊക്കിൽ ഒരു പഴയ പൈപ്പെടുത്തു കുത്തുന്നു,
മറ്റൊരാൾ ഞൊണ്ടിക്കൊണ്ടവനെ കളിയാക്കുന്നു, ഒരിക്കൽ പറന്നുനടന്നവനെ.

കൊടുങ്കാറ്റിലേറുകയും വില്ലാളിയെ നോക്കിച്ചിരിക്കുകയും ചെയ്യുന്നവൻ,
ഈ മേഘരാജനെപ്പോലെയാണ്‌ കവി;
കളിയാക്കിച്ചിരിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ മണ്ണിലേക്കു ഭ്രഷ്ടനാവുമ്പോൾ
നടക്കാൻ പോലും വിലങ്ങാവുകയാണവന്റെ വമ്പൻ ചിറകുകൾ.


2021, മേയ് 15, ശനിയാഴ്‌ച

ബോദ്‌ലേർ - ആശീർവ്വാദം

 

അതീതശക്തികളിൽ നിന്നൊരു കല്പന പ്രകാരം
ഈ മടുപ്പിക്കുന്ന ലോകത്തു കവി വന്നു പിറന്നതില്പിന്നെ,
അവന്റെയമ്മ, രോഷവും മാനക്കേടും കൊണ്ടു കണ്ണിരുട്ടടച്ചവൾ,
അനുതപിക്കുന്ന ദൈവത്തിനോടു മുഷ്ടി ചുരുട്ടി തന്റെ ശകാരമഴിച്ചുവിടുന്നു:

-“ഈ അറയ്ക്കുന്ന, ചിണുങ്ങുന്ന സത്വത്തെക്കാൾ
എന്തുകൊണ്ടു ഞാനൊരണലിപ്പറ്റത്തെ ഗർഭം ധരിച്ചില്ല!
ഇടിത്തീ വീഴട്ടെ, ക്ഷണികാനന്ദങ്ങളുടെ ആ രാത്രിക്കു മേൽ!
ശപ്തമാവട്ടെ, ഈ പ്രായശ്ചിത്തമെന്റെ വയറ്റിൽ കുരുത്ത രാത്രി!

എന്റെ വിഷാദിയായ  ഭർത്താവിന്റെ അവജ്ഞയ്ക്കു പാത്രമാവാൻ
എല്ലാ സ്ത്രീകളിലും വച്ചെന്നെയാണു നീ കണ്ടുവച്ചതെന്നതിനാൽ,
കാലഹരണപ്പെട്ടൊരു പ്രണയലേഖനം തീയിലെറിയുന്നതുപോലെ
ഈ കോലം കെട്ട ജന്തുവിനെ വലിച്ചെറിയാനാവില്ലെന്നതിനാൽ,

എന്റെ മേൽ നീ കെട്ടിയേല്പിച്ച കഠിനവിദ്വേഷമത്രയും
നിന്റെ ദ്രോഹബുദ്ധിക്കുപകരണമായ ഇവന്നു മേൽ ഞാൻ ഛർദ്ദിക്കും,
ഈ നികൃഷ്ടവൃക്ഷത്തെ ഞാൻ പിരിച്ചൊടിച്ചുതകർക്കും;
ഒരില പോലും തളിർക്കാതതു മുരടിച്ചുപോകട്ടെ!”

നുരഞ്ഞുപൊന്തുന്ന വിദ്വേഷത്തിന്റെ പതയത്രയും കുടിച്ചിറക്കി,
ദൈവഹിതത്തിന്റെ ഗൂഢലക്ഷ്യമേതെന്നു തിരിച്ചറിയാതെ,
ഗെഹെന്നായുടെ ഗർത്തങ്ങളിലവൾ തനിക്കായൊരുക്കുന്നു,
ഒരമ്മ ചെയ്യുന്ന കൊടുംപാപത്തിനു സമുചിതമായൊരു ചിത.

എന്നിട്ടും, അദൃശ്യനായൊരു മാലാഖയുടെ കാവൽക്കണ്ണിനു ചുവടെ,
സൂര്യവെളിച്ചത്തിൽ മദിച്ചുകൊണ്ടാ ഭ്രഷ്ടബാലൻ വളരുന്നു;
കുടിക്കാൻ കിട്ടുന്നതെന്തുമവനു ദിവ്യമായ പാനീയം,
കഴിക്കാൻ കിട്ടുന്നതെന്തുമവനു മധുരമായ ദേവാമൃതം.

കാറ്റിനോടു ചങ്ങാത്തം കൂടിയും മേഘത്തോടു വർത്തമാനം  പറഞ്ഞും
ആടിയും പാടിയുമവൻ തന്റെ കുരിശ്ശിന്റെ വഴി നടന്നുതീർക്കുന്നു;
അവന്റെ തീർത്ഥയാത്രയിലനുയാത്ര ചെയ്യുന്ന കാവൽമാലാഖ
കിളിക്കുഞ്ഞിനെപ്പോലവനെക്കാണുമ്പോൾ തേങ്ങിക്കരഞ്ഞുപോകുന്നു.

അവൻ സ്നേഹിക്കുന്നവർ ഭീതിയോടവനെ മാറിനടക്കുന്നു,
ഇനിയവന്റെ ശാന്തത കണ്ടവർ ധൈര്യം സംഭരിച്ചാലാകട്ടെ,
തങ്ങളുടെ മനുഷ്യത്വഹീനതയവന്റെ മേൽ പരീക്ഷിക്കാൻ,
അവനിൽ നിന്നൊരു രോദനം പിഴിഞ്ഞെടുക്കാൻ തക്കം നോക്കുന്നു.

അവനു കുടിക്കാനുള്ള വീഞ്ഞിലവർ തുപ്പിവയ്ക്കുന്നു,
അവനു തിന്നാനുള്ള അപ്പത്തിലവർ ചാരം വാരിയിടുന്നു,
അവൻ തൊട്ടതൊക്കെ അശുദ്ധമെന്നവർ ദൂരെക്കളയുന്നു,
അവന്റെ വഴിയിലൂടെ നടന്നതിനു സ്വന്തം കാലടികളെ അവർ പഴിക്കുന്നു.

