മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു മരംവെട്ടി ബോധിപ്പിച്ചത്
ഇതു സത്യമാണേ. ഞാൻ തന്നെയാണേ ജഡം കണ്ടത്. ഞാൻ താമസിക്കുന്നതിനു പിന്നാമ്പുറത്തുള്ള കുന്നിൽ ഇന്നു കാലത്തും ഞാൻ മരം വെട്ടാൻ പോയിരുന്നു. മലയുടെ മറുവശത്തുള്ള ഒരു മുളംകൂട്ടത്തിലാണു ജഡം കിടന്നിരുന്നത്. കൃത്യമായ സ്ഥാനമോ? യമാഷിനായിലേക്കുള്ള വഴിയിൽ നിന്ന് കുറച്ചുള്ളിലായിരുന്നു. മുളകൾക്കിടയിൽ മുരടിച്ച കുറേ ദേവദാരുക്കളുമുള്ള ഒരൊഴിഞ്ഞ സ്ഥലമായിരുന്നു അത്.
ഇളംനീലനിറത്തിലുള്ള കിമോണോ ധരിച്ച ആ മനുഷ്യൻ മലർന്നുകിടക്കുകയായിരുന്നു; ക്യോട്ടോവിൽ കാണുന്നതരം ഒരു കറുത്ത തൊപ്പിയും അയാൾക്കുണ്ടായിരുന്നു. കത്തി കൊണ്ട് ഒറ്റക്കുത്തേ കണ്ടുള്ളു; അതുപക്ഷേ ഒത്ത നെഞ്ചത്തുമായിരുന്നു; ജഡത്തിനു ചുറ്റും കിടന്ന മുളയിലയിലാകെ കറുത്തു കൊഴുത്ത ചോരയായിരുന്നു. ഇല്ലേ, ചോരവാർച്ച നിന്നിരുന്നേ. മുറിവുണങ്ങിയിരുന്നപോലെ തോന്നി; വലിയൊരു കന്നീച്ച ചോര കുടിച്ചുകൊണ്ടിരിക്കുന്നതു കണ്ടു; ഞാൻ നടന്നുചെല്ലുന്നത് അതറിഞ്ഞിട്ടില്ല.
ഒരു വാളോ മറ്റോ കണ്ടോയെന്നോ? ഇല്ലേ, അങ്ങനെയൊരു വസ്തു കണ്ടതേയില്ലേ. ജഡത്തിനടുത്തുള്ള ഒരു ദേവദാരുവിനടുത്തായി ഒരു കയറു മാത്രം കിടക്കുന്നതു കണ്ടു. അതെയതെ, ഒരു ചീർപ്പും കണ്ടിരുന്നു. ആകെ ആ കയറും ചീർപ്പും മാത്രമേ ഞാൻ കണ്ടുള്ളു. പക്ഷേ നിലത്തെ പുല്ലും മുളയിലകളും ചവിട്ടിക്കുഴച്ച മട്ടിലായിരുന്നു: അവർ തന്നെ കൊല്ലുന്നതിനു മുമ്പ് അയാൾ ശരിക്കും ചെറുത്തു നിന്നിട്ടുണ്ടാവണം. എന്തോ?- കുതിരയോ? ഇല്ലേ, അങ്ങോട്ടു കുതിരയ്ക്കൊന്നും ഇറങ്ങിച്ചെല്ലാൻ പറ്റില്ലേ. വഴിയിൽ നിന്നതുവരെ നല്ല മുളംകൂട്ടമാണേ.
മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു ഭിക്ഷു ബോധിപ്പിച്ചത്
ഇന്നലെ വഴിയിൽ വച്ച് അയാളെ കണ്ടുവെന്ന് എനിക്കു നല്ല തീർച്ചയാണ്. ഒരുച്ചതിരിഞ്ഞു കാണണം. യമാഷിനായിലേക്കു പോകുന്ന വഴി ചുങ്കപ്പുര നിൽക്കുന്ന കുന്നിനടുത്തു വച്ചാണ്. കുതിരപ്പുറത്ത് ഒരു സ്ത്രീയുമായി ചുങ്കപ്പുരയിലേക്കു പോവുകയായിരുന്നു അയാൾ. അവളുടെ തലയിൽ വട്ടത്തിൽ ഒരു വൈക്കോൽത്തൊപ്പി കണ്ടു; അതിന്റെ വിളുമ്പിൽ നിന്ന് നീണ്ടൊരു മൂടുപടം വീണുകിടപ്പുണ്ടായിരുന്നു. ഞാൻ അവളുടെ മുഖം കണ്ടില്ല; വേഷം മാത്രമേ കണ്ടുള്ളു. പച്ചയും നീലയും കരയുള്ള കടുംചുവപ്പൊരു വേഷമായിരുന്നു അതെന്നു തോന്നുന്നു. കുതിര ചാരനിറത്തിൽ, ഇടയ്ക്കു ചുവപ്പുമായി പുള്ളികുത്തിയ ഒരു ജാതിയായിരുന്നു; അതിന്റെ കുഞ്ചിരോമം കത്രിച്ചിരുന്നുവെന്നും എനിക്കു നല്ല തീർച്ചയുണ്ട്. വലിയ കുതിര ആയിരുന്നോയെന്നോ? സാധാരണയിലും കുറച്ചുകൂടി വലിപ്പമുള്ളതാണെന്നേ എനിക്കു പറയാൻ പറ്റൂ; ഭിക്ഷുവായ എനിക്ക് കുതിരകളുടെ കാര്യം വലിയ പിടിയുണ്ടാവാൻ വഴിയില്ലല്ലോ. ആ മനുഷ്യനോ? അയാളുടെ കൈയിൽ സാമാന്യം വലിപ്പമുള്ള ഒരു വാളുണ്ടായിരുന്നു, പിന്നെ ഒരു വില്ലും അമ്പും. കറുത്ത അരക്കു തേച്ച ആവനാഴി ഞാൻ ഇപ്പോഴും കണ്മുന്നിൽ കാണുന്നു: ഇരുപതോ, അതിൽക്കൂടുതലോ അമ്പുകൾ അതിൽ ഉണ്ടായിരുന്നിരിക്കണം. ഇങ്ങനെയൊരു മനുഷ്യന് ഇതു മാതിരിയൊന്നു സംഭവിക്കുമെന്ന് എനിക്കു സ്വപ്നം കാണാൻ പറ്റില്ല. ഹാ, എന്താണീ മനുഷ്യജീവിതം എന്നു പറയുന്നത്- ഒരു മഞ്ഞുതുള്ളി, ഒരു മിന്നൽപ്പിണർ? വളരെ കഷ്ടമായിപ്പോയി, വളരെ കഷ്ടമായിപ്പോയി, ഞാനെന്താ പറയേണ്ടത്?
മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു പോലീസുകാരൻ ബോധിപ്പിച്ചത്
ഞാൻ പിടികൂടിയവനോ, അങ്ങുന്നേ? അവൻ ആ കുപ്രസിദ്ധനായ കൊള്ളക്കാരൻ തജോമാരു ആണെന്ന് എനിക്കു നല്ല തീർച്ചയാണ്.ശരിയാണ്, ഞാൻ ചെന്നു പിടികൂടുമ്പോൾ അവതാഗുച്ചിയിലെ കല്ലുപാലത്തിനടുത്ത് കുതിരപ്പുറത്തു നിന്നു വീണുകിടന്ന് മോങ്ങുകയും ഞരങ്ങുകയും ചെയ്യുകയായിരുന്നു അവൻ. സമയമോ? ഇന്നലെ രാത്രി എട്ടു മണിയ്ക്കാണ്. മുമ്പൊരു തവണ എന്നെ വെട്ടിച്ചോടുമ്പോൾ ധരിച്ചിരുന്ന അതേ കടുംനീലക്കുപ്പായമാണ് അവൻ ഇട്ടിരുന്നത്; കൈയിൽ അതേ നീണ്ട വാളുമുണ്ടായിരുന്നു. ഒപ്പം ഒരു വില്ലും അമ്പും കൂടിക്കണ്ടു. അയ്യോ, അങ്ങനെയാണോ? മരിച്ചയാൾക്കും? അപ്പോൾ ഒന്നും സംശയിക്കാനില്ല; ഈ തജോമാരു തന്നെയാണ് കൊലയാളി. തോലു പൊതിഞ്ഞ വില്ല്, കറുത്ത അരക്കു തേച്ച ആവനാഴി, പുള്ളിൻതൂവൽ പിടിപ്പിച്ച പതിനേഴമ്പുകൾ- അതൊക്കെ ആ ചത്തയാളിന്റെയായിരിക്കണം. അതെയതെ, അങ്ങു പറയുന്ന പോലെ ചെമപ്പു കലർന്ന നരച്ച പുള്ളിയുള്ളതായിരുന്നു കുതിര, അതിന്റെ കുഞ്ചിരോമം കത്രിച്ചതുമായിരുന്നു. ബുദ്ധിയില്ലാത്തൊരു ജന്തുവാണെങ്കിലും ആ കൊള്ളക്കാരനെ കുടഞ്ഞു താഴെയിട്ട് അവനു കിട്ടേണ്ടത് അതു കൊടുത്തല്ലോ. പാലത്തിന് അൽപ്പം അപ്പുറത്തായി കടിഞ്ഞാൺ നിലത്തിഴച്ചുകൊണ്ട് പുല്ലു തിന്നുകയായിരുന്നു അത്.
ക്യോട്ടോവിനു ചുറ്റും പരുങ്ങിനടക്കുന്ന കള്ളന്മാരിൽ ഈ തജോമാരുവിനാണ് പെണ്ണുങ്ങളിൽ ഒരു കണ്ണുള്ളതെന്നാണ് സംസാരം. കഴിഞ്ഞ ശരൽക്കാലത്ത് ബിൻസുരു പ്രതിമയ്ക്കു പിന്നിലുള്ള കുന്നിൻപുറത്ത് രണ്ടു തീർത്ഥാടകരെ കൊല ചെയ്തിട്ടിരിക്കുന്നതായി തോരിബേ ക്ഷേത്രത്തിലെ ആളുകൾ കണ്ടു- ഒരു സ്ത്രീയും കുട്ടിയും. അതു ചെയ്തത് തജോമാരു തന്നെയാണെന്നാണ് ജനങ്ങൾ പറഞ്ഞത്. ആ മനുഷ്യനെ കൊന്നത് ഇവനാണെന്നു തെളിഞ്ഞാൽപ്പിന്നെ കുതിരപ്പുറത്തുണ്ടായിരുന്ന സ്ത്രീയെ അവൻ എന്തു ചെയ്തുവെന്ന് പറയേണ്ട ആവശ്യമില്ല. ഞാൻ വേണ്ടാത്ത കാര്യത്തിൽ ഇടപെടുകയല്ലങ്ങുന്നേ; എന്നാലും അതിനെ സംബന്ധിച്ച് അവനെ ഒന്നു ചോദ്യം ചെയ്യണമെന്നാണ് എന്റെയൊരു തോന്നൽ.
മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു വൃദ്ധ ബോധിപ്പിച്ചത്
അതേയങ്ങുന്നേ, ആ മരിച്ചയാൾക്കാണ് എന്റെ മകളെ കല്യാണം കഴിച്ചു കൊടുത്തിരുന്നത്. അയാൾ പക്ഷേ ക്യോട്ടോക്കാരനായിരുന്നില്ല. വകാസാ പ്രവിശ്യയിലെ സമുരായി ആയിരുന്നു അയാൾ. കനസാവാ നോ തകേഹിരോ എന്നായിരുന്നു അയാളുടെ പേര്, വയസ്സ് ഇരുപത്താറും. അല്ലങ്ങുന്നേ, ആൾ നല്ല സ്വഭാവമായിരുന്നു. ഇങ്ങനെയൊരു സംഗതി ചെയ്യാനും വേണ്ടിയുള്ള വിരോധം അയാളോട് ആർക്കെങ്കിലും ഉണ്ടായിരുന്നതായി എനിക്കു വിശ്വാസം വരുന്നില്ല.
എന്റെ മകളോ, അങ്ങുന്നേ? മസാഗോ എന്നാണ് അവളുടെ പേര്; പത്തൊമ്പതു വയസ്സാണ് അവൾക്കു പ്രായം. ഏതാണിനെപ്പോലെയും ധൈര്യവതിയാണവൾ; എന്നുവച്ച് തകേഹിരോ അല്ലാതെ മറ്റൊരാണിനെ അവൾക്കറിയുകയുമില്ല. അൽപ്പം കറുത്തിട്ടാണവൾ, ഇടതു കൺകോണിനടുത്തായി ഒരു അരിമ്പാറയുമുണ്ട്; പക്ഷേ അവളുടെ മുഖം നല്ലൊരു കുഞ്ഞുവട്ടമായിരുന്നു.
തകേഹിരോ ഇന്നലെ എന്റെ മകളെയും കൂട്ടി വകാസയ്ക്കു പോയതാണ്; ഇങ്ങനെയൊരു ദുർവ്വിധി വന്നത് എന്തു കൊണ്ടാണാവോ? എന്റെ മകളുടെ ഭർത്താവിന്റെ കാര്യത്തിൽ ഇനി എനിക്കൊന്നും ചെയ്യാനില്ല; എന്നാൽ എന്റെ മകളുടെ ഗതി എന്താണ്? അവളുടെ കാര്യത്തിലാണ് എന്റെ ആധി മുഴുക്കെയും അവളെ കണ്ടുപിടിക്കാൻ ആവുന്നതൊക്കെയും ചെയ്യണേ, അങ്ങുന്നേ; ഒരു വഴിയും വിട്ടുകളയരുതേ. ഇത്രകാലം ജീവിച്ച ഞാൻ മറ്റൊന്നിനും വേണ്ടി ഇത്രയും ആഗ്രഹിച്ചിട്ടില്ലങ്ങുന്നേ. ആ, ആ തജോമാരു!- ഹൊ, അവനോടുള്ള എന്റെ വെറുപ്പ് ഞാൻ എങ്ങനെ പറഞ്ഞറിയിക്കും! എന്റെ മകളുടെ ഭർത്താവിനെ മാത്രമല്ല, എന്റെ മകളെക്കൂടിയും...(ഇത്രയുമായപ്പോഴേക്കും വൃദ്ധയ്ക്കു നിയന്ത്രണം വിട്ടു, അവർക്കു പിന്നെ തുടരാനായില്ല.)
