2016, മാർച്ച് 1, ചൊവ്വാഴ്ച

കരേൾ ചോപ്പെക്ക് - ലാസറസ്


9780140038606-us-300



ആ ഗലീലക്കാരനെ പിടികൂടി തടവറയിലടച്ചുവെന്ന് ബഥനിയിലും ശ്രുതി പരന്നു.
ഇതു കേട്ടപ്പോൾ മാർത്ത കൈകൾ കൂട്ടിപ്പിടിച്ചു; അവളുടെ കണ്ണുകളിൽ നിന്നു കുടുകുടാ കണ്ണീരൊഴുകി. “കണ്ടില്ലേ,” അവൾ കരഞ്ഞു, “ഇതു തന്നെയാണ്‌ ഞാൻ ഇത്ര നാളായി പറഞ്ഞുകൊണ്ടിരുന്നത്! എന്തിനാണദ്ദേഹം ജറുസലേമിലേക്കു പോയത്? അദ്ദേഹത്തിന്‌ ഇവിടെത്തന്നെ നിന്നാൽ പോരായിരുന്നോ? ഇവിടെയാണെങ്കിൽ ആരും അദ്ദേഹത്തെ അറിയാൻ പോകുന്നില്ല- മരപ്പണിയും ചെയ്തുകൊണ്ട് സമാധാനത്തോടെ കഴിയാമായിരുന്നു- നമ്മുടെ മുറ്റത്ത് ഒരു പണിയാല ഇട്ടാൽ മതിയായിരുന്നു-”
ലാസറസ് വിളറിവെളുത്തു നില്ക്കുകയായിരുന്നു, ഉൾവികാരം കൊണ്ട് അയാളുടെ കണ്ണുകൾ തിളങ്ങുകയായിരുന്നു. “മണ്ടത്തരം പറയാതെ, മാർത്ത,” അയാൾ പറഞ്ഞു. “അദ്ദേഹത്തിനു ജറുസലേമിലേക്കു പോകാതെ പറ്റില്ലായിരുന്നു. ആ പരീശന്മാരെയും ചുങ്കക്കാരെയും നേരിടാതെ പറ്റില്ലായിരുന്നു, അവരുടെ മുഖത്തു നോക്കി സത്യം വിളിച്ചുപറയാതെ പറ്റില്ലായിരുന്നു- നിങ്ങൾ പെണ്ണുങ്ങൾക്ക് അതൊന്നും മനസ്സിലാവില്ല.”
          “എനിക്കു മനസ്സിലാകും,” മറിയം പറഞ്ഞു; വികാരത്തള്ളിച്ച കൊണ്ടു നിറഞ്ഞതായിരുന്നു അവളുടെ പതിഞ്ഞ ശബ്ദം. “ഞാൻ ഇതുകൂടി പറയട്ടെ: ഇനി എന്താണുണ്ടാവുകയെന്നും എനിക്കറിയാം. ഒരത്ഭുതം നടക്കും. അദ്ദേഹം വിരൽ ചൂണ്ടും, തടവറയുടെ കവാടം തുറക്കും- അപ്പോൾ എല്ലാവർക്കും ബോദ്ധ്യമാകും ആരാണദ്ദേഹമെന്ന്; അവർ അദ്ദേഹത്തിനു മുന്നിൽ മുട്ടുകാലിൽ വീണു കരയും, ‘ദിവ്യാത്ഭുതം’-“
         ”അതൊന്നുമുണ്ടാവില്ല,“ മാർത്ത ശാസിക്കുമ്പോലെ പറഞ്ഞു. ”അദ്ദേഹം തന്നെപ്രതി ഒരുത്കണ്ഠയും ഇന്നേവരെ കാണിച്ചിട്ടില്ല. സ്വന്തം രക്ഷക്കായി അദ്ദേഹം ഒന്നും ചെയ്യില്ല, എന്നാൽ,-“ കണ്ണുകൾ വിടർത്തിക്കൊണ്ട് അവൾ കൂട്ടിച്ചേർത്തു, ”-എന്നാൽ മറ്റുള്ളവർക്ക് അദ്ദേഹത്തെ രക്ഷിക്കാം. അവർ തന്റെ സഹായത്തിനെത്തുന്നതും കാത്തു നില്ക്കുകയാവാം അദ്ദേഹം- അദ്ദേഹത്തിന്റെ വചനം കേട്ടവർ- അദ്ദേഹം രക്ഷ കൊടുത്തവർ- അവർ അരയും മുറുക്കി ഓടിയെത്തുന്നതും കാത്തു നില്ക്കുകയാവാം-“
         ”അതാണെന്റെയും വിചാരം,“ ലാസറസ് പ്രഖ്യാപിച്ചു. ”പേടിക്കേണ്ട, ജൂഡിയാദേശം അദ്ദേഹത്തിനു പിന്നിലുണ്ട്. അവരതു തീർച്ചപ്പെടുത്തിയിരിക്കുന്നു- സത്യം പറഞ്ഞാൽ എനിക്കു തന്നെ അതു കാണണമെന്നുമുണ്ട്- മാർത്താ, എനിക്കു യാത്രയ്ക്കുള്ളതൊക്കെ ശരിയാക്കിക്കോ. ഞാൻ ജറുസലേമിലേക്കു പോവുകയാണ്‌.“
