2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

അൽബേർ കമ്യു - ന്യൂയോർക്കിലെ മഴകൾ

camus8


ന്യൂയോർക്കിലെ മഴ ഒരു പ്രവാസി മഴയാണ്‌.  പൊടുന്നനേ ഒരു കിണറിന്റെ ഇരുട്ടിലേക്കു പതിച്ച തെരുവുകളിലേക്ക് നെടുങ്കൻ സിമന്റുചതുരക്കട്ടകൾക്കിടയിലൂടെ സമൃദ്ധവും സ്നിഗ്ധവും സാന്ദ്രവുമായ ഒരക്ഷീണധാരയായി അത് കൊട്ടിവീഴുന്നു. ട്രാഫിക് ലൈറ്റിന്റെ ചുവപ്പുനിറം പച്ചയാവുന്ന ഇടവേളയിൽ ഒരു ടാക്സിയിൽ അഭയം തേടിയ നിങ്ങൾക്ക് കോരിച്ചൊരിയുന്ന മഴവെള്ളം വടിച്ചുമാറ്റുന്ന വൈപ്പറുകളുടെ ഏകതാനമായ ദ്രുതചലനങ്ങൾക്കു പിന്നിൽ താനൊരു കെണിയിൽ പെട്ടതായി തോന്നിപ്പോകുന്നു. എത്ര മണിക്കൂർ ഇങ്ങനെ ഓടിയാലും ചതുരാകൃതിയിലുള്ള ഈ തടവറകളിൽ നിന്നോ വകഞ്ഞുപോകേണ്ട വെള്ളത്തൊട്ടികളിൽ നിന്നോ ഒരു മോചനമുണ്ടാകാൻ പോകുന്നില്ലെന്നും ഒരു കുന്നോ മരമോ കാണാമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നും നിങ്ങൾക്കു ബോദ്ധ്യമാവുകയാണ്‌. വെൺനിറമായ അംബരചുംബികൾ നരച്ച മൂടല്മഞ്ഞിൽ മരിച്ചവരുടെ ഒരു നഗരത്തിലെ ഭീമാകാരമായ ഓർമ്മക്കല്ലുകൾ പോലെ തലയുയർത്തി നില്ക്കുന്നു; അടിത്തറകളിൽ നിന്നുകൊണ്ട് അവ ചെറുതായൊന്നുലയുന്നതായും നിങ്ങൾക്കു തോന്നുന്നു. ഈ സമയത്ത് അവ വിജനമാണ്‌. എമ്പതു ലക്ഷം മനുഷ്യർ, ഉരുക്കിന്റെയും സിമന്റിന്റെയും ഗന്ധം, ആർക്കിടെക്റ്റുകളുടെ ഭാവനാവിലാസങ്ങൾ, എന്നിട്ടും ഏകാന്തതയുടെ മൂർദ്ധന്യം. “ഈ ലോകത്തെ മുഴുവൻ ജനങ്ങളെയും എന്നോടു ചേർത്തു കെട്ടിപ്പിടിച്ചാലും അതെന്നെ ഒന്നിൽ നിന്നും രക്ഷിക്കില്ല.“

ന്യൂയോർക്ക് അതിന്റെ ആകാശമില്ലെങ്കിൽ ഒന്നുമല്ല എന്നതാവാം കാരണം. നഗ്നവും വിപുലവുമായി, ചക്രവാളപര്യന്തം പടർന്നും കൊണ്ടത് നഗരത്തിനതിന്റെ ഉജ്ജ്വലപ്രഭാതങ്ങൾ നല്കുന്നു, അതിന്റെ സന്ധ്യകളെ ഗംഭീരമാക്കുന്നു; ഇരുട്ടു വീഴും മുമ്പേതന്നെ വിളക്കുകൾ തെളിയുന്ന എട്ടാം അവന്യൂവിലെ ഷോപ്പുകൾക്കു മുന്നിലൂടെ തിര മറിയുന്ന ജനാവലിയ്ക്കു മേൽ കൂടി ഒരസ്തമയത്തിന്റെ ജ്വാലകൾ തഴുകിപ്പോകുന്നതുമപ്പോൾ. പിന്നെ അസ്തമയസൂര്യൻ ചുവപ്പിച്ച ഹഡ്സൺ പുഴക്കരെ റിവർസൈഡ് ഡ്രൈവിലെ ചില സായാഹ്നങ്ങളുണ്ട്: നിങ്ങൾ നഗരത്തിലേക്കു പോകുന്ന മോട്ടോർ റോഡിലേക്കു നോക്കിയിരിക്കുകയാണ്‌; സാവകാശം നീങ്ങുന്ന കാറുകളുടെ ഇട മുറിയാത്ത പ്രവാഹത്തിനിടയിൽ നിന്നിടയ്ക്കിടെ പെട്ടെന്നൊരു ഗാനം നിങ്ങൾ കേൾക്കുന്നു; തിരകൾ തല്ലിത്തകരുന്നതാണു നിങ്ങൾക്കപ്പോൾ ഓർമ്മ വരിക. ഒടുവിലായി, വേറെയും ചില സായാഹ്നങ്ങളെക്കുറിച്ചും ഞാൻ ഓർത്തുപോകുന്നു; നിങ്ങളുടെ ഹൃദയം തകരുന്നത്ര സൗമ്യവും ക്ഷണികവുമായവ, ഹാർലെമിൽ നിന്നു നോക്കുമ്പോൾ കാണുന്ന സെൻട്രൽ പാർക്കിലെ വിസ്തൃതമായ പുല്പരപ്പിനു മേൽ ഒരാരക്തദീപ്തി വീഴ്ത്തുന്നവ. നീഗ്രോക്കുട്ടികളുടെ കൂട്ടങ്ങൾ മരത്തിന്റെ ബാറ്റുകൾ കൊണ്ട് പന്തടിച്ചു തെറിപ്പിക്കുകയും ആഹ്ളാദം കൊണ്ട് ആർത്തുവിളിക്കുകയും ചെയ്യുന്നു; പ്രായമേറിയ അമേരിക്കക്കാർ ചെക്ക് ഷർട്ടുകളുമിട്ട് പാർക്ക് ബഞ്ചുകളിൽ നീണ്ടുനിവർന്നു കിടന്നുകൊണ്ട് തങ്ങളിൽ അവശേഷിച്ച ഉർജ്ജ്ജമെല്ലാമെടുത്ത് ഐസ് ക്രീം നക്കിത്തിന്നുകയാണപ്പോൾ; അണ്ണാറക്കണ്ണന്മാർ അജ്ഞാതരുചികൾ  തേടി തങ്ങളുടെ ചുവട്ടടിയിലെ മണ്ണു തുരക്കുന്നതുമപ്പോൾ. പാർക്കിലെ മരങ്ങളിൽ കിളികളുടെ ഒരു ജാസ് ഗായകസംഘം എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിനു മുകളിൽ ആദ്യനക്ഷത്രത്തിന്റെ ആവിർഭാവം വിളിച്ചറിയിക്കുമ്പോൾ നെടിയ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ പാതകളിലൂടെ നീങ്ങുന്ന നീൾക്കാലികളായ ജീവികൾ ആനേരം പ്രശാന്തമായ ആകാശത്തിന്‌ തങ്ങളുടെ മനോഹരമായ മുഖങ്ങളും സ്നേഹരഹിതമായ നോട്ടങ്ങളും നിവേദിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആകാശം വിവർണ്ണമാകുമ്പോൾ, അല്ലെങ്കിൽ പകൽവെളിച്ചം മായുമ്പോൾ ന്യൂയോർക്ക് പിന്നെയും ഒരു കൂറ്റൻ നഗരമാകുന്നു, പകൽ തടവറയും രാത്രിയിൽ പട്ടടയും. കറുത്ത ചുമരുകളുടെ വിപുലവിസ്തൃതികൾക്കിടയിൽ കോടിക്കണക്കായ ദീപ്തജാലകങ്ങൾ ആകാശത്തിന്റെ പാതി ദൂരത്തോളം ആ വെളിച്ചങ്ങളെ ഉയർത്തിക്കൊണ്ടുപോകുമ്പോൾ അതൊരു കൂറ്റൻ ചിതയാവുന്നു; ഓരോ സായാഹ്നവും മൂന്നു പുഴകൾക്കിടയിലെ തുരുത്തായ മാൻഹട്ടണു മേൽ ഭീമമായ ഒരഗ്നികുണ്ഡം എരിയുന്ന പോലെ;  തീനാളങ്ങൾ തറച്ചുനില്ക്കുന്ന കൂറ്റൻ ശവങ്ങൾ പുകഞ്ഞും കൊണ്ടുയർന്നുനില്ക്കുന്ന പോലെ.

മറ്റു നഗരങ്ങളെ കുറിച്ച് എന്റേതായ ധാരണകൾ എനിക്കുണ്ട്- എന്നാൽ ന്യൂയോർക്കിനെ കുറിച്ച് ഈ പ്രബലവും ക്ഷണികവുമായ വികാരങ്ങളേയുള്ളു, പൊറുതി കെടുത്തുന്ന ഒരു ഗൃഹാതുരത, മനോവേദനയുടെ നിമിഷങ്ങൾ. ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും ന്യൂയോർക്കിനെ കുറിച്ച് എനിക്കു യാതൊന്നും അറിയില്ല: ഞാൻ നടക്കുന്നത് വെറും ഭ്രാന്തന്മാർക്കിടയിലാണോ അതോ ലോകത്തെ ഏറ്റവും ബുദ്ധിയുള്ളവർക്കിടയിലാണോയെന്ന്; അമേരിക്ക ഒന്നടങ്കം പറയുന്ന പോലെ ജീവിതം അത്ര സുഖകരമാണോ അതോ ചിലപ്പോൾ തോന്നാറുള്ള പോലെ അത്ര ശൂന്യമാണോയെന്ന്; ഒരാൾ മതിയാകുന്നിടത്ത് പത്തു പേരെ ജോലിയ്ക്കു വയ്ക്കുന്നതും എന്നിട്ടും സേവനം തൃപ്തികരമാവാത്തതും അത്ര സ്വാഭാവികമാണോയെന്ന്; ന്യൂയോർക്കുകാർ വിശാലചിത്തരോ യാഥാസ്ഥിതികരോയെന്ന്, സയ്മ്യാത്മാക്കളോ അതോ മൃതാത്മാക്കളോയെന്ന്; ചപ്പും ചവറും നീക്കം ചെയ്യുന്നവർ ഇറുകിപ്പിടിച്ച കൈയുറകൾ ധരിച്ചിട്ടാണതു ചെയ്യുന്നതെന്നത് ആദരണീയമോ അപ്രധാനമോയെന്ന്; മാഡിസൺ സ്ക്വയർ ഗാർഡണിലെ സർക്കസിൽ നാലു റിംഗുകളിലായി ഒരേ സമയം പത്തു പരിപാടികൾ അവതരിപ്പിക്കുന്നതു കൊണ്ട് (നിങ്ങൾക്ക് എല്ലാറ്റിലും താല്പര്യം തോന്നുകയും എന്നാൽ ഒന്നുപോലും കാണാൻ പറ്റാതെ വരികയുമാണ്‌) എന്തെങ്കിലും  ഗുണമുണ്ടോയെന്ന്; ഞാൻ ഒരു രാത്രി ചെലവഴിച്ച ഒരു സ്കേറ്റിങ്ങ് റിങ്കിൽ (പൊടി പിടിച്ച ചുവപ്പു വിളക്കുകൾ നിറഞ്ഞ ഒരു വെലോഡ്രോം പോലൊന്ന്) ലോഹച്ചക്രങ്ങളുടെയും ഓർഗൻ സംഗീതത്തിന്റെയും കാതടപ്പിക്കുന്ന ഒച്ചപ്പാടിനിടയിൽ റോളർ സ്കേറ്റുകളിൽ അന്തമില്ലാതെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരുടെ മുഖങ്ങൾ വിഷമം പിടിച്ച ഗണിതപ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നവരുടെ അതേ ഗൗരവവും ഏകാഗ്രതയും നിറഞ്ഞതായിരുന്നുവെന്നത് എന്തിന്റെയെങ്കിലും സൂചനയാണോയെന്ന്; അവസാനമായി, ഒറ്റയ്ക്കാവാൻ ആഗ്രഹിക്കുന്നത് ഭ്രാന്തിന്റെ ലക്ഷണമാണെന്നു പറയുന്നവരെയാണോ അതോ ആരും നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ചോദിക്കുന്നില്ലെന്നത് അത്ഭുതമായി കാണുന്നവരെയാണോ വിശ്വസിക്കേണ്ടതെന്നും. ചുരുക്കിപ്പറഞ്ഞാൽ ന്യൂയോർക്കിനെക്കുറിച്ചാലോചിക്കുമ്പോൾ എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. രാവിലത്തെ പഴച്ചാറുകൾ, സ്കോച്ചും സോഡയും അതിന്‌ റൊമാൻസുമായുള്ള ബന്ധവും, ടാക്സികളിലെ പെൺകുട്ടികളും അവരുടെ നിഗൂഢവും ക്ഷണികവുമായ പ്രണയചേഷ്ടകളും, അത്യാഡംബരവും ടൈകളിൽ പോലും പ്രതിഫലിക്കുന്ന താണതരം അഭിരുചിയും, ജൂതവിരോധവും ജന്തുസ്നേഹവും -ഇപ്പറഞ്ഞത് ബ്രോങ്ക്സ് മൃഗശാലയിലെ ഗോറില്ലകൾ മുതൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രോട്ടോസോവ വരെ എത്തുന്നുണ്ട്-, മരണവും മരിച്ചവരും അതിവേഗതയിൽ കൈകാര്യം ചെയ്യപ്പെടുന്ന *ഫ്യൂണെറൽ പാർലറുകൾ (മരിച്ചു തന്നാൽ മതി, ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കോളാം), പുലർച്ചെ മൂന്നു മണിയ്ക്കും ഷേവു ചെയ്യാൻ പറ്റുന്ന ബാർബർ ഷോപ്പുകൾ, രണ്ടു മണിക്കൂറിനുള്ളിൽ  ചൂടിൽ നിന്നു തണുപ്പിലേക്കു മാറുന്ന കാലാവസ്ഥ, *സിങ്ങ് സിങ്ങ് ജയിലിനെ ഓർമ്മപ്പെടുത്തുന്ന സബ്‌വേ, ജീവിതം ദുരന്തമയമല്ലെന്ന് ഓരോ ചുമരിലും നിന്നു പ്രഖ്യാപിക്കുന്ന പരസ്യങ്ങളിൽ നിറയുന്ന ചിരിച്ച മുഖങ്ങൾ, ഗ്യാസ് വർക്കുകൾക്കടിയിലെ ശവപ്പറമ്പുകളിൽ പൂക്കൾ നിറഞ്ഞ സിമിത്തേരികൾ, ചെറുപ്പക്കാരികളുടെ സൗന്ദര്യവും കിഴവന്മാരുടെ വൈരൂപ്യവും – ഇതൊക്കെ ദഹിച്ചുകിട്ടാൻ എനിക്കു പണിപ്പെടേണ്ടി വരുന്നു; പിന്നെ, ഫ്ളാറ്റ് കെട്ടിടങ്ങളുടെ കവാടങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പതിനായിരക്കണക്കിനായ അഡ്മിറൽമാരും ജനറൽമാരുമുണ്ട് (ഏതോ മ്യൂസിക്കൽ കോമഡിയിൽ നിന്നിറങ്ങി വന്നവർ); വണ്ടുകൾ പോലെ തോന്നിക്കുന്ന പച്ചയും ചുവപ്പും മഞ്ഞയുമായ കാറുകൾക്ക് വിസിലടിച്ചു കൊടുക്കാൻ ചിലർ, നിങ്ങൾക്കു വാതിൽ തുറന്നു തരാനായി ചിലർ, അമ്പതു നില പൊക്കത്തിൽ ലിഫ്റ്റുകൾക്കുള്ളിൽ ബഹുവർണ്ണ *കാർട്ടീഷ്യൻ ഡൈവെറുകൾ പോലെ നിരന്തരം ഉയർന്നുതാഴ്ന്നുകൊണ്ടിരിക്കുന്ന വേറേ ചിലരും.

അതെ, എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. ചില നഗരങ്ങൾ ചില സ്ത്രീകളെപ്പോലെയാണെന്ന് എനിക്കു ബോദ്ധ്യമാവുകയാണ്‌: അവർ നിങ്ങളെ ഈറ പിടിപ്പിക്കും, നിങ്ങളെ കീഴമർത്തും, നിങ്ങളുടെ ആത്മാക്കളെ പൊളിച്ചു കാട്ടും; നാണക്കേടായി തോന്നുമ്പോൾത്തന്നെ നിർവൃതിയും നല്കുന്ന അവരുടെ പൊള്ളുന്ന സ്പർശം നിങ്ങളുടെ ഉടലിന്റെ ഓരോ സുഷിരത്തിലും തറച്ചുകേറുകയും ചെയ്യും. ഈ വിധത്തിലാണ്‌ ദിവസങ്ങളോളം ഞാൻ ന്യൂയോർക്കിലൂടെ ചുറ്റിനടന്നത്; എന്റെ കണ്ണുകൾ കണ്ണീരു കൊണ്ടു നനഞ്ഞുവെങ്കിൽ അത് വായുവിൽ പാറി നടന്നിരുന്ന ചാരവും പൊടിയും കണ്ണിൽ വീണതു കൊണ്ടു മാത്രമാണ്‌; പുറത്തായിരിക്കുന്ന നിങ്ങളുടെ പാതി സമയവും കണ്ണു തിരുമ്മാനോ ഹഡ്സൺ നദിയ്ക്കപ്പുറത്തുള്ള ഒരായിരം ന്യൂ ജഴ്സി ഫാക്ടറികൾ നിങ്ങളെ വരവേല്ക്കാൻ സ്നേഹസമ്മാനമായി അയയ്ക്കുന്ന ലോഹത്തരികൾ കണ്ണിൽ നിന്നെടുത്തു കളയാനോ ചെലവഴിക്കേണ്ടി വരികയാണ്‌. ചുരുക്കിപ്പറഞ്ഞാൽ ന്യൂയോർക്ക് നിങ്ങളെ ബാധിക്കുന്നത് കണ്ണിൽ വീണ ഒരന്യവസ്തു പോലെയാണ്‌, ആസ്വാദ്യമെന്നപോലെ അസഹ്യവുമാണത്, വികാരാധീനതയുടെ കണ്ണീരെന്നപോലെ സർവദാഹകമായ രോഷവുമുണർത്തുന്നതാണത്.

ആളുകൾ ഉത്കടവികാരം എന്നു വിളിക്കുന്നത് ഇതിനെയാവാം. എന്റെ കാര്യത്തിൽ എത്ര വ്യത്യസ്തമായ മാനസികചിത്രങ്ങളിലാണ്‌ അത് വേരാഴ്ത്തിയിരിക്കുന്നതെന്നേ എനിക്കു പറയാനുള്ളു. ഉറക്കം വരാതെ കിടക്കുന്ന ചില പാതിരാത്രികളിൽ നൂറു കണക്കിനു ചുമരുകളും കടന്ന്, അംബരചുംബികൾക്കു മുകളിലൂടെ ഒരു ടഗ്ഗിന്റെ രോദനം എന്നെ തേടിയെത്തും; ഇരുമ്പിന്റെയും സിമന്റിന്റെയും ഈ മരുഭൂമി ഒരു ദ്വീപു കൂടിയാണെന്ന് അതെന്നെ ഓർമ്മപ്പെടുത്തുകയാണ്‌. അപ്പോഴെനിക്ക് കടലിന്റെ ഓർമ്മ വരും; എന്റെ സ്വന്തം നാട്ടിലെ കടലോരത്തു നില്ക്കുകയാണെന്നു ഞാൻ മനസ്സിൽ കാണും. മറ്റു ചില സായാഹ്നങ്ങളിൽ ചുവപ്പും നീലയുമായ കുഞ്ഞുവിളക്കുകളെ ആർത്തിയോടെ വിഴുങ്ങിക്കൊണ്ടു ചീറിപ്പാഞ്ഞും പാതിയിരുട്ടിലായ സ്റ്റേഷനുകൾക്കു സാവധാനം വിഴുങ്ങാൻ ഇടയ്ക്കിടെ സ്വയം വിട്ടുകൊടുത്തും  മൂന്നു നില ഉയരത്തിലൂടെ പോകുന്ന ഒരു *തേഡ് അവെന്യൂ എൽ-ന്റെ മുൻഭാഗത്തുള്ള ഒരു കോച്ചിലിരുന്നുകൊണ്ട് പാതയരികിലെ അംബരചുംബികൾ നിന്ന നില്പിൽ തിരിയുന്നത് ഞാൻ നോക്കിക്കാണും. നഗരമദ്ധ്യത്തിലെ അമൂർത്തവീഥികൾ വിട്ട് ഞാൻ ചിലപ്പോൾ താരതമ്യേന ദരിദ്രമായ , പോകെപ്പോകെ കാറുകളുടെ എണ്ണം ചുരുങ്ങിച്ചുരുങ്ങിവരുന്ന നഗരപ്രാന്തങ്ങളിലേക്കു പോയിരുന്നു. എന്താണ്‌ എന്നെ കാത്തിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു, *ബോവെറിയിലെ ആ രാത്രികൾ. അര മൈൽ നീളത്തിൽ നീണ്ടുകിടക്കുന്ന ബ്രൈഡൽ ഷോപ്പുകളുടെ വെട്ടിത്തിളങ്ങുന്ന നിര ( ആ മെഴുകുപ്രതിമകളിൽ ഒന്നിന്റെ മുഖത്തു പോലും ഒരു പുഞ്ചിരിയില്ല) കഴിഞ്ഞ് അല്പം ചെന്നാൽ വിസ്മൃതരായവർ ജിവിക്കുന്ന ഇടമായി; ബാങ്കർമാരുടെ ഈ നഗരത്തിൽ ദാരിദ്ര്യത്തിലേക്കു വഴുതിവീഴാൻ സ്വയം വിട്ടുകൊടുത്തവർ. നഗരത്തിന്റെ ഏറ്റവും വിഷണ്ണമായ ഭാഗമാണിത്; ഒരു സ്ത്രീയെപ്പോലും കാണാനില്ല, ആണുങ്ങളിൽ മൂന്നിൽ ഒരാൾ കുടിച്ചു ബോധം കെട്ടതായിരിക്കും; വിചിത്രമായ ഒരു ബാറിൽ (ഒരു വെസ്റ്റേൺ സിനിമയുടെ സെറ്റ് പോലെ തോന്നും) തടിച്ചു വൃദ്ധകളായ നടികൾ തുലച്ച ജീവിതങ്ങളെയും ഒരമ്മയുടെ സ്നേഹത്തെയും കുറിച്ചു പാടുന്നു; താളത്തിനൊപ്പിച്ചവർ നിലത്താഞ്ഞു ചവിട്ടുന്നുണ്ട്; പ്രായം തങ്ങളെ കെട്ടിയേല്പിച്ച ആ രൂപം കെട്ട മാംസക്കെട്ടുകൾ ബാറിൽ നിന്നുള്ള അലർച്ചകൾക്കൊപ്പിച്ച് കോച്ചിവലിയ്ക്കുമ്പോലുലവർ ഉലയ്ക്കുന്നുണ്ട്. ഡ്രമ്മടിക്കുന്നതും ഒരു വൃദ്ധയാണ്‌, കണ്ടാൽ ഒരു കൂമനെപ്പോലിരിക്കും; അവരുടെ ജീവിതകഥയറിയാൻ ചില സായാഹ്നങ്ങളിൽ നിങ്ങൾക്കൊരാഗ്രഹം തോന്നിപ്പോകും- ഭൂമിശാസ്ത്രം മാഞ്ഞുപോവുകയും ഏകാന്തത ഒരല്പം കുഴഞ്ഞ യാഥാർത്ഥ്യമാവുകയും ചെയ്യുന്ന ആ അപൂർവനിമിഷങ്ങളിലൊന്നിൽ. മറ്റുള്ളപ്പോൾ…അതെ, തീർച്ചയായും ന്യൂയോർക്കിലെ പ്രഭാതങ്ങളും സന്ധ്യകളും എനിക്കിഷ്ടമായിരുന്നു. അനിശ്ചിതത്വങ്ങളും വിദ്വേഷവും മാത്രം ശേഷിപ്പിക്കുന്ന ആ പ്രബലസ്നേഹത്തോടെ ഞാൻ ന്യൂയോർക്കിനെ സ്നേഹിച്ചു: ചില നേരത്ത് നിങ്ങൾക്ക് പ്രവാസം അത്യാവശ്യമാണ്‌. അപ്പോൾ നിങ്ങൾക്കേറ്റവും അടുപ്പവും പരിചയവും തോന്നുന്ന നഗരഹൃദയത്തിൽ വച്ച് ന്യൂയോർക്ക് മഴയുടെ മണം നിങ്ങളെ തേടിപ്പിടിക്കുന്നു; അത് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു, മുക്തി കിട്ടുന്നതായി ലോകത്തൊരിടമെങ്കിലുമുണ്ടെന്ന്; അവിടെ ഇഷ്ടമുള്ള കാലത്തോളം ഒരു ജനതയോടൊപ്പം, നിങ്ങൾക്കു സ്വയം നഷ്ടപ്പെടുത്താമെന്ന്.