ലോകമാകെക്കേൾക്കാൻ കവലയിൽ ചെന്നുനിന്നവന്റെ പെണ്ണലറുന്നു:
“തനിക്കാരാധിക്കാൻ യോഗ്യയായി അയാൾ കണ്ടതെന്നെയല്ലേ,
അതിനാൽ ഞാൻ പണ്ടത്തെ വിഗ്രഹങ്ങളെപ്പോലാകാൻ പോകുന്നു,
അവയെപ്പോലെനിക്കു മേലാസകലം പൊന്നണിഞ്ഞു  നടക്കണം;

കസ്തൂരിയും ജഡാമാഞ്ചിയും സാമ്പ്രാണിയും മാംസവും  വീഞ്ഞുകളും
സ്തുതികളും ദണ്ഡനമസ്കാരങ്ങളും കൊണ്ടു ഞാൻ പുളകം കൊള്ളും,
മുഖത്തു നോക്കിച്ചിരിച്ചുകൊണ്ടവനിൽ നിന്നു ഞാൻ തട്ടിയെടുക്കും,
ഹൃദയത്തിൽ ദൈവത്തിനായവൻ മാറ്റിവച്ച പ്രണാമങ്ങൾ.

പിന്നെയീ ദൈവദൂഷണപ്രഹസനങ്ങളെനിക്കു മടുത്തുകഴിഞ്ഞാൽ
എന്റെ ദുർബ്ബലമായ, ബലിഷ്ഠമായ കൈ ഞാനവനു മേൽ വയ്ക്കും,
അവന്റെ നെഞ്ചിലെന്റെ കഴുകിൻ നഖരങ്ങൾ ഞാൻ കുത്തിയിറക്കും,
അവന്റെ തുടിക്കുന്ന ഹൃദയത്തിലേക്കൊരു വഴി ഞാൻ തുറക്കും.

ഒരു കിളിക്കുഞ്ഞിനെപ്പോലെ പിടച്ചും കൊണ്ടു ചോരയിറ്റുന്ന ഹൃദയം
അവന്റെ നെഞ്ചിൻ കൂട്ടിൽ നിന്നു ഞാൻ വലിച്ചുപറിച്ചെടുക്കും,.
എത്രയുമവജ്ഞയോടെ ഞാനതു മണ്ണിലേക്കു തട്ടിയെറിയും,
എനിക്കേറ്റവും പ്രിയപ്പെട്ട വേട്ടനായയുടെ വിശപ്പടക്കാൻ!“

ആകാശത്തൊരു ദീപ്തപീഠം കാണുന്നിടത്തേക്കു കണ്ണുകളുയർത്തി
നിറഞ്ഞ മനസ്സോടെ, ഭക്തിയോടെ കവി കൈകളുയർത്തുന്നു,
തന്റെ പ്രദീപ്തമനസ്സിന്റെ സ്ഫുരണങ്ങൾ കണ്ണഞ്ചിക്കുമ്പോൾ
നെറി കെട്ട ലോകത്തിന്റെ കാഴ്ചകളവൻ കാണാതെയാകുന്നു.

-”സ്തുതി നിനക്ക്, ദൈവമേ, യാതന ഞങ്ങളിലേക്കയക്കുന്നവനേ,
ഞങ്ങളുടെ മലിനതകൾക്കുചിതമായ ശമനൗഷധമതു തന്നെ;
ഞങ്ങൾക്കു താങ്ങരുതാത്ത ദിവ്യപ്രഹർഷങ്ങളേറ്റുവാങ്ങാൻ
ഞങ്ങൾക്കു കരുത്തും വീര്യവും പകരുന്ന ശുദ്ധസത്തുമതുതന്നെ.

എനിക്കറിയാം, മാലാഖമാരുടേയും വിശുദ്ധരുടേയും ഗണത്തിനിടയിൽ
കവിക്കായൊരിരിപ്പിടം നീ ഒഴിച്ചിട്ടിരിക്കുന്നുവെന്ന്,
എനിക്കറിയാം, ‘സിംഹാസനങ്ങൾക്കും നന്മകൾക്കും ആധിപത്യങ്ങൾക്കു‘മൊപ്പം*
നിത്യവിരുന്നിനവനെ നീ ക്ഷണിച്ചിരിക്കുന്നുവെന്ന്;

എനിക്കറിയാം, യാതനയാണൊരേയൊരു കുലീനതയെന്നും
അതിനെ മലിനപ്പെടുത്താനാവില്ല ഭൂമിക്കും നരകത്തിനുമെന്നും;
എനിക്കറിയാം, കവിയുടെ നിഗൂഢകിരീടം നെയ്തെടുക്കാൻ
ഏതു യുഗവും ഏതു പ്രപഞ്ചവും നിന്റെ താഡനങ്ങളേറ്റുവാങ്ങണമെന്ന്.

പാമിരായെന്ന* പ്രാചീനദേശത്തെ വിനഷ്ടമായ നിധികൾ,
സമുദ്രഗർഭത്തിലെ മുത്തുകൾ, രത്നങ്ങൾ, അജ്ഞാതലോഹങ്ങൾ,
ഇതൊക്കെ ദൈവമേ, സ്വന്തം കൈ കൊണ്ടുതന്നെ നീ പതിച്ചാലും,
എനിക്കറിയാം, ആ കിരീടത്തിന്റെ ദീപ്തിക്കതു കിടനില്ക്കില്ലയെന്ന്,

ആദിമരശ്മികളുടെ ദിവ്യസ്രോതസ്സായ ചൂളയിലുരുക്കിയെടുത്ത
ശുദ്ധവെളിച്ചം കൊണ്ടു മാത്രമാണതു  നിർമ്മിക്കപ്പെടുകയെന്നതിനാൽ,
ആ വെളിച്ചം തട്ടിത്തിളങ്ങുന്ന കറ പറ്റിയ ദയനീയ ദർപ്പണങ്ങൾ
ഞങ്ങളുടെ കണ്ണുകൾ, അവയിനി എത്ര തെളിഞ്ഞുകത്തിയാലും!“
***

* മാലാഖമാരുടെ ശ്രേണികളെക്കുറിച്ചാണ്‌ സൂചന. മദ്ധ്യകാലഘട്ടത്തിലെ ദൈവശാസ്ത്രത്തിൽ സെറാഫിം മുതൽ താഴേക്ക് മാലാഖ വരെ ഒമ്പതു ഗണത്തിൽ പെട്ട മാലാഖമാരുണ്ട്. സിംഹാസനങ്ങൾക്കും നന്മകൾക്കും ആധിപത്യങ്ങളും’ അവരിൽ പെടുന്നു.