മറിയം ചാടിയെഴുന്നേറ്റു. ”ഞാനും വരുന്നു. തടവറയുടെ വാതിൽ തുറക്കുന്നതും അദ്ദേഹം സ്വർഗ്ഗീയകാന്തിയോടെ സ്വയം പ്രത്യക്ഷപ്പെടുത്തുന്നതും എനിക്കു കാണണം- മാർത്താ, അതൊന്നു കാണേണതു തന്നെ!“
മാർത്ത പറയാൻ വന്നതു വിഴുങ്ങി. ”എങ്കിൽ നിങ്ങൾ പൊയ്ക്കോ. ഇവിടുത്തെ കാര്യം നോക്കാൻ ഒരാളു വേണമല്ലോ- ആടിനും കോഴിക്കും തീറ്റ കൊടുക്കണം- ഞാൻ ഇപ്പോൾത്തന്നെ നിങ്ങളുടെ തുണി എടുത്തുവയ്ക്കാം, കുറച്ചു റൊട്ടിയും ചുട്ടു തരാം. നിങ്ങൾ ആ സമയത്ത് അവിടെയുണ്ടാവുന്നത് എനിക്കു വലിയ സന്തോഷമായി.“
***
അടുപ്പിന്റെ് ചൂടു കൊണ്ടു മുഖം ചുവന്ന് അവൾ തിരിച്ചെത്തുമ്പോൾ ലാസറസ് മുമ്പത്തേതിലും വിളറി നില്ക്കുകയായിരുന്നു, അയാളുടെ ഉള്ളു കലങ്ങുന്നത് മുഖത്തു കാണാമായിരുന്നു. ”എനിക്കു നല്ല സുഖം തോന്നുന്നില്ല, മാർത്ത,“ അയാൾ പിറുപിറുത്തു. ”പുറത്തു കാലാവസ്ഥയെങ്ങനെ?“
         ”നല്ല ചൂടും തെളിച്ചവുമല്ലേ,“ മാർത്ത പറഞ്ഞു. ”നടക്കാൻ ഒന്നാന്തരം.“
         ”ഇവിടെ നല്ല ചൂടായേക്കാം,“ ലാസറസ് തടസ്സം പറഞ്ഞു, ”പക്ഷേ ജറുസലേമിൽ എപ്പോഴും തണുപ്പുകാറ്റാണ്‌.“
          ”ഞാനൊരു കമ്പിളിപ്പുതപ്പു വച്ചിട്ടുണ്ട്,“ മാർത്ത ചൂണ്ടിക്കാണിച്ചു.
         ”കമ്പിളിപ്പുതപ്പ്,“ ലാസറസ് മുഖം കറുപ്പിച്ചുകൊണ്ടു മുറുമുറുത്തു. ”കമ്പിളി പുതച്ചാൽ വിയർത്തൊഴുകും, പിന്നെ തണുപ്പുകാറ്റ് നേരേ എല്ലിലേക്കു വീശിക്കോളും, അതാണുണ്ടാവാൻ പോകുന്നത്! എന്റെ നെറ്റി ഒന്നു തൊട്ടുനോക്കിയേ- ചെറിയ ചൂടു തോന്നുന്നില്ലേ? യാത്രയ്ക്കിടയിൽ അസുഖം പിടിച്ചുകിടക്കാൻ ഞാനില്ല- ആ മറിയത്തെ അങ്ങനെ വിശ്വസിക്കാൻ പറ്റില്ല- രോഗവും കൊണ്ടു ചെല്ലുന്ന എന്നെക്കൊണ്ട് അദ്ദേഹത്തിനെന്തുപയോഗം?“
         ”നിങ്ങൾക്കു ചൂടൊന്നുമില്ല,“ അയാളെ ആശ്വസിപ്പിക്കാനായി മാർത്ത പറഞ്ഞു; അവൾ ഓർക്കുകയായിരുന്നു: ദൈവമേ, അതില്പിന്നെ, മരണത്തിൽ നിന്നുയിർപ്പിക്കപ്പെട്ടതില്പിന്നെ, ലാസറസ് വല്ലാതെ മാറിയിരിക്കുന്നു-
         ”തണുപ്പുകാറ്റാണ്‌ അന്നുമെന്നെ വീഴ്ത്തിയത്- അന്ന്, എനിക്കത്ര അസുഖമായിരുന്ന അന്ന്,“ ലാസറസ് അസ്വസ്ഥതയോടെ പറഞ്ഞു; തന്റെ പൂർവമരണത്തെക്കുറിച്ചു സംസാരിക്കാൻ അയാൾക്കിഷ്ടമായിരുന്നില്ല എന്നതാണു വാസ്തവം. “മാർത്തയ്ക്കറിയാമോ, അതില്പിന്നെ നേരാം വണ്ണം എനിക്കു ദേഹസുഖം കിട്ടിയിട്ടില്ല. ഈ യാത്രയും ആവേശവുമൊന്നും എനിക്കു താങ്ങാൻ പറ്റില്ലെന്നു തോന്നുന്നു- എന്നാലും ഞാൻ പോകാതിരിക്കില്ല, ഈ കിടുങ്ങൽ ഒന്നു തീരട്ടെ.”