(1947)


അൽബേർ  കമ്യു ഒരിക്കൽ മാത്രമേ അമേരിക്ക സന്ദർശിച്ചിട്ടുള്ളു: 1946 മാർച്ച് മുതൽ മേയ് വരെ. ഫ്രഞ്ച് സർക്കാരിന്റെ ഒരു സ്പോൺസർഷിപ്പിലാണ്‌ അദ്ദേഹം ന്യൂയോർക്കിൽ എത്തിയത്. അന്നദ്ദേഹത്തിന്റെ പ്രസിദ്ധി എഴുത്തുകാരുടെ പരിമിതവൃത്തത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്നു. എന്നാൽ ഈ യാത്രയ്ക്കിടയിലാണ്‌ അന്യൻ എന്ന നോവലിന്റെ ഇംഗ്ളീഷ് വിവർത്തനം പുറത്തിറങ്ങുന്നത്. തന്റെ അമേരിക്കൻ സന്ദർശനത്തിന്റെ അനുഭവങ്ങൾ ‘അമേരിക്കൻ ജേർണൽസ്’ എന്ന പുസ്തകത്തിലാണ്‌ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അതിനെ ആധാരമാക്കി 1947ൽ എഴുതിയ ഒരു ലേഖനമാണ്‌ ‘ന്യൂയോർക്കിലെ മഴകൾ.’  

*Funeral parlour – സംസ്കാരത്തിന്‌ ജഡങ്ങൾ ഒരുക്കിക്കൊടുക്കുന്ന സ്ഥാപനങ്ങൾ  

*Sing Sing- അതീവസുരക്ഷയുള്ള ഒരു ന്യൂയോർക്ക് ജയിൽ  

*Cartesian Diver-ഒരു ഭൗതികശാസ്ത്രപരീക്ഷണം;  ഒരു വലിയ ചില്ലുനാളിയ്ക്കുള്ളിൽ ഒരു ചെറിയ നാളി പൊങ്ങിയും താണും കൊണ്ടിരിക്കും  

*Third Avenue El- മാൻഹട്ടണും ബ്രോങ്ക്സിനുമിടയിൽ 1950 വരെ ഓടിക്കൊണ്ടിരുന്ന ട്രെയിൻ; മൂന്നു നിലകളുടെ ഉയരത്തിലായിരുന്നു പാളങ്ങൾ.


മലയാളനാട് വെബ് മാഗസീന്റെ 2016 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

The Rains of New York

New York rain is a rain of exile. Abundant, viscous and dense, it pours down tirelessly between the high cubes of cement into avenues plunged suddenly into the darkness of a well: seeking shelter in a cab that stops at a red light and starts again on a green, you suddenly feel caught in a trap, behind monotonous, fast-moving windshield wipers sweeping aside water that is constantly renewed. You are convinced you could drive like this for hours without escaping these square prisons or the cisterns through which you wade with no hope of a cistern or a real tree. The whitened skyscrapers loom in the gray mist like gigantic tombstones for a city of the dead, and seem to sway slightly on their foundations. At this hour, they are deserted Eight million men, the smell of steel and cement, the madness of builders, and yet the very height of solitude. "Even if I were to clasp all the people in the world against me it would protect me from nothing."

The reason perhaps is that New York is nothing without its sky. Naked and immense, stretched to the four corners of the horizon, it gives the city its glorious mornings and the grandeur of its evenings, when a flaming sunset sweeps down Eighth Avenue over the immense crowds driving past the shop windows, whose lights are turned on well before nightfall. There are also certain twilights along Riverside Drive, when you watch the parkway that leads uptown, with the Hudson below, its waters reddened by the setting sun; off and on, from the uninterrupted flow of gently, smoothly running cars, from time to time there suddenly rises a song that recalls the sound of breaking waves. Finally I think of other evenings, so gentle and so swift they break your heart, that cast a purple glow over the vast lawns of Central Park, seen from Harlem. Clouds of Black children are striking balls with wooden bats, shouting with joy; while elderly Americans, in checked shirts, sprawl on park benches, sucking molded ice creams on a stick with what energy remains to them; while squirrels burrow into the earth at their feet in search of unknown tidbits. In the park's trees, a jazz band of birds heralds the appearance of the first star above the Empire State building, while long-legged creatures stride along the paths against a backdrop of tall buildings, offering to the temporarily gentle sky their splendid looks and their loveless glance. But when this sky grows dull, or the daylight fades, then once again New York becomes the big city, prison by day and funeral pyre by night. A prodigious funeral pyre at midnight, as its millions of lighted windows amid immense stretches of blackened walls carry these swarming lights halfway up the sky, as if every evning a gigantic fire were burning over Manhattan, the island with three rivers, raising immense, smoldering carcasses still pierced with dots of flame.

I have my ideas about other cities but about New York only thesse powerful and fleeting emotions, a nostalgia that grows impatient, and moments of anguish. After so many months I still know nothing about New York, whether one moves about among madmen here or among the most reasonable people in the world; whether life is as easy as all America says, or whether it is as empty here as it sometimes seems; whether it is natural for ten people to be employed where one would be enough and you are served no faster; whether New Yorkers are liberals or conformists, modest souls or dead ones; whether it is admirable or unimportant that the garbage men wear well-fitting gloves to do their work; whether it serves any purpose that the circus in Madison Square Garden puts on ten simultaneous performances in four different rings, so that you are interested in all of them and can watch none of them; whether it is significant that the thousands of young people in the skating rink where I spent one evening, a kind of velodrome d'hiver bathed in reddish and dusty lights, as they turned endlessly on their roller skates in an infernal din of metal wheels and loud organ music, should look as serious and absorbed as if they were solving simultaneous equations; whether, finally, we should believe those who say that it is eccentric to want to be alone, or naively those who are surprised that no one ever asks for your identity card.

In short, I am out of my depth when I think of New York. I wrestle with the morning fruit juices, the national Scotch and soda and its relationship to romance, the girls in taxis and their secret, fleeting acts of love, the excessive luxury and bad taste reflected even in the stupefying neckties, the anti-Semitism and the love of animals-- this last extending from the gorillas in the Bronx Zoo to the protozoa in the Museum of Natural History--the funeral parlors where death and the dead are made up at top speed ("Die, and leave the rest to us"), the barber shops where you can get a shave at three in the morning, the temperature that swings from hot to cold in two hours, the subway that reminds you of Sing Sing prison, ads filled with clouds of smiles proclaiming from every wall that life is not tragic, cemeteries in flower beneath the gasworks, the beauty of the girls and the ugliness of the old men; the tens of thousands of musical-comedy generals and admirals stationed at the apartment entrances, some to whistle for green, red, and yellow taxis that look like beetles, others to open the door for you, and finally the ones who go up and down all over town like multicolored Cartesian drivers in elevators fifty stories high.

Yes, I am out of my depth. I am learning that there are cities, like certain women, who annoy you, overwhelm you, and lay bare your soul, and whose scorching contact, scandalous and delightful at the same time, clings to every pore of your body. This is how, for days on end, I walked around New York, my eyes filled with tears simply because the city air is filled with cinders, and half one's time is spend rubbing th eeyes or removing the minute speck of metal that the thousand New Jersey factories send into them as a joyful greeting gift, from across the Hudson. In the end, this is how New York affects me, like a foreign body in the eye, delicious and unbearable, evoking tears of emotion and all-consuming fury.

Perhaps this is what people call passion. All I can say is that I know what contrasting images mine feeds on. In the middle of the night sometimes, above the skyscrapers, across hundreds of high walls, the cry of a tugboat would meet my insomnia, reminding me that this desert of iron and cement was also an island. I would think of the sea then, and imagine myself on the shore of my own land. On other evenings, riding in the front of the Third Avenue El, as it greedily swallows the little red and blue lights it tears past at third story level, from time to time allowing itself to be slowly absorbed by half-dark stations, I watched the skyscrapers turning in our path. Leaving the abstract avenues of the center of town I would let myself ride on toward the gradually poorer neighborhoods, where there were fewer and fewer cars. I knew what awaited me, those nights on the Bowery. A few paces from the half-mile-long stretch of splendid bridal shops (where not one of the waxen mannequins was smiling) the forgotten men live, those who have let themselves drift into poverty in this city of bankers. It is the gloomiest part of town, where you never see a woman, where one man is every three is drunk, and where in a strange bar, apparently straight out of a Western, fat old actresses sing about ruined lives and a mother's love, stamping their feet to the rhythm and spasmodically shaking, to the bellowing from the bar, the parcels of shapeless flesh that age has covered them with. The drummer is an old woman too, and looks like a schreech owl, and some evenings you feel like you'd like to know her life-- at one of those rare moments when geography disappears and loneliness becomes a slightly confused truth.

At other times...but yes, of course, I loved the mornings and the evenings of New York. I loved New York, with that poerful love that sometimes leaves you full of uncertainties and hatred: sometimes one needs exile. And then the very smell of New York rain tracks you down in the heart of the most harmonious and familiar towns, to remind you there is at least one place of deliverance in the world, where you, togethr with a whole people and for as long as you want, can finally lose yourself forever.

1947-Albert Camus

റിൽക്കെ - ഒരു കവിയുടെ പ്രണയചിന്തകൾ



ആളുകൾ തമ്മിൽ തമ്മിൽ എത്ര അകല്ച്ചയാണെന്നു നോക്കൂ; ഈ അകല്ച്ച ഏറ്റവും കൂടുതൽ കാണുന്നത് പ്രേമിക്കുന്നവർക്കിടയിലുമാണ്‌. അവർ തങ്ങൾക്കുള്ളതെല്ലാമെടുത്ത് അന്യോന്യമെറിയുന്നു; മറ്റേയാൾക്ക് അതു പിടിക്കാനും പറ്റുന്നില്ല; ഒടുവിൽ അവർക്കിടയിൽ അതു കുന്നു കൂടുകയും പരസ്പരം കാണുന്നതിലും അടുക്കുന്നതിലും നിന്ന് അവരെ തടയുകയും ചെയ്യുന്നു.
(1898)

ഒരേയളവിൽ ഒതുങ്ങിയ രണ്ടു പേർക്ക് തങ്ങൾ ഒരുമിച്ചിരിക്കുന്ന നേരങ്ങളെ നിർവചിക്കുന്ന സംഗീതത്തെക്കുറിച്ചു സംസാരിക്കേണ്ട ആവശ്യം തന്നെയില്ല. ആ സംഗീതമാണ്‌ അവർക്കു പൊതുവായിട്ടുള്ള മൂലകം. യാഗാഗ്നി പോലെ അവർക്കിടയിൽ അതെരിയുന്നു; ഇടയ്ക്കിടെ ഉച്ചരിക്കുന്ന അക്ഷരങ്ങളാൽ ആ പവിത്രജ്വാലയെ അവർ വളർത്തുകയും ചെയ്യുന്നു.
ഇനി, ഈ രണ്ടു പേരെ ഞാൻ ഒരു വേദിയിൽ കയറ്റിനിർത്തി അവരെ കലാപരമായി അവതരിപ്പിക്കുകയാണെന്നിരിക്കട്ടെ; രണ്ടു കമിതാക്കളെ കാട്ടിത്തരാനും എങ്ങനെയാണ്‌ അവർ ഇത്ര ധന്യരായതെന്നു വിശദീകരിക്കാനുമാണ്‌ ഞാൻ ശ്രമിക്കുന്നത്. പക്ഷേ ആ യാഗാഗ്നി രംഗത്തദൃശ്യമാണ്‌, അവർ അനുഷ്ഠിക്കുന്ന ബലികർമ്മത്തിന്റെ ചേഷ്ടകൾ അതിനാൽ ആർക്കും പിടി കിട്ടുകയുമില്ല.
(1898)

സൃഷ്ടിയിൽ നാം അനുഭവിക്കുന്ന ആനന്ദം അവാച്യമാം വിധത്തിൽ സുന്ദരവും സമ്പുഷ്ടവുമാണെങ്കിൽ അതിനു കാരണം പ്രജനനത്തിന്റെയും ജനനത്തിന്റെയും കോടിക്കണക്കായ മുഹൂർത്തങ്ങളുടെ സ്മൃതിപരമ്പര അതിൽ നിറയുന്നു എന്നതുതന്നെ. സൃഷ്ടി എന്നൊരു ചിന്ത ഒരാളുടെ മനസ്സിൽ ഉദയം കൊള്ളുമ്പോൾ പ്രണയത്തിന്റെ ഒരായിരം വിസ്മൃതരാത്രികൾ അതിൽ വീണ്ടും ജന്മമെടുക്കുകയാണ്‌, അതിനെ ഗംഭീരവും ഉദാത്തവുമാക്കുകയാണ്‌. രാത്രികളിൽ തമ്മിലൊരുമിക്കുന്നവർ, ത്രസിക്കുന്ന തൃഷ്ണയോടെ ഉടലുകൾ കെട്ടിവരിയുന്നവർ, അവർ ഭവ്യമായ ഒരനുഷ്ഠാനം നിർവഹിക്കുകയാണ്‌, അവാച്യമായ പ്രഹർഷങ്ങളെക്കുറിച്ചു പറയാൻ ഭാവിയിൽ ജനിക്കാനിരിക്കുന്ന ഏതോ കവിയുടെ ഗീതത്തിനായി മാധുര്യവും ഗഹനതയും ബലവും ശേഖരിച്ചുവയ്ക്കുകയാണ്‌. അവർ ഭാവിയെ ആവാഹിച്ചുവരുത്തുകയാണ്‌; ഇനിയഥവാ, അവർക്കൊരു സ്ഖലിതം പിണഞ്ഞുവെന്നിരിക്കട്ടെ, അന്ധതയോടെയാണ്‌ അവർ ആശ്ളേഷിക്കുന്നതെന്നിരിക്കാട്ടെ, എന്നാൽക്കൂടി ഭാവി വന്നുചേരുകതന്നെ ചെയ്യും, പുതിയൊരു മനുഷ്യജീവി ജന്മമെടുക്കും, യാദൃച്ഛികതയ്ക്കു മേൽ പ്രകൃതിനിയമം പ്രയുക്തമാവും, ബലിഷ്ഠവും അപ്രതിരോധ്യവുമായ ഒരു ബീജം തനിക്കായി സ്വയം തുറക്കുന്ന ഒരണ്ഡത്തിലേക്ക് ഊറ്റത്തോടെ പ്രവേശിക്കുകയും ചെയ്യും.
(1903)

 

പ്രേമിക്കുക എന്നതിനെക്കാൾ ദുഷ്കരമായി ഒന്നുമില്ല എന്നത് എനിക്കനുഭവമായ കാര്യമാണ്‌.  അദ്ധ്വാനമാണത്, നിത്യാദ്ധ്വാനം; അതിനെ കുറിക്കാൻ മറ്റൊരു വാക്കില്ലെന്ന് ദൈവത്തിനറിയാം. നോക്കൂ, അത്ര ദുഷ്കരമായ ഒരു പ്രണയത്തിന്‌ ചെറുപ്പക്കാർ ഒരുക്കമല്ല എന്ന വസ്തുതയും ഇതിനോടു ചേർത്തു കാണണം. മനുഷ്യബന്ധങ്ങളിൽ വച്ചേറ്റവും സങ്കീർണ്ണവും ആത്യന്തികവുമായ ഈ ബന്ധത്തെ നമ്മുടെ കീഴ്വഴക്കങ്ങൾ അനായാസവും ചപലവുമായതൊന്നാക്കാനാണു ശ്രമിക്കുന്നത്; ആർക്കും സാദ്ധ്യമാണതെന്ന പ്രതീതിയുണ്ടാക്കാനാണു നോക്കുന്നത്. പക്ഷേ കാര്യം അങ്ങനെയല്ല. പ്രണയം ദുഷ്കരമാണ്‌, മറ്റേതിനെക്കാളും ദുഷ്കരമാണ്‌; കാരണം മറ്റു സംഘർഷങ്ങളിൽ പ്രകൃതി നമ്മോടനുശാസിക്കുന്നത് സർവശക്തിയും കൈകളിൽ സംഭരിച്ച് സ്വയം സജ്ജരാവാനാണ്‌; എന്നാൽ പ്രണയത്തിന്റെ മൂർദ്ധന്യത്തിൽ നമുക്കുണ്ടാവുന്ന അന്തഃപ്രചോദനം നമ്മെത്തന്നെ പൂർണ്ണമായി അടിയറ വയ്ക്കാനാണ്‌. പക്ഷേ ഒന്നോർത്തുനോക്കൂ, എല്ലാ പൂർണ്ണതയോടും കൂടെയല്ല നാം മറ്റൊരാൾക്കു സ്വയം വിട്ടുകൊടുക്കുന്നതെങ്കിൽ, ഒരു ചിട്ടയും താളവുമില്ലാത്തതാണ്‌ നമ്മുടെ ആ പ്രവൃത്തിയെങ്കിൽ അതിൽ എന്തെങ്കിലും സൗന്ദര്യമുണ്ടോ? വലിച്ചെറിയൽ പോലെ തോന്നുന്ന ആ വിട്ടുകൊടുക്കലിൽ നല്ലതെന്നു പറയാൻ എന്തെങ്കിലുമുണ്ടോ, സുഖമോ ആനന്ദമോ അഭ്യുദയമോ ഉണ്ടോ? ഇല്ല, ഉണ്ടാവുകയില്ല...ആർക്കെങ്കിലും പൂക്കൾ സമ്മാനിക്കുമ്പോൾ ആദ്യം തന്നെ നിങ്ങളത് ഭംഗിയായി അടുക്കി വയ്ക്കില്ലേ, ഇല്ലേ? എന്നാൽ വികാരാവേശം കൊണ്ടക്ഷമരും തിടുക്കകാരുമായ ചെറുപ്പക്കാർ ഒരാൾ മറ്റൊരാളിലേക്കു സ്വയം വലിച്ചെറിയുകയാണ്‌; അങ്ങനെയൊരു ക്രമരഹിതമായ സമർപ്പണത്തിൽ പരസ്പരപരിഗണനയുടെ ഒരംശം പോലുമില്ലെന്നത് അവർ ശ്രദ്ധിക്കുന്നതേയില്ല. പിന്നീട്, താളം തെറ്റിയ ആ ബന്ധത്തിൽ നിന്ന് ഒരു സംഘർഷം പിറവിയെടുക്കുമ്പോഴാണ്‌ അമ്പരപ്പോടെയും നീരസത്തോടെയും അവർ അതു ശ്രദ്ധിക്കുന്നത്. ഒരിക്കൽ അവർക്കിടയിൽ അന്യൈക്യം ഉടലെടുത്താൽ പിന്നെ ഓരോ ദിവസം ചെല്ലുന്തോറും കാലുഷ്യം കൂടിക്കൂടിവരും. അവരിൽ പിന്നെ ഉടയാത്തതോ അഴുക്കു പുരളാത്തതോ ആയി യാതൊന്നും അവശേഷിക്കുന്നില്ല. ഒടുവിൽ, വേർപെട്ടു കഴിയുമ്പോൾ സന്തോഷമെന്നു തങ്ങൾ കരുതിയതിനെ ഹതാശമായി മുറുകെപ്പിടിക്കാൻ ശ്രമിക്കുകയാണവർ. സന്തോഷം എന്നാൽ എന്താണെന്ന് അവർക്കിപ്പോൾ ഒർമ്മ വരുന്നതേയില്ല. ആ അനിശ്ചിതത്വത്തിൽ അവർ അന്യോന്യം അനീതിയോടെ പെരുമാറുന്നു; അന്യോന്യം നന്മ ചെയ്യണമെന്നാഗ്രഹിച്ചിരുന്നവർ ഇപ്പോൾ പരസ്പരം അധികാരവും അസഹിഷ്ണുതയും എടുത്തു പ്രയോഗിക്കുന്നു; ന്യായീകരണമില്ലാത്തതും അസഹനീയവുമായ ഒരു ദുരവസ്ഥയിൽ നിന്ന് ഏതു വിധേനയും പുറത്തു കടക്കാനുള്ള തത്രപ്പാടിൽ അവർ പിന്നെ മനുഷ്യബന്ധങ്ങൾക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ അബദ്ധം ചെയ്യുന്നു: അവർ അക്ഷമരാകുന്നു. ഒരു പരിഹാരത്തിനവർ തിരക്കിടുന്നു, ഒരന്തിമതീരുമാനത്തിലേക്ക്, എന്നവർ വിശ്വസിക്കുന്നതിലേക്ക്, എത്രയും പെട്ടെന്ന് അവർക്കെത്തണം. തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാൻ അവർ ഒരിക്കല്ക്കൂടി ശ്രമിക്കുന്നു. ഒന്നിനോടൊന്നു കൂട്ടിയിണക്കിയ സ്ഖലിതങ്ങളുടെ ചങ്ങലയിൽ അവസാനത്തേതു മാത്രമാണത്...
(1904)

പ്രണയത്തെ ഗൗരവമായി കാണുക, അതിന്റെ കഠിനതകൾ അനുഭവിക്കുക, ഒരു ജീവിതവൃത്തി പരിശീലിക്കുന്നതു പോലെ അതു പഠിച്ചെടുക്കുക- ചെറുപ്പക്കാർ ചെയ്യേണ്ടത് അതാണ്‌. മറ്റു പലതുമെന്നപോലെ പ്രണയത്തിന്‌ ജീവിതത്തിലുള്ള സ്ഥാനം ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നു. അവർ പ്രണയത്തെ കളിയും നേരമ്പോക്കുമായി മാറ്റിയിരിക്കുന്നു; കാരണം അവർ കരുതുന്നത് അദ്ധ്വാനത്തേക്കാൾ സുഖം നല്കുന്നത് കളിയും നേരമ്പോക്കുമാണെന്നാണ്‌. അതേ സമയം അദ്ധ്വാനത്തെക്കാൾ ആനന്ദദായകമായി മറ്റൊന്നുമില്ല; പ്രണയം, പരമമായ ആനന്ദമാണതെന്നതിനാൽത്തന്നെ, അദ്ധ്വാനമല്ലാതെ മറ്റൊന്നാകുന്നുമില്ല. അപ്പോൾ, പ്രണയിക്കുന്നൊരാൾ വലിയ ഒരുദ്യമം ഏറ്റെടുത്തു നടത്തുന്നതു പോലെ വേണം പെരുമാറാൻ ശ്രമിക്കേണ്ടത്: പണ്ടത്തേക്കാൾ കൂടുതൽ നേരം അയാൾ ഒറ്റയ്ക്കാവണം, അയാൾ തന്നിലേക്കിറങ്ങണം, സ്വയം സജ്ജനാവണം, താനെന്താണോ, അതിൽ മുറുകെപ്പിടിക്കണം; അയാൾ പ്രവൃത്തിയെടുക്കണം; അയാൾ എന്തെങ്കിലുമാവണം!
(1904)

സമീപസ്ഥമായ രണ്ടേകാന്തതകൾ പരസ്പരം കരുത്തു പകരുന്നതിനെയാണ്‌ സൗഹൃദം എന്നു പറയുക. ഒരാൾ മറ്റൊരാൾക്ക് സ്വയം അടിയറവു പറയുകയാണെങ്കിൽ അത് സൗഹൃദത്തിനു ഹാനികരമായിട്ടാണു വരിക. എന്തെന്നാൽ, ഒരാൾ സ്വയം പരിത്യജിക്കുമ്പോൾ അയാൾ പിന്നെ ആരുമല്ലാതാവുന്നു; ഒന്നാവാൻ വേണ്ടി രണ്ടു പേർ തങ്ങളല്ലാതാവുമ്പോൾ അവരുടെ ചുവട്ടടിയിൽ ഉറച്ച നിലമില്ലെന്നാവുന്നു, അവരുടെ ഒത്തുചേരൽ നിരന്തരമായ പതനം മാത്രമാവുന്നു.
(1904)


താൻ സ്നേഹിക്കുന്ന ഒരാളെ വേദനിപ്പിക്കുക എന്ന ഭീതിയെക്കാൾ നികൃഷ്ടമായ തടവറ മറ്റൊന്നില്ല.
(1908)