* പാമിര (Palmyra)- സിറിയയുടെ സമ്പന്നമായ പ്രാചീനതലസ്ഥാനം


2021, മേയ് 13, വ്യാഴാഴ്‌ച

ബോദ്‌ലേർ - വായനക്കാരനോട്



മൂഢതയും അബദ്ധവും പാപവും ലോഭവും
നമ്മുടെ മനസ്സുകൾ കയ്യടക്കുന്നു, നമ്മുടെ ഉടലുകളെ തളർത്തുന്നു.
നമ്മുടെ മെരുങ്ങിയ മനഃസാക്ഷിക്കുത്തുകളെ നാം തീറ്റിപ്പോറ്റുന്നു,
യാചകർ തങ്ങളുടെ മേലരിക്കുന്ന ചെള്ളുകളെയെന്നപോലെ.

നമ്മുടെ പാപങ്ങൾ ദുർവാശിക്കാർ, നമ്മുടെ കുറ്റബോധങ്ങൾ പാതിമനസ്സോടെ;
നമ്മുടെ കുറ്റസമ്മതങ്ങൾക്കു നാം ഉദാരമായ വില വാങ്ങുന്നു,
പിന്നെ വീണ്ടും നാം ചെളിപ്പാതയിലേക്കു തിരിഞ്ഞുനടക്കുന്നു,
ക്ഷുദ്രമായ കണ്ണീരിൽ കളങ്കളെല്ലാം കഴുകിപ്പോകുമെന്നു നാം വിശ്വസിക്കുന്നു.

തിന്മയുടെ തലയിണയിൽ കൊടുംകൈ കുത്തിക്കിടക്കുന്ന സാത്താൻ ട്രിസ്മെജിസ്റ്റസ്,*
നമ്മുടെ വിധേയമനസ്സുകളെ താരാട്ടിയുറക്കുന്നു,
നമ്മുടെ ഇച്ഛാശക്തിയുടെ വിശിഷ്ടലോഹമെല്ലാം
ആ രസായനവിദ്യക്കാരന്റെ നൈപുണ്യത്തിൽ ആവിയായി മാറുന്നു.

സത്യമായും നമ്മുടെ ചരടുകൾ ആ പിശാചിന്റെ കയ്യിൽത്തന്നെ!
ഏറ്റവുമറയ്ക്കുന്ന വസ്തുക്കളിൽ നാം വശ്യതകൾ കണ്ടെത്തുന്നു;
ഓരോ നാളും നാം നരകത്തിലേക്കൊരുപടിയിറങ്ങിപ്പോകുന്നു,
നാറുന്ന ഇരുട്ടിലൂടെ, ഒരറപ്പുമില്ലാതെ.

ഒരു കിഴട്ടുവേശ്യയുടെ ചതഞ്ഞ മുലക്കണ്ണുകൾ കാരുന്ന
നിർദ്ധനനായ ഒരു വിടനെപ്പോലെ
കടന്നുപോകുമ്പോളൊരു രഹസ്യാനന്ദം നാം കട്ടെടുക്കുന്നു,
ശുഷ്കിച്ചൊരോറഞ്ചു പോലതു നാം ഞെക്കിപ്പിഴിയുന്നു.

ഒരു കോടി പുഴുക്കളെപ്പോലെ നുരഞ്ഞും പുളഞ്ഞും
ഒരു പിശാചക്കൂട്ടം നമ്മുടെ തലച്ചോറിനുള്ളിൽ മത്തടിക്കുന്നു,
നാം ശ്വസിക്കുമ്പോൾ വിലാപങ്ങളമർന്ന അദൃശ്യയായൊരു നദിയായി 
മരണം നമ്മുടെ ശ്വാസകോശത്തിനുള്ളിലേക്കൊഴുകുന്നു.

കൊലയും ബലാൽസംഗവും വിഷവും കഠാരയും
അവയുടെ സുന്ദരമായ ചിത്രപ്പണികൾ ഇനിയും തുന്നിച്ചേർത്തിട്ടില്ല
നമ്മുടെ ജീവിതവിധിയുടെ മുഷിപ്പൻ തുണിയിലെങ്കിൽ,
നമ്മുടെയാത്മാവിനതിനു ധൈര്യം വന്നിട്ടില്ല എന്നതിനാൽ മാത്രം!

എന്നാൽ ഈ കുറുനരികൾക്കും പുലികൾക്കും വേട്ടനായ്ക്കൾക്കും
കുരങ്ങുകൾക്കും തേളുകൾക്കും പാമ്പുകൾക്കും കഴുകന്മാർക്കുമിടയിൽ,
നമ്മുടെ ദുർവ്വാസനകളുടെ ആ മൃഗശാലയിൽ
കുരയ്ക്കുകയും മുരളുകയും ഓരിയിടുകയും ഇഴയുകയും ചെയ്യുന്ന ജന്തുക്കൾക്കിടയിൽ,

ഏറ്റവും വികൃതവും  ഏറ്റവും ദുഷ്ടവും ഏറ്റവും മലിനവുമായതൊന്നുണ്ട്!
വലിയ ചേഷ്ടകളില്ല, ഉച്ചത്തിലൊച്ചയിടുന്നില്ല അവനെങ്കിലും
ഒരു വിസമ്മതവുമില്ലാതവൻ ഭൂമിയെ പാഴ്നിലമാക്കും,
ഒറ്റ വായക്കു ലോകമാകെ വെട്ടിവിഴുങ്ങും.