തജോമാരുവിന്റെ കുറ്റസമ്മതം
അയാളെ കൊന്നതു ഞാൻ തന്നെ. പക്ഷേ ആ പെണ്ണിനെ ഞാൻ കൊന്നിട്ടില്ല. അപ്പോൾപ്പിന്നെ അവൾ എവിടെപ്പോയി? നിങ്ങൾക്കുള്ളത്ര അറിവേ അക്കാര്യത്തിൽ എനിക്കുമുള്ളു. അല്ല, ഒന്നു നിൽക്കണേ- നിങ്ങൾക്കു തോന്നുമ്പോലെ എന്നെ എന്തു വേണമെങ്കിലും ചെയ്തോ, പക്ഷേ എനിക്കറിയാത്ത ഒന്നിനെക്കുറിച്ചു പറയാൻ എനിക്കു പറ്റില്ല. അതുമല്ല, നിങ്ങൾക്കെന്നെ പിടികിട്ടിയ സ്ഥിതിയ്ക്ക് ഞാൻ യാതൊന്നും മറയ്ച്ചുവയ്ക്കാനും പോകുന്നില്ല. ഞാൻ ഭീരുവൊന്നുമല്ല.
ഞാൻ അവരെ ഇന്നലെയാണു കണ്ടത്, ഉച്ച തിരിഞ്ഞുകാണണം. ആ സമയത്തുതന്നെ ഒരു കാറ്റടിച്ച് അവളുടെ മൂടുപടം മാറി; ഒരു നിമിഷത്തേക്ക് അവളുടെ മുഖം ഞാനൊന്നു കാണുകയും ചെയ്തു. ഒരു നിമിഷത്തേക്കു മാത്രം: അതു കൊണ്ടായിരിക്കണം അവൾ അത്ര പരിപൂർണ്ണയായി എനിക്കു തോന്നിയത്- ബോധിസത്വനെപ്പോലെ ഒരു സ്ത്രീ. ആ മനുഷ്യനെ കൊല്ലേണ്ടിവന്നാലും അവളെ സ്വന്തമാക്കാൻ ആ നിമിഷം ഞാൻ നിശ്ചയിച്ചു.
ഹ, എന്തായിങ്ങനെ, നിങ്ങളെപ്പോലുള്ളവർ കരുതുന്ന പോലെ അത്ര വലിയ കാര്യമൊന്നുമല്ല ഒരു മനുഷ്യനെ കൊല്ലുകയെന്നത്. മറ്റൊരൊരാളുടെ പെണ്ണിനെ നിങ്ങളെടുക്കാൻ പോവുകയാണെങ്കിൽ അയാൾ ചാവുകതന്നെ വേണം. ഞാൻ ഒരാളെ കൊല്ലുമ്പോൾ വാളു കൊണ്ടാണ് അതു ചെയ്യാറ്, പക്ഷേ നിങ്ങളെപ്പോലുള്ളവർ വാളുപയോഗിക്കാറില്ലല്ലോ. നിങ്ങൾ മാന്യന്മാർ നിങ്ങളുടെ അധികാരം ഉപയോഗിച്ചാണ് ആളുകളെ കൊല്ലുക, നിങ്ങളുടെ പണം ഉപയോഗിച്ച്, ചിലനേരം വെറും വാക്കുകൾ കൊണ്ടും; നിങ്ങൾ ആളുകളോടു പറയും, നിങ്ങൾ ഒരു സൗജന്യം ചെയ്യുകയാണെന്ന്. ശരിയാണ്, ചോരയൊഴുകുന്നില്ല, ആൾക്കു ജീവൻ നഷ്ടപ്പെടുന്നില്ല, അതേസമയം നിങ്ങൾ അയാളെ കൊല്ലുകയും ചെയ്തുകഴിഞ്ഞു. ആരുടെ പാപമാണു വലുതെന്ന് എനിക്കു മനസ്സിലാകുന്നില്ല- നിങ്ങളുടേതോ എന്റേതൊ. (നിന്ദാഗർഭമായ ഒരു പുഞ്ചിരി.)
അതെയതെ, ആണിനെ തട്ടാതെ പെണ്ണിനെ കിട്ടിയാൽ അതുതന്നെയാണു കേമം. ഇന്നലെ എന്റെ പ്രതീക്ഷയും അതുതന്നെയായിരുന്നു. പക്ഷേ യമാഷിദാപാതയിൽ വച്ചു സംഗതി നടക്കില്ലല്ലോ; അതിനാൽ അവരെ കുന്നിലേക്കു കൊണ്ടുപോകാൻ ഞാനൊരു വഴി ആലോചിച്ചു.
അതു വളരെ എളുപ്പമായിരുന്നില്ലേ. ഞാൻ അവരുടെ മുന്നിൽ ചെന്നുനിന്ന് ഒരു കഥ ഉണ്ടാക്കിപ്പറഞ്ഞു. കുന്നുമ്പുറത്തു ഞാനൊരു പഴയ ശവമാടം കണ്ടുവെന്നും, തുറന്നപ്പോൾ അതു നിറയെ വാളുകളും കണ്ണാടികളും മറ്റുമായിരുന്നുവെന്നും ഞാൻ തട്ടിവിട്ടു. സംഗതി ആരും കണ്ടുപിടിക്കാതിരിക്കാനായി മലയുടെ മറുവശത്തുള്ള ഒരു മുളംകൂട്ടത്തിൽ ഞാനതു കുഴിച്ചിട്ടിരിക്കുകയാണെന്നും, നല്ലൊരാവശ്യക്കാരനെ കിട്ടിയാൽ വലിയ ലാഭമൊന്നുമെടുക്കാതെ വിറ്റാൽക്കൊള്ളാമെന്നുണ്ടെന്നും ഞാൻ സൂചിപ്പിച്ചു. അയാൾക്ക് അതു കേട്ടപ്പോൾ വലിയ താത്പര്യമായി. ആർത്തി കൊണ്ട് മനുഷ്യർ എന്തൊക്കെച്ചെയ്യുമെന്നു കാണുമ്പോൾ നമ്മൾ ഞെട്ടിപ്പോവില്ലേ, എന്താ അങ്ങനെയല്ലേ? ഒരു മണിക്കൂർ കഴിഞ്ഞില്ല, ഞാൻ അവരെയും അവരുടെ കുതിരയെയും മല കേറ്റി.
കാട്ടിലെത്തിയപ്പോൾ ഞാൻ പറഞ്ഞു, അതിനുള്ളിലാണു സംഗതി കുഴിച്ചിട്ടിരിക്കുന്നതെന്നും, അവരും എന്റെ കൂടെ വന്ന് അതൊന്നു നോക്കണമെന്നും. അയാൾ ചാടിക്കയറി വരാൻ തയാറായി; പക്ഷേ താൻ കുതിരയുടെ അടുത്തു നിൽക്കാമെന്നായി പെണ്ണ്. എന്താണു നടക്കാൻ പോകുന്നതെന്നു ഞാൻ മനസ്സിൽ കണക്കു കൂട്ടി- നല്ല കൊടുംകാടാണ്. അവർ നേരേ എന്റെ കെണിയിൽ വന്നു ചാടി. ഞങ്ങൾ പെണ്ണിനെ ഒറ്റയ്ക്കു നിർത്തിയിട്ട് കാട്ടിനുള്ളിലേക്കു പോയി.