പ്രണയത്തിന്റെ ചരിത്രത്തിൽ എത്ര ദയനീയമായ ഒരു രൂപമാണ്‌ പുരുഷൻ സ്വയം വരച്ചിടുന്നത്! പാരമ്പര്യം ചാർത്തിക്കൊടുത്ത മേൽക്കൈയല്ലാതെ മറ്റൊരു കരുത്തും അയാൾക്കില്ലെന്നു തന്നെ പറയാം. എന്നാൽ ആ മേൽക്കോയ്മ പോലും എത്ര അലംഭാവത്തോടെയാണ്‌ അയാൾ കൈയാളുന്നതെന്നത് കൊടിയ അന്യായമായേനെ, സുപ്രധാനസംഭവങ്ങളിൽ ഏർപ്പെടേണ്ടിവരുന്നതാണ്‌ ആ അലംഭാവത്തിനും അന്യമനസകതയ്ക്കും കാരണമെന്ന ഭാഗികമായ ന്യായീകരണമില്ലായിരുന്നുവെങ്കിൽ. എന്നാൽ ഈ തീവ്രാനുരാഗിണിയും (മരിയന്ന അൽക്കോഫൊറാഡോ എന്ന പോർത്തുഗീസ് കന്യാസ്ത്രീ) നാണം കെട്ട ആ പങ്കാളിയും തമ്മിലുള്ള ബന്ധത്തിൽ നിന്നു ഞാൻ സ്വരൂപിച്ച ബോദ്ധ്യത്തെ തിരുത്താൻ ആരെയും ഞാൻ അനുവദിക്കില്ല: അതായത്, പ്രണയത്തിൽ സ്ത്രീ തന്റെ ഭാഗം അങ്ങേയറ്റം  പൂർണ്ണതയോടെ സഫലമാക്കുമ്പോൾ പുരുഷന്റെ ഭാഗത്ത് വെറും കഴിവുകേടേ കാണാനുള്ളു. ഒരു പഴഞ്ചൻ ഉപമ ഉപയോഗിച്ചു പറഞ്ഞാൽ, പ്രണയമെന്ന വിദ്യയിൽ അവൾ ബിരുദധാരിണിയാണെങ്കിൽ അയാൾ കീശയിൽ ഇട്ടുകൊണ്ടു നടക്കുന്നത് പ്രണയവ്യാകരണത്തിന്റെ ഒന്നാം പാഠപുസ്തകമാണ്‌; അതിലെ ചില വാക്കുകളെടുത്ത് വല്ലപ്പോഴും അയാൾ തട്ടിക്കൂട്ടുന്ന വാചകങ്ങളാവട്ടെ, ബാലപാഠങ്ങളിലെ തുടക്കപ്പേജുകളിലെ പരിചിതവാക്യങ്ങളെപ്പോലെ സുന്ദരവും കോരിത്തരിപ്പിക്കുന്നതും!
(1912)

 

പ്രണയമല്ലേ, കല പോലെ, മനുഷ്യാവസ്ഥയെ അതിവർത്തിക്കാനും സാമാന്യമനുഷ്യനെക്കാൾ വലിയവനും മഹാമനസ്കനും വേണമെങ്കിൽ അസന്തുഷ്ടനുമാവാൻ നമുക്കു വരുതി നല്കുന്ന ഒരേയൊരു കർമ്മം? ആ സാദ്ധ്യതയെ വീരോചിതമായി നാം ആശ്ളേഷിക്കുക- ആ സചേതനാവസ്ഥ നമുക്കു പ്രദാനം ചെയ്യുന്ന വരങ്ങളിൽ ഒന്നു പോലും നാം തിരസ്കരിക്കാതിരിക്കുക.
(1920)

 

സ്നേഹമല്ലാതെ മറ്റൊരു ശക്തി ലോകത്തില്ല; നിങ്ങൾ അതുള്ളിൽ കൊണ്ടുനടക്കുമ്പോൾ, അതെങ്ങനെ ഉപയോഗപ്പെടുത്തണമെന്നു നിങ്ങൾക്കറിവില്ലെങ്കിൽത്തന്നെ, അതിന്റെ ദീപ്തഫലങ്ങൾ നിങ്ങളെ നിങ്ങളിൽ നിന്നു പുറത്തു കടത്തും, നിങ്ങൾക്കതീതമായതിലേക്കു നിങ്ങളെ കൊണ്ടുപോകും. ഈ വിശ്വാസം നിങ്ങൾ ഒരിക്കലും കൈവിടരുത്.
(1921)


2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

പ്രണയലേഖനങ്ങൾ(34)- വിക്റ്റോർ യൂഗോ

download



1820 ഏപ്രിൽ

1819 ഏപ്രിൽ 20നാണ്‌ നിന്നെ സ്നേഹിക്കുന്നുവെന്ന് ഞാൻ നിന്നോടു പറഞ്ഞത്. അതു കഴിഞ്ഞിട്ടിപ്പോൾ ഒരു കൊല്ലമാവുന്നില്ല. അന്നു നീ സന്തോഷവതിയായിരുന്നു, പ്രസരിപ്പുള്ളവളായിരുന്നു, സ്വതന്ത്രയായിരുന്നു; എന്നെക്കുറിച്ചുള്ള ചിന്തകൾ അന്നു നിന്നെ അലട്ടിയിരുന്നില്ലെന്നു വരാം. ഒരു കൊല്ലം കൊണ്ട് എന്തൊക്കെ വിഷമങ്ങൾ, പീഡനങ്ങൾ ഞാൻ കാരണം നിനക്കനുഭവിക്കേണ്ടി വന്നു! ഹാ, എന്തിനൊക്കെ നീയെനിക്കു മാപ്പു നല്കേണ്ടി വന്നു!
 
മറ്റുള്ളവർ എന്നെക്കുറിച്ചെന്താണ്‌ പറയുന്നതെന്നറിയാൻ എനിക്കു താല്പര്യമുണ്ട്. നിന്റെ ഭർത്താവിനെ അല്പം കൂടി വിശ്വാസമായിക്കൂടേ? എനിക്കൊട്ടും സന്തോഷമില്ല. നോക്കൂ, പ്രിയപ്പെട്ടവളേ, രണ്ടു ചിന്തകൾ തമ്മിൽ യോജിപ്പിക്കാൻ തന്നെ എനിക്കാവുന്നില്ല; നിന്റെ കത്ത് അത്ര ക്രൂരമായി എന്നെ ദുരിതത്തിലാഴ്ത്തിക്കളഞ്ഞു. തന്നെയുമല്ല, എനിക്കൊരുപാടു കാര്യങ്ങൾ നിന്നോടു പറയാനുണ്ട്; എഴുതാനുള്ള സമയം അത്ര കുറവും. ഇതെല്ലാം എങ്ങനെയാണവസാനിക്കാൻ പോകുന്നത്? എന്റെ കാര്യത്തിൽ എങ്ങനെയാണെന്ന് എനിക്കു വളരെ നന്നായറിയാം; നിന്റെ കാര്യത്തിൽ എങ്ങനെയായിരിക്കും...?
 
ഇപ്പോൾ എന്റെ എല്ലാ ആശകളും ആഗ്രഹങ്ങളും കേന്ദ്രീകരിക്കുന്നത് നിന്നിലാണ്‌.
നിന്റെ കത്തിലുള്ള സകലതിനും മറുപടി പറയണമെന്ന് എനിക്കുണ്ട്. ഞാൻ നിന്നെ മറന്നേക്കാമെന്ന് പറയാനോ സൂചിപ്പിക്കാനോ പോലുമുള്ള ധൈര്യം നിനക്കെങ്ങനെ കിട്ടി? നീയെന്നെ വെറുക്കുന്നുണ്ടെന്നു വരുമോ? നമ്മെക്കുറിച്ചു സംസാരിക്കുന്നവർ ആരൊക്കെയാണെന്നു പറയൂ. എനിക്കു ദേഷ്യം വന്നിരിക്കുകയാണ്‌! നിനക്കു ചുറ്റുമുള്ളവരെക്കാൾ ഏതു വിധത്തിലും ഭേദമാണു നീയെന്ന് നീ അറിയുന്നില്ല. ആ ചെറുപ്പക്കാരികളെ, നിന്റെ കൂട്ടുകാരികളെന്നു പറഞ്ഞു നടക്കുന്നവരെക്കൂടി ഉൾപ്പെടുത്തിയാണ്‌ ഞാൻ പറയുന്നത്; മാലാഖമാരെപ്പോലും പിശാചുക്കളായിക്കാണുന്ന കണ്ണാണവരുടേത്.
 
വിട, എന്റെ അഡേൽ, നിന്റെ കത്തിനു മറുപടി പറയാൻ പറ്റിയ അവസ്ഥയിലല്ല ഞാനെന്ന് എനിക്കു മനസ്സിലാവുന്നു. എന്റെ മോശം എഴുത്ത് പൊറുക്കുക. ബാക്കി വച്ചത് നാളെ പറയാം- എനിക്കു പറ്റുമെങ്കിൽ.


1821

പ്രിയപ്പെട്ടവളേ,

എത്ര കാലമെടുത്തായാലും ഒരാൾക്കൂട്ടത്തിനിടയിൽ അന്യോന്യം തേടിനടന്ന രണ്ടാത്മാക്കൾ ഒടുവിൽ തമ്മിൽ കണ്ടെത്തുമ്പോൾ ഒരൈക്യം, അവരെപ്പോലെ തന്നെ വിശുദ്ധവും ആഗ്നേയവുമായ ഒരൈക്യം ഭൂമിയിൽ ജന്മമെടുക്കുകയാണ്‌,  സ്വര്‍ഗ്ഗീയമായ ഒരു നിത്യതയിൽ പിന്നെയതു തുടർന്നുപോവുകയാണ്‌.

ഈ ഐക്യമാണ്‌ പ്രണയം, യഥാർത്ഥപ്രണയം...പ്രണയഭാജനം ദൈവമായ ഒരു മതം; ആത്മാർപ്പണവും വൈകാരികതയുമാണ്‌ അതിനു ജീവൻ കൊടുക്കുന്നത്; ത്യാഗങ്ങളെത്ര വലുതാകുന്നുവോ, അത്രയും ആനന്ദമാണതിനു കിട്ടുന്നത്.
 
നീ എന്നിൽ ജനിപ്പിക്കുന്ന പ്രണയം ഇങ്ങനെയൊന്നാണ്‌. മാലാഖമാരുടെ നൈർമല്ല്യത്തോടെയും തീവ്രതയോടെയും പ്രണയിക്കും വിധമാണ്‌ നിന്റെ ആത്മാവിന്റെ സൃഷ്ടി; മറ്റൊരു മാലാഖയെ മാത്രമേ അതിനു പ്രേമിക്കാനാവൂ എന്നും വരാം; അങ്ങനെയെങ്കിൽ വിപൽശങ്ക കൊണ്ടു ഞാൻ വിറ കൊള്ളുകയും വേണം.
 
എന്നുമെന്നും നിന്റെയായ,
വിക്റ്റോർ യൂഗോ



1822 ഫെബ്രുവരി 17

നിന്റെ രണ്ടു കത്തുകൾ, എന്റെ അഡേൽ, ആഹ്ളാദവും കൃതജ്ഞതയും കൊണ്ട് എന്റെ ഹൃദയം നിറച്ചിരിക്കുന്നു; എന്റെ അധികപ്രസംഗവും എന്റെ മൂഢതയും മറന്നുകളയാൻ പറയാനാണ്‌ ഈ പ്രഭാതത്തിൽ ഞാൻ ചില വാക്കുകൾ തിരക്കിട്ടെഴുതുന്നത്.
 
പറയൂ, പോയ രാത്രിയിൽ നീ വല്ലാതെ കഷ്ടപ്പെട്ടോ? നാളെ ഞാൻ നല്ലൊരു ഡോക്ടറെ പോയിക്കണ്ട് നീ എന്നോടു പറഞ്ഞതൊക്കെ അദ്ദേഹത്തോടു പറയാം. എന്റെ പ്രിയപ്പെട്ടവളേ, ഒന്നുകിൽ നീ ഒറ്റയ്ക്കിതെല്ലാം സഹിക്കരുത്, അല്ലെങ്കിൽ, നമുക്കൊരുമിച്ചു സഹിക്കാൻ നീ തയാറാവുക. നിന്റെ വേദന താങ്ങാനുള്ള ബലം എനിക്കു തരൂ, ഞാൻ നിന്നോടു യാചിക്കുന്നു. നിനക്കു സുഖമില്ലാതാവാനുള്ള കാരണം, അഡേൽ, മറ്റു മനുഷ്യരുടെ സ്വഭാവം തന്നെയാണ്‌ നിനക്കുമെന്ന് എന്തോ ഒന്ന് നിന്നെ ഓർമ്മിപ്പിക്കുന്നു എന്നുള്ളതാണ്‌. മരിച്ചു കഴിഞ്ഞാൽ നിനക്കു വീണ്ടും ചിറകുകൾ മുളയ്ക്കും; പക്ഷേ ഞാൻ പോയിട്ടല്ലാതെ നീ മരിക്കുകയില്ല; കാരണം, നീ ചെറുപ്പമാണ്‌, സുന്ദരിയാണ്‌, ആരോഗ്യവതിയാണ്‌, നന്മ നിറഞ്ഞ ഒരു ജീവിതത്തിന്‌ ദൈയവ്ം അത്ര പെട്ടെന്നങ്ങ് വിരാമമിടുകയുമില്ല.
 
അഡേൽ, ഈ തരം സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ എന്നോടു പറയരുതേ, ഇതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നതു ശരിയാണെങ്കിലും. ഞാൻ ഒറ്റയ്ക്കാണെന്നോർക്കുക; ഏകാന്തതയിൽ എന്റെ ചിന്തകൾ മറ്റൊന്നാകും. വിട. നമുക്കന്യോന്യം സംസാരിക്കാൻ പറ്റില്ലെന്നതിനാൽ നീ ഒരു നീണ്ട കത്തെഴുതാൻ ഞാൻ യാചിക്കുന്നു. എനിക്കു നിർത്താൻ നേരമായി. എന്റെ പേന ഒരു വരി എഴുതുന്നതിനു മുമ്പ് മനസ്സിൽ ഇരുപതു വരികൾ ഞാൻ എഴുതുന്നുണ്ട്. വിട. നിനക്കെന്നോടു തോന്നാൻ ദയവുണ്ടായ സ്നേഹവും എനിക്കു നിന്നോടുള്ള സ്നേഹവുമില്ലെങ്കിൽ ഞാൻ യാതൊന്നുമല്ല. എന്നുമെന്നും എന്നെ സ്നേഹിക്കുക, നിന്റെ കുലീനഹൃദയത്തിൽ എന്നെക്കുറിച്ചുള്ള എന്തെങ്കിലുമൊരു ചിന്തയ്ക്ക് ഇടം കൊടുക്കുകയും ചെയ്യുക.



1822 ആഗസ്റ്റ് 27

അഡേൽ, ഒരു മധുരാക്ഷരം ഒരു സൗമ്യമന്ദഹാസത്തിന്റെ അകമ്പടിയോടെ നിന്റെ ചുണ്ടിൽ നിന്നുതിരുമ്പോൾ അത് നിന്റെ വിക്റ്റോറിൽ ജനിപ്പിക്കുന്ന പ്രഭാവം നിനക്കു സങ്കല്പിക്കാവുന്നതല്ല! നിന്നിൽ നിന്നു വരുന്ന എത്ര ചെറുതായൊരു സംഗതിയായാലും മതി എന്നെ സന്തോഷവാക്കാൻ എന്നു നിനക്കറിയുമായിരുന്നെങ്കിൽ!...ചിലനേരം നിനക്കടുത്തിരിക്കുമ്പോൾ ഒരുന്മാദാവസ്ഥയിലേക്കു പെട്ടെന്നെടുത്തെറിയപ്പെടുമോ എന്നു ഞാൻ പേടിച്ചുപോകാറുണ്ട്. അത്ര കുലീനതയോടെയും ആർദ്രതയോടെയും നീ സംസാരിക്കുന്നതു കേൾക്കുമ്പോൾ നിന്റെ കൈകളിൽ കടന്നുപിടിക്കാനോ നിന്റെ പുടവത്തുമ്പു പിടിച്ചു ചുംബിക്കാനോ ഉള്ള ആവേഗത്തിനു ഞാൻ അടിപ്പെട്ടു പോകുന്നു. അങ്ങനെയുള്ള സമയങ്ങളിൽ നമുക്കു ചുറ്റുമുള്ള ആൾക്കൂട്ടങ്ങൾ എന്റെ കാഴ്ചയിൽ നിന്നേ മായുന്നു. നിന്നെ, നിന്നെയല്ലാതെ മറ്റാരെയും ഞാൻ കാണുന്നില്ല, അഡേൽ, എന്റെ മാലാഖേ, എനിക്കാരാധ്യയായ ഭാര്യേ, സ്വർഗ്ഗീയയായ, ആരാധ്യയായ പെൺകിടാവേ. എന്നെ പിടിച്ചുകുലുക്കുന്നൊരു വികാരാവേശത്തിന്റെ പ്രകമ്പനങ്ങളെ നിയന്ത്രിക്കാൻ എന്റെ എല്ലാ ശേഷിയും എനിക്കുപയോഗിക്കേണ്ടി വരുന്നു. ഇതൊന്നും നീ അറിയുന്നില്ല, എന്റെ അഡേൽ. അങ്ങനെയുള്ള ഒരു നിമിഷത്തിൽ ഞാൻ എന്നെ ഭരിക്കുന്ന ആ നിഗൂഢചിന്തകൾ നിന്നോടു പറയുമ്പോൾ എന്റെ മുഖത്തെ വികാരവിക്ഷോഭം നിന്റെ കണ്ണിൽ പെടുന്നില്ല; ഒരു പുഞ്ചിരിയോടെ, പ്രശാന്തമായ ഒരു സ്വരത്തിലാണ്‌ നീയതിനു മറുപടി പറയുന്നത്. ഇല്ല, ഇല്ല, എന്റെ പ്രണയം എത്ര പ്രചണ്ഡമാണെന്ന് നിനക്കൊരിക്കലും മനസ്സിലാവില്ല...എത്ര കഷ്ടമാണത്!



ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും സോഷ്യലിസ്റ്റുമൊക്കെയായ വിക്റ്റോർ യൂഗോ Victor Hugo(1802-1885)യുടെ അച്ഛനമ്മമാർ അദ്ദേഹത്തിന്റെ ചെറുപ്പത്തിലേ വേർപിരിഞ്ഞു. യൂഗോ അമ്മയോടൊപ്പമാണ്‌ വളർന്നത്. തന്റെ ബാല്യകാലസഖിയായ അഡേലിനെ (Adele Foucher) വിവാഹം ചെയ്യാൻ അദ്ദേഹത്തിന്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മ എതിരായിരുന്നു. ഒടുവിൽ അമ്മയുടെ മരണശേഷം 1822ലാണ്‌ യൂഗോ അഡേലിനെ ഭാര്യയാക്കുന്നത്. അവർക്ക് അഞ്ചു കുട്ടികളുണ്ടായി. ഇരുവർക്കും വേറേ ബന്ധങ്ങളുമുണ്ടായി. അഡേലിന്‌ സാങ്ങ്റ്റ് ബോ (Sainte-Beuve) എന്ന വിമർശകനുമായി അടുപ്പമുണ്ടായിരുന്നു; യൂഗോ 1833ൽ ജൂലിയെറ്റ് ഡ്രൂവെ (Juliette Drouet) എന്ന നാടകനടിയുമായി സ്നേഹത്തിലായി. അവരായിരുന്നു അടുത്ത അമ്പതു കൊല്ലത്തേക്ക് അദ്ദേഹത്തിന്റെ സെക്രട്ടറിയും സഹയാത്രികയും.

2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

പ്രണയലേഖനങ്ങള്‍ (33)-കാഫ്ക

cze24



ഫെലിസിന്



കാഫ്ക ഫെലിസ് ബോവർ (1887-1960)നെ- ആദ്യമായി കാണുന്നത്  1912 ഓഗസ്റ്റ് 13ന്‌ മാക്സ് ബ്രോഡിന്റെ വീട്ടിൽ വച്ചാണ്. ഗ്രാമഫോണുകളും പാർലോഗ്രാഫുകളും നിർമ്മിക്കുന്ന ഒരു കമ്പനിയിൽ ജോലിക്കാരിയായിരുന്നു ഫെലിസ്. എല്ലു തെഴുത്തതും, ഉള്ളിലെ ഇല്ലായ്മ പുറത്തു കാണിക്കാൻ മടിക്കാത്തതുമായ ആ മുഖംആദ്യം കാഫ്കയെ അത്ര ആകർഷിച്ചില്ല. പിന്നീടു പക്ഷേ കത്തുകളുടെ ഒരു കുത്തൊഴുക്കായിരുന്നു. അവർ തമ്മിൽ രണ്ടു തവണ വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും കാഫ്ക പിന്മാറുകയായിരുന്നു.

1912 സെപ്തംബർ 20

പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,
എന്നെക്കുറിച്ച് അത്ര വിദൂരമായ ഒരോർമ്മ പോലും ശേഷിക്കുന്നില്ലെന്നാണെങ്കിൽ ഒരിക്കൽക്കൂടി ഞാൻ സ്വയം പരിചയപ്പെടുത്തിക്കൊള്ളട്ടെ. എന്റെ പേര്‌ ഫ്രാൻസ് കാഫ്ക എന്നാണ്‌; പ്രാഗിൽ ഡയറക്റ്റർ ബ്രോഡിന്റെവിടെ അന്നു രാത്രിയിൽ നിങ്ങളോടാദ്യമായി കുശലം പറഞ്ഞ വ്യക്തി ഞാനായിരുന്നു; അതിനു ശേഷം ഒരു താലിയായാത്രയുടെ ഫോട്ടോകൾ മേശയ്ക്കു മുകളിലൂടെ ഒന്നൊന്നായി നിങ്ങൾക്കെടുത്തു തന്നയാൾ; ഏറ്റവും ഒടുവിലായി, ഇപ്പോൾ ഈ താക്കോൽക്കൂട്ടത്തിൽ പെരുമാറുന്ന ഇതേ കൈ കൊണ്ട് നിങ്ങളുടെ കരം ഗ്രഹിച്ചയാളും- അടുത്ത കൊല്ലം അയാൾ പാലസ്തീനിലേക്കു പോവുമ്പോൾ ഒപ്പം ചെല്ലാമെന്നൊരു വാഗ്ദാനത്തിന്‌ ഉറപ്പു നല്കുകയും ചെയ്തിരുന്നു നിങ്ങൾ.

ഇനി, അങ്ങനെയൊരു യാത്ര നടത്താമെന്നു തന്നെയാണ്‌ ഇപ്പോഴും നിങ്ങളുടെ ആഗ്രഹ മെങ്കിൽ - പറഞ്ഞതിൽ ഉറച്ചുനില്ക്കുന്നയാളാണു താനെന്നായിരുന്നു അന്നു നിങ്ങളെന്നോടു പറഞ്ഞത്, അതങ്ങനെയല്ലെന്നതിന്റെ ലക്ഷണമൊന്നും ഞാൻ നിങ്ങളിൽ കണ്ടതുമില്ല- പിന്നെ ചെയ്യാനുള്ള ശരിയായ കാര്യം, മാത്രമല്ല അത്യന്താപേക്ഷിതമായ കാര്യം, യാത്രയെക്കുറിച്ചു നാം ഉടനേതന്നെ ചർച്ച ചെയ്തു തുടങ്ങുക എന്നതാണ്‌. കാരണം, നമ്മുടെ ഒഴിവുദിനങ്ങളുടെ ഓരോ മിനുട്ടും നമുക്കുപയോഗപ്പെടുത്തേണ്ടതായി വരും; അത്ര നീണ്ടൊര വധിക്കാലം, ഒരു പാലസ്തീൻ യാത്രയുടെ കാര്യത്തിൽ വിശേഷിച്ചും, നമുക്കു കിട്ടില്ലെന്നു മോർക്കണമല്ലോ; അതിനു പക്ഷേ സാധ്യമായത്ര ശുഷ്കാന്തിയോടെ നാം സ്വയം ഒരുങ്ങണം, എല്ലാ ഒരുക്കങ്ങളും ഇരുവർക്കും സമ്മതമാവുകയും വേണം.