അവനാണ്‌ മടുപ്പ്!*  തനിയേ നിറഞ്ഞ കണ്ണുകളോടെ
ഹുക്കയും വലിച്ചുകൊണ്ടവൻ കൊലമരങ്ങൾ സ്വപ്നം കാണുന്നു.
നിങ്ങൾക്കവനെ അറിയാം, വായനക്കാരാ, മിനുസക്കാരനായ ആ സത്വത്തെ;
ആത്മവഞ്ചകനായ വായനക്കാരാ, എന്റെ സഹജീവീ, എന്റെ കൂടപ്പിറപ്പേ!
***

*Satan Trismegistus- നീചലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റുന്ന ആല്ക്കെമി എന്ന രസായനവിദ്യയുടെ ഉപജ്ഞാതാവാണ്‌ ട്രിസ്മെജിസ്റ്റസ്. ബോദ്‌ലേർ സാത്താനെ ഒരാല്ക്കെമിസ്റ്റായി കാണുന്നു.

*Ennui സാധാരണ അർത്ഥത്തിലുള്ള മടുപ്പല്ല, ആത്മാവിനെ ജഡമാക്കുന്ന ഒരു ശാരീരികാവസ്ഥയാണ്‌. മനുഷ്യരാശിയെ ബാധിച്ച തിന്മകളിൽ ഏറ്റവും നികൃഷ്ടവുമാണത്. ബോദ്‌ലേർ തന്നിൽ കണ്ടെത്തുന്ന ഈ ‘മടുപ്പ്’ തന്റെ വായനക്കാരനിലുമുണ്ടെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു.


2021, മേയ് 8, ശനിയാഴ്‌ച

ബോദ്‌ലേർ - കുമ്പസാരം



ഒരിക്കൽ, ഒരിക്കൽ മാത്രം, സ്നേഹശീലയായ സ്നേഹിതേ,
നിന്റെ സ്നിഗ്ധമായ കൈ എന്റെ കൈ മേൽ നീ വച്ചു.
(എന്റെയാത്മാവിന്റെ നിഴലളടഞ്ഞ പിന്നാമ്പുറങ്ങളിൽ
ഇന്നുമതിന്റെയോർമ്മ വെളിച്ചം വീശി നില്ക്കുന്നു.)

രാത്രിയേറെക്കടന്നിരുന്നു, ഒരു പുത്തൻ പതക്കം പോലെ
പൂർണ്ണചന്ദ്രൻ തെളിഞ്ഞുകത്തി നിന്നിരുന്നു;
ഉറങ്ങുന്ന പാരീസിനു മേലൊരു പുഴ പോലെ
രാത്രിയുടെ നിശ്ശബ്ദഗാംഭീര്യമൊഴുകിപ്പരന്നിരുന്നു.

പൂച്ചകൾ തെരുവുകളിലൂടെ, കവാടങ്ങളുടെ ഓരം ചേർന്നും
ചെവികളെടുത്തുപിടിച്ചും,  നിശ്ശബ്ദപാദരായി കടന്നുപോയി;
ചിലനേരമവർ നമുക്കൊപ്പം വരികയും ചെയ്തു,
നാം സ്നേഹിച്ചിരുന്നവരുടെ പ്രേതങ്ങൾ പോലെ.

പൊടുന്നനേ, ആ വിളറിയ നിലാവെളിച്ചത്തിൽ വിരിഞ്ഞ
നമ്മുടെ സ്വച്ഛന്ദസ്വകാര്യതയ്ക്കിടയിൽ,
നിന്നിൽ നിന്നും, മുഴങ്ങുന്ന സമൃദ്ധസംഗീതയന്ത്രമേ,
പ്രദീപ്തമായ ആഹ്ലാദം കൊണ്ടു വിറകൊള്ളുന്ന നിന്നിൽ നിന്നും,

തിളങ്ങുന്ന പുലരിക്കു മേൽ ധ്വനിക്കുന്ന ഭേരി പോലെ
അന്നേരം വരെയും പ്രസന്നയായിരുന്നവളേ, 
ഒരു കാതരസ്വരം, ഒരു ദീനസ്വരം 
നിന്നിൽ നിന്നിടറിവീഴുന്നതു ഞാൻ കേട്ടു-

വളർച്ച മുട്ടിയ, വികൃതയായൊരു പെൺകുഞ്ഞിനെപ്പോലെ;
കുടുംബത്തിനെന്നും നാണക്കേടായതിനാൽ 
ലോകത്തിന്റെ കണ്ണിനു മുന്നിൽ വരാതെ
ഒരു നിലവറയ്ക്കുള്ളിൽ രഹസ്യമായി വളർന്നവൾ.

പാവം മാലാഖ, നിന്റെയപസ്വരം, പാടിയതിങ്ങനെ:
“ഇവിടെ, ഇങ്ങുതാഴെ, ഒന്നിനുമൊരു നിശ്ചയമില്ലെന്ന്,
എത്ര സമർത്ഥമായി ഒളിപ്പിക്കാൻ നോക്കിയാലും
മനുഷ്യന്റെ സ്വാർത്ഥത തല നീട്ടുകതന്നെ ചെയ്യുമെന്ന്,

സുന്ദരിയായിരിക്കുക എന്നത് കഠിനനിയോഗമാണെന്ന്,
നൃത്തം ചെയ്തു തളർന്നുവീഴുന്ന വേളയിലും
യാന്ത്രികമായൊരു പുഞ്ചിരി മുഖത്തു സൂക്ഷിക്കുന്ന
മനസ്സു മരവിച്ച നർത്തകിയുടെ മുഷിപ്പൻ തൊഴിലാണതെന്ന്.