ആദ്യം വെറും മുളകൾ മാത്രമായിരുന്നു. ഒരു നൂറടി ചെന്നു കഴിഞ്ഞപ്പോൾ കുറേ ദേവദാരുക്കൾ വളർന്നുനിൽക്കുന്ന ഒരു വെളിസ്ഥലം കണ്ടു- എന്റെ മനസ്സിലുള്ളതു നടപ്പാക്കാൻ പറ്റിയ സ്ഥലം. ഞാൻ പൊന്തക്കാടിനുള്ളിലൂടെ നുഴഞ്ഞുകേറിയിട്ട് അവിടെയൊരു മരത്തിനടിയിലാണു മറ്റേതു കുഴിച്ചിട്ടിരിക്കുന്നതെന്നു തട്ടിവിട്ടു. അതു കേട്ടതും, അയാൾ നേരേ മുന്നിൽക്കണ്ട ദേവദാരുക്കളുടെ നേർക്കു കുതിച്ചുചെന്നു. അവിടെ മുള കുറവായിരുന്നു, മരങ്ങൾ നിരന്നു നിൽക്കുകയാണ്. അവിടെയെത്തിയതും, ഞാൻ അയാളെ കടന്നുപിടിച്ച് തറയിൽ കമഴ്ത്തിയിട്ടു. ആൾ നല്ല ബലവാനാണെന്ന് എനിക്കു മനസ്സിലായി- കൈയിൽ വാളുമുണ്ട്- പക്ഷേ എന്റെ പിടുത്തം ഓർക്കാപ്പുറത്തായതിനാൽ അയാൾക്കനങ്ങാൻ പറ്റിയില്ല. ഞാൻ പെട്ടെന്നുതന്നെ അയാളെ ഒരു മരത്തോടു ചേർത്തു കെട്ടിയിട്ടു. കയറെവിടുന്നു കിട്ടിയെന്നോ? അതുശരി, ഞാൻ കള്ളനല്ലേ- ഏതുസമയവും എനിക്കൊരു ചുമരു കയറേണ്ട ആവശ്യം വരും- അതുകാരണം എന്റെ അരയിൽ എപ്പോഴും ഒരു കയറു കാണും. ഒച്ച വയ്ക്കാതിരിക്കാനായി ഞാൻ അയാളുടെ വായിൽ മുളയില കുത്തിക്കേറ്റി. അതോടെ അതു കഴിഞ്ഞു.
അയാളുടെ കാര്യം ഭംഗിയാക്കിയിട്ട് ഞാൻ പെണ്ണിനോടു ചെന്നു പറഞ്ഞു, അവളുടെ ഭർത്താവിന് പെട്ടെന്നു സുഖമില്ലാതെ വന്നുവെന്നും ഒന്നുപോയി നോക്കണമെന്നും. അതും മറ്റൊരുന്നമായിരുന്നു. അവൾ തൊപ്പിയെടുത്തു മാറ്റിയിട്ട് എന്റെ കൈയിൽ പിടിച്ച് കാട്ടിനുള്ളിലേക്കു വന്നു. അയാളെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതു കണ്ടതും, നെഞ്ചത്തു നിന്ന് അവൾ പെട്ടെന്നൊരു കഠാര വലിച്ചെടുത്തു. ഇങ്ങനെയെരിയുന്നൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ലേ! കരുതി നിന്നില്ലായിരുന്നെങ്കിൽ അവൾ അത് എന്റെ കുടലിൽ കുത്തിക്കേറ്റിയേനെ. അവൾ നേർത്തുവരുന്നതു കണ്ടിട്ട് ഞാൻ എങ്ങനെയൊക്കെ ഒഴിഞ്ഞുമാറാൻ നോക്കിയാലും അവൾ എന്നെ മുറിപ്പെടുത്തുമെന്ന് എനിക്കു തോന്നിപ്പോയി. എന്നാൽ, തജോമാരുവല്ലേ ഞാൻ. സ്വന്തം വാളൂരാതെതന്നെ എങ്ങനെയൊക്കെയോ ഞാൻ അവളുടെ കൈയിൽ നിന്ന് കഠാര തട്ടിത്തെറിപ്പിച്ചു. കൈയിൽ ഒരായുധമില്ലെങ്കിൽ ഏതൂറ്റക്കാരിപ്പെണ്ണും നിസ്സഹായയായിപ്പോകും. അങ്ങനെ അവളുടെ ഭർത്താവിന്റെ ജീവൻ കളയാതെതന്നെ ഞാൻ അവളെ സ്വന്തമാക്കുകയും ചെയ്തു.
അതെ, നിങ്ങൾ കേട്ടതു ശരിതന്നെ: അവളുടെ ഭർത്താവിന്റെ ജീവനെടുക്കാതെ. പിന്നെ, എന്റെ പ്രധാന ഉദ്ദേശ്യം അയാളെ കൊല്ലുകയുമായിരുന്നില്ല. പെണ്ണു നിലത്തു വീണുകിടക്കുകയായിരുന്നു; ഞാൻ അവളെ അവിടെ വിട്ടിട്ട് ഓടിപ്പോകാൻ നോക്കുമ്പോഴാണ് ഭ്രാന്തിയെപ്പോലെ അവൾ എന്റെ കൈയ്ക്കു കടന്നുപിടിക്കുന്നത്. തേങ്ങലുകൾക്കിടയിൽ അവൾ ഒച്ചവയ്ക്കുന്നതെന്താണെന്നും പിന്നെ ഞാൻ കേട്ടു. ശ്വാസം വിടാതെ അവൾ പറയുകയാണ്: 'ഒന്നുകിൽ നിങ്ങൾ മരിക്കണം, അല്ലെങ്കിൽ എന്റെ ഭർത്താവ്. നിങ്ങളിൽ ഒരാൾ മരിക്കണം. രണ്ടു പുരുഷന്മാർ എന്റെ ഉടുതുണിയഴിച്ചത് എനിക്കു മരണത്തെക്കാൾ നിന്ദ്യമാണ്. ജീവനോടെ ശേഷിക്കുന്നയാളോടൊപ്പം എനിക്കു ജീവിക്കണം, അതു നിങ്ങളായാലും അയാളായാലും.' അതു കേട്ടപ്പോൾ അവളുടെ ഭർത്താവിനെ കൊല്ലാൻ അടങ്ങാത്തൊരാർത്തിയാണ് എനിക്കുണ്ടായത്.