ഒരു സംഗതി എനിക്കേറ്റുപറയാനുണ്ട്, കേൾക്കുമ്പോൾ മോശമാണെങ്കിലും, ഞാനിതേവരെ പറഞ്ഞുകൊണ്ടു വന്നതിനു നിരക്കാത്തതാണെങ്കിലും: കത്തയയ്ക്കുന്ന കാര്യത്തിൽ ഒരു സ്ഥിരത യില്ലാത്തയാളാണു ഞാൻ. ടൈപ്പുറൈറ്റർ കൂടിയില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട; കാരണം എഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാനെങ്കിൽ എഴുത്തു നടത്താനായി വിരൽ ത്തുമ്പുകളുണ്ടാകുമായിരുന്നല്ലോ. മറുവശം പറഞ്ഞാൽ, എഴുതുന്ന ഓരോ കത്തിനും മടക്കത്ത പാലിൽത്തന്നെ മറുപടി കിട്ടിക്കോളുമെന്ന പ്രതീക്ഷയും എനിക്കില്ല; വരും വരുമെന്ന പ്രതീ ക്ഷയോടെ കാത്തിരുന്ന ഒരു കത്ത് ദിവസങ്ങൾ കഴിഞ്ഞും വരാതിരിക്കുമ്പോൾ നിരാശനാകാ റുമില്ല ഞാൻ; ഇനി ഒടുവിൽ അതു വന്നാൽത്തന്നെ ഞാനൊന്നു നടുങ്ങിയെന്നും വരാം. പുതി യൊരു ഷീറ്റു കടലാസ് ടൈപ്പുറൈറ്ററിൽ തിരുകുമ്പോൾ എനിക്കു ബോധ്യമാവുകയാണ്‌, ഉള്ളതിലധികം വിഷമം പിടിച്ച ഒരാളായിട്ടാണ്‌ ഞാൻ സ്വയം വർണ്ണിച്ചതെന്ന്. അങ്ങനെ യൊരു പിശകു ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതെനിക്കു കിട്ടേണ്ടതു തന്നെ; ആറു മണിക്കൂർ ഓഫീസുജോലിയ്ക്കു ശേഷം ഇങ്ങനെയൊരു കത്തെഴുതാൻ ഞാനെന്തിനു തീരുമാനിച്ചു, അതും എനിക്കു പരിചയമില്ലാത്ത ഒരു ടൈപ്പുറൈറ്ററിലും?

എന്നാലും, എന്നാലും- ടൈപ്പുറൈറ്റർ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഒരേയൊരു ദൂഷ്യം പറഞ്ഞുവരുന്നതിന്റെ തുമ്പു പെട്ടെന്നു വിട്ടുപോകും എന്നതാണ്‌ - ഒരു സഹയാത്രികനായി, ഒരു വഴികാട്ടിയായി, ഒരു ബാദ്ധ്യതയായി, ഒരു സ്വേച്ഛാധിപതിയായി, അതുമല്ലെങ്കിൽ ഞാനിനി എന്തായി വരുമോ അതായി എന്നെ തിരഞ്ഞെടുക്കുന്നതിൽ സംശയങ്ങളുയർന്നാലും, പ്രായോഗികമായ സംശയങ്ങളുടെ കാര്യമാണു ഞാൻ പറയുന്നത്, കത്തുകളിലൂടെ സമ്പർക്കം പുലർത്താനൊരാളെന്ന നിലയിൽ എന്നെ കൂട്ടാൻ ( തല്ക്കാലത്തേക്ക് അതിനെക്കുറിച്ചേ ചിന്തിക്കാനുള്ളൂ) മുൻകൂർ തടസ്സവാദങ്ങളൊന്നും നിങ്ങൾക്കുണ്ടാവില്ലെന്നു കരുതട്ടെ; അതിൽ എനിക്കൊരവസരം തന്നു നോക്കുകയുമാവാം.

എത്രയുമാത്മാർത്ഥതയോടെ,
ഡോ. ഫ്രാൻസ് കാഫ്ക

(കാഫ്ക ഫെലിസിനയച്ച ആദ്യത്തെ കത്താണിത്. ഡയറക്റ്റർ ബ്രോഡെന്നു പറഞ്ഞിരിക്കുന്നത് കാഫ്കയുടെ സ്നേഹിതനായ മാക്സ് ബ്രോഡിന്റെ അച്ഛൻ അഡോൾഫ് ബ്രോഡിനെയാണ്‌; അദ്ദേഹം പ്രാഗിലെ യൂണിയൻ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. മാക്സ് ബ്രോഡിന്റെ സഹോദരി സോഫിയുടെ കസിനാണ്‌ ഫെലിസ്.
താലിയായാത്ര എന്നുദ്ദേശിച്ചിരിക്കുന്നത് 1912ലെ വേനല്ക്കാലത്ത് ബ്രോഡും കാഫ്കയും കൂടി ഗെയ്ഥെയുടെ ജന്മസ്ഥലമായ വെയ്മറിലേക്കു നടത്തിയ യാത്രയാവണം.)


1912 നവംബർ 8

പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്,

ഇതു കേൾക്കൂ പ്രിയപ്പെട്ട ഫെലിസ്, രാത്രിയുടെ നിശ്ശബ്ദതയിലാണ്‌ എന്റെ വാക്കുകൾ വ്യക്തമാവുന്നതെന്നെനിക്കു തോന്നുന്നു. ഇന്നുച്ചയ്ക്കെഴുതിയ കത്ത് കത്താണെന്ന കാര്യം മറന്നേക്കൂ; ഒരു മുന്നറിയിപ്പായി നമുക്കതോർമ്മയിൽ വയ്ക്കാം. എന്നു പറഞ്ഞാൽ ശുഭസൂച കമായ ഒരു മുന്നറിയിപ്പ്. ആ കത്തെഴുതിക്കഴിഞ്ഞതിനു ശേഷമുള്ള ഉൾക്കിടിലം ഒരുകാലത്തും എന്റെ ഓമ്മയിൽ നിന്നു മായില്ല, അതെഴുതുമ്പോൾത്തന്നെ പരിതാപകരമായിരുന്നു എന്റെ അവസ്ഥയെങ്കില്ക്കൂടി. സ്വന്തമായിട്ടൊന്നും എഴുതിയില്ലെങ്കിൽ അങ്ങനെയായിപ്പോവുകയാണു ഞാൻ (അതുമാത്രമല്ല കാരണമെന്നു കൂടി പറയട്ടെ). ഞാൻ എനിക്കു വേണ്ടി മാത്രമായി, എന്നെക്കുറിച്ചുദാസീനരോ, എന്റെ പരിചയക്കാരോ, അതുമല്ലെങ്കിൽ എന്റെ സാന്നിദ്ധ്യത്തി ലുള്ളവർക്കോ വേണ്ടി മാത്രമായി ജീവിക്കുന്നിടത്തോളം കാലം, സ്വന്തം ഉദാസീനതയും പരിചയവും അല്ലെങ്കിൽ തങ്ങളുടെ പ്രബലവും ജീവസ്സുറ്റതുമായ സാന്നിദ്ധ്യവും കൊണ്ട് എന്റെ കുറവുകൾ അവർ നികത്തുന്നിടത്തോളം കാലം ഞാനതിനെക്കുറിച്ച് അത്രയ്ക്കങ്ങു ബോധവാനാ വുന്നില്ല. പക്ഷേ ആരോടെങ്കിലും ഒന്നടുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ, ആ ഒരുദ്യമത്തിലേക്ക് ഞാനെന്നെ സമർപ്പിക്കുമ്പോൾ ദുരിതം എനിക്കുറപ്പായിക്കഴിഞ്ഞു. അപ്പോൾ ഞാൻ ഒന്നുമല്ലാ താവുന്നു; ഒന്നുമില്ലായ്മ കൊണ്ട് ഞാനെന്തു ചെയ്യാൻ? കാലത്ത് നിങ്ങളുടെ കത്തു വന്നത് ( ഉച്ചയായപ്പോഴേക്കും അതു മാറിയിരിക്കുന്നു) വേണ്ട സമയത്തു തന്നെയാണെന്നു സമ്മതി ക്കട്ടെ; ആ വാക്കുകൾ തന്നെയാണ്‌ എനിക്കു വേണ്ടിയിരുന്നത്.

പക്ഷേ ഞാൻ പൂർവ്വസ്ഥിതിയിലേക്കെത്തിയിട്ടില്ലെന്ന് ഇപ്പോഴെനിക്കു ബോധ്യമാവുന്നു; എന്റെ എഴുത്തിന്‌ മതിയായ ലാഘവം വന്നിട്ടില്ല; ഈ കത്തു കൂടി നിങ്ങളുടെ നീരസം അർഹിക്കുന്നതു തന്നെ. നമുക്ക് ഉറക്കത്തെ അഭയം പ്രാപിക്കാം, ദൈവങ്ങളെയും.

വിട! ഞാനർഹിക്കുന്നതിലുമധികം കാരുണ്യം എനിക്കാവശ്യമുണ്ട്.

സ്വന്തം ഫ്രാൻസ്.കെ.

1912 നവംബർ 20

പ്രിയപ്പെട്ടവളേ, എനിക്കെത്രയും പ്രിയപ്പെട്ടവളേ, ഇപ്പോൾ സമയം രാത്രി ഒന്നര. ഇന്നു രാവിലത്തെ കത്തിലൂടെ ഞാൻ നിന്റെ ഹൃദയം മുറിപ്പെടുത്തിയോ? ബന്ധുക്കളോടും സുഹൃത്തു ക്കളോടുമുള്ള നിന്റെ ബാധ്യതകളെപ്പറ്റി ഞാനെന്തറിയാൻ? നീ ആ കഷ്ടപ്പാടുകളും കൊണ്ടിരി ക്കുമ്പോഴാണ്‌ അതൊക്കെ ഏറ്റെടുത്തതിന്റെ പേരിൽ എന്റെവക കുറ്റപ്പെടുത്തലുകൾ. ദയവു ചെയ്ത്, പ്രിയപ്പെട്ടവളേ, എനിക്കു മാപ്പു തരൂ! മാപ്പു തന്നിരിക്കുന്നു എന്നതിനു തെളിവായി നീ ഒരു റോസാപ്പൂവയച്ചാൽ മതി. ശരിക്കു പറഞ്ഞാൽ എനിക്കു ക്ഷീണമല്ല, ഒരു മരവിപ്പും ഭാര വുമാണ്‌; എന്തു വാക്കാണ്‌ അതിനുപയോഗിക്കേണ്ടതെന്ന് എനിക്കറിയുന്നുമില്ല. ഇതേ എനിക്കു പറയാനുള്ളു: എന്റെ കൂടെ നില്ക്കുക, എന്നെ വിട്ടു പോകരുത്. ഇനി എന്റെ ഉള്ളിൽ തന്നെയുള്ള എന്റെ ശത്രുക്കളിലൊരാൾ- ഇന്നു രാവിലത്തെപ്പോലെ- നിനക്കു കത്തെഴുതിയാൽ അവനെ വിശ്വസിക്കേണ്ട, അവനെ കണ്ട ഭാവം നടിക്കേണ്ട; നീ നേരെ എന്റെ ഹൃദയത്തി ലേക്കു നോക്കൂ. ജീവിതം അത്ര കഠിനവും ശോകമയവുമായിരിക്കെ എഴുതപ്പെട്ട വാക്കുകൾ കൊണ്ടല്ലാതെ മറ്റേതൊന്നു കൊണ്ടാണൊരാൾ മറ്റൊരാളെ തന്നിലേക്കടുപ്പിച്ചു നിർത്തുക? പിടിച്ചടുപ്പിക്കാനാണു കൈകൾ. പക്ഷേ എന്റെ ഈ കൈ നിന്റെ കൈയിൽ, എനിക്കനു പേക്ഷണീയമായിത്തീർന്ന നിന്റെ കൈയിൽ പിടിച്ചതു മൂന്നേ മൂന്നു നിമിഷങ്ങളിൽ മാത്രം: ഞാൻ മുറിയിൽ കയറിവന്നപ്പോൾ, പാലസ്തീനിലേക്കു കൂടെ വരാമെന്നു നീ വാക്കു തന്നപ്പോൾ, പിന്നെ ഞാൻ, വിഡ്ഡിയായ ഈ ഞാൻ, ലിഫ്റ്റിലേക്കു കയറാൻ നിന്നെ വിട്ടപ്പോൾ.

എന്നാൽ ഞാനിനി നിന്നെയൊന്നു ചുംബിച്ചോട്ടെ? ഈ ദുരിതം പിടിച്ച കടലാസ്സിൽ? ജനാല തുറന്നിട്ട് രാത്രിവായുവിനെ ചുംബിക്കുന്ന പോലെയാണത്.

പ്രിയപ്പെട്ടവളേ, എന്നോടു കോപം തോന്നരുതേ! അതേ ഞാൻ ചോദിക്കുന്നുള്ളു.

1912 നവംബർ 24

പ്രിയപ്പെട്ടവളേ, എത്രയും ജുഗുപ്ത്സാവഹമായ ഈ കഥ* ഞാൻ ഒരിക്കൽക്കൂടി മാറ്റിവയ്ക്കുക യാണ്‌, നിന്നെക്കുറിച്ചോർമ്മിച്ച് എനിക്കൊന്നുന്മേഷവാനാവാൻ. ഇന്നത്തോടെ അതു പാതിയും തീർന്നിരിക്കുന്നു, ആകപ്പാടെ എനിക്കത്ര തൃപ്തിക്കുറവുമില്ല; പക്ഷേ തീരാത്തത്ര ജുഗുപ്ത്സാവഹമാണത്. നോക്കൂ, ഈവകയൊക്കെ പുറത്തുവരുന്നത് നീ കുടിയേറിയ അതേ ഹൃദയത്തിൽ നിന്നു തന്നെയാണ്‌, അസൗകര്യങ്ങൾ സഹിച്ചും നീ താമസിക്കുന്ന അതേ ഹൃദയ ത്തിൽ നിന്ന്. എന്നാൽ അതോർത്തു നീ മനസ്സു വിഷമിപ്പിക്കുകയും വേണ്ട; ആരു കണ്ടു, എഴുതിയെഴുതി വിമോചിതനാവുന്നതോടെ മാലിന്യങ്ങൾ മാറി നിനക്കർഹനായേക്കില്ല ഞാനെന്ന്; ഇനിയും പുറന്തള്ളാൻ എത്രയോ ബാക്കി കിടക്കുന്നുവെന്നതു ശരിയാണെങ്കിലും, ഈ ഇടപാടിന്‌ രാത്രികളുടെ ദൈർഘ്യം മതിയാവുകയില്ലെങ്കിലും?

ഇനി, ഉറങ്ങാൻ പോകുന്നതിനു മുമ്പ്, നിന്റെ ആഗ്രഹമതായതു കൊണ്ട്, അതെളുപ്പമാണെന്നതു കൊണ്ടും, നിന്റെ കാതിൽ ഞാൻ മന്ത്രിക്കട്ടെ, എനിക്കു നിന്നെ എന്തുമാത്രം സ്നേഹമാണെന്ന്. നിന്നെ ഞാനത്രയ്ക്കും സ്നേഹിക്കുന്നു ഫെലിസ്; എനിക്കു നീ സ്വന്തമാവുകയാണെങ്കിൽ ചിരായു സ്സിനു ഞാൻ കൊതിക്കുമായിരുന്നു; പക്ഷേ ഓർക്കുക, ആരോഗ്യമുള്ള ഒരുവനായി, നിനക്കു നിരക്കുന്നവനായി. അതെ, അങ്ങനെയാണത്, നീയതു മനസ്സിലാക്കുകയും വേണം. ചുംബന ത്തെക്കവിഞ്ഞതൊന്നാണത്; അതു ബോദ്ധ്യമാവുമ്പോൾ നിന്റെ കൈയിൽ പതിയെ തലോടു കയല്ലാതെ കാര്യമായി മറ്റൊന്നും ചെയ്യാൻ എനിക്കു ശേഷിക്കുന്നുമില്ല. അതുകൊ ണ്ടാണ്‌ പ്രിയപ്പെട്ടവളേ എന്നല്ലാതെ ഫെലിസ് എന്നു വിളിയ്ക്കാൻ എനിക്കിഷ്ടം; പ്രിയേ എന്ന ല്ലാതെ നീയെന്നും. അതേസമയം കഴിയുന്നത്ര കാര്യങ്ങൾ നിന്നോടു പറയണമെന്നുമെനിക്കു ള്ളതിനാൽ പ്രിയപ്പെട്ടവളേ എന്നു വിളിക്കാനും എനിക്കിഷ്ടം തന്നെ, ഇനി മറ്റെന്തു പേരു വിളിയ്ക്കാനും.
* രൂപാന്തരം

1913 ജനുവരി 19

പ്രിയപ്പെട്ടവളേ, എന്നെ നിന്നിലേക്കെടുക്കൂ, അണച്ചുനിർത്തൂ, ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതേ; ദിവസങ്ങൾ എന്നെ തട്ടിയുരുട്ടുകയാണ്‌; കലർപ്പറ്റ സന്തോഷമെന്നത് നിനക്കൊരിക്കലും എന്നിൽ നിന്നു കിട്ടുകയില്ലെന്നത് നീ മനസ്സിലാക്കണം; കലർപ്പറ്റ യാതനകൾ മാത്രം, അതെത്ര വേണമെങ്കിലും- എന്നാലും എന്നെ പറഞ്ഞയക്കരുതേ. ഞാൻ നിന്നോടു ബന്ധിതനായിക്കിടക്കുന്നത് പ്രേമമൊന്നുകൊണ്ടുമാത്രമല്ല; പ്രേമം അത്രയ്ക്കൊന്നുമില്ല, പ്രേമം വരും, പോകും, പിന്നെയും വരും; പക്ഷേ നിന്റെ സത്തയോട് എന്നെ തളച്ചിട്ടിരിക്കുന്ന എന്റെ ദാഹം എന്നുമുണ്ടാവും; അതുപോലെ, പ്രിയപ്പെട്ടവളേ, നീയുമുണ്ടാവണം...

1917 സെപ്തംബർ 9

പ്രിയപ്പെട്ടവളേ, ഒരൊഴിഞ്ഞുമാറലുമില്ല,പടിപടിയായുള്ള വെളിപ്പെടുത്തലുമില്ല, അതും നിന്നോട്. ഒഴിഞ്ഞുമാറലെന്തെങ്കിലുമുണ്ടായെങ്കിൽ ഇന്നേ ഞാൻ നിനക്കെഴുതുന്നുള്ളു എന്നതു മാത്രം. നിന്റെ മൗനമായിരുന്നില്ല എന്റെ മൗനത്തിനു കാരണം. നിന്റെ മൗനം എന്നെ അത്ഭുതപ്പെടുത്തിയില്ല; എന്നെ അത്ഭുതപ്പെടുത്തിയത് അനുകമ്പയോടെ നീ അയച്ച മറുപടിയാണ്‌. എന്റെ ഒടുവിലത്തെ രണ്ടു കത്തുകൾ, പതിവുരീതിയിലുള്ളതെങ്കിലും, ബീഭത്സമായിരുന്നു; എങ്ങനെ അവയ്ക്കു മറുപടി പറയാൻ, നേരിട്ടായാലും വളച്ചുകെട്ടിയിട്ടായാലും; എനിക്കറിയാം: എഴുതുമ്പോൾ ഉറങ്ങിപ്പോവുകയാണു ഞാൻ; പെട്ടെന്നു തന്നെ ഞാൻ ഞെട്ടിയുണരുന്നുണ്ടെങ്കിലും വൈകിപ്പോയിരിക്കും. അതല്ല എന്റെ സ്വഭാവത്തിലെ ഏറ്റവും മോശപ്പെട്ട ഘടകം എന്നുകൂടി പറയട്ടെ. എന്റെ മൗനത്തിനുള്ള കാരണമിതാ: എന്റെ ഒടുവിലത്തെ കത്തിനു രണ്ടു നാൾ പിമ്പ്, കൃത്യമായി പറഞ്ഞാൽ നാലാഴ്ച മുമ്പ്, രാവിലെ അഞ്ചു മണിയടുപ്പിച്ച് എന്റെ ശ്വാസകോശത്തിൽ നിന്ന് ഒരു രക്തസ്രാവമുണ്ടായി. ഒരുവിധം കടുത്തതുമായിരുന്നു; ഒരു പത്തു മിനുട്ടോ അതിൽ കൂടുതലോ നേരത്തേക്ക് എന്റെ തൊണ്ടയിൽ നിന്നതു കുത്തിയൊലിക്കുകയായിരുന്നു; അതവസാനിക്കുകയില്ലെന്ന് എനിക്കു തോന്നിപ്പോയി. അടുത്ത ദിവസം ഞാൻ ഡോക്ടറെ പോയിക്കണ്ടു; അന്നും പിന്നെ പലപ്പോഴും അദ്ദേഹമെന്നെ പരിശോധിക്കുകയും എക്സ് റേയെടുത്തു നോക്കുകയും ചെയ്തു; അതിനു ശേഷം മാക്സിന്റെ നിർബന്ധം കാരണം ഞാനൊരു സ്പെഷ്യലിസ്റ്റിനെ ചെന്നുകണ്ടു. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെ പറയട്ടെ, എന്റെ രണ്ടു ശ്വാസകോശങ്ങളിലും ക്ഷയരോഗം ബാധിച്ചിരിക്കുന്നു. പെട്ടെന്നൊരു രോഗം വന്നുബാധിച്ചത് എനിക്കൊരു അത്ഭുതമായിരുന്നില്ല; അതുപോലെ ഞാൻ ചോര തുപ്പുന്നതും; വർഷങ്ങളായുള്ള എന്റെ ഉറക്കക്കുറവും തലവേദനകളും ഗുരുതരമായൊരു രോഗത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു; പീഡിതമായ എന്റെ ചോരയ്ക്ക് പൊട്ടിപ്പുറത്തേക്കൊഴുകുകയല്ലാതെ മറ്റൊരു തരമില്ലെന്നുമായി; അതു പക്ഷേ മറ്റൊന്നുമല്ലാതെ ക്ഷയരോഗം തന്നെയാവുക, അതും മുപ്പത്തിനാലാമത്തെ വയസ്സിൽ രാത്രിക്കു രാത്രി എന്നെ വന്നടിച്ചിടുക, കുടുംബത്തിൽ ഇങ്ങനെയൊരു ചരിത്രമില്ലാതിരിക്കുക- അതെന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. ആകട്ടെ, ഇതു കൈയേല്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ; ഒരു കണക്കിന്‌ ചോരയോടൊപ്പം എന്റെ തവേദനകളും ഒഴുകിപ്പോയ പോലെ തോന്നുന്നു. അതിന്റെ ഇപ്പോഴത്തെ ഗതി മുൻകൂട്ടിക്കാണാൻ കഴിയില്ല; ഭാവിയിൽ അതെന്താവുമെന്നുള്ളത് അതിനു മാത്രമറിയുന്ന രഹസ്യവുമാണ്‌; അതിന്റെ ഗതിവേഗം ഒന്നു കുറയ്ക്കാൻ എന്റെ പ്രായം തുണച്ചുവെന്നും വരാം. അടുത്തയാഴ്ച കുറഞ്ഞതൊരു മൂന്നു മാസത്തേക്ക് ഞാൻ നാട്ടുമ്പുറത്തേക്കു പോവുകയാണ്‌, സുറാവുവിൽ (പോസ്റ്റോഫീസ് ഫ്ളോഹൗ) ഓട്ട്ലയുടെ അടുത്ത്; എനിക്കു ജോലിയിൽ നിന്നു പിരിയണമെന്നുണ്ടായിരുന്നു; അങ്ങനെ എന്നെ വിടാതിരിക്കുകയാണ്‌ നല്ലതെന്ന് എന്റെ നന്മയെക്കരുതി അവർ തീരുമാനിച്ചു; കുറച്ചൊക്കെ വികാരഭരിതമായ വിടവാങ്ങൽദൃശ്യങ്ങൾ (ശീലം കൊണ്ടാവാം, എനിക്കതു വേണ്ടെന്നു വയ്ക്കാനായിട്ടില്ല) എന്റെ അപേക്ഷയ്ക്കൊരു തടയായെന്നും വരാം; അങ്ങനെ ഞാനിപ്പോഴും ഒരു സ്ഥിരം ജീവനക്കാരൻ തന്നെ; ശമ്പളമില്ലാത്ത അവധി എനിക്കനുവദിച്ചു കിട്ടുകയും ചെയ്തു. തീർച്ചയായും ഞാൻ ഈ സംഗതിയൊക്കെ ഒരു രഹസ്യമാക്കി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും തല്ക്കാലത്തേക്ക് അച്ഛനമ്മമാരിൽ നിന്ന് ഞാനിതു മറച്ചു വയ്ക്കുകയാണ്‌. ആദ്യം എനിക്കങ്ങനെ തോന്നിയില്ല. പക്ഷേ ഒരു പരീക്ഷണം പോലെ, എനിക്കു ചെറിയൊരു ക്ഷീണം തോന്നുന്നുവെന്നും അതിനാൽ നീണ്ടൊരവധി ചോദിക്കാൻ പോവുകയാണെന്നും അമ്മയോടു വെറുതേയൊന്നു സൂചിപ്പിച്ചപ്പോൾ അതിൽ വിശേഷിച്ചൊന്നുമില്ലാത്തതുപോലെയാണ്‌ അമ്മയതിനെ കണ്ടത്; അമ്മയ്ക്ക് ഒരു സംശയവും ഉണ്ടായതുമില്ല ( അമ്മയാകട്ടെ, എത്രയും ചെറുതായൊരു സൂചന നല്കിയാൽ അനന്തകാലം എനിക്കവധി നല്കാൻ തയ്യാറുമാണ്‌) ; അതു കണ്ടപ്പോൾ ഞാനതങ്ങനെ വിട്ടു; അച്ഛന്റെ കാര്യത്തിലും സംഗതി ഇപ്പോൾ നില്ക്കുന്നത് ഈ അവസ്ഥയിലാണ്‌.