ഹൃദയങ്ങളിൽ വിശ്വാസമർപ്പിക്കുകയെന്നതു വിഡ്ഢിത്തമാണെന്ന്,
സർവ്വതും, സ്നേഹവും സൗന്ദര്യവും, തകരുമെന്ന്,
വിസ്മൃതി ഒടുവിലവയെ തന്റെ ഉന്തുവണ്ടിയിൽ കയറ്റി
നിത്യതയിൽ കൊണ്ടുപോയിത്തള്ളുമെന്ന്!”

അതില്പിന്നെത്ര തവണ ഞാനോർത്തിരിക്കുന്നുവെന്നോ,
ആ നിശ്ശബ്ദതയും ആ ആലസ്യവും നിലാവിന്റെ വശ്യതയും
ഹൃദയത്തിന്റെ കുമ്പസാരക്കൂട്ടിൽ വച്ചന്നു നീ മന്ത്രിച്ച
ഭയാനകവും ദാരുണവുമായ ആ രഹസ്യങ്ങളും.


2021, മേയ് 7, വെള്ളിയാഴ്‌ച

ബോദ്‌ലേർ - തിരിച്ചും മറിച്ചും



ആനന്ദം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ മനോവേദന,
അപമാനം, പശ്ചാത്താപം, തേങ്ങലുകൾ, വേവലാതികൾ,
കൈവെള്ളയിലിട്ടു ചുരുട്ടിക്കൂട്ടുന്ന കടലാസ്സുപന്തുപോലെ
ഹൃദയം ചുളുങ്ങിക്കൂടുന്ന കഠിനരാത്രികളിലെ അസ്പഷ്ടഭീതികൾ?
ആനന്ദം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ മനോവേദന?

കാരുണ്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ വിദ്വേഷം,
ഇരുട്ടത്തു മുറുക്കിയ മുഷ്ടികളും പകയുടെ കണ്ണുനീരും?
പ്രതികാരമതിന്റെ പെരുമ്പറയിൽ പോർവിളി മുഴക്കുമ്പോൾ,
നമ്മുടെ ശേഷികളുടെ കപ്പിത്താനായി സ്വയമതവരോധിക്കുമ്പോൾ,
കാരുണ്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ വിദ്വേഷം?

ആരോഗ്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ ജ്വരം,
ഒരു ധർമ്മാശുപത്രിയുടെ വിളറിയ ചുമരുകളിൽ തപ്പിപ്പിടിച്ചും
നാടു കടത്തപ്പെട്ടവരെപ്പോലെ തളർന്ന കാലുകൾ വലിച്ചിഴച്ചും 
ചുണ്ടുകൾ വിറ പൂണ്ടും ഒരു സൂര്യന്റെ വിരളനാളം തേടുന്നവനെ?
ആനന്ദം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ ജ്വരം?

സൗന്ദര്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ ചുളിവുകൾ,
ആസന്നവാർദ്ധക്യത്തെച്ചൊല്ലിയുള്ള ഭീതി,
നമ്മുടെ കണ്ണുകളിത്രനാളാർത്തിയോടെ ദാഹം തീർത്തിരുന്ന കണ്ണുകളിൽ
പ്രണയത്തിന്റെ സ്ഥാനത്താത്മബലി കാണുമ്പോഴുള്ള നടുക്കം?
സൗന്ദര്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ ചുളിവുകൾ?

ഉന്മേഷവുമാനന്ദവും വെളിച്ചവും തുളുമ്പുന്ന മാലാഖേ,
മരണശയ്യയിൽ കിടന്നു വൃദ്ധനായ ദാവീദപേക്ഷിച്ചിരിക്കാം,*
നിന്റെ വശ്യമായ ഉടലിൽ നിന്നു നിർഗമിക്കുന്ന യൗവ്വനം;
എന്നാൽ മാലാഖേ, പ്രാർത്ഥനകളൊന്നേ ഞാനപേക്ഷിക്കുന്നുള്ളു,
ഉന്മേഷവുമാനന്ദവും വെളിച്ചവും നിറഞ്ഞ മാലാഖേ!
*

*വൃദ്ധനായ ദാവീദിനു ചൂടു പകരാൻ നിയോഗിക്കപ്പെട്ട ഷൂനാംകാരിയായ അബിഷാഗ് എന്ന യുവതിയെക്കുറിച്ചുള്ള സൂചന.


2021, മേയ് 4, ചൊവ്വാഴ്ച

ബോദ്‌ലേർ- ജീവനുള്ള ദീപശിഖ



എനിക്കു മുന്നിലായവ നടക്കുന്നു, പ്രകാശപൂർണ്ണമായ ആ കണ്ണുകൾ,
അതിജ്ഞാനിയായൊരു മാലാഖ കാന്തശക്തി കൊണ്ടനുഗ്രഹിച്ചവ;
എന്റെ കണ്ണുകളിലേക്കു വജ്രജ്വാലകൾ കുടഞ്ഞുകൊണ്ടവ നടക്കുന്നു,
ആ ദിവ്യസഹോദരങ്ങൾ, എന്റെയും സഹോദരങ്ങൾ.

കെണികളിലും കൊടുംപാപങ്ങളിൽ നിന്നുമെന്നെയവർ കാക്കുന്നു,
സൗന്ദര്യത്തിന്റെ പാതയിലൂടെന്റെ പാദങ്ങളെയവർ നയിക്കുന്നു;
എനിക്കു സേവകരാണവർ, ഞാനവർക്കടിമയും;
എന്റെ സത്തയാകെയും ഈ ജീവനുള്ള ദീപശിഖയെ അനുസരിക്കുന്നു.