ഞാനിതു പറയുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും, നിങ്ങളെക്കാളൊക്കെ ക്രൂരനാണു ഞാനെന്ന്. അവളുടെ മുഖം കാണാത്തതു കൊണ്ടാണ് നിങ്ങൾക്കങ്ങനെ തോന്നുന്നത് - ആ സമയത്ത് അവളുടെ കണ്ണുകളിലെ തീ നിങ്ങൾ കണ്ടില്ലല്ലോ. ആ കണ്ണുകൾ എന്റെ കണ്ണുകളെ സന്ധിച്ചപ്പോൾ അവളെ എന്റെ ഭാര്യയാക്കണമെന്ന് എനിക്കാഗ്രഹമുള്ളതായി എനിക്കു ബോധ്യപ്പെട്ടു. ഇടിമിന്നലിന്റെ ദേവൻ എന്നെ കൊന്നുകളയട്ടെ, എന്നാലും അവളെ ഞാൻ ഭാര്യയാക്കും- എന്റെ തലയിൽ അങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളു. അല്ല, അതു വെറും കാമാവേശം കൊണ്ടുമാത്രമായിരുന്നില്ല. നിങ്ങളെപ്പോലുള്ള മാന്യന്മാർ അങ്ങനെയാവും ചിന്തിക്കുക എന്നെനിക്കറിയാം. എനിക്കവളോടു കാമം മാത്രമാണു തോന്നിയതെങ്കിൽ, ഞാനതു തൃപ്തിപ്പെടുത്തുകയും ചെയ്തുകഴിഞ്ഞിരുന്നല്ലോ. അവളെ തൊഴിച്ചു താഴെയിട്ടിട്ട് എനിക്കവിടെനിന്ന് ഊരിപ്പോരാവുന്നതേയുണ്ടായിരുന്നുള്ളു. ആ മനുഷ്യന്റെ ചോര എന്റെ വാളിൽ കറ പറ്റിയ്ക്കുകയും ചെയ്യുമായിരുന്നില്ല. പക്ഷേ, ഇരുളടഞ്ഞ ആ കാട്ടിൽ വച്ച് അവളുടെ കണ്ണുകൾ എന്റെ കണ്ണുകളുമായി പിണഞ്ഞ നിമിഷം എനിക്കു മനസ്സിലായി, അയാളെ കൊല്ലാതെ എനിക്കവിടെനിന്നു പോരാൻ പറ്റില്ലെന്ന്.
എന്നാൽക്കൂടി ഒരു ഭീരുവിന്റെ മാതിരി അയാളെ കൊന്നുകളയാൻ എനിക്കു മനസ്സു വന്നില്ല. ഞാൻ അയാളുടെ കെട്ടഴിച്ചു വിട്ടിട്ട് ഒരു വാൾപ്പയറ്റിന് അയാളെ വെല്ലുവിളിച്ചു. (ഞാൻ അപ്പോൾ വലിച്ചെറിഞ്ഞ കയറാണ് അവർ കണ്ടെടുത്തത്.) വലിയ വാൾ വലിച്ചൂരുമ്പോൾ അയാൾ രോഷം കൊണ്ടു തിളങ്ങുകയായിരുന്നു; ഒറ്റയക്ഷരം മിണ്ടാതെ വാളുമായി അയാൾ എന്റെ നേർക്കു ചാടി. ആ പയറ്റിന്റെ ഒടുക്കം എന്തായിരുന്നുവെന്ന് ഞാൻ നിങ്ങളോടു പറയേണ്ടതില്ലല്ലോ. ഇരുപത്തിമൂന്നാമത്തെ കുത്തിന് എന്റെ വാൾ അയാളുടെ നെഞ്ചു പിളർന്നു. അതെ, ഇരുപത്തിമൂന്നാമത്തെ കുത്തിന്: അതു നിങ്ങൾ മനസ്സിൽ വയ്ക്കണം. അതിന്റെ പേരിൽ എനിക്കയാളെ ബഹുമാനമാണ്. എന്റെ മുന്നിൽ ഇരുപതിനപ്പുറത്ത് പോയ ഒരേയൊരാൾ അയാളാണ്. (രസം പിടിച്ചുള്ള ഇളി.)
അയാൾ താഴെ വീണപ്പോൾ ഞാൻ വാളു താഴ്ത്തി ആ പെണ്ണിനെ നോക്കി. പക്ഷേ അവളെ കാണാനുണ്ടായിരുന്നില്ല! ദേവദാരുക്കൾക്കിടയിൽ ഞാൻ അവളെ തിരഞ്ഞു, പക്ഷേ വീണുകിടന്ന മുളയിലകളിൽ അവൾ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷണം പോലും കണ്ടില്ല. ഞാൻ കാതു കൂർപ്പിച്ചു, കേട്ടത് ആ മനുഷ്യന്റെ പ്രാണൻ കുറുകുന്നതു മാത്രമാണ്.
വാൾപ്പയറ്റു തുടങ്ങിയപ്പോൾത്തന്നെ സഹായത്തിനാളെ വിളിയ്ക്കാനായി പൊന്തക്കാടിനുള്ളിലൂടെ അവൾ ഓടിപ്പോയതായിരിക്കണം. അതോർത്തപ്പോൾ എനിക്ക് എന്റെ ജീവനെപ്രതി ഭയമായി. ഞാൻ ആ മനുഷ്യന്റെ വാളും അമ്പും വില്ലും വാരിയെടുത്ത് നേരേ മലമ്പാതയ്ക്കു വച്ചുപിടിച്ചു. അവൾ വന്ന കുതിര പുല്ലു മേഞ്ഞു കൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു. അതിനു ശേഷം നടന്നതൊക്കെ പറയാൻ പോയാൽ അതു വെറുതെ നാവിട്ടടിക്കലാവും. എന്തായാലും ക്യോട്ടോവിലേക്കു പോരും മുമ്പ് ഞാൻ അയാളുടെ വാൾ ഉപേക്ഷിച്ചുകളഞ്ഞു.
അപ്പോൾ, ഇതാണെന്റെ കുറ്റസമ്മതം. എന്നെങ്കിലും ഒരുദിവസം ജയിലിന്റെ മുറ്റത്തുള്ള മരത്തിൽ എന്റെ തല തൂങ്ങിക്കിടക്കുമെന്ന് പണ്ടേ എനിക്കറിയാം; അതുകൊണ്ട് പരമാവധി ശിക്ഷ തന്നെ എനിക്കു തന്നാട്ടെ. (മുഖത്തു ധിക്കാരഭാവം.)