അപ്പോൾ കഴിഞ്ഞ നാലാഴ്ചയായി, ശരിക്കു പറഞ്ഞാൽ ഒരാഴ്ചയായി (കൃത്യമായ പരിശോധന നടന്നത് അതിനു മുമ്പല്ലോ) ഞാൻ കൊണ്ടുനടക്കുന്ന രഹസ്യം ഇതായിരുന്നു. ‘പ്രിയപ്പെട്ട പാവം ഫെലിസ്’- അതായിരുന്നു ഞാൻ ഒടുവിലെഴുതിയ വാക്കുകൾ; ഇനിയുള്ള എന്റെ എല്ലാ കത്തുകൾക്കും ഇതായിരിക്കുമോ അന്ത്യവാക്യം? ഈ കത്തി നേരേ വന്നു കുത്തുക മാത്രമല്ല, തിരിഞ്ഞുവന്ന് പുറത്തു കുത്തുകയും ചെയ്യുന്ന തരമാണ്‌.

ഫ്രാൻസ്

ഒടുവിലായി, ഞാനിപ്പോൾ വല്ലാതെ ക്ളേശിക്കുകയാണെന്നു നിനക്കു തോന്നാതിരിക്കാനുമായി: അങ്ങനെയല്ല. അന്നു രാത്രി മുതൽ ഞാൻ ചുമയ്ക്കുന്നുണ്ടെന്നതു ശരി തന്നെ, എന്നാലും അത്ര മോശമെന്നു പറയാനില്ല. ചിലപ്പോൾ നേരിയ പനി വരാറുണ്ട്, ചിലപ്പോൾ രാത്രിയിൽ ഒന്നു വിയർത്തെന്നും ശ്വാസം മുട്ടൽ പോലെ വന്നുവെന്നും വരും; അതൊഴിവാക്കിയാൽ കഴിഞ്ഞ കുറേക്കൊല്ലങ്ങൾ കൂടി എന്റെ ആരോഗ്യം നല്ല നിലയിലാണെന്നു പറയാം. തലവേദനകൾ ഒഴിഞ്ഞുപോയിരിക്കുന്നു; അന്നത്തെ അഞ്ചു മണിക്കു ശേഷം പണ്ടത്തേതിനെക്കാൾ നല്ല ഉറക്കവും കിട്ടുന്നുണ്ട്. എന്തായാലും അതു വരെ എന്നെ അലട്ടിയത് തലവേദനകളും ഉറക്കക്കുറവുമായിരുന്നല്ലോ.

(തനിക്കു ക്ഷയരോഗമാണെന്നു സ്ഥിരീകരിച്ചതിനു ശേഷം കാഫ്ക ഫെലിസിനെഴുതിയ കത്ത്)

Milena_Jesenská



മിലേനയ്ക്ക്



മിലേന ജസെൻസ്ക (1896-1944) - ചെക്ക് പത്രപ്രവർത്തകയും വിവർത്തകയും. കാഫ്കയുടെ കഥകൾ ആദ്യമായി ചെക്കുഭാഷയിലേക്ക്, മറ്റൊരു ഭാഷയിലേക്കു തന്നെ, ആദ്യമായി വിവർത്തനം ചെയ്യുന്നത് മിലേനയാണ്‌. ഗ്രന്ഥകാരന്റെ അനുവാദം ചോദിച്ചുകൊണ്ടു തുടങ്ങിയ കത്തിടപാട് വികാരതീവ്രമായ ഒരു ബന്ധത്തിലേക്കു നയിച്ചു. വിയന്നയിൽ അവർ നാലു ദിവസം ഒരുമിച്ചുകഴിയുകയും ചെയ്തു. 1920ൽ ആ ബന്ധം പെട്ടെന്നവസാനിച്ചു. 1939ൽ ഗെസ്റ്റപ്പോ അറസ്റ്റു ചെയ്ത മിലേന 1944ൽ റാവൻസ്ബ്രക്കിലെ നാസി ക്യാമ്പിൽ വച്ച് വൃക്കരോഗം മൂർച്ഛിച്ചു മരിച്ചു.

1920 സെപ്തംബർ

ഇന്നലെ ഞാൻ നിന്നെ സ്വപ്നം കണ്ടു.എനിക്കതിന്റെ വിശദാംശങ്ങൾ വലിയ ഓർമ്മയില്ല; പക്ഷേ ഒരാൾ മറ്റൊരാളിൽ നിരന്തരം വിലയിച്ചുകൊണ്ടിരുന്നു എന്നു ഞാനോർക്കുന്നു. ഞാൻ നീയായി, നീ ഞാനായി. ഒടുവിൽ എങ്ങനെയോ നിനക്കു തീ പിടിച്ചു. തുണി കൊണ്ടു പൊതിഞ്ഞ് തീ കെടുത്താമെന്ന് ഓർമ്മ വന്ന ഞാൻ ഒരു പഴയ കോട്ടെടുത്ത് നിന്നെ തല്ലാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും നമ്മുടെ രൂപപരിണാമങ്ങൾ വീണ്ടും തുടങ്ങുകയും നീ അദൃശ്യയാവുന്നിടത്തോളം അതു നീണ്ടുപോവുകയും ചെയ്തു. ഇപ്പോൾ തീ പിടിച്ചിരിക്കുന്നത് എനിക്കാണ്‌, കോട്ടു കൊണ്ട് തീ തല്ലിക്കെടുത്താൻ നോക്കുന്നതും ഞാൻ തന്നെ. അതു കൊണ്ടു പക്ഷേ, ഫലമുണ്ടായില്ല; അത്തരം കാര്യങ്ങൾ കൊണ്ട് തീയ്ക്ക് ഒരു ചേതവും വരാനില്ലെന്ന എന്റെ പഴയ പേടിയ്ക്ക് അതൊരു സ്ഥിരീകരണമായി എന്നു മാത്രം. ഈ നേരമായപ്പോഴേക്കും അഗ്നിശമനസേന വന്നെത്തുകയും നിന്നെ എങ്ങനെയോ രക്ഷപ്പെടുത്തുകയും ചെയ്തു. പക്ഷേ പണ്ടത്തേതിൽ നിന്നു വ്യത്യസ്തയായിരുന്നു നീ, ഒരു പ്രേതത്തെപ്പോലെ, ഇരുട്ടിൽ ചോക്കു കൊണ്ടു വരച്ചപോലെ; ജീവനില്ലാതെ നീ എന്റെ കൈകളിലേക്കു വന്നുവീണു, അതല്ലെങ്കിൽ ജീവൻ തിരിച്ചുകിട്ടിയതിന്റെ സന്തോഷം കൊണ്ട് നീ മോഹാലസ്യപ്പെട്ടതാണെന്നും വരാം. പക്ഷേ ഇവിടെയും അ രൂപപരിണാമം കടന്നുവന്നു: മറ്റാരുടെയോ കൈകളിലേക്കു വീണതു ഞാനായിരിക്കാം.

1922 മാര്‍ച്ച്

...ഞാൻ നിങ്ങൾക്കൊരു കത്തയച്ചിട്ട്‌ ഏറെനാളുകൾ കഴിഞ്ഞിരിക്കുന്നല്ലോ, ഫ്രൗ മിലേന; ഇന്ന്‍ ഈ കത്തയക്കുന്നതു തന്നെ യാദൃച്ഛികമായിട്ടാണ്. ശരിക്കു പറഞ്ഞാൽ, കത്തെഴുതാത്തതിന്റെ പേരിൽ ഇങ്ങനെയൊരു ക്ഷമാപണത്തിന്റെ ആവശ്യം തന്നെയില്ല; കത്തെഴുന്നത്‌ എനിക്കെത്ര വെറുപ്പുള്ള കാര്യമാണെന്ന് നിങ്ങൾക്കു നന്നായിട്ടറിയാവുന്നതാണല്ലോ. എന്റെ ജീവിതത്തിലെ സകല നിർഭാഗ്യങ്ങൾക്കും കാരണം- പരാതിപ്പെടുകയല്ല ഞാൻ, എല്ലാവർക്കും ഗുണപാഠമാകുന്ന ഒരഭിപ്രായം നടത്തുന്നുവെന്നേയുള്ളു- കത്തുകളോ, ഞാനെഴുതിയേക്കാവുന്ന കത്തുകളോ ആയിരുന്നു. മനുഷ്യർ ഇതേവരെ എന്നെ ചതിച്ചിട്ടില്ലെന്നു തന്നെ പറയാം, പക്ഷേ കത്തുകൾ എപ്പോഴുമെന്നെ ചതിക്കുകയാണ്‌- അക്കാര്യത്തിൽ അന്യരുടെ കത്തുകളെന്നോ, എന്റെ കത്തുകളെന്നോ ഉള്ള ഭേദമില്ലെന്നും പറയേണ്ടിയിരിക്കുന്നു. എന്റെ കാര്യത്തിൽ വിശേഷിച്ചുള്ളൊരു നിർഭാഗ്യം തന്നെയായിരുന്നു അത്‌; അതിനെക്കുറിച്ച്‌ ഞാനിനി അധികമൊന്നും പറയുന്നില്ല; പക്ഷേ ഇതൊരു പൊതുനടപ്പാണെന്നും പറയട്ടെ. കത്തെഴുതുക എന്നത്‌ അത്ര അനായാസമായ ഒരു സാധ്യതയാണെന്നു വന്നതോടെ- സൈദ്ധാന്തികമായി നോക്കുമ്പോൾ- ആത്മാക്കളുടെ ഭയാനകമായ ഒരപചയം ഈ ലോകത്തു കടന്നുവന്നിട്ടുണ്ടാവണം. യഥാർത്ഥത്തിലത്‌ പ്രേതങ്ങൾ തമ്മിലുള്ള ഒരു വ്യവഹാരമത്രെ; കത്തു കിട്ടുന്നയാളിന്റെ പ്രേതവുമായിട്ടു മാത്രമല്ല, താനെഴുതുന്ന കത്തിന്റെ വരികൾക്കിടയിലൂടെ വളരുന്ന സ്വന്തം പ്രേതവുമായിട്ടുകൂടിയുള്ള ഒരിടപാട്‌; കത്തുകൾ തുടർച്ചയായിട്ടെഴുതുന്നയാളാണെങ്കിൽ അത്രയ്ക്കു കൃത്യവുമാണത്‌; ഇവിടെ ഓരോ കത്തും മറ്റൊരു കത്തിനെ സാധൂകരിക്കാനുണ്ടാവും, സാക്ഷ്യം നിൽക്കാനും മറ്റൊന്നുണ്ടാവും.  കത്തു വഴി മനുഷ്യർക്കു തമ്മിൽത്തമ്മിൽ ബന്ധപ്പെടാമെന്ന ആശയം എങ്ങനെയുണ്ടായോ ആവോ! അകലത്തുള്ള ഒരാളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാം; അടുത്തുള്ള ഒരാളാണെങ്കിൽ കടന്നുപിടിക്കുകയും ചെയ്യാം- മനുഷ്യന്റെ ബലം കൊണ്ട്‌ ഇതിനപ്പുറമൊന്നും സാധ്യമേയല്ല. കത്തെഴുതുക എന്നാൽ പ്രേതങ്ങൾക്കു മുന്നിൽ സ്വയം നഗ്നനാവുക എന്നാണർത്ഥം; അതിനായിത്തന്നെ ആർത്തി പിടിച്ചു കാത്തിരിക്കുകയുമാണവ. എഴുതിയയച്ച ചുംബനങ്ങൾ ഒരിക്കലും ലക്ഷ്യം കാണാറില്ല, വഴിയിൽ വച്ച് അവയെ കുടിച്ചുവറ്റിക്കുകയാണു പ്രേതങ്ങൾ. സമൃദ്ധമായ ആ തീറ്റയിന്മേലാണ്‌ അവ പെറ്റുപെരുകുന്നതും. മനുഷ്യരാശി അതു കണ്ടറിയുന്നുണ്ട്‌, അതിനെതിരെ പൊരുതുന്നുണ്ട്‌; മനുഷ്യർക്കിടയിലെ ആ പ്രേതസാന്നിദ്ധ്യത്തെ കഴിയുന്നത്ര നിർമ്മാർജ്ജനം ചെയ്യാനും, സ്വാഭാവികമായ ഒരിടപെടൽ, ആത്മശാന്തി, സൃഷ്ടിക്കാനുമായി അതു റയിൽവേ കണ്ടുപിടിച്ചിരിക്കുന്നു, മോട്ടോർക്കാറും വിമാനവും കണ്ടുപിടിച്ചിരിക്കുന്നു. പക്ഷേ അതു കൊണ്ടിനി പ്രയോജനമില്ല, കാരണം, തകർച്ചയുടെ വക്കത്തെത്തി നിൽക്കുമ്പോൾ കണ്ടെത്തിയ ഉപായങ്ങളാണവ. കൂടുതൽ കരളുറപ്പും ശേഷിയുമുള്ളതാണു മറുകക്ഷി; തപാലിനു ശേഷം അവർ ടെലഗ്രാഫ്‌ കണ്ടുപിടിച്ചു, ടെലഫോൺ കണ്ടുപിടിച്ചു, റേഡിയോഗ്രാഫ്‌ കണ്ടുപിടിച്ചു. പ്രേതങ്ങൾക്കു പട്ടിണി കിടക്കേണ്ടിവരില്ല, പക്ഷേ നമ്മൾ തുലഞ്ഞുപോകും.

പ്രണയലേഖനങ്ങള്‍ (32)- ഷില്ലെർ

schiller



ജർമ്മൻ കവിയും നാടകകൃത്തും ചരിത്രകാരനും വിവർത്തകനുമായ യൊഹാൻ ക്രിസ്റ്റോഫ് ഫ്രീഡ്രിക് വോൺ ഷില്ലെർ Johann Christoph Friedrich von Schiller (1759-1805) ഷാർലോട്ടെ (Charlotte von Lengefeld)യെ ആദ്യമായി കാണുന്നത് 1785ലാണ്‌; അന്ന് അവരുടെ സഹോദരി കരോലീനെയും ഒപ്പമുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട കത്തെഴുത്തിൽ പിന്നെ 1790 ഫെബ്രുവരിയിൽ അവർ വിവാഹിതരായി. അവർക്ക് നാലു കുട്ടികളുണ്ടായി. ജീവിതകാലം മുഴുവൻ അനാരോഗ്യവാനായിരുന്ന ഷില്ലെർ 1805ൽ മരിച്ചു; 20 കൊല്ലം കഴിഞ്ഞ് ഷാർലോട്ടെയും. വിവാഹത്തിന്‌ ഏഴു മാസം മുമ്പെഴുതിയതാണ്‌ ഈ കത്ത്; തനിക്കു വേണ്ടി സംസാരിക്കാൻ ഷില്ലെർ കരോലീനെയുടെ സഹായം തേടിയിട്ടുണ്ടാവണം, അനുകൂലമായ ഒരു പ്രതികരണം ലോട്ടെയിൽ നിന്നു ലഭിച്ചിട്ടുമുണ്ടാവണം.



1789 ആഗസ്റ്റ് 3

ഞാൻ കേട്ടത് സത്യമാണോ, പ്രിയപ്പെട്ട ലോട്ടെ? കരോലീനെ നിന്റെ ആത്മാവ് വായിച്ചെടുത്തിരിക്കുന്നുവെന്നും ഞാൻ ചോദിക്കാൻ പേടിച്ച ചോദ്യത്തിന്‌ നിന്റെ ഹൃദയത്തിന്റെ മറുപടിയാണ്‌ അവൾ പറഞ്ഞതെന്നും എനിക്കാശിക്കാമോ? നാം പരിചയപ്പെട്ട ഇത്രയും കാലം എനിക്കു മറച്ചു പിടിക്കേണ്ടി വന്ന ഈ രഹസ്യം എനിക്കെത്ര ദുർവഹമായിരുന്നുവെന്നോ! നാം ഒരുമിച്ചുണ്ടായിരുന്ന ആ കാലത്ത് അതു തുറന്നു പറയുക എന്ന ഉദ്ദേശ്യത്തോടെ ധൈര്യം സംഭരിച്ചുകൊണ്ട് പലപ്പോഴും ഞാൻ നിന്റെയടുക്കൽ വന്നിരുന്നു. അപ്പോഴൊക്കെ അധൈര്യം എന്നെ കീഴടക്കുകയായിരുന്നു. എന്റെ ആഗ്രഹത്തിൽ സ്വാർത്ഥതയാണ്‌ മറഞ്ഞുകിടക്കുന്നതെന്ന് ഞാൻ കരുതി; സ്വന്തം സന്തോഷം മാത്രമേ ഞാൻ കാണുന്നുള്ളുവെന്ന് ഞാൻ പേടിച്ചു; ആ ചിന്തയാണ്‌ എന്നെ പിന്നോട്ടടിച്ചത്. നീ എനിക്കെന്താണോ, അതു നിനക്കാവാൻ എനിക്കു കഴിയാതെ വന്നാൽ ഞാനനുഭവിക്കുന്ന യാതന നിന്നെ വേദനിപ്പിക്കുമായിരുന്നു; ആ തുറന്നുപറച്ചിൽ കാരണം നമ്മുടെ സൗഹൃദത്തിനടിയിലുള്ള അതിമനോഹരമായ ഹൃദയൈക്യം തകരുമായിരുന്നു. അന്നെനിക്കു കിട്ടിയിരുന്ന നിന്റെ സഹോദരസ്നേഹവും എനിക്കു നഷ്ടപ്പെടുമായിരുന്നു. എന്നാൽ എന്റെ ആശകൾ പിന്നെയും പിടഞ്ഞെഴുന്നേല്ക്കുന്ന ചില നിമിഷങ്ങളുണ്ടായിരുന്നു; നമുക്കന്യോന്യം നല്കാനാകുന്ന സന്തോഷം മറ്റേതു പരിഗണനകളേയും തുച്ഛമാക്കുന്നതായി ആ നിമിഷങ്ങളിൽ എനിക്കു തോന്നും; മറ്റെന്തും അതിനടിയറ വയ്ക്കുന്നതാണ്‌ കുലീനത എന്നുപോലും ഞാൻ ചിന്തിച്ചു. ഞാൻ കൂടാതെ നിനക്കു സന്തോഷവതിയാവാനായെന്നു വരാം- എന്നാൽ ഞാൻ കാരണം നീ അസന്തുഷ്ടയാവില്ല. ആ ചിന്ത എന്നിൽ ജീവനെടുത്തു നിന്നിരുന്നു- ഞാൻ എന്റെ പ്രതീക്ഷകൾ കെട്ടിപ്പൊക്കിയതും അതിന്മേലായിരുന്നു.

നിനക്കു നിന്നെ മറ്റൊരാൾക്കു സമർപ്പിക്കാം; എന്നാൽ എന്റേതിനെക്കാൾ നിർമ്മലവും പൂർണ്ണവുമായ ഒരു സ്നേഹം നിനക്കു നല്കാൻ മറ്റൊരാൾക്കുമാവില്ല. മറ്റൊരാൾക്കും നിന്റെ സന്തോഷം ഇത്ര പാവനമാവില്ല, എനിക്കെന്നപോലെ, എന്നുമെന്നപോലെ. എന്റെ ജീവിതമാകെ, ജീവനുള്ളതായി എന്നിലുള്ളതെല്ലാം, എല്ലാം എത്രയും പ്രിയപ്പെട്ടവളേ, നിനക്കു ഞാനർപ്പിക്കുന്നു; ഉത്കൃഷ്ടനാവാൻ ഞാൻ ശ്രമിക്കുന്നുവെങ്കിൽ അത് അത്രയ്ക്കു നിനക്കു ഞാനർഹനാവാൻ വേണ്ടിയാണ്‌, അത്രയ്ക്കു നിന്നെ സന്തോഷവതിയാക്കാൻ വേണ്ടിയാണ്‌. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മനോഹരവും അനശ്വരവുമായ ബന്ധനത്തിൽ പെടുമ്പോഴാണ്‌ ആത്മാവുകൾ ഉത്കൃഷ്ടമാവുക. നമ്മുടെ സൗഹൃദവും സ്നേഹവും അവയ്ക്കു നാം ആധാരമാക്കുന്ന വികാരങ്ങൾ പോലെതന്നെ നിത്യവും അനശ്വരവുമാകുന്നു.

ഇനി, നിന്റെ ഹൃദയത്തിനു തടയിടുന്ന സർവതും മറക്കുക, നിന്റെ മനോവികാരങ്ങളെ സ്വയം സംസാരിക്കാൻ വിടുക. കരോലിനെ എനിക്കു തന്ന പ്രതീക്ഷയ്ക്ക് നീ ഉറപ്പു നല്കുക. നീ എന്റേതാവുമെന്നും എന്റെ സന്തോഷത്തിനായി ഒരു ത്യാഗവും നിനക്കു സഹിക്കേണ്ടി വരില്ലെന്നും എന്നോടു പറയുക. അതു നീ ഉറപ്പു നല്കുക, ഒരേയൊരു വാക്കു മതി അതിന്‌. നമ്മുടെ ഹൃദയങ്ങൾ തമ്മിൽ അടുത്തിട്ട് വളരെക്കാലമായിരിക്കുന്നു. അവ തമ്മിൽ ലയിക്കുന്നതിനു തടസ്സമായി കിടക്കുന്ന ആ ഒരു ബാഹ്യവസ്തു ഇനി മറഞ്ഞുപോകട്ടെ; നമ്മുടെ ആത്മാവുകളുടെ സ്വതന്ത്രവേഴ്ചയ്ക്ക് യാതൊന്നും, യാതൊന്നും ശല്യമായിക്കൂടാ. വിട, പ്രിയപ്പെട്ട ലോട്ടേ! പ്രശാന്തമായ ഒരു നിമിഷത്തിനായി ഞാൻ കൊതിക്കുന്നു; ഒരാഗ്രഹം മാത്രം ഹൃദയത്തിൽ കുടി കൊണ്ടിരുന്ന ആ ആ ദീഘകാലത്ത് എന്നെ സന്തുഷ്ടനാക്കുകയും പിന്നെ അസന്തുഷ്ടനാക്കുകയും ചെയ്ത വികാരങ്ങൾ നിനക്കായി എനിക്കു വിവരിക്കണം...എന്റെ മനശ്ശല്യത്തെ എന്നെന്നേക്കുമായി ദൂരീകരിക്കാൻ ഇനിയും വൈകരുതേ; എന്റെ ജീവിതാനന്ദങ്ങളാകെ ഞാൻ നിന്റെ കൈയിൽ വച്ചുതരുന്നു...വിട, എനിക്കേറ്റവും വേണ്ടപ്പെട്ടവളേ!