വശീകരിക്കുന്ന കണ്ണുകളേ, നിഗൂഢദീപ്തിയുമായി നിങ്ങളെരിയുന്നു,
നട്ടുച്ചയ്ക്കു കൊളുത്തിവച്ച മെഴുകുതിരികൾ പോലെ;
ചുവന്നുതുടുക്കുന്ന സൂര്യനാവില്ല, അവയുടെ വിചിത്രജ്വാല കെടുത്താൻ;

അവ കൊണ്ടാടുന്നതു മരണത്തെ, നിങ്ങൾ വാഴ്ത്തുന്നതുണർച്ചയെ;
എന്റെയാത്മാവിന്റെയുണർവ്വിനെ ഘോഷിച്ചും കൊണ്ടു നിങ്ങൾ നടക്കുന്നു,
ഒരു സൂര്യനു മുന്നിലും ജ്വാലകൾ വിളറാത്ത നക്ഷത്രങ്ങളേ!


ബോദ്‌ലേർ- അപരാഹ്നഗാനം



നിന്റെ കുടിലമായ കൺപുരികങ്ങൾ
നിനക്കൊരു വിചിത്രഭാവം പകരുന്നുവെങ്കിലും,
മാലാഖമാരെ തെല്ലുമോർമ്മിപ്പിക്കില്ലതെങ്കിലും,
മനം മയക്കുന്ന മന്ത്രവാദിനീ,

ചപലേ, നിന്നെ ഞാനാരാധിക്കുന്നു,
ഭീതിദമായൊരാവേശത്തോടെ,
താൻ പൂജിക്കുന്ന വിഗ്രഹത്തോടു
പൂജാരിക്കുള്ള ഭക്തിയോടെ!

നിന്റെ മെരുങ്ങാത്ത ചുരുൾമുടിയിൽ
മണൽക്കാടുകളും കൊടുംകാടുകളും മണക്കുന്നു,
നിന്റെ മുഖഭാവങ്ങളിൽ നിഴലിക്കുന്നു,
ഒരു കടംകഥയും അതിനുത്തരവും.

ധൂപപാത്രത്തിനെച്ചുഴന്നെന്നപോലെ
നിന്റെയുടലിനു ചുറ്റും പരിമളം തങ്ങിനില്ക്കുന്നു;
സന്ധ്യ പോലെ മോഹിപ്പിക്കുന്നു നീ,
നിറമിരുണ്ട, പൊള്ളുന്ന ദേവതേ!

ഹാ! ഏതു പാനീയത്തിന്റെ വീര്യത്തിനുമാവില്ല,
നിന്റെയാലസ്യം പോലെന്നെയുണർത്താൻ;
നിന്റെയൊരു തലോടലിനാവും,
ഏതു ജഡത്തിനുമുയിരു കൊടുക്കാൻ!

നിന്റെ നിതംബങ്ങളെ വശീകരിച്ചിരിക്കുന്നു
നിന്റെ മാറിടവും നിന്റെ മുതുകും;
അലസമായ നിന്റെ ഇരിപ്പുകളാൽ
മൃദുമെത്തകൾക്കു നീ ആനന്ദമേകുന്നു.

തനിക്കുള്ളിലെ നിഗൂഢാഗ്നി തണുപ്പിക്കാൻ
ചിലനേരം, ഗൗരവക്കാരീ,
ലോഭിക്കാതെ നീ വാരിവിതറുന്നു,
ചുംബനങ്ങൾക്കൊപ്പം ദംശനങ്ങളും.

എന്നെക്കടിച്ചുകീറുമ്പോൾ, ഇരുണ്ട സൗന്ദര്യമേ,
നിന്റെ പരിഹാസച്ചിരിയേറ്റു ഞാൻ പുളയുന്നു,
പിന്നെയെന്റെ ഹൃദയത്തിൽ നീ പതിപ്പിക്കുന്നു,
നിലാവു പോലെ പേലവമായ നിന്റെ നോട്ടം.

നിന്റെ പതുത്ത പാദുകങ്ങൾക്കടിയിൽ,
നിന്റെ നനുത്ത പാദങ്ങൾക്കടിയിൽ
എന്റെയാനന്ദം ഞാൻ കൊണ്ടുവയ്ക്കാം,
എന്റെ പ്രതിഭയും എന്റെ വിധിയും.

എന്റെയാത്മാവിനെ നീ സുഖപ്പെടുത്തി,
വെളിച്ചവും വർണ്ണവുമായവളേ!
എന്റെയിരുണ്ട സൈബീരിയയിൽ
ഉഷ്ണത്തിന്റെ സ്ഫോടനമേ!


ബോദ്‌ലേർ- ഒരു മഡോണയോട്


(സ്പാനിഷ് ശൈലിയിൽ ഒരു പ്രാർത്ഥന)

മഡോണാ, എന്റെ കാമുകീ, നിനക്കായി ഞാൻ പണിയാം,
എന്റെ യാതനയുടെ ഗർത്തത്തിൽ, ഭൂഗർഭത്തിലൊരൾത്താര;
എന്റെ ഹൃദയത്തിൽ, എന്നുമിരുളടഞ്ഞൊരു കോണിൽ,
മോഹങ്ങളും പരിഹാസനോട്ടങ്ങളുമെത്താത്തൊരിടത്തിൽ,
പൊന്നും നീലവും പൂശിയൊരു രൂപക്കൂടു ഞാൻ തീർക്കാം,
അതിൽ ഞാൻ നിന്നെ പ്രതിഷ്ഠിക്കാം, കൺവിടർന്ന വിഗ്രഹമേ!
മിനുക്കിയെടുത്ത വരികൾ നേർത്ത ലോഹക്കമ്പികളാക്കി,
പ്രാസകൗശലം കൊണ്ടു പളുങ്കുമണികളും ചാർത്തി
ഉത്തുംഗമായൊരു കിരീടം ഞാൻ നിന്റെ ശിരസ്സിലണിയിക്കാം;
എന്റെ അസൂയയിൽ നിന്നും, മരണമുള്ള മഡോണാ,
പ്രാകൃതരുടെ മട്ടിലൊരു മേലങ്കി ഞാൻ നിനക്കു തുന്നാം,
പരുക്കനും കനത്തതും എന്റെ ദുശ്ശങ്കകൾ കരയിട്ടതും;
കാവല്പുര പോലതു നിന്റെ ചാരുതകളെ പൊതിഞ്ഞുവയ്ക്കും;
മുത്തുകളല്ല, എന്റെ കണ്ണീർത്തുള്ളികളാതിന്റെ ചിത്രത്തുന്നലാവും!
വിറ കൊള്ളുന്ന എന്റെ തൃഷ്ണ നിനക്കു മേലാടയാവും,
തിരപ്പെരുക്കത്തിലെന്നപോലതു പൊങ്ങിയും താണും
തലപ്പുകളിൽ തങ്ങിനിന്നും തടങ്ങളിലടങ്ങിക്കിടന്നും
നിന്റെ തുടുത്ത ഉടലിനെയൊടുവിലൊരു ചുംബനമുടുപ്പിക്കും!
സ്വാഭിമാനത്താൽ ഞാൻ നിനക്കു പട്ടുപാദുകങ്ങൾ തീർക്കാം,
നിന്റെ ദിവ്യപാദങ്ങൾക്കു മുന്നിലവ വിനീതരായി നില്ക്കും,
പിന്നെയൊരു മൃദുലാശ്ലേഷത്തോടവയെ തടവിലാക്കും,
വിശ്വസ്തമായൊരച്ചുപോലവയുടെ വടിവുകളൊപ്പിയെടുക്കും.