കിയോമുസു ക്ഷേത്രത്തിൽ വച്ച് ഒരു സ്ത്രീ നടത്തിയ കുമ്പസാരം
കടുംനീലക്കുപ്പായം ധരിച്ച ആ മനുഷ്യൻ എന്നെക്കൊണ്ട് അയാളുടെ ഇംഗിതം സാധിച്ച ശേഷം കെട്ടിയിട്ട എന്റെ ഭർത്താവിനെ നോക്കി കളിയാക്കിച്ചിരിച്ചു. എന്റെ ഭർത്താവിന് എന്തുമാത്രം മാനക്കേടു തോന്നിയിട്ടുണ്ടാവും! അദ്ദേഹം അവിടെക്കിടന്നു ഞെളിയുകയും പുളയുകയും ചെയ്തു; പക്ഷേ കെട്ടുകൾ കൂടുതൽ വരിഞ്ഞിറങ്ങിയെന്നല്ലാതെ ഗുണമുണ്ടായില്ല. ഞാൻ അങ്ങോട്ടോടിച്ചെന്നു. അല്ലല്ല, ഞാൻ അങ്ങോട്ടോടിച്ചെല്ലാൻ നോക്കി; പക്ഷേ ആ മനുഷ്യൻ എന്നെ തൊഴിച്ചു താഴെയിട്ടുകളഞ്ഞു. അപ്പോഴാണ് അതു സംഭവിക്കുന്നത്: എന്റെ ഭർത്താവിന്റെ കണ്ണുകളിലെ വിവരിക്കാനാവാത്ത ഒരു തിളക്കം അപ്പോഴാണ് എന്റെ കണ്ണിൽപ്പെടുന്നത്. ശരിക്കും അതു വിവരിക്കാൻ പറ്റാത്തതായിരുന്നു. ഇപ്പോഴും അതോർക്കുമ്പോൾ ഞാൻ കിടുങ്ങിപ്പോകുന്നു. എന്റെ ഭർത്താവിന് ഒരക്ഷരം മിണ്ടാൻ കഴിയില്ലായിരുന്നു; പക്ഷേ ആ കണ്ണുകൾ അദ്ദേഹത്തിന്റെ ഹൃദയം മുഴുവനായി എനിക്കു തുറന്നിടുകയായിരുന്നു. അതിൽ തിളങ്ങുന്നതായി ഞാൻ കണ്ടത് കോപമായിരുന്നില്ല, ദുഃഖവുമായിരുന്നില്ല. അവജ്ഞയുടെ തണുത്ത മിന്നലായിരുന്നു- എന്നോടുള്ള അവജ്ഞ. ആ കൊള്ളക്കാരന്റെ തൊഴിയെക്കാൾ എന്നെ വേദനയേൽപ്പിച്ചത് അതായിരുന്നു. ഒരു നിലവിളിയോടെ ഞാൻ അവിടെ പ്രജ്ഞയറ്റു വീണു.
എനിക്കു ബോധം വീണപ്പോൾ നീലക്കുപ്പായമിട്ട മനുഷ്യനെ കാണാനില്ലായിരുന്നു. കാട്ടിൽ അപ്പോൾ മരത്തോടു കെട്ടിയിട്ട നിലയിൽ എന്റെ ഭർത്താവു മാത്രമേയുള്ളു. മുളയിലകൾ അട്ടിയിട്ടു വീണുകിടക്കുന്നതിനു മേൽ നിന്ന് കഷ്ടിച്ചെഴുന്നേറ്റു നിൽക്കാനേ എനിക്കായുള്ളു; ഞാൻ എന്റെ ഭർത്താവിന്റെ മുഖത്തേക്കു നോക്കി. ആ കണ്ണുകൾ പഴയപടി തന്നെയുണ്ടായിരുന്നു: അവജ്ഞയും വെറുപ്പും നിറഞ്ഞ അതേ തണുത്ത നോട്ടത്തോടെ. ആ സമയത്ത് എന്റെയുള്ളിൽ നിറഞ്ഞ വികാരത്തെ ഞാനെങ്ങനെ വിവരിക്കാൻ?
മാനക്കേട്…ദുഃഖം...കോപം...കാലുറയ്ക്കാതെ ഞാൻ അദ്ദേഹത്തിനടുത്തേക്കു നടന്നുചെന്നു.
'ഹൊ, എന്റെ ഭർത്താവേ! ഇങ്ങനെയൊക്കെ നടന്ന ശേഷം എനിക്കങ്ങയോടൊപ്പം ജീവിക്കാൻ പറ്റില്ല. ഞാൻ ഈ നിമിഷം ഇവിടെ വച്ചു മരിക്കാൻ തയാറാണ്. പക്ഷേ അങ്ങും- അതെ, അങ്ങും എന്റെകൂടെ മരിക്കണം. എന്റെ മാനഹാനിയ്ക്ക് അങ്ങു സാക്ഷിയായതല്ലേ. അതങ്ങയുടെ മനസ്സിലിരിക്കെ എനിക്കു ലോകം വിട്ടുപോകാൻ പറ്റില്ല.'
പറയാനുള്ളതൊക്കെ പറയാൻ ശ്രമിക്കുകയായിരുന്നു ഞാൻ; പക്ഷേ എന്റെ ഭർത്താവാകട്ടെ, പഴയപടി എന്നെ അവജ്ഞയോടെ തുറിച്ചുനോക്കി ഇരിക്കുകയായിരുന്നു. എന്റെ നെഞ്ച് ഏതു നിമിഷവും പൊട്ടിപ്പിളരുമെന്ന് എനിക്കു പേടിയായി. ഒടുവിൽ മനസ്സടക്കിപ്പിടിച്ച് ആ മുളംകൂട്ടത്തിനിടയിൽ ഞാൻ അദ്ദേഹത്തിന്റെ വാളു തിരഞ്ഞു. ആ കൊള്ളക്കാരൻ അതു കൊണ്ടുപോയിരിക്കണം- അതവിടെയെങ്ങും കാണാനില്ലായിരുന്നു- എന്റെ ഭർത്താവിന്റെ അമ്പും വില്ലും കണ്ടില്ല. ഒടുവിൽ ഭാഗ്യത്തിന് എന്റെ കാൽച്ചുവട്ടിലായി ഞാൻ ആ കഠാര കണ്ടു. എന്റെ ഭർത്താവിനു മുന്നിൽ അതെടുത്തു വീശിക്കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു:
'ഇതാ, ഇതോടെ എല്ലാം കഴിയണം. അങ്ങയുടെ ജീവനെടുക്കാൻ എന്നെ അനുവദിക്കണേ. തൊട്ടുപിന്നാലെ ഞാനും മരണത്തിൽ അങ്ങയെ അനുഗമിച്ചോളാം.'
ഇതു കേട്ടപ്പോൾ അവസാനം എന്റെ ഭർത്താവിന്റെ ചുണ്ടുകൾ ചലിക്കാൻ തുടങ്ങി. അതെ, മുളയില കുത്തിക്കേറ്റിയിരുന്നതു കാരണം ഒച്ച പുറത്തുവന്നിരുന്നില്ല, എന്നാലും അദ്ദേഹം പറയുന്നതെന്താണെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. എന്നോടുള്ള കൊടിയ അവജ്ഞയോടെ അദ്ദേഹം പറഞ്ഞതിത്രയും: 'കൊല്ല്.' സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ എവിടെയോ ഒഴുകിനടന്ന ഞാൻ അദ്ദേഹത്തിന്റെ ഇളംനീലക്കുപ്പായത്തിന്റെ നെഞ്ചിലൂടെ കഠാര കുത്തിക്കയറ്റി.