2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

പ്രണയലേഖനങ്ങള്‍ (31)- പെസ്സൊവ

pessoa ophelia

ഫെർണാണ്ടോ പെസ്സൊവ ഒരു സ്ത്രീയ്ക്കു മാത്രമേ പ്രണയലേഖനങ്ങൾ അയച്ചിട്ടുള്ളു. ഒഫീലിയ കെയ്റോസ് എന്നാണ്‌ അവരുടെ പേര്‌. പെസ്സൊവ പരിഭാഷകനായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സെക്രട്ടറിയായിരുന്നു ഒഫീലിയ. അവർക്കന്ന് പത്തൊമ്പതു വയസ്സായിരുന്നു; പെസ്സൊവയ്ക്ക് മുപ്പത്തൊന്നും. 1920 ജനുവരി 22നാണ്‌ തങ്ങൾ ആദ്യമായി ചുംബിച്ചതെന്ന് എഴുപതുകാരിയായ ഒഫീലിയ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. അന്ന് പവർ കട്ട് കാരണം അവർ രണ്ടു പേരൊഴികെ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. ഒഫീലിയ കോട്ടിടുമ്പോഴാണ്‌ പെസ്സൊവ ഒരു മെഴുകുതിരിയുമായി അടുത്തു ചെന്ന് ഹാംലെറ്റിലെ ചില വരികൾ ചൊല്ലിക്കൊണ്ട് വളരെ നാടകീയമായി തന്റെ പ്രണയം പ്രഖ്യാപിക്കുന്നത്; ‘ഒരു ഭ്രാന്തനെപ്പോലെ’ അദ്ദേഹം തന്നെ ചുംബിച്ചുവെന്നും അവർ പറയുന്നു. പക്ഷേ തുടർന്നുവന്ന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പെരുമാറ്റം അടുപ്പത്തിനും അകലത്തിനുമിടയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. പരിഭ്രാന്തയായ ഒഫീലിയ ഫെബ്രുവരി 28നെഴുതിയ കത്തിൽ എന്താണദ്ദേഹത്തിന്റെ മനസ്സിലിരുപ്പെന്നതിന്‌ എഴുതിത്തയാറാക്കിയ ഒരു രേഖ വേണമെന്ന് ആവശ്യപ്പെട്ടു. കാരണം താൻ ചെയ്യാൻ പോകുന്ന ‘ത്യാഗ’ത്തിനു മതിയായത്ര ആത്മാർത്ഥവും ശക്തവുമാണോ അദ്ദേഹത്തിന്റെ പ്രണയം എന്ന് അവർക്കു സംശയം തോന്നിപ്പോയി; അവരാകട്ടെ, അദ്ദേഹത്തെക്കാൾ ചെറുപ്പമായ, തനിക്കു ശോഭനമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്ന ഒരു ചെറുപ്പക്കാരനുമായുള്ള ബന്ധം ഉപേക്ഷിച്ചു വേണം പെസ്സൊവയുമായുള്ള ബന്ധം തുടരാൻ. പെസ്സൊവയുടെ മറുപടി 1920 മാർച്ച് ഒന്നിനാണ്‌:


ഒഫീലിയ:

നിനക്കെന്നോടുള്ള അവജ്ഞ, അല്ലെങ്കിൽ പരമമായ ഉദാസീനത പ്രകടിപ്പിക്കാൻ  ഇത്ര നീണ്ടൊരു പ്രബന്ധത്തിന്റെ ആവശ്യമില്ലായിരുന്നു; ഉള്ളിലാരെന്നറിയുന്ന വെറുമൊരു പ്രച്ഛന്നവേഷമായിപ്പോയി അത്. നീ എഴുതിത്തയാറാക്കിയ ‘കാരണങ്ങ’ളാവട്ടെ, വിശ്വസിപ്പിക്കാൻ മതിയാവില്ലെന്ന പോലെ ആത്മാർത്ഥതയില്ലാത്തതുമായിരുന്നു. നിനക്കതെന്നോടു പറഞ്ഞാൽ മതിയായിരുന്നു. നീ പറയുന്നതെനിക്കു മനസ്സിലാകുമായിരുന്നു; പക്ഷേ ഇപ്പോൾ നീ തിരഞ്ഞെടുത്ത വഴി എന്നെ കൂടുതൽ വേദനിപ്പിക്കുന്നതായി.
നിന്റെ പിന്നാലെ കൂടിയ ആ ചെറുപ്പക്കാരനോട് നിനക്കു സ്നേഹം തോന്നുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല; അതിനാൽ നീ എന്നെക്കാൾ അവനെ ഇഷ്ടപ്പെടുന്നതിൽ എനിക്കെന്തിനു നിന്നോടു വിരോധം തോന്നണം? തനിക്കു വേണ്ടയാളെ ഇഷ്ടപ്പെടുക എന്നത് നിന്റെ അവകാശമാണ്‌; നീ എന്നെ പ്രേമിക്കണമെന്നത് നിന്റെ ബാദ്ധ്യതയാണെന്നു ഞാൻ പറയുകയുമില്ല. അങ്ങനെ അഭിനയിക്കേണ്ട ആവശ്യവുമില്ല (നിനക്കതു രസമായി തോന്നുകയാണെങ്കിലല്ലാതെ.)

യഥാർത്ഥമായി പ്രേമിക്കുന്നവർ വക്കീലന്മാരുടെ ഹർജികൾ പോലുള്ള കത്തുകൾ എഴുതില്ല. പ്രണയം കാര്യങ്ങളെ അത്ര സൂക്ഷ്മമായി പരിശോധിക്കുന്നില്ല, വിചാരണ ചെയ്യേണ്ട എതിർകക്ഷികളോടെന്ന പോലെ മറ്റുള്ളവരോടു പെരുമാറുകയുമില്ല.

നിനക്കെന്തുകൊണ്ടെന്നോടു തുറന്നു പറഞ്ഞുകൂടാ? നിനക്ക് (എന്നല്ല ആർക്കും) ഒരുപദ്രവവും ചെയ്യാത്ത ഒരു മനുഷ്യനെ എന്തിനിങ്ങനെ നീ പീഡിപ്പിക്കണം? വിഷാദപൂർണ്ണവും ഏകാന്തവുമായ ഒരു ജീവിതത്തിന്റെ ഭാരം തന്നെ താങ്ങാനാവാതെ നില്ക്കുന്ന ഒരാൾക്കു മേൽ നടക്കാത്ത മോഹങ്ങളുടെയും ഇല്ലാത്ത സ്നേഹത്തിന്റെയും അധികഭാരം എന്തിനു കയറ്റിവയ്ക്കണം? എന്നെ വിഡ്ഢിയാക്കുന്നതിൽ നിന്നു കിട്ടുന്ന നിർദ്ദോഷമല്ലാത്ത ആനന്ദമല്ലാതെ മറ്റെന്താണു നിനക്കതിൽ നിന്നു കിട്ടുക?
എല്ലാം കൂടി ഇതൊരു ഹാസ്യനാടകമാകുന്നുണ്ടെന്ന് എനിക്കു ബോദ്ധ്യമായിരിക്കുന്നു, അതിലെ ഏറ്റവും വലിയ ഹാസ്യനടൻ ഞാനാണെന്നും.
ഞാൻ ഇതെല്ലാം ഒരു തമാശയായിട്ടെടുക്കുമായിരുന്നു, ഞാൻ നിന്നെ ഇത്രയധികം സ്നേഹിച്ചിരുന്നില്ലെങ്കിൽ, നീ എന്നിലേല്പിക്കുന്ന വേദനയെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാൻ എനിക്കു സമയമുണ്ടായിരുന്നെങ്കിൽ. ഈ ദണ്ഡനത്തിനർഹനാവാൻ നിന്നെ സ്നേഹിച്ചു എന്നതല്ലാതെ മറ്റെന്താണു ഞാൻ ചെയ്തത്? അതു മതിയായ കാരണമായി ഞാൻ കാണുന്നതുമില്ല. അതെന്തുമാകട്ടെ...

ഇതാ, നീ ആവശ്യപ്പെട്ട ആ ‘രേഖ.’ നോട്ടറി യൂജെനിയോ സിൽവ എന്റെ ഒപ്പ് സാക്ഷ്യപ്പെടുത്തും.

ഫെർണാണ്ടോ പെസ്സൊവ


ഇങ്ങനെ തുടങ്ങിയ ആ കത്തിടപാടിന്റെ ആദ്യഘട്ടം ഒമ്പതു മാസം നീണ്ടുനിന്നു. ഒഫീലിയയോട് തനിക്കുള്ള തീവ്രാനുരാഗവും ലൈംഗികാഭിലാഷവും സംശയത്തിനിടയില്ലാത്ത വിധം ശക്തമായ വാക്കുകളിൽ അദ്ദേഹം തുറന്നുപറയുന്നുണ്ട്. “ഒരു ചുംബനം, ഒരേയൊരെണ്ണം, ഈ ലോകമുള്ള കാലത്തോളം നീണ്ടുനില്ക്കുന്നതൊന്ന്, എന്നും നിന്റെയായ ഒരാളിൽ നിന്ന്.” പക്ഷേ ഇവിടെ സംസാരിക്കുന്നത് പെസ്സൊവയാണോ അദ്ദേഹത്തിന്റെ അപരവ്യക്തിത്വങ്ങളിൽ ഒന്നാണോ എന്നതാണ്‌ നമുക്കു സംശയിക്കാനുള്ളത്! 1920 ഒക്ടോബർ 15നെഴുതിയ ഒരു കത്തിൽ താൻ അൽവാരോ ദെ കാമ്പോയായി മാറിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നുമുണ്ട്.
1920 നവംബർ 29
പ്രിയപ്പെട്ട ഒഫീലിയ:
കത്തിനു നന്ദി. അതെന്നെ ആശ്വസിപ്പിച്ചതിനൊപ്പം തന്നെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. ദുഃഖിപ്പിച്ചത് ഈ തരം കാര്യങ്ങൾ ദുഃഖങ്ങളേ കൊണ്ടുവരാറുള്ളു എന്നതിനാൽ. ആശ്വസിപ്പിച്ചത് യഥാർത്ഥത്തിൽ ഇങ്ങനെയൊരു പരിഹാരമേയുള്ളു എന്നതിനാൽ- എന്റെയോ നിന്റെയോ ഭാഗത്തു നിന്നുള്ള പ്രേമം കൊണ്ടു ന്യായീകരിക്കാനാവാതായിക്കഴിഞ്ഞ ഒരവസ്ഥയെ ഇനി നീട്ടിക്കൊണ്ടു പോകാതിരിക്കുക. എനിക്കു നിന്നോടുള്ള ശാശ്വതമായ മതിപ്പും ദൃഢതരമായ സൗഹൃദവും എന്റെ ഭാഗത്തു ശേഷിക്കുന്നുണ്ടാവും. അത്രയെങ്കിലും സമ്മതിക്കുന്നതിൽ നിനക്കു വിരോധമുണ്ടാവില്ലല്ലോ, അല്ലേ?



ഇങ്ങനെയൊക്കെ ആയതിന്റെ പേരിൽ നിന്നെയോ എന്നെയോ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. അതിനു വിധിയെ മാത്രമേ കുറ്റപ്പെടുത്താനുള്ളു, കുറ്റമാരോപിക്കാവുന്ന ഒരു വ്യക്തിയാണ്‌ വിധി എന്നുണ്ടെങ്കിൽ.


മുടി വെളുപ്പിക്കുകയും മുഖത്തു ചുളി വീഴ്ത്തുകയും ചെയ്യുന്ന കാലം അതിനെക്കാൾ വേഗത്തിൽ തീക്ഷ്ണവികാരങ്ങളെ ശോഷിപ്പിക്കുകയും ചെയ്യുന്നു. മിക്കവരും, ബുദ്ധിശൂന്യരാണവരെന്നതിനാൽ, ഇതു ശ്രദ്ധിക്കാറു പോലുമില്ല; പ്രേമം ഒരു ശീലമായിപ്പോയതിനാൽ തങ്ങൾ ഇപ്പോഴും പ്രേമിക്കുന്നുണ്ടെന്ന് അവർ സങ്കല്പിക്കുകയാണ്‌. അതങ്ങനെയായില്ലെങ്കിൽ ഈ ലോകത്ത് സന്തുഷ്ടരായി ആരും ഉണ്ടാവാനും പോകുന്നില്ല. വരിഷ്ടജീവികൾക്കു പക്ഷേ,  ആ വ്യാമോഹത്തിൽ ആനന്ദം കണ്ടെത്താനാവില്ല, കാരണം പ്രണയം ശാശ്വതമാണെന്ന് അവർക്കു വിശ്വാസമില്ല; അതു പോയിക്കഴിഞ്ഞാൽ പിന്നെ ശേഷിക്കുന്നത്- പരസ്പരമുള്ള മതിപ്പ്, അല്ലെങ്കിൽ ഉപകാരസ്മരണ- പ്രണയത്തിനു പകരമായെടുത്ത് അവർ സ്വയം കബളിപ്പിക്കാറുമില്ല.

ഇതു നമുക്കു വ്യഥയുണ്ടാക്കുന്നുണ്ട്; ആ വ്യഥയ്ക്കും പക്ഷേ, ഒരവസാനമുണ്ടാവുന്നു. ജീവിതം- അതാണല്ലോ എല്ലാം- തന്നെയുമവസാനിക്കാമെങ്കിൽ ജീവിതത്തിന്റെ അംശങ്ങൾ മാത്രമായ മറ്റു പലതിനോടുമൊപ്പം പ്രേമവും ശോകവും അവസാനിക്കേണ്ടതല്ലേ?

നിന്റെ കത്തിൽ നീ എന്നോടു നീതി കാണിച്ചിട്ടില്ല; അതു പക്ഷേ എനിക്കു മനസ്സിലാകും, അതിനാൽ ഞാൻ അതു മാപ്പാക്കുകയും ചെയ്യുന്നു. കോപത്തോടെയും ഒരുപക്ഷേ വിദ്വേഷത്തോടെയുമാണ്‌ നീ അതെഴുതിയതെന്നതിൽ സംശയമില്ല. എന്നാൽ നിന്റെ അവസ്ഥയിലെത്തിയ മിക്കവരും- സ്ത്രീകളും പുരുഷന്മാരും- ഇതിലും കടുപ്പത്തിലും ന്യായരഹിതമായിട്ടുമായിരിക്കും കാര്യങ്ങൾ എഴുതുക. പക്ഷേ ഒഫീലിയ, ഉത്കൃഷ്ടമായ ഒരു പ്രകൃതമാണ്‌ നിന്റേത്. നിന്റെ കോപത്തിൽ പോലും പകയുടെ അംശമില്ല. ഇനി, നീ വിവാഹം കഴിക്കുകയും അർഹമായ ആനന്ദം നിനക്കു കിട്ടാതിരിക്കുകയും ചെയ്താൽ അതു നിന്റെ കുറ്റം കൊണ്ടായിരിക്കുകയില്ല.

എന്റെ കാര്യമാണെങ്കിൽ...

എന്റെ പ്രണയത്തിന്‌ ഒരവസാനമായിരിക്കുന്നു. പക്ഷേ നിന്നോടുള്ള മമത എനിക്കെന്നുമുണ്ടാവും. നിന്റെയാ മനോഹരരൂപം, മുഗ്ധമായ രീതികൾ, നിന്റെ ഹൃദയാലുത്വം, നിന്റെ നന്മ, ഇതൊന്നും ഒരിക്കലും, ഒരിക്കലും ഞാൻ മറക്കില്ല എന്ന് നിനക്കുറപ്പിക്കാം. ഞാൻ സ്വയം കബളിപ്പിക്കുകയായിരുന്നുവെന്നും ഞാൻ നിന്നിൽ ആരോപിക്കുന്ന ഈ ഗുണങ്ങളെല്ലാം എന്റെ സങ്കല്പസൃഷ്ടികൾ മാത്രമാണെന്നും വരാം; എന്നാൽ എനിക്കങ്ങനെ തോന്നുന്നില്ല; ഇനി അങ്ങനെയാണെങ്കിൽ തന്നെ അവ നിന്നിൽ കണ്ടതു കൊണ്ട് ദോഷമൊന്നും വരാനുമില്ല.
നീ എന്തൊക്കെയാണു മടക്കിച്ചോദിക്കുക എന്നെനിക്കറിയില്ല- നിന്റെ കത്തുകൾ, അല്ലെങ്കിൽ മറ്റുള്ളവ. ഒന്നും മടക്കിത്തരാതിരിക്കാനാണ്‌ എനിക്കിഷ്ടം; മരിച്ചുപോയ ഒരു ഭൂതകാലത്തിന്റെ  ജീവിക്കുന്ന ഓർമ്മയായി, പ്രായം കൂടുന്തോറും മോഹഭംഗവും അസന്തുഷ്ടിയും കൂടുന്ന എന്റേതു പോലൊരു ജീവിതത്തിൽ ഓർത്തൂ നീറാനൊന്നായി നിന്റെ കത്തുകൾ സൂക്ഷിക്കണമെന്നെനിക്കുണ്ട്.

സാധാരണമനുഷ്യരെപ്പോലെ താണ രീതിയിൽ പെരുമാറരുതേ. ഞാൻ കടന്നു പോകുമ്പോൾ മുഖം തിരിക്കരുത്, എന്നെക്കുറിച്ചോർക്കുമ്പോൾ വൈരാഗ്യം തോന്നുകയുമരുത്. കുട്ടികളായിരുന്നപ്പോൾ അന്യോന്യം അല്പാല്പം സ്നേഹിച്ചിരുന്ന ചിരകാലസുഹൃത്തുക്കളെപ്പോലെ നമുക്കാവാം; മുതിർന്നപ്പോൾ അവർ മറ്റു സ്നേഹങ്ങളും വഴികളും തേടിപ്പോകുന്നു; എന്നാൽക്കൂടി ആ പഴയ, വ്യർത്ഥമായ സ്നേഹത്തിന്റെ വിശദസ്മൃതികൾ ഹൃദയത്തിന്റെ ഏതോ കോണിൽ അവർ സൂക്ഷിച്ചുവച്ചിരിക്കും.
ഈ “മറ്റു സ്നേഹങ്ങളും”  “മറ്റു വഴികളും” നിനക്കാണു ബാധകം, ഒഫീലിയ, എനിക്കല്ല. എന്റെ വിധി മറ്റൊരു നിയമത്തിനധീനമാണ്‌; അങ്ങനെയൊരു നിയമമുണ്ടെന്നു കൂടി നിനക്കറിയില്ല; കഠിനഹൃദയരും ഒരു തെറ്റും ക്ഷമിക്കാത്തവരുമായ പ്രഭുക്കൾക്കു വിധേയമാണ്‌ എന്റെ ഭാഗധേയം.
ഇതൊക്കെ നീ മനസ്സിലാക്കണമെന്നു ഞാൻ പറയുന്നില്ല. ഒരല്പം സ്നേഹത്തോടെ എന്നെ ഓർമ്മിച്ചാൽ മാത്രം മതി, എന്റെ ഓർമ്മയിൽ ഞാൻ നിന്നെ വിടാതെ വച്ചിരിക്കുന്നതു പോലെ.

ഫെർണാണ്ടോ


ഈ കത്തിനും അതിന്‌ ഒഫീലിയ എഴുതിയ പരിഹാസപൂർണ്ണമായ മറുപടിക്കും ശേഷം ഒമ്പതു മാസം നീണ്ട മൗനമായിരുന്നു. 1929 സെപ്തംബറിൽ പെസ്സൊവ തന്റെ ഒരു ഫോട്ടോ സുഹൃത്തും കവിയുമായ കാർലോസ് കെയ്റോസിനു കൊടുക്കാനിടയായി; ഈ കെയ്റോസ് ഒഫീലിയയുടെ അനന്തരവനുമായിരുന്നു. പെസ്സൊവ തന്റെ ഇഷ്ടബാർ ആയ ആബേലിൽ വൈൻ കുടിച്ചുകൊണ്ടിരിക്കുന്ന ഈ ഫോട്ടോ കണ്ട ഒഫീലിയ അതിന്റെ ഒരു കോപ്പി കൂടി ചോദിക്കാൻ കാർലോസിനോടു പറഞ്ഞു. പെസ്സൊവ ഒരു കോപ്പി കൂടി കൊടുത്തു; അതിനു നന്ദി പറഞ്ഞുകൊണ്ടെഴുതിയ കത്തിൽ എഴുതാൻ താല്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്ന് അവർ സൂചിപ്പിച്ചു. അങ്ങനെ അവരുടെ ബന്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. പക്ഷേ പെസ്സൊവയ്ക്ക് സ്വസ്ഥത കിട്ടിയില്ല.


1929 സെപ്തംബർ 11
പ്രിയപ്പെട്ട ഒഫീലിയ,

നിന്റെ കത്തിൽ കണ്ട ഹൃദയം എന്നെ സ്പർശിച്ചു; പക്ഷേ ഒരു തെമ്മാടിയുടെ  ഫോട്ടോയ്ക്ക്, എനിക്കില്ലാത്ത ഒരിരട്ടസഹോദരനാണ്‌ ആ തെമ്മാടിയെങ്കിൽക്കൂടി, നീ എന്തിനാണു നന്ദി പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. കുടിച്ചു ബോധമില്ലാതായ ഒരു നിഴലിന്‌ നിന്റെ ഓർമ്മകളിൽ ഒരിടമുണ്ടാവുമെന്നോ?
എന്റെ പ്രവാസത്തിൽ- അതു ഞാൻ തന്നെയാണ്‌- ജന്മദേശത്തു നിന്നൊരാനന്ദം പോലെയാണ്‌ നിന്റെ കത്തു വന്നത്; അതിനാൽ പ്രിയപ്പെട്ട പെൺകുട്ടീ, ഞാൻ നിനക്കാണു നന്ദി പറയേണ്ടത്.

മൂന്നു സംഗതികൾക്കു മാപ്പു ചോദിക്കാൻ ഞാൻ ഈ അവസരം ഉപയോഗിച്ചോട്ടെ; മൂന്നും ഒന്നു തന്നെയാണ്‌, മൂന്നിനും കാരണക്കാരൻ ഞാനല്ല താനും. മൂന്നു തവണ നീ മുന്നിൽ വന്നപ്പോൾ ഞാൻ ഒന്നും മിണ്ടാതെ നടന്നു പോയി; കാരണം അതു നീയാണെന്ന് എനിക്കത്ര ഉറപ്പുണ്ടായിരുന്നില്ല; എനിക്കുറപ്പു വരുമ്പോഴേക്കും നീ കടന്നുപോയിരുന്നു എന്നു പറയുകയാവും കൂടുതൽ ശരി. ഒരുപാടു കാലം മുമ്പ് റുവാ ദൊ ഔറോയിൽ വച്ച് ഒരു രാത്രിസമയത്താണ്‌ ഒന്നാമത്. നിന്റെ ഭാവിവരനോ കൂട്ടുകാരനോ ആവാം എന്നു ഞാനൂഹിക്കുന്ന ഒരു ചെറുപ്പക്കാരൻ നിന്റെ കൂടെ ഉണ്ടായിരുന്നു; അതിനയാൾ അർഹനാണെങ്കിൽക്കൂടി അതങ്ങനെയാണോ എന്നെനിക്കറിയുകയുമില്ല. മറ്റു രണ്ടു തവണ വളരെ അടുത്ത കാലത്താണ്‌; നാമപ്പോൾ എസ്ട്രേലയിലേക്കുള്ള ട്രാമിൽ സഞ്ചരിക്കുകയാണ്‌. അതിൽ ഒരു തവണ എന്റെ കൺകോണിലൂടെയേ ഞാൻ നിന്നെ കണ്ടുള്ളു; കണ്ണട ധരിക്കാൻ വിധിക്കപ്പെട്ട ഒരാൾക്ക് അതു ശരിക്കും കാണാതിരിക്കൽ തന്നെയാണ്‌.

ഒരു കാര്യം കൂടിയുണ്ട്...ഇല്ല, ഒന്നുമില്ല, ഓമനച്ചുണ്ടുകളേ...