നിനക്കു പാദപീഠമായൊരു രജതചന്ദ്രനെ കൊത്തിയെടുക്കാൻ
എന്റെ വൈഭവത്തിന്റെ ശുഷ്കാന്തിക്കാവുന്നില്ലെങ്കിൽ
വിജേതയായ ദിവ്യറാണീ, പാപമോചനത്തിന്റെ തീരാത്ത ഉറവിടമേ,
എന്റെ കുടലു കാരുന്ന ആ കുടിലസർപ്പത്തെ ഞാനെറിഞ്ഞുതരാം,
വിഷവും വിദ്വേഷവും കൊണ്ടു ചീർത്ത ആ ദുഷ്ടസത്വത്തെ
പരിഹസിക്കൂ, നിന്റെ കാല്ക്കീഴിലിട്ടവനെ ചവിട്ടയരയ്ക്കൂ!
പൂക്കളലങ്കരിക്കുന്ന നിന്റെയൾത്താരയിൽ, അമലോത്ഭവറാണീ,
എന്റെ ചിന്തകൾ മെഴുകുതിരികൾ പോലെ നിരന്നുകത്തും,
നീലച്ചായം പൂശിയ മച്ചിൽ നക്ഷത്രങ്ങളായവ പ്രതിഫലിക്കും,
ആഗ്നേയനേത്രങ്ങളാലവ നിർന്നിമേഷം നിന്നെ നോക്കിനില്ക്കും;
ഞാനായതെല്ലാം നിന്നെ ആരാധിക്കുന്നുവെന്നതിനാൽ
സർവ്വതും ധൂപവും സാമ്പ്രാണിയും കുന്തിരിക്കവും മൂരുമാകും,
എന്റെ പ്രചണ്ഡഹൃദയം, മഞ്ഞിന്റെ വെണ്മയാർന്ന ഗിരിശൃംഗമേ,
നിലയ്ക്കാത്ത സുഗന്ധധൂമമായി നിന്റെ നേർക്കുയരും.

ഒടുവിൽ, നിന്റെ മറിയമെന്ന വേഷം പൂർണ്ണമാക്കാനായി,
പ്രണയത്തിൽ കിരാതമായ ക്രൗര്യം കലർത്താനുമായി,
ഇരുണ്ട ആനന്ദം! ഞാൻ,  കുറ്റബോധം നിറഞ്ഞ പീഡകൻ,
ഏഴു കൊടുംപാപങ്ങൾ കൊണ്ടേഴു കൂർത്ത കഠാരകൾ ഞാൻ തീർക്കും,
വിദഗ്ധനായൊരു ജാലവിദ്യക്കാരന്റെ അലക്ഷ്യഭാവത്തോടെ
നിനെക്കെന്നോടുള്ള പ്രണയത്തിന്റെ മർമ്മം ഞാനുന്നമാക്കും,
ഏഴും ഞാനെറിഞ്ഞുകൊള്ളിക്കും, നിന്റെ കിതയ്ക്കുന്ന ഹൃദയത്തിൽ,
നിന്റെ വിതുമ്പുന്ന ഹൃദയത്തിൽ, ചോര ചീറ്റുന്ന നിന്റെ ഹൃദയത്തിൽ!
***

സ്പാനിഷ് ശൈലിയിൽ ഒരു പ്രാർത്ഥന: സ്പാനിഷ് പാരമ്പര്യത്തിൽ മറിയത്തിനെ മൂന്നു രീതിയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നു ദുപോണ്ട് പറയുന്നു: വിശുദ്ധമറിയം, കാൽക്കിഴിൽ ചന്ദ്രനും സർപ്പവുമുള്ള അമലോത്ഭവ, പിന്നെ ഏഴു കഠാരകളുടെ മുറിവേറ്റ മറിയവും.

നിനക്കു കാൽക്കലിട്ടു ചവിട്ടിയരയ്ക്കാൻ: അനുസരണക്കേടു കാട്ടിയതിനു ആദമിനെയും ഹവ്വയേയും ദൈവം ശിക്ഷിക്കുന്നുണ്ടെങ്കിലും ഹവ്വയുടെ സന്തതികൾ അവളെ പ്രലോഭിപ്പിച്ച സർപ്പത്തിന്റെ ‘തല തകർക്കും’ എന്നു ശപിക്കുന്നുമുണ്ട്.

ഏഴു കൊടുംപാപങ്ങൾ : ഒരാൾ ഒരു പാപം ചെയ്യുമ്പോൾ അതു കന്യാമറിയത്തിന്റെ ഹൃദയം തുളയ്ക്കുന്നുവെന്നാണ്‌ കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ബോദ്ലെയറിന്‌ തന്റെ മറിയത്തിന്റെ ചിത്രം പൂർണ്ണമാക്കാൻ ദിവ്യവും നിർമ്മലവുമായൊരു ബിംബത്തിന്മേൽ പാപത്തിന്റെ കഠാരകളെറിഞ്ഞുകൊള്ളിച്ചാലേ പറ്റൂ.