പിന്നെ എനിക്കു വീണ്ടും ബോധം പോയി. കാഴ്ച തിരിച്ചുകിട്ടിയപ്പോൾ അപ്പോഴും മരത്തിൽ കെട്ടിയിട്ടിരുന്ന എന്റെ ഭർത്താവിന്റെ ശ്വാസം നിലച്ചിരുന്നു. ചാമ്പൽനിറമായ ആ മുഖത്ത് മുളംകൂട്ടത്തിലൂടെ അരിച്ചിറങ്ങുന്ന ഒരു പോക്കുവെയിൽനാളം തങ്ങിനിന്നിരുന്നു. കണ്ണിരും കുടിച്ചിറക്കിക്കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ കെട്ടഴിച്ച് ആ കയറു വലിച്ചെറിഞ്ഞു. എന്നിട്ടു പിന്നെ- എന്നിട്ടു പിന്നെ എന്റെ കാര്യമെന്തായി? അതു പറയാനുള്ള ശേഷി എനിക്കിനിയില്ല. സ്വയം കൊല്ലാൻ എനിക്കു കഴിഞ്ഞില്ല എന്നു ഞാൻ പറയേണ്ടതില്ലല്ലോ. തൊണ്ടയ്ക്കു കുത്താൻ ശ്രമിച്ചു . അടിവാരത്തെ കുളത്തിൽ മുങ്ങിച്ചാവാൻ നോക്കി. പക്ഷേ ഫലിച്ചില്ല. ഞാൻ ഇന്നും ഇവിടെത്തന്നെയുണ്ട്, മരിക്കാനുള്ള എന്റെ കഴിവുകേടിൽ എനിക്കഭിമാനവുമില്ല.(ഹതാശമായ ഒരു പുഞ്ചിരി.) കരുണയുടെ ബോധിസത്വനായ കനോൺ പോലും എന്റെ ദൗർബല്യം കണ്ട് മുഖം തിരിച്ചതാവും. പക്ഷേ ഞാൻ- സ്വന്തം ഭർത്താവിനെ കൊന്ന ഞാൻ, ഒരു കൊള്ളക്കാരൻ മാനം കവർന്ന ഞാൻ- ഞാനെന്തു ചെയ്യണം? പറയൂ, ഞാനെന്തു ചെയ്യണം...(പെട്ടെന്ന് പൊട്ടിക്കരയുന്നു.)
മരണപ്പെട്ടയാളിന്റെ ആത്മാവ് ഒരു പ്രേതാവിഷ്ടനിലൂടെ ബോധിപ്പിച്ചത്
ആ കൊള്ളക്കാരൻ എന്റെ ഭാര്യയെക്കൊണ്ട് തന്റെ ഇംഗിതം സാധിച്ച ശേഷം അവൻ നിലത്തിരുന്ന് അവളെ സമാധാനിപ്പിക്കാൻ നോക്കി. എനിക്കൊന്നും മിണ്ടാൻ പറ്റിയിരുന്നില്ല, എന്നെ അപ്പോഴും മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നല്ലോ. എന്നാലും കണ്ണുകാട്ടി ഞാൻ അവളെ മനസ്സിലാക്കിക്കാൻ ശ്രമിക്കുകയായിരുന്നു: അവൻ പറയുന്നതൊന്നും വിശ്വസിച്ചുകളയല്ലേ. അവൻ പറയുന്നതൊക്കെ പൊളിയാണ്. എന്റെ മനസ്സിലുള്ളത് അവളിലേക്കെത്തിക്കാൻ ശ്രമിക്കുകയായിരുന്നു ഞാനെങ്കിലും അവൾ തന്റെ കാൽമുട്ടുകളിൽ തുറിച്ചുനോക്കിക്കൊണ്ട് വീണുകിടക്കുന്ന മുളയിലകളിൽ കൂനിപ്പിടിച്ചിരുന്നതേയുള്ളു. അതുമല്ല, അവൻ പറയുന്നത് അവൾ ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യുന്നുണ്ട്. അസൂയ കൊണ്ട് ഞാൻ ഞെളിപിരി കൊണ്ടു. പക്ഷേ ആ കള്ളൻ തന്റെ പഞ്ചാരവാക്കുകൾ കൊണ്ട് ഓരോരോ ന്യായങ്ങൾ പറയുകയാണ്. 'ഇനിയിപ്പോൾ നിന്റെ ദേഹത്തു ചെളി പറ്റിയ സ്ഥിതിയ്ക്ക് ഭർത്താവുമായുള്ള ബന്ധം പഴയപടിയാവാൻ പോകുന്നില്ല. അയാളുടെ കൂടെ എന്തിനു പോകണം- വാ, എന്റെ ഭാര്യയായിക്കോ! എനിക്കു നിന്നോട് അത്ര സ്നേഹം തോന്നിയതു കൊണ്ടാണ് ഞാൻ ഇത്ര പരുക്കനായിട്ടു പെരുമാറിയത്.' അവളോട് അങ്ങനെ പറയാനുള്ള ചങ്കൂറ്റം ആ കള്ളനുണ്ടായി!
അതു കേട്ട് എന്റെ ഭാര്യ മുഖമുയർത്തി നോക്കിയപ്പോൾ അവൾ ആകെ മയങ്ങിപ്പോയ പോലെ തോന്നി. അന്നേരത്തെപ്പോലെ സുന്ദരിയായി ഞാനവളെ കണ്ടിട്ടേയില്ല. എന്നിട്ട് എന്റെയാ സുന്ദരിയായ ഭാര്യ ആ കൊള്ളക്കാരനോട് എന്റെ സാന്നിദ്ധ്യത്തിൽ പറഞ്ഞതെന്താണെന്നോ- കൈയും കാലും കൂട്ടിക്കെട്ടിയ തന്റെ ഭർത്താവിന്റെ മുന്നിൽ വച്ച്? ഒരു ജീവിതത്തിനും മറ്റൊന്നിനുമിടയിൽ അലഞ്ഞുനടക്കുകയാവാം എന്റെ ആത്മാവ്; എന്നാലും അവളുടെ ആ മറുപടി ഓർക്കുമ്പോഴൊക്കെയും വെറുപ്പും കോപവും കൊണ്ട് എരിഞ്ഞുപോകുന്നു ഞാൻ. ' ശരി,' അവൾ പറയുകയാണ്, 'എന്നെ എവിടെ വേണമെങ്കിലും കൊണ്ടുപൊയ്ക്കോ.' ( ദീർഘമായ ഒരു മൂകത.)
അതു മാത്രമായിരുന്നില്ല അവൾ എന്നോടു ചെയ്ത പാതകം. അത്രയേ അവൾ ചെയ്തുള്ളുവെങ്കിൽ ഞാൻ ഈ ഇരുട്ടിൽക്കിടന്ന് ഇതുമാതിരി ദുരിതമനുഭവിക്കുമായിരുന്നില്ല. അവന്റെ കൈയിൽ പിടിച്ച് ആ മുളംകൂട്ടത്തിൽ നിന്ന് ഒരു സ്വപ്നത്തിലെന്നപോലെ അവൾ കാലെടുത്തുവയ്ക്കുമ്പോൾ പെട്ടെന്ന് അവളുടെ മുഖം വിവർണ്ണമായി, അവൾ തിരിഞ്ഞുനിന്ന് എന്നെച്ചൂണ്ടി. 'കൊല്ലയാളെ!' അവൾ ആക്രോശിച്ചു. 'അയാളെ കൊല്ലാൻ! അയാൾ ജീവനോടിരിക്കുമ്പോൾ എനിക്കു നിങ്ങളോടൊപ്പം വരാൻ സാധ്യമല്ല!' മനസ്സിന്റെ സമനില തെറ്റിയ പോലെ അവൾ അതുതന്നെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 'കൊല്ലയാളെ!' ഇന്നും ആ വാക്കുകൾ ഒരു കൊടുംകാറ്റു പോലെ എന്നെ തൂക്കിയെടുത്ത് പാതാളത്തിലേക്കെറിയുന്നപോലെ തോന്നിപ്പോവുന്നു. ഇത്രയും വിദ്വേഷം നിറഞ്ഞ വാക്കുകൾ ഇതിനു മുമ്പ് ഏതെങ്കിലുമൊരു മനുഷ്യജീവിയുടെ വായിൽ നിന്നു വന്നിട്ടുണ്ടാവുമോ? ഇത്രയും ശപ്തമായ വാക്കുകൾ ഇതിനു മുമ്പ് ഏതെങ്കിലുമൊരു മനുഷ്യജീവിയുടെ കാതുകളിൽ പതിച്ചിട്ടുണ്ടാവുമോ? ഇത്രയും- (നിന്ദാഗർഭമായ ഒരു പൊട്ടിച്ചിരി.) അവൾ പറയുന്നതു കേട്ടപ്പോൾ ആ കൊള്ളക്കാരൻ പോലും വിളറിപ്പോയി. അവന്റെ കൈയിൽ അള്ളിപ്പിടിച്ചുകൊണ്ട് അവൾ വീണ്ടും അലറി, 'അയാളെ കൊല്ലാൻ!' കൊള്ളക്കാരൻ അവളെ തുറിച്ചുനോക്കി; എന്നെ കൊല്ലുമെന്നോ കൊല്ലില്ലെന്നോ അവൻ പറഞ്ഞില്ല. പിന്നെ ഞാൻ കാണുന്നത്, ഒറ്റച്ചവിട്ടു കൊടുത്ത് അവൻ അവളെ താഴെയിടുന്നതാണ്. (നിന്ദാഗർഭമായ പൊട്ടിച്ചിരി വീണ്ടും.)
കൊള്ളക്കാരൻ തൊഴുതുകൊണ്ട് എന്നെ നോക്കി.
"ഇവളെ ഞാൻ എന്തു ചെയ്യണം?,' അവൻ എന്നോടു ചോദിച്ചു. 'കൊല്ലണോ അതോ വിട്ടയക്കണോ? തലയൊന്നനക്കിയാൽ മതി. കൊല്ലട്ടെ?' മറ്റൊന്നുമില്ലെങ്കിൽ ഇതൊന്നുകൊണ്ടു തന്നെ ആ കൊള്ളക്കാരന്റെ പാതകങ്ങൾക്കു മാപ്പു കൊടുക്കാൻ ഞാൻ തയാറാണ്. (ദീർഘമായ മൗനം വീണ്ടും.)
ഞാൻ മറുപടിയൊന്നും പറയാതിരുന്നപ്പോൾ എന്റെ ഭാര്യ ഒരു നിലവിളിയോടെ മുളംകൂട്ടത്തിനിടയിലേക്കു കുതിച്ചു. അവൻ അവളുടെ പിന്നാലെ പാഞ്ഞു; അവനവളെ എവിടെക്കിട്ടാൻ? എന്തോ കിനാവു കാണുന്ന പോലെ ഞാൻ ആ കാഴ്ചയും കണ്ടുകൊണ്ടിരുന്നു.
എന്റെ ഭാര്യ ഓടിപ്പോയതിപ്പിന്നെ കൊള്ളക്കാരൻ വന്ന് എന്റെ വാളും വില്ലും അമ്പുമെടുത്തു; എന്നിട്ട് എന്നെ കെട്ടിയിരുന്ന കയർ ഒരു ഭാഗത്തു മുറിച്ചു. 'ഇനി എനിക്കോടാനുള്ള ഊഴമായി,' ആ പൊന്തക്കാടിൽ നിന്നു മറയുമ്പോൾ അവൻ പിറുപിറുക്കുന്നത് എന്റെ ഓർമ്മയിലുണ്ട്. പിന്നെ അവിടമാകെ നിശ്ശബ്ദമായി. അല്ല- ആരോ തേങ്ങിക്കരയുന്നത് എനിക്കു കേൾക്കാം. കെട്ടഴിക്കുമ്പോൾ ഞാൻ അതിനു കാതു കൊടുക്കുകയായിരുന്നു; ഒടുവിൽ എനിക്കു മനസ്സിലായി- കരയുന്നതു ഞാൻ തന്നെയാണെന്ന് എനിക്കു മനസ്സിലായി. ( വീണ്ടും ദീർഘമായ മൗനം.)
ഒടുവിൽ മരത്തിന്റെ ചുവട്ടിൽ നിന്ന് ക്ഷീണിച്ചവശനായി ഞാൻ എഴുന്നേറ്റു നിന്നു. എന്റെ ഭാര്യ വലിച്ചെറിഞ്ഞ കഠാര അതാ, എന്റെ കാൽച്ചുവട്ടിൽ കിടക്കുന്നു. ഞാൻ അതെടുത്ത് എന്റെ നെഞ്ചിലേക്കു കുത്തിയിറക്കി. ചോരക്കട്ട പോലെന്തോ എന്റെ വായിലേക്കിരച്ചുകയറി; പക്ഷേ എനിക്കൊരു വേദനയും തോന്നിയില്ല. എന്റെ നെഞ്ചത്തു തണുപ്പു കേറി, പിന്നെ സകലതും അനക്കമറ്റു. എന്തൊരു നിശ്ശബ്ദത! മലയുടെ മറഞ്ഞ ഭാഗത്തെ ആ മുളംകൂട്ടത്തിനു മുകളിലെ ആകാശത്ത് ഒരു കിളിയും പാടാനെത്തിയില്ല. മുളംകൂട്ടത്തിലും ദേവദാരുക്കളുടെ ഉയർന്ന ചില്ലകളിലും സൂര്യന്റെ ഏകാന്തദീപ്തി തങ്ങിനിന്നിരുന്നു. സൂര്യൻ- പിന്നെ അതും സാവധാനം മങ്ങുകയായി, കൂടെ ദേവദാരുക്കളും മുളകളും. ആഴ്‌ന്ന നിശ്ശബ്ദതയാലാവൃതനായി ഞാൻ അവിടെക്കിടന്നു.
പിന്നെ അടക്കിയ കാൽച്ചുവടുകൾ എന്നെത്തേടിവന്നു. അതാരെന്നു കാണാൻ ഞാൻ ശ്രമിച്ചു, പക്ഷേ ഇരുട്ടെന്നെ നാലുപാടും വന്നു മൂടിക്കളഞ്ഞു. ഒരാൾ- ആരോ ഒരാൾ അദൃശ്യമായ ഒരു കൈ കൊണ്ട് എന്റെ നെഞ്ചിൽ നിന്ന് കഠാര സാവധാനം വലിച്ചൂരി. വീണ്ടും എന്റെ വായിലേക്ക് ചോര പതഞ്ഞുകേറി; പിന്നെ ഞാൻ എന്നെന്നേക്കുമായി ജീവിതങ്ങൾക്കിടയിലെ ഇരുട്ടിലേക്കു പതിക്കുകയും ചെയ്തു.
(ഡിസംബർ 1921)
കുറോസോവ തന്റെ പ്രസിദ്ധമായ സിനിമ ചെയ്തത് അകുതഗാവയുടെ റഷോമോണ്‍, ഒരു മുളംകാവിനുള്ളില്‍ വച്ച് എന്ന രണ്ടു കഥകളെ ആസ്പദമാക്കിയാണ്.
In a Grove