ഫെർണാണ്ടോ


തുടർന്നുള്ള കത്തുകളിൽ പലതിലും പെസ്സൊവയുടെ അപരവ്യക്തിത്വങ്ങളിൽ ഒന്നായ അൽവാരോ ദെ കാമ്പോ എന്ന നേവൽ എഞ്ചിനീയർ കടന്നുവരുന്നു. 1929 സെപ്തംബർ 29നെഴുതിയ ഒരു കത്ത് അൽവാരോ തന്നെ എഴുതുന്ന മട്ടിലാണ്‌. തന്നെയോർത്ത് ആഹാരം കഴിക്കാതിരിക്കുകയോ തൂക്കം കുറയുകയോ പനി പിടിക്കുകയോ ചെയ്യരുതെന്ന് അതിൽ അദ്ദേഹം ഒഫീലിയയെ വിലക്കുകയും ചെയ്യുന്നു. മറ്റൊരു കത്തിൽ അൽവാരോ കൂടെയുള്ളതു കാരണം തനിക്ക് അവരെ കാണാൻ പറ്റില്ലെന്ന് അദ്ദേഹം എഴുതുന്നു. തന്റെ മാനസികനില തകരാറിലാണെന്ന പ്രതീതി ജനിപ്പിക്കാൻ പല കത്തുകളിലും അദ്ദേഹം ശ്രമിക്കുന്നുണ്ട്. “ഞാൻ ദുഃഖിതനാണ്‌, ഞാൻ ഭ്രാന്തനാണ്‌, ആർക്കുമെന്നെ ഇഷ്ടമില്ല, അതിൽ ശരികേടുമില്ല...എനിക്കു കൃത്യമായും ആർത്തിയോടെയും നിന്റെ ചുണ്ടുകളിൽത്തന്നെ ചുംബിക്കണം, നിന്റെ ചുണ്ടുകളും അവയിൽ നീ ഒളിപ്പിച്ച കുഞ്ഞുചുംബനങ്ങളും കടിച്ചു തിന്നണം, നിന്റെ ചുമലിൽ തല ചായ്ക്കണം, നിന്റെ കുഞ്ഞുമാടപ്രാവുകളിലേക്കുരസിയിറങ്ങണം, നിന്നോടു മാപ്പു ചോദിക്കണം...ഞാൻ നിർത്തുകയായി, എനിക്കു ഭ്രാന്താണ്‌, ഞാൻ എന്നുമങ്ങനെയായിരുന്നു, ജനിച്ചതേ അങ്ങനെയാണ്‌...“ അവസാനമായി 1929 ഒക്ടോബർ 9നെഴുതിയ രണ്ടു കത്തുകളിൽ ഒന്നിൽ അദ്ദേഹം പറയുന്നു. പെസ്സൊവ പിന്നീടും ഒഫീലിയയെ വിളിക്കാറുണ്ടായിരുന്നു; അവർ തമ്മിൽ ട്രാമിലോ തെരുവുകളിലോ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടാറുമുണ്ടായിരുന്നു. അദ്ദേഹം പിന്നീടു കത്തെഴുകയുണ്ടായില്ല. ഒഫീലിയ പിന്നെയും ഒരു കൊല്ലം കൂടി കത്തുകൾ അയച്ചുകൊണ്ടിരുന്നു. 1931ൽ അതും നിലച്ചു. എന്നാൽ എല്ലാ ജൂൺ 13നും അവർ പെസ്സൊവയ്ക്ക് ജന്മദിനാശംസ അയച്ചുകൊണ്ടിരുന്നു; തിരിച്ച് അദ്ദേഹവും അവരുടെ ജന്മദിനമായ ജൂൺ 14ന്‌ തന്റെ ആശംസ അറിയിക്കുകയും ചെയ്തിരുന്നു. 1935 ഒക്ടോബറിൽ പെസ്സൊവ തന്റെ അവസാനത്തെ അൽവാരോ ദെ കാമ്പോ കവിതയെഴുതി.

എല്ലാ പ്രണയലേഖനങ്ങളും
പരിഹാസ്യമാണ്‌.
പരിഹാസ്യമല്ലെങ്കിൽ
അവ പ്രണയലേഖനങ്ങളാവുകയുമില്ല.
ഒരു കാലത്തു ഞാനും
പ്രണയലേഖനങ്ങളെഴുതിയിരുന്നു,
മറ്റുള്ളവയെപ്പോലെ
അവയും പരിഹാസ്യമായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും
ഒരിക്കലും പ്രണയലേഖനമെഴുതാത്തവരേ
ശരിക്കും പരിഹാസ്യരായിട്ടുള്ളു.
ഞാനാഗ്രഹിച്ചുപോകുന്നു:
പരിഹാസ്യമെന്നോർക്കാതെ
പ്രണയലേഖനമെഴുതാൻ കഴിഞ്ഞിരുന്ന
കാലത്തായിരുന്നു ഞാനെങ്കിൽ.
പക്ഷേ ഇന്നെനിക്കറിയാം,
ആ പ്രണയലേഖനങ്ങളുടെ ഓർമ്മയാണ്‌
പരിഹാസ്യമെന്ന സത്യം.
(ആ വിചിത്രമായ വാക്കുകൾ
പരിഹാസ്യമാണ്‌
ആ വിചിത്രമായ അനുഭൂതി പോലെ.)


ഒരു മാസം കഴിഞ്ഞ് പെസ്സൊവ മരിച്ചു; അമിതമദ്യപാനം മൂലമുള്ള കരൾ രോഗമോ പാൻക്രിയാസിലുണ്ടായ പഴുപ്പോ ആയിരുന്നു മരണകാരണം. പിന്നീട് വിവാഹിതയായ ഒഫീലിയ കെയ്റോസ് 1991ൽ മരിച്ചു.

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പ്രണയലേഖനങ്ങൾ(30)- പ്ളിനി

പ്രണയലേഖനങ്ങളുടെ ആദ്യമാതൃക എന്നു പറയാവുന്നവയാണ്‌ റോമൻ നിയമജ്ഞനും ഭരണാധികാരിയുമായിരുന്ന പ്ളിനി ഭാര്യ കല്പേർണിയക്കയച്ച കത്തുകൾ. പിരിഞ്ഞിരിക്കുമ്പോൾ അദ്ദേഹം അയച്ച ആ കത്തുകളിൽ ഉപയോഗിച്ചിരിക്കുന്നത് ആശയവിനിമയത്തിനുള്ള ഔപചാരികഭാഷയല്ല, കാമുകരുടെ വൈകാരികനിവേദനത്തിനുള്ള ഭാഷയാണ്‌. തന്റെ ജീവിതകാലത്തു തന്നെ അദ്ദേഹം ഇവ പ്രസിദ്ധീകരിച്ചുവെന്നത് തങ്ങളുടെ വിവാഹത്തെ അദ്ദേഹം കണ്ടത് സ്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരുടമ്പടിയായിട്ടല്ല, തന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിട്ടാണ്‌ എന്ന് ലോകത്തെ അറിയിക്കാനാവാം.

പ്ളിനി രണ്ടാമൻ Gaius Plinius Caecilius Secundus(61–113)വടക്കൻ ഇറ്റലിയിലെ ഒരു ഭൂപ്രഭുവിന്റെ മകനായി ജനിച്ചു. അച്ഛന്റെ മരണശേഷം അദ്ദേഹത്തെ വളർത്തിയത് പ്രകൃതിശാസ്ത്രത്തെ കുറിച്ച് പ്രസിദ്ധമായ ഒരു വിജ്ഞാനകോശം രചിച്ച പ്ളിനി ഒന്നാമനായിരുന്നു. (പോമ്പേ നഗരത്തെ നശിപ്പിച്ച വെസൂവിയസ് അഗ്നിപർവതസ്ഫോടനത്തിലാണ്‌ അദ്ദേഹം മരിക്കുന്നത്.) പ്ളിനി രണ്ടാമൻ നിയമവിദഗ്ധനും ഒരു റോമൻ പ്രവിശ്യയുടെ ഗവർണ്ണരുമായിരുന്നു. കല്പേർണിയ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു. (ആദ്യത്തെ രണ്ടു പേരും സന്തതികളില്ലാതെ മരിച്ചു.) അദ്ദേഹത്തിന്‌ 39 വയസ്സായിരുന്നു, അവർക്ക് പതിനാലും. ഒരു ഭാര്യയിൽ നിന്ന് താൻ ആഗ്രഹിക്കുന്നതൊക്കെയായിരുന്നു പ്ളിനിയ്ക്ക് കല്പേർണിയ. അവൾ താൻ എഴുതിയതൊക്കെ ആവർത്തിച്ചു വായിക്കാനായി പകർപ്പെടുത്തു വയ്ക്കാറുണ്ടെന്നും താൻ കോടതിയിൽ ഹാജരാകുമ്പോൾ വലിയ ആകാംക്ഷയാണവൾക്കെന്നും തന്റെ ചില കവിതകൾ അവൾ ഈണം കൊടുത്തു പാടാറുണ്ടെന്നും കല്പേർണിയയുടെ അമ്മായിക്കെഴുതിയ ഒരു കത്തിൽ പ്ളിനി പറയുന്നുണ്ട്. തനിയ്ക്കൊരു പിൻഗാമിയെ നല്കുന്നതിൽ കല്പേർണിയയും പരാജയപ്പെട്ടുവെങ്കിലും പ്ളിനിയുടെ സ്നേഹം അതുകൊണ്ടു കുറയുന്നുമില്ല. അദ്ദേഹം ഭാര്യക്കെഴുതിയ മൂന്നു കത്തുകളാണ്  അവശേഷിച്ചിട്ടുള്ളത്‌.


1.

നീ സുഖചികിത്സയ്ക്കായി കമ്പാനിയയിലേക്കു പോയപ്പോൾ കൂടെ വരാൻ പറ്റിയില്ല എന്നതു പോകട്ടെ, നീ അവിടെ എത്തിയതിനു ശേഷവും എനിക്കു നിന്നെ വന്നു കാണാൻ പറ്റുന്നില്ല എന്നതോർക്കുമ്പോഴാണ്‌ ഉദ്യോഗം എന്നത് എത്ര വലിയൊരു ബാദ്ധ്യതയാണെന്ന് എനിക്കു മനസ്സിലാകുന്നത്. ഈ സമയത്ത് നിന്നോടൊപ്പം ഉണ്ടാവണമെന്ന് എനിക്കു വലിയ ആഗ്രഹമുണ്ടായിരുന്നു; നിനക്കു ബലവും പുഷ്ടിയും വയ്ക്കുന്നുണ്ടോയെന്നും ആ സുന്ദരമായ ദേശത്തിന്റെ പ്രശാന്തതയും കാഴ്ചകളും സമൃദ്ധിയും നിനക്കു ഹിതകരമാവുന്നുണ്ടോയെന്നും എനിക്കെന്റെ സ്വന്തം കണ്ണുകൾ കൊണ്ടു കാണണമെന്നുണ്ടായിരുന്നു. നിനക്കു നല്ല ആരോഗ്യമുള്ളപ്പോൾത്തന്നെ നിന്റെ അസാന്നിദ്ധ്യം എനിക്കു സഹിക്കാത്തതായിരുന്നു; നാം അത്രയധികം സ്നേഹിക്കുന്നവരുടെ ക്ഷേമത്തെക്കുറിച്ചുള്ള ഒരു നിമിഷത്തെ അനിശ്ചിതത്വം പോലും വല്ലാത്ത ഉദ്വേഗവും ആകാംക്ഷയുമാണല്ലോ നമ്മിൽ ജനിപ്പിക്കുക. എന്നാലിപ്പോൾ നിന്റെ അനാരോഗ്യവും അസാന്നിദ്ധ്യവും ഒരുമിച്ചു ചേർന്ന് അവ്യക്തവും വിവിധവുമായ ഉത്കണ്ഠകൾ കൊണ്ട് എന്നെ കഠോരമായി പീഡിപ്പിക്കുകയാണ്‌. നിനക്കെന്തൊക്കെ സംഭവിച്ചുകൂടായെന്ന് എനിക്കു പേടിയാവുന്നു, നിനക്കെന്തൊക്കെ സംഭവിച്ചിരിക്കുമെന്നു ഞാൻ ഭാവന ചെയ്യുന്നു, പേടിയുള്ളവരുടെ കാര്യത്തിൽ സ്വാഭാവികമായി സംഭവിക്കുന്നതു പോലെ, ഏറ്റവുമധികം പേടിക്കുന്നതു തന്നെ എന്റെ മനസ്സിൽ വരികയും ചെയ്യുന്നു. അതിനാൽ എന്റെ ഉത്കണ്ഠയെ കാര്യമായിട്ടെടുക്കാൻ, എല്ലാ ദിവസവും എനിക്കു കത്തെഴുതാൻ, കഴിയുമെങ്കിൽ ദിവസം രണ്ടു കത്തെഴുതാൻ ഞാൻ നിന്നോടു യാചിക്കുകയാണ്‌. ആ കത്തുകൾ വായിച്ചുകൊണ്ടിരിക്കുമ്പോഴെങ്കിലും എന്റെ മനസ്സ് സ്വസ്ഥമായിരിക്കുമല്ലോ; വായന കഴിഞ്ഞാലുടൻ എന്റെ പേടികൾ തല പൊക്കുമെന്നുള്ളതിൽ സംശയവുമില്ല.

2.

എന്റെ അസാന്നിദ്ധ്യം നിന്നെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് നീ എഴുതുന്നു; എന്റെ സ്ഥാനത്ത് എന്റെ രചനകൾ വച്ച് അവയോടു സംസാരിച്ചിട്ടാണ്‌ നീ സാന്ത്വനം കണ്ടെത്തുന്നതെന്നും നീ പറയുന്നു. എന്റെ അഭാവം നീ അറിയുന്നുണ്ടെന്നത് എനിക്കിഷ്ടപ്പെട്ടു; ആ തരം സാന്ത്വനങ്ങളിൽ നിന്ന് നിനക്കല്പം സമാധാനം കിട്ടുന്നുവെന്നത് എനിക്കിഷ്ടപ്പെട്ടു. മറുപടിയായി ഞാൻ പറയട്ടെ, നിന്റെ കത്തുകൾ ഞാൻ വീണ്ടും വീണ്ടും വായിക്കുന്നു; ഓരോ തവണയും ഞാനവ വായിക്കാനെടുക്കുന്നത് ആ സമയത്തത് കൈയിൽ കിട്ടിയ പോലെയുമാണ്‌. കഷ്ടം തന്നെ, അതുകൊണ്ടു പക്ഷേ, നിന്നോടുള്ള അഭിലാഷം കൂടുന്നതേയുള്ളു. കാരണം, കത്തുകളിൽ ഇത്രയും ചാരുതകളാണെങ്കിൽ അവളുടെ സംഭാഷണം എത്ര മധുരതരമായിരിക്കണം എന്നാണെനിക്കു ചിന്ത പോവുക. എന്നിരുന്നാലും കഴിയുന്നത്ര തവണ എനിക്കവ കിട്ടുമാറാകട്ടെ, അവ നല്കുന്ന ആനന്ദം ദുഃഖം കലർന്നതാണെങ്കിൽത്തന്നെ!

3.

എത്ര തീവ്രമായ അഭിനിവേശമാണ്‌ എനിക്കു നിന്നോടുള്ളതെന്നു പറഞ്ഞാൽ നിനക്കു വിശ്വാസമാവില്ല. അതിനു പ്രധാനമായ കാരണം എനിക്കു നിന്നോടുള്ള പ്രണയമാണ്‌; പിന്നെ, പിരിഞ്ഞിരുന്നു നമുക്കു പരിചയമായിട്ടില്ല എന്നതും. അതുകൊണ്ടെന്തു സംഭവിച്ചു? രാത്രിയിൽ ഏറെ നേരവും നിന്നെക്കുറിച്ചോർത്തുകൊണ്ട് ഉറക്കം വരാതെ ഞാൻ കിടക്കുന്നു; പകലാവട്ടെ, പതിവായി നിന്നെ കാണാൻ ഞാൻ വരാറുള്ള സമയമടുക്കുമ്പോൾ എന്റെ കാലുകൾ നിന്റെ മുറിയിലേക്കു സ്വയം നട കൊള്ളുകയാണ്‌; അവിടെ നിന്നെ കാണാതെ വരുമ്പോൾ മനസ്സിൽ നിരാശയോടെ, തിരസ്കൃതകാമുകനെപ്പോലെ ഞാൻ മടങ്ങിപ്പോരുകയുമാണ്‌. ഈ പീഡനങ്ങളിൽ നിന്നൊരു മോചനം എനിക്കു കിട്ടുന്നെങ്കിൽ അതു കോടതിയിൽ പണിയെടുത്തു തളരുമ്പോള്‍ മാത്രമാണ്‌; പിന്നെ സ്നേഹിതന്മാർക്കൊപ്പമിരിക്കുമ്പോഴും. അമിതാദ്ധ്വാനത്തിലാണ്‌ എനിക്കു വിശ്രമം കിട്ടുന്നതെങ്കിൽ, ഉത്കണ്ഠയിലാണ്‌ എനിക്കു സാന്ത്വനം കിട്ടുന്നതെങ്കിൽ എന്റെ ജീവിതം ഏതു വിധമായിരിക്കുന്നുവെന്ന് നീ  ഒന്നാലോചിച്ചുനോക്കൂ.
***

പ്രണയലേഖനങ്ങൾ (29) -വില്യം കോൺഗ്രേവ്

william congreve



1690
ആരബെല്ല ഹണ്ടിന്‌

ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നു നീ വിശ്വസിക്കുന്നില്ല? അത്രയും അവിശ്വാസം അഭിനയിക്കാൻ നിനക്കു പറ്റില്ല. നിനക്കെന്റെ നാവിനെ വിശ്വാസമായില്ലെങ്കിൽ എന്റെ കണ്ണുകളോടു ചോദിക്കൂ, നിന്റെ കണ്ണുകളോടു ചോദിക്കൂ. നിന്റെ കണ്ണുകൾ പറയും അവയ്ക്കു ചാരുതകളുണ്ടെന്ന്; എന്റെ കണ്ണുകൾ പറയും ആ ചാരുതകൾ അറിയുന്നൊരു ഹൃദയം എനിക്കുണ്ടെന്നും. ഇന്നലെ രാത്രിയിൽ എന്താണുണ്ടായതെന്ന് ഒന്നോർത്തുനോക്കൂ. അതൊരു കാമുകന്റെ ചുംബനമെങ്കിലും ആയിരുന്നു. അതിന്റെ വ്യഗ്രത, അതിന്റെ തീക്ഷ്ണത, അതിന്റെ ഊഷ്മളത വെളിപ്പെടുത്തിയത് ദൈവമാണതിന്റെ ജനയിതാവ് എന്നായിരുന്നു. ഹാ! അതിലുമധികം അവനെ വെളിപ്പെടുത്തിയത് അതിന്റെ മാധുര്യവും അലിയുന്ന മാർദ്ദവവുമായിരുന്നു. കൈകാലുകളിൽ വിറയോടെ, ആത്മാവിൽ ജ്വരത്തോടെ ഞാനതു കവരുകയായിരുന്നു. നടുക്കങ്ങൾ, കിതപ്പുകൾ, മന്ത്രണങ്ങൾ- എത്ര വലിയൊരു കൂട്ടക്കുഴപ്പമാണെന്റെ മനസ്സിൽ നടക്കുന്നതെന്നതിന്റെ ലക്ഷണങ്ങളായിരുന്നു അവ; ആ ചുംബനം അതിനെ പിന്നെയും കുഴപ്പത്തിലാക്കുകയുമായിരുന്നു. ആ ഓമനച്ചുണ്ടുകൾ തുളച്ചുകേറുകയായിരുന്നല്ലോ, എന്റെ ഹൃദയത്തിലൂടെ, ചോരയൊലിപ്പിക്കുന്ന കുടലിലൂടെ; ആസ്വാദ്യമായ വിഷം, തടുക്കരുതാത്തതെങ്കിലും മനോഹരമായൊരു വിനാശം.
ഒരു ദിവസം കൊണ്ടെന്തൊക്കെ ഉണ്ടായിക്കൂടാ? ഇന്നലെ രാത്രി വരെ ഞാൻ കരുതിയിരുന്നത് സന്തുഷ്ടനായ ഒരു മനുഷ്യനാണു ഞാനെന്നും, എനിക്കൊന്നിന്റെയും കുറവില്ലെന്നും ശോഭനമായ പ്രതീക്ഷകൾ ന്യായമായും വച്ചുപുലർത്താം എനിക്കെന്നുമായിരുന്നു; അറിവുള്ളവരുടെ അംഗീകാരവും മറ്റുള്ളവരുടെ കരഘോഷവും എനിക്കു കിട്ടുന്നുണ്ടെന്നായിരുന്നു. സമ്പ്രീതൻ, അല്ല, എന്റെ സ്നേഹിതരാൽ, ആനന്ദങ്ങളറിയുന്നവരും അതിനുടമകളുമായ അന്നത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതരാൽ അനുഗൃഹീതൻ.

പക്ഷേ പ്രണയം, സർവശക്തമായ പ്രണയം ഒരു നിമിഷം കൊണ്ടെന്നെ നീയല്ലാത്ത സർവതിൽ നിന്നും അതിദൂരത്തേക്കകറ്റിയപോലെ തോന്നുന്നു. ആൾക്കൂട്ടത്തിനിടയിൽ നില്ക്കുമ്പോഴും ഏകാകിയാണു ഞാനെന്നു തോന്നിപ്പോകുന്നു. നീയല്ലാതെ മറ്റൊന്നിനുമാവില്ല എന്റെ മനസ്സിനെ പിടിയിലാക്കാൻ; നീയല്ലാതെ മറ്റൊന്നുമില്ല എന്റെ മനസ്സിനു പിടിയിലാക്കാൻ. ഏതോ ഒരന്യദേശത്തെ മരുഭൂമിയിൽ നിന്നോടൊപ്പം എത്തിപ്പെട്ടിരിക്കുകയാണെന്നപോലെ (ഹാ, ശരിക്കും അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ!); നിന്റെയൊപ്പം നിർബാധമായ പ്രഹർഷത്തിന്റെ ഒരു യുഗം ഞാൻ അവിടെക്കഴിച്ചേനെ.

ലോകമെന്ന ഈ മഹാരംഗവേദി എത്ര പെട്ടെന്നാണു മാറിപ്പോയത്, എത്ര ദയനീയമായും! നീയൊഴിച്ചാൽ അസുന്ദരമായ വസ്തുക്കളാണ്‌ എനിക്കു ചുറ്റും; ലോകത്തിന്റെ സർവ ചാരുതകളും നിന്നിൽ മാത്രമായി പകർന്നിരിക്കുന്നപോലെ. ഇപ്പറഞ്ഞതു പോലെ ഹാ, അമിതാഹ്ളാദം നിറഞ്ഞ ഈ അവസ്ഥയിൽ എന്റെ ആത്മാവിനു നീയല്ലാതെ മറ്റൊന്നിലും ഉറച്ചുനില്ക്കാനാവുന്നില്ല; അതു ധ്യാനിക്കുന്നതു നിന്നെ, ആദരിക്കുന്നതും ആരാധിക്കുന്നതും, അല്ല, ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും നിന്നെ മാത്രം.

നീയും പ്രതീക്ഷയും അതിനെ കൈവെടിയുകയാണെങ്കിൽ നൈരാശ്യവും തീരാവേദനയും അതിനെ പരിചരിക്കാനെത്തട്ടെ.

arabella hunt

വില്ല്യം കോൺഗ്രേവ് William Congreve(1670-1729) The Way of the World എന്ന നാടകത്തിലൂടെ പ്രശസ്തനായ ഇംഗ്ളീഷ് നാടകകൃത്ത്. Arabella Hunt ഗായികയും ക്യൂൻ മേരിയുടെ പ്രീതിഭാജനവും. ആരബെല്ല 1680ൽ ഒരു ജയിംസ് ഹോവാർഡിനെ വിവാഹം ചെയ്തുവെങ്കിലും അയാൾ യഥാർത്ഥത്തിൽ പുരുഷവേഷം ധരിച്ച ആമി പൌൾട്ടെർ എന്ന വിധവയാണെന്ന് പിന്നീട് ബോദ്ധ്യമായി അവർ വിവാഹമോചിതയാവുകയും ചെയ്തു. ആരബെല്ല പിന്നീട് വിവാഹം ചെയ്തില്ല. കോൺഗ്രേവും അവിവാഹിതനായിരുന്നു; എന്നാൽ പലരുമായും അദ്ദേഹത്തിന്‌ പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു.



2016, ഒക്‌ടോബർ 19, ബുധനാഴ്‌ച

റിൽക്കെ- പ്രണയലേഖനങ്ങൾ





ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

1897 മേയ് 13
...നിങ്ങളോടൊപ്പം ഞാൻ പങ്കിട്ട ആദ്യത്തെ സന്ധ്യനേരമായിരുന്നില്ല ഇന്നലത്തേത്. എന്റെ ഓർമ്മയിൽ മറ്റൊന്നുണ്ട്, നിങ്ങളുടെ കണ്ണുകളിലേക്കു നോക്കാൻ എനിക്കാഗ്രഹം ജനിപ്പിച്ച മറ്റൊരു സന്ധ്യ. ഹേമന്തമായിരുന്നു; വസന്തകാലമായിരുന്നെങ്കിൽ ഒരായിരം വിദൂരദേശങ്ങളിലേക്കു കാറ്റടിച്ചുപറത്തുമായിരുന്ന എല്ലാ ചിന്തകളും കാംക്ഷകളും എന്റെ ഇടുങ്ങിയ വായനമുറിയിലും എന്റെ നിശബ്ദമായ ജോലിയിലും തൂന്നുകൂടിയിരുന്നു. അപ്പോഴാണ്‌ ഡോ. കോൺറാഡിൽ നിന്ന് എനിക്കൊരുപഹാരം കിട്ടുന്നത്: ന്യൂ ജർമ്മൻ റിവ്യൂവിന്റെ 1896 ഏപ്രിലിന്റെ ലക്കം. അതിൽ ‘ജൂതനായ യേശു’ എന്ന തലക്കെട്ടിൽ ഒരു ലേഖനമുള്ളതിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു കത്തുമുണ്ടായിരുന്നു. എന്തുകൊണ്ട്? എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങൾ’ എന്ന കവിതയുടെ ചില ഭാഗങ്ങൾ അടുത്ത കാലത്ത് അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നു; പ്രജ്ഞാസമ്പന്നമായ നിങ്ങളുടെ ആ പ്രബന്ധത്തിൽ എനിക്കു താല്പര്യമുണ്ടാവുമെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിനു തെറ്റി. ആ വെളിപാടിലേക്ക് എന്നെ ആഴത്തിലാഴത്തിൽ വലിച്ചിറക്കിക്കൊണ്ടുപോയത് താല്പര്യമായിരുന്നില്ല; ആത്മാർത്ഥമായ ഒരു സഹാനുഭൂതി  ആ ഭവ്യമായ പാതയിലൂടെ എനിക്കു വഴി കാട്ടിക്കൊണ്ട് മുന്നിൽ നടക്കുകയായിരുന്നു-എന്റെ ദർശനങ്ങൾ സ്വപ്നസമാനമായ ഇതിഹാസങ്ങൾ വഴി അവതരിപ്പിക്കുന്നത് മതപരമായ ബോദ്ധ്യത്തിന്റെ വിപുലബലത്തോടെ, അത്രയും സുതാര്യമായ വാക്കുകളിൽ നിങ്ങൾ ആവിഷ്കരിക്കുന്നതു കണ്ടപ്പോൾ എന്റെ ആഹ്ളാദത്തിന്‌ അതിരുണ്ടായില്ല.