2021, മേയ് 1, ശനിയാഴ്‌ച

ബോദ്‌ലേർ- ശപിക്കപ്പെട്ട സ്ത്രീകൾ



മണല്പരപ്പിൽ ചരിഞ്ഞുകിടന്നയവിറക്കുന്ന പശുക്കളെപ്പോലെ
സമുദ്രചക്രവാളത്തിലേക്കവർ കണ്ണു പായിക്കുന്നു,
മധുരമായൊരാലസ്യത്തോടെ, നോവിന്റെ നടുക്കങ്ങളോടെ,
പാദങ്ങളന്യോന്യം തേടുന്നു, കൈകൾ കൈകൾക്കു മേലമരുന്നു.

ദീർഘസ്വകാര്യസംഭാഷണങ്ങളാൽ ഹൃദയം നിറഞ്ഞ ചിലർ
ചോലകൾ കളി പറയുന്ന കാടുകൾക്കുള്ളിലൂടലയുമ്പോൾ
പ്രണയമാദ്യമറിഞ്ഞ കാതരകൗമാരത്തിന്റെ കഥകൾ പറയുന്നു,
ചെറുമരങ്ങളുടെ ഹരിതചർമ്മത്തിൽ ചിത്രങ്ങൾ കോറുന്നു.

വേറേ ചിലർ, കന്യാസ്ത്രീകളെപ്പോലെ, ഗൗരവത്തിൽ നടക്കുന്നു,
പ്രേതരൂപങ്ങൾ കുടിയേറിയ പാറപ്പിളർപ്പുകൾക്കിടയിലൂടെ;
ലാവ പോലെ പ്രലോഭനത്തിന്റെ തുടുത്തു നഗ്നമായ മുലകൾ 
ഉരുണ്ടുകയറുന്നതന്തോണിപ്പുണ്യവാളൻ കണ്ടതവിടെയായിരുന്നു.

ഇനിയും ചിലർ ഉരുകിത്തീരുന്ന മരക്കറവിളക്കുകളുടെ വെളിച്ചത്തിൽ,
പണ്ടു പാഗൻ വിശ്വാസികളൊത്തുകൂടിയിരുന്ന ഗുഹകളുടെ നിശ്ശബ്ദതയിൽ,
പൊള്ളുന്ന ജ്വരപീഡ ശമിപ്പിക്കാൻ നിന്നെ വിളിച്ചുകേഴുന്നു,
ഹേ ബാക്കസ്സ്, കുറ്റബോധങ്ങളെ തഴുകിയുറക്കുന്നവനേ!

കഴുത്തിൽ വെന്തിങ്ങയുരുമ്മുന്നതിഷ്ടപ്പെടുന്ന മറ്റു ചിലർ,
നീണ്ട ഉടയാടയ്ക്കുള്ളിൽ ചാട്ടവാറൊളിപ്പിച്ചുവയ്ക്കുന്നവർ,
ഇരുളടഞ്ഞ കാടുകളിൽ, ഏകാന്തരാത്രികളിൽ
ആനന്ദത്തിന്റെ നുരയോടൊപ്പം വേദനയുടെ കണ്ണീരു കലർത്തുന്നു.

കന്യകമാരേ, ദുർഭൂതങ്ങളേ, വിലക്ഷണസത്വങ്ങളേ, രക്തസാക്ഷികളേ,
യാഥാർത്ഥ്യത്തെ അവജ്ഞയോടെ ചവിട്ടയരക്കുന്നവരേ,
ചിലനേരം കണ്ണീരിൽ മുങ്ങിയും ചിലനേരം നിലവിളിയോടെയും
വിനീതമായി, നിരങ്കുശമായി അനന്തതയെ ഉപാസിക്കുന്നവരേ,

നിങ്ങളുടെ നരകത്തിലേക്കെന്റെയാത്മാവു പിന്തുടരുന്നവരേ,
പാവം സഹോദരിമാരേ, എന്റെ സ്നേഹവും സഹതാപവും നിങ്ങൾക്ക്
-നിങ്ങളുടെ ഇരുണ്ട ശോകങ്ങൾക്ക്, ശമനമില്ലാത്ത ദാഹങ്ങൾക്ക്,
പ്രണയത്തിന്റെ ചിതാഭസ്മകുംഭങ്ങളായ നിങ്ങളുടെ ഹൃദയങ്ങൾക്ക്!
***


ലെസ്ബിയനിസം വിഷയമാക്കിയ മൂന്നു കവിതകളിലൊന്ന്; ഈ കവിതകളിലെ സ്ത്രീകൾ ‘പാപമാണു ചെയ്യുന്നതെന്ന തീർച്ചയിലാണ്‌ പ്രണയത്തിന്റെ മാധുര്യമെന്നു’ തിരിച്ചറിഞ്ഞവരാണ്‌; ‘അനുവദനീയമായത്’ എന്ന യാഥാർത്ഥ്യത്തെ കാൽക്കീഴിലിട്ടു ചവിട്ടിയരച്ചിട്ട് അതീതയാഥാർത്ഥ്യത്തെ തേടിപ്പോകുന്നവരാണ്‌; അതിനാൽ കവിയുടെ ആത്മാനുചാരികളുമാണവർ.

വിശുദ്ധനായ അന്തോണി - മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ മരുഭൂമികളിൽ വൈരാഗിയായി ജീവിച്ച വിശുദ്ധൻ. പിശാചുക്കൾ പലപ്പോഴും അദ്ദേഹത്തെ പ്രലോഭിപ്പിക്കാനെത്തിയിരുന്നത് സുന്ദരികളുടെ രൂപത്തിലായിരുന്നു.

ബാക്കസ് - മദിരയുടെ ദേവൻ.