         “നിങ്ങൾ പോകുമെന്ന് എനിക്കറിയാം,” ഹൃദയഭാരത്തോടെ മാർത്ത പറഞ്ഞു. “ആരെങ്കിലും അദ്ദേഹത്തിന്റെ സഹായത്തിനെത്താതെ പറ്റില്ല. എന്തായാലും നിങ്ങളെ ഭേദമാക്കിയത് അദ്ദേഹമല്ലേ,” മടിച്ചുമടിച്ച് അവൾ കൂട്ടിച്ചേർത്തു; മരിച്ചവരിൽ നിന്നുള്ള അയാളുടെ ഉയിർത്തെഴുന്നേല്പിനെക്കുറിച്ചു സംസാരിക്കുന്നതിൽ അവൾക്കെന്തോ അനൌചിത്യം തോന്നി. “നോക്ക്, ലാസറസ്, നിങ്ങൾ അദ്ദേഹത്തെ മോചിപ്പിച്ചു കഴിഞ്ഞാൽ അദ്ദേഹത്തോടു സഹായം ചോദിക്കുകയെങ്കിലും ചെയ്യാം- ഇനി അരുതായ്ക എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ-”
         “അതു ശരിയാണ്‌,” ലാസറസ് നെടുവീർപ്പിട്ടു. “ഇനി അങ്ങെത്തിപ്പറ്റാൻ എനിക്കു കഴിഞ്ഞില്ലെങ്കിലോ? ഞങ്ങൾ ചെല്ലാൻ ഏറെ വൈകിയാലോ? എല്ലാം നമ്മൾ കണക്കിലെടുക്കണമല്ലോ. ജറുസലേമിൽ ആകെ തല്ലും കൂട്ടവുമാണെങ്കിലോ? ആ റോമൻ പട്ടാളക്കാരെ നിനക്കറിയില്ല, പെങ്ങളേ. ഹാ, ദൈവമേ, എനിക്കീ സുഖക്കേടില്ലായിരുന്നെങ്കിൽ!”
         “നിങ്ങൾക്ക് ഒരസുഖവുമില്ല, ലാസറസ്,” മാർത്ത കടുപ്പത്തിൽ പറഞ്ഞു. “നിങ്ങൾക്ക് ഒരസുഖവുമില്ല, അദ്ദേഹമല്ലേ നിങ്ങളെ ഭേദമാക്കിയത്!”
         “ഒരസുഖവുമില്ല!” ലാസറസ് മന:പാരുഷ്യത്തോടെ പറഞ്ഞു. “അസുഖമുണ്ടോ ഇല്ലയോ എന്ന് എനിക്കല്ലേ അറിയൂ. ഞാൻ പറയട്ടെ, അന്നത്തേതിൽ പിന്നെ യാതൊന്നും എനിക്കു ശരിയായിട്ടില്ല, ഒരു മിനുട്ടു പോലും - എനിക്കദ്ദേഹത്തോടു തീരാത്ത നന്ദിയുണ്ടെന്നു ഞാൻ മറക്കുന്നില്ല- നേരേ നില്ക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല, മാർത്ത. ഞാൻ അനുഭവിച്ചത് അനുഭവിച്ച ഒരാൾക്കേ-” ലാസറസ് ഒരു ശരീരവിറയോടെ മുഖം പൊത്തി. “മാർത്താ, ദയവായി എന്നെയൊന്ന് ഒറ്റയ്ക്കു വിടൂ. ഒരു മിനുട്ടു മതി- പിന്നെ എല്ലാം ശരിയായിക്കോളും.”