നോക്കൂ, നിങ്ങളുടെയാ ആ നിർദ്ദയമായ കാർശ്യത്തിലൂടെ, വാക്കുകളുടെ വിട്ടുവീഴ്ചയില്ലാത്ത കരുത്തിലൂടെ എന്റെ കൃതി ഒരനുഗ്രഹം, ഒരനുമതി നേടുകയാണെന്ന് എനിക്കു തോന്നിപ്പോയി. കൂറ്റൻ സ്വപ്നങ്ങൾ അവയുടെ എല്ലാ നന്മതിന്മകളോടെയും ഫലിക്കുന്ന ഒരാളായി ഞാൻ മാറി. എന്തെന്നാൽ, സ്വപ്നത്തിനു യാഥാർത്ഥ്യം പോലെയും ആഗ്രഹത്തിനു സാഫല്യം പോലെയുമായിരുന്നു, എന്റെ കവിതകൾക്ക് നിങ്ങളുടെ ലേഖനം.

അപ്പോൾ എന്തൊക്കെ വികാരങ്ങളോടെയാണ്‌ ഇന്നലത്തെ ആ സായാഹ്നത്തെ ഞാൻ പ്രതീക്ഷിച്ചിരുന്നതെന്ന് നിങ്ങൾക്കു ഭാവന ചെയ്യാൻ പറ്റുമോ? ഇതൊക്കെ വേണമെങ്കിൽ ഇന്നലെ സംസാരത്തിനിടെ എനിക്കു പറയാമായിരുന്നു- ഒരു കപ്പു ചായ കുടിച്ചുകൊണ്ട്, യദൃച്ഛയാ എന്ന പോലെ, ആദരവു നിറഞ്ഞതും ഉള്ളിൽ തട്ടിയതുമായ ചില വാക്കുകൾ തിരഞ്ഞെടുത്തുകൊണ്ട്. പക്ഷേ എന്റെ മനസ്സിലുണ്ടായിരുന്നതുമായി ഒരു ബന്ധവും അതിനുണ്ടായെന്നു വരില്ല. ആ സന്ധ്യനേരത്ത് നിങ്ങളോടൊപ്പം ഞാൻ ഒറ്റയ്ക്കായിരുന്നു; എനിക്കു നിങ്ങളോടൊപ്പം ഒറ്റയ്ക്കാവുകയും വേണ്ടിയിരുന്നു- അത്രയും വലിയ ഒരനുഗ്രഹം കിട്ടിയതിന്റെ നന്ദിസൂചകമായി എന്റെ മനസ്സു നിറഞ്ഞു തുളുമ്പുകയായിരുന്നതിനാൽ.
എനിക്കെപ്പോഴും തോന്നാറുണ്ട്: ഒരാൾ മറ്റൊരാളോട് സവിശേഷമായ എന്തിനെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ ആ കടപ്പാട് അവർക്കിടയിൽ മാത്രമുള്ള ഒരു രഹസ്യമായി ശേഷിക്കണമെന്ന്.

എന്നെങ്കിലുമൊരിക്കൽ എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങ’ളുടെ ഏതെങ്കിലും ഒരു ഭാഗം നിങ്ങളെ വായിച്ചുകേൾപ്പിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടിയെന്നു വരാം; അതിലും വലുതായൊരാഹ്ളാദം എനിക്കു കിട്ടാനില്ല.

പക്ഷേ ഇതൊക്കെ പണ്ടേ മനസ്സിൽ സൂക്ഷിക്കുന്ന, പഴയൊരു നന്ദിയുടെ വാക്കുകളാണ്‌; ഇപ്പോൾ അവ പുറത്തു പറയാൻ അനുവാദം കിട്ടിയത്
ഒരു ബഹുമതിയായി കണക്കാക്കുന്നു, 


നിങ്ങളുടെ,
റെനെ മരിയ റിൽക്കെ




റിൽക്കെ ലൂ അന്ദ്രിയാസ് സാലോമിയെ ആദ്യമായി കാണുന്നത് 1897 മേയ് 12നാണ്‌. അന്ന് റിൽക്കെയ്ക്ക് 21 വയസ്സായിരുന്നു; അവർക്ക് മുപ്പത്താറും. എഴുതിത്തുടങ്ങിയ ഒരു കവിയ്ക്ക് ലബ്ധപ്രതിഷ്ഠ നേടിയ, ജീവിതത്തിലും വിപുലമായ യാത്രകളിലും നിന്ന് അനുഭവങ്ങൾ സഞ്ചയിച്ച മുതിർന്ന ഒരെഴുത്തുകാരിയോടുള്ള ആരാധനയാണ്‌ ആദ്യത്തെ ഈ കത്തിൽ മുന്നിട്ടു നില്ക്കുന്നതെങ്കിലും പിന്നീടതു പ്രണയമായി വളരുകയായിരുന്നു.



മ്യൂണിച്ച്, 1897 ജൂൺ 7
രണ്ടാഴ്ച മുമ്പ് യക്ഷിക്കഥ പോലെ മനോഹരമായ ഒരു പ്രഭാതത്തിൽ നിന്ന് ഞാൻ വീട്ടിലേക്കു കൊണ്ടുവന്ന കാട്ടുപൂക്കൾ അതില്പിന്നെ മൃദുലമായ രണ്ടു ബ്ളോട്ടിംഗ് പേപ്പറുകൾക്കിടയിൽ സുഖം പറ്റിയിരിക്കുകയായിരുന്നു. ഇന്നു പക്ഷേ, ഞാനവരെ നോക്കുമ്പോൾ ധന്യമായൊരോർമ്മയായി അവരെന്നെ നോക്കി മന്ദഹസിക്കുന്നു, അന്നെന്നപോലൊരു സന്തുഷ്ടഭാവം അവർ മുഖത്തു വരുത്തുകയും ചെയ്യുന്നു.
***

അനർഘമെന്നു പറയുന്ന നേരങ്ങളിലൊന്നായിരുന്നു അത്. ചുറ്റിനും നിബിഡപുഷ്പങ്ങൾ വിടര്‍ന്നുനില്ക്കുന്ന തുരുത്തുകൾ പോലെയാണ്‌ ആ തരം നേരങ്ങൾ. തിരകൾ പുറത്തു കിടന്നു നിശ്വസിക്കുന്നതേയുള്ളു; ഭൂതകാലത്തിൽ നിന്നൊരു യാനവും കടവടുക്കുന്നില്ല, ഭാവിയിലേക്കു പോകാനായൊന്നും കാത്തുകിടക്കുന്നുമില്ല.
***

ദൈനന്ദിനജീവിതത്തിലേക്കുള്ള അനിവാര്യമായ മടക്കം ആ നേരങ്ങളെ ബാധിക്കുന്നതേയില്ല. മറ്റെല്ലാ നേരങ്ങളിൽ നിന്നും വേർപെട്ടവയാണവ; ഉന്നതമായ മറ്റൊരസ്തിത്വത്തിന്റെ നേരങ്ങളാണവ.
***
തുരുത്തു പോലെ ഇമ്മാതിരി ഒരുന്നതാസ്തിത്വം, എനിക്കു തോന്നുന്നു, ചുരുക്കം പേർക്കു മാത്രം പറഞ്ഞിട്ടുള്ള സവിശേഷഭാവിയാണെന്ന്.-

ഒരു ധന്യതയുടെ മണിനാദം മുഴങ്ങുന്നു,
അകലെ നിന്നതു വിടർന്നെത്തുന്നു,
എന്റെയേകാന്തതയെ വന്നു പൊതിയുന്നു,
പൊന്നു കൊണ്ടൊരു കടകം പോലെ
എന്റെ സ്വപ്നത്തെ വലയം ചെയ്യാനൊരുങ്ങുന്നു.


ഹിമക്കട്ടകൾ കണ്ടു പേടിച്ചതും
ഹിമാനികൾ കൊണ്ടു വിഷാദിച്ചതുമാ-
ണെന്റെ ദരിദ്രമായ ചെറുജീവിതമെങ്കിലും
ഒരു പുണ്യകാലമതിനു സമ്മാനിക്കുമല്ലോ,
ഒരു ധന്യവസന്തം...


ഞാനിപ്പോൾ ഡോർഫെനിൽ ആയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു. ഈ നഗരം എല്ലാ തരം ഒച്ചകളും കൊണ്ടു നിറഞ്ഞതാണ്‌, എനിക്കു തീർത്തും അന്യവുമാണത്. ഉൾവളർച്ചയുടെ അതിപ്രധാനകാലത്ത് അന്യമായതൊന്നും അതിനു വിഘാതമായി വരരുത്.-
അനേകവർഷങ്ങൾ കഴിഞ്ഞൊരു നാളായിരിക്കും നിങ്ങൾ എനിക്കാരാണെന്ന് നിങ്ങൾക്കു ശരിക്കും പിടി കിട്ടുക.
ദാഹം കൊണ്ടു മരിക്കാൻ പോകുന്നൊരാൾക്ക് കാട്ടുറവയെന്താണോ, അത്.
ആരുടെ പ്രാണനാണോ അതു രക്ഷിച്ചത്, നീതിമാനും മതിയാം വിധം കൃതജ്ഞനുമാണയാളെങ്കിൽ അതിന്റെ തെളിമയാവോളം മോന്തി സ്വയം തണുക്കുകയും കരുത്തു നേടുകയും ചെയ്തിട്ട് പുതിയ സൂര്യവെളിച്ചത്തിലേക്കയാൾ നടക്കില്ല. ഇല്ല: ആ അഭയത്തിൽ അയാളൊരു കുടിലു പണിയും, അതു പാടുന്നതു കേൾക്കാനും പാകത്തിൽ അത്രയടുത്തയാൾ പണിയും, തന്റെ കണ്ണുകൾ വെയിലേറ്റു തളരുകയും സമൃദ്ധികളും തെളിമയും കൊണ്ടു ഹൃദയം കവിയുകയും ചെയ്യുന്നത്ര നേരം ആ പൂവിട്ട പുൽത്തട്ടിൽ അയാൾ കഴിയും. ഞാൻ കുടിലുകൾ പണിയും- അവിടെക്കഴിയും.

എന്റെ തെളിഞ്ഞയുറവേ! എനിക്കു നിന്നോടെന്തുമാത്രം കൃതജ്ഞനാവണമെന്നോ! ഒരു പൂവും പ്രകാശവും ഒരു സൂര്യനും എനിക്കു കാണേണ്ട- നിന്നിലല്ലാതെ. നിന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ എത്രയധികം മനോഹരവും യക്ഷിക്കഥ പോലെയുമാകുന്നു സർവതും: നിന്റെ വരമ്പത്തു നില്ക്കുന്ന ആ പൂവ്, നരച്ച പായലിൽ ഒറ്റയ്ക്കു തണുത്തു വിറച്ചും ജീവച്ഛവം പോലെയും നിന്നത് (നീയില്ലാതെ വസ്തുക്കളെ നോക്കിയിരുന്നപ്പോൾ അങ്ങനെയാണു ഞാനതിനെ കണ്ടത്), നിന്റെ കാരുണ്യത്തിന്റെ കണ്ണാടിയിൽ അതിനു തിളക്കം കിട്ടുന്നു, അതിനനക്കം വയ്ക്കുന്നു, നിന്റെ ഗഹനതകളിൽ ചെന്നു തട്ടി പ്രതിഫലിക്കുന്ന ആകാശത്തോളം അതിന്റെ കുഞ്ഞുതല ചെന്നു തൊടുകയും ചെയ്യുന്നു. പൊടി പിടിച്ചും ചെത്തിമിനുക്കാതെയും നിന്റെ വേലിയ്ക്കലെത്തുന്ന വെയില്ക്കതിരാവട്ടെ, തെളിച്ചം വച്ചും ഒരായിരം മടങ്ങായി പെരുകിയും തേജോമയമായ നിന്റെയാത്മാവിന്റെ തിരകളിൽ ഉജ്ജ്വലദീപ്തിയാവുകയും ചെയ്യുന്നു. എന്റെ തെളിഞ്ഞ ഉറവേ, എനിക്കു ലോകത്തെ നിന്നിലൂടെ കാണണം; എന്തെന്നാൽ അപ്പോൾ ഞാൻ കാണുന്നതു ലോകത്തെയായിരിക്കില്ല, എപ്പോഴും നിന്നെ, നിന്നെ, നിന്നെ മാത്രമായിരിക്കും!
എന്റെ പെരുന്നാളാണു നീ. സ്വപ്നത്തിൽ നിനക്കടുത്തേക്കു നടക്കുമ്പോൾ എന്റെ മുടിയിലെപ്പോഴും പൂക്കളുണ്ടാവുകയും ചെയ്യും.
***

നിന്റെ മുടിയിൽ എനിക്കു പൂക്കളണിയിക്കണം. പക്ഷേ എന്തുതരം പൂക്കൾ? മതിയായ ലാളിത്യമുള്ളതൊന്നുമില്ല. ഏതു മേയ്‌മാസത്തിൽ നിന്നു ഞാനതു പറിച്ചെടുക്കാൻ? എനിക്കിപ്പോൾ ബോദ്ധ്യമാണു പക്ഷേ, നിന്റെ ശിരസ്സിലെപ്പോഴുമുണ്ടാവും ഒരു പുഷ്പചക്രമെന്ന്...അല്ലെങ്കിലൊരു കിരീടമെന്ന്. അങ്ങനെയല്ലാതെ നിന്നെ ഞാൻ കണ്ടിട്ടേയില്ല.

നിന്നെ കാണുമ്പോഴൊക്കെയും നിന്നോടു പ്രാർത്ഥിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്റെ ശബ്ദം കേൾക്കുമ്പോഴൊക്കെയും നിന്നിലെനിക്കു വിശ്വാസമർപ്പിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്നോടഭിലാഷം തോന്നിയപ്പോഴൊക്കെയും നിനക്കായി യാതന അനുഭവിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്നോടു തൃഷ്ണ തോന്നിയപ്പോഴൊക്കെയും നിന്റെ മുന്നിൽ മുട്ടു കുത്താനായെങ്കിൽ എന്നെനിക്കു തോന്നാതിരുന്നിട്ടില്ല.

നിന്റേതാണു ഞാൻ, തീർത്ഥാടകന്‌ ഊന്നുവടി പോലെ- നിനക്കു ഞാൻ താങ്ങാവുന്നില്ലെന്നു മാത്രം. നിന്റേതാണു ഞാൻ, റാണിയ്ക്കു ചെങ്കോലു പോലെ- നിനക്കു ഞാൻ അലങ്കാരമാവുന്നില്ലെന്നു മാത്രം. നിന്റേതാണു ഞാൻ, രാത്രിക്കതിന്റെ അന്ത്യയാമത്തിലെ കുഞ്ഞുനക്ഷത്രം പോലെ- രാത്രിക്കതിനെക്കുറിച്ചു ബോധമില്ലെങ്കിൽക്കൂടി, അതിന്റെ നനുത്ത തിളക്കത്തെക്കുറിച്ചറിവില്ലെങ്കിൽക്കൂടി.

റെനെ


മ്യൂണിച്ച്, 1897 ജൂൺ 9
ബുധനാഴ്ച വൈകുന്നേരം


നിന്നെ പിരിഞ്ഞതില്പിന്നെ മഴ പെയ്തിരുണ്ട തെരുവുകളിലൂടെ
തിരക്കു പിടിച്ചൊളിച്ചുപോകുമ്പോളെനിക്കു തോന്നുന്നു,
എന്റെ കണ്ണുകളെ നേരിടുന്ന കണ്ണുകൾക്കെല്ലാം കാണാം,
നിർവൃതിയടഞ്ഞതും ഉയിർത്തെഴുന്നേറ്റതുമായ എന്റെയാത്മാവ്
അവയിലാളിക്കത്തുകയാണെന്ന്.


വഴിപോക്കരുടെ പറ്റത്തിൽ നിന്നെന്റെയാഹ്ളാദം മറച്ചുപിടിക്കാൻ
ഒളിഞ്ഞും മറിഞ്ഞും ഞാൻ ശ്രമിക്കുന്നു;
ധൃതിപ്പെട്ടു ഞാനതു വീട്ടിനുള്ളിലെത്തിക്കുന്നു;
രാത്രിയേറെക്കടന്നതില്പിന്നെയേ,
നിധിപേടകം പോലെ ഞാനതു പതുക്കെത്തുറക്കുന്നുള്ളു.


പിന്നെ, ഗഹനാന്ധകാരത്തിൽ നിന്നൊന്നൊന്നായി
എന്റെ പൊൻപണ്ടങ്ങൾ ഞാൻ കൈയിലെടുത്തു നോക്കുന്നു;
ഏതാണാദ്യം കാണേണ്ടതെന്നെനിക്കു തീർച്ചയാവുന്നില്ല:
എന്റെ മുറിയ്ക്കുള്ളിലിടമായ ഇടമെല്ലാം
കവിഞ്ഞൊഴുകുകയാണല്ലോ, കവിഞ്ഞൊഴുകുകയാണല്ലോ.


താരതമ്യങ്ങൾക്കപ്പുറത്തുള്ളൊരു സമൃദ്ധിയാണത്-
രാത്രിയുടെ കണ്ണുകളിന്നേവരെ കാണാത്ത പോലെ,
രാത്രിയുടെ മഞ്ഞുതുള്ളികളിന്നേവരെ വീഴാത്ത പോലെ.
ഏതു രാജകുമാരന്റെ വധുവിനു നല്കിയതുമാവട്ടെ,
ആ രാജകീയസ്ത്രീധനത്തെക്കാളമൂല്യമാണത്.


ഉജ്ജ്വലമായ രാജകീയകിരീടങ്ങളതിലുണ്ട്,
അവയിൽ പതിച്ച രത്നങ്ങൾ നക്ഷത്രങ്ങളത്രെ.
ആർക്കുമൊരു സംശയം പോലുമില്ല;
എന്റെ നിധികൾക്കിടയിൽ ഞാനിരിക്കുന്നു പ്രിയേ,
തനിക്കൊരു റാണിയുണ്ടെന്നറിയുന്ന രാജാവിനെപ്പോലെ.



തൊട്ടു മുമ്പു വീശിക്കടന്നുപോയ വന്യമായ കൊടുങ്കാറ്റിനു ശേഷം എത്ര സമൃദ്ധിയാണു സൂര്യൻ കോരിച്ചൊരിയുന്നതെന്നു കാണുമ്പോൾ എന്റെ മുറിയ്ക്കുള്ളിലെങ്ങും ആനന്ദത്തിന്റെ കട്ടിപ്പൊന്നു പൊതിഞ്ഞപോലെനിക്കു തോന്നിപ്പോകുന്നു. ധനികനും സ്വതന്ത്രനുമാണു ഞാൻ; തൃപ്തിയുടെ ദീർഘശ്വാസമെടുത്തുകൊണ്ട് സായാഹ്നത്തിന്റെ ഓരോ നിമിഷവും പിന്നെയും ഞാൻ സ്വപ്നം കാണുന്നു. ഇന്നിനി വീണ്ടും പുറത്തേക്കിറങ്ങണമെന്ന് എനിക്കു തോന്നുന്നില്ല. എനിക്കു സൗമ്യസ്വപ്നങ്ങൾ കാണണം, നീ വരുമ്പോൾ അവയുടെ പൊലിമ കൊണ്ടെന്റെ മുറിയ്ക്കകമെനിക്കലങ്കരിക്കണം. എന്റെ കൈകളിലും എന്റെ മുടിയിലും നിന്റെ കൈകളുടെ ആശിസ്സുകളുമായി രാത്രിയിലേക്കെനിക്കു പ്രവേശിക്കണം. എനിക്കാരോടും സംസാരിക്കേണ്ട: എന്റെ വാക്കുകൾക്കു മേൽ ഒരു മിനുക്കം പോലെ ഞൊറിയിടുകയും അവയ്ക്കൊരു മുഴക്കത്തിന്റെ സമൃദ്ധി പകരുകയും ചെയ്യുന്ന നിന്റെ വാക്കുകളുടെ പ്രതിധ്വനി ഞാൻ ദുർവ്യയം ചെയ്താലോ? ഈ സായാഹ്നസൂര്യനു ശേഷം മറ്റൊരു വെളിച്ചത്തിലേക്കും എനിക്കു കണ്ണയക്കേണ്ട; നിന്റെ കണ്ണുകളിലെ അഗ്നി കൊണ്ട് ഒരായിരം സൗമ്യയാഗങ്ങൾക്കു തിരി കൊളുത്തിയാൽ മതിയെനിക്ക്...എനിക്കു നിന്നിലുയരണം, ആർപ്പുവിളികൾ മുഴങ്ങുന്നൊരു പ്രഭാതത്തിൽ ഒരു ശിശുവിന്റെ പ്രാർത്ഥന പോലെ, ഏകാന്തനക്ഷത്രങ്ങൾക്കിടയിൽ ഒരഗ്നിബാണം പോലെ. എനിക്കു നീയാവണം. നിന്നെ അറിയാത്ത ഒരു സ്വപ്നവും എനിക്കു വേണ്ട; നീ സഫലമാക്കാത്ത, നിനക്കു സഫലമാക്കാനാവാത്ത ഒരഭിലാഷവും എനിക്കു വേണ്ട. നിന്നെ പ്രകീർത്തിക്കുന്നതല്ലാത്ത ഒരു പ്രവൃത്തിയും എനിക്കു ചെയ്യേണ്ട, നിന്റെ മുടിയിൽ ചൂടാനല്ലാത്ത ഒരു പൂവും എനിക്കു നട്ടു വളർത്തുകയും വേണ്ട. നിന്റെ ജനാലയിലേക്കുള്ള വഴിയറിയാത്ത ഒരു കിളിയേയും എനിക്കെതിരേല്ക്കേണ്ട, ഒരിക്കലെങ്കിലും നിന്റെ പ്രതിബിംബത്തിന്റെ രുചി നുകരാത്ത ചോലയിൽ നിന്നെനിക്കു ദാഹവും തീർക്കേണ്ട. അജ്ഞാതരായ അത്ഭുതപ്രവർത്തകരെപ്പോലെ നിന്റെ സ്വപ്നങ്ങളലഞ്ഞു നടന്നിട്ടില്ലാത്ത ഒരു നാട്ടിലേക്കുമെനിക്കു പോകേണ്ട, നീയിന്നേവരെ അഭയം തേടാത്ത ഒരു കുടിലിലുമെനിക്കു പാർക്കുകയും വേണ്ട. എന്റെ ജീവിതത്തിൽ നീ വരുന്നതിനു മുമ്പുള്ള നാളുകളെക്കുറിച്ചെനിക്കൊന്നുമറിയേണ്ട, ആ നാളുകളിലധിവസിച്ചിരുന്നവരെക്കുറിച്ചുമറിയേണ്ട. ആ മനുഷ്യരെ കടന്നുപോകുമ്പോൾ അവരുടെ കുഴിമാടത്തിൽ ഓർമ്മയുടെ അപൂർവ്വവും വാടിയതുമായ ഒരു പുഷ്പചക്രം, അവരതർഹിക്കുന്നുണ്ടെങ്കിൽ, എനിക്കർപ്പിക്കണം; എന്തെന്നാൽ, ഇത്ര സന്തോഷഭരിതനായിരിക്കെ നന്ദികേടു കാണിക്കാൻ എനിക്കു കഴിയില്ല. പക്ഷേ ഇന്നവർ എന്നോടു പറയുന്ന ഭാഷ കുഴിമാടങ്ങളുടെ ഭാഷയാണ