മാർത്ത ഒന്നും മിണ്ടാതെ മുറ്റത്തിരുന്നു; വരണ്ട, തറഞ്ഞ കണ്ണുകൾ കൊണ്ട് നേരേ മുന്നിലേക്കുറ്റുനോക്കുകയാണവൾ. അവൾ കൈകൾ കൂട്ടിപ്പിടിച്ചിരുന്നുവെങ്കിലും പ്രാർത്ഥിക്കുകയായിരുന്നില്ല. നിറം കറുത്ത പിടക്കോഴികൾ അടുത്തു വന്ന് തല ചരിച്ചുപിടിച്ച് അവളെ നോക്കിനിന്നു. പക്ഷേ തങ്ങൾ പ്രതീക്ഷിച്ച പോലെ അവൾ ധാന്യമണിയൊന്നും വാരിയെറിയുന്നില്ല എന്നു കണ്ടപ്പോൾ അവ ഉച്ചത്തണലു നോക്കി മയങ്ങാൻ പോയി.
ലാസറസ് മരിച്ചപോലെ വിളറിവെളുത്തുകൊണ്ട് പുറത്തേക്കു വന്നു; അയാളുടെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. “എനിക്ക്- എനിക്കിപ്പോൾ പറ്റില്ല, മാർത്ത,” അയാൾ വിക്കിവിക്കിപ്പറഞ്ഞു. “പോകണമെന്ന് എനിക്കു നല്ല ആഗ്രഹമുണ്ട്- നാളെ നോക്കട്ടെ-”
മാർത്തയ്ക്ക് തൊണ്ടയിൽ എന്തോ കുടുങ്ങിയപോലെ തോന്നി. “ നിങ്ങൾ പോയി കിടക്കാൻ നോക്ക്, ലാസറസ്,” അവൾ പറഞ്ഞൊപ്പിച്ചു. “നിങ്ങൾക്ക്- നിങ്ങൾക്കു പോകാൻ പറ്റില്ല.”
          “ഞാൻ പോകും,” ലാസറസ് ഇടറിക്കൊണ്ടു പറഞ്ഞു, “അല്ല, മാർത്തക്കുട്ടീ, നിന്റെ വിചാരം- നാളെ ഒരു പക്ഷേ- പക്ഷേ നീ എന്നെ ഒറ്റയ്ക്കാക്കി പോകരുതേ. ഒറ്റയ്ക്കു ഞാൻ ഇവിടെ എന്തു ചെയ്യാനാ?”
മാർത്ത എഴുന്നേറ്റു. “പോയി കിടക്കാൻ നോക്ക്,” സ്വതേയുള്ള പരുക്കൻ സ്വരത്തിൽ അവൾ പറഞ്ഞു. “ഞാൻ ഇവിടെയുണ്ടാവും.”
ഈ നേരത്ത് യാത്രയ്ക്കു വേഷം മാറി മറിയം മുറ്റത്തേക്കു വന്നു. “എന്താ, ലാസറസ്, നാം പോവുകയല്ലേ?”
          “ലാസറസ് വരുന്നില്ല,” മാർത്ത വരണ്ട സ്വരത്തിൽ പറഞ്ഞു. “ആൾക്കു സുഖമില്ല.”
          “എങ്കിൽ ഞാൻ ഒറ്റയ്ക്കു പൊയ്ക്കോളാം,” മറിയം നെടുവീർപ്പിട്ടു, “ആ ദിവ്യാത്ഭുതം കാണാൻ.”
ലാസറസിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർത്തുള്ളീകൾ ഉരുണ്ടിറങ്ങി. “എത്ര ആഗ്രഹമാണെന്നോ, മാർത്താ, എനിക്കു നിങ്ങളുടെ ഒപ്പം വരാൻ- പക്ഷേ പേടി കാരണമാണ്‌...വീണ്ടും മരിക്കാനുള്ള പേടി കാരണമാണ്‌!”


karel-capek കരേൾ ചോപ്പെക്ക് - Karel Capek(1890-1938)- ചെക്ക് നോവലിസ്റ്റും കഥാകാരനും നാടകകൃത്തും. പില്ക്കാലത്ത് ചിത്രകാരനായി പ്രസിദ്ധനായ ജോസെഫ് ചോപ്പേക്കുമായി ചേർന്നെഴുതിയ കൃതികളാണ്‌ ആദ്യകാലത്തേത്. പിന്നീടെഴുതിയ R.U.R എന്ന നാടകത്തിലാണ്‌ ആദ്യമായി robot എന്ന പദം പ്രയോഗത്തിൽ വരുന്നത്.



അഭിപ്രായങ്ങളൊന്നുമില്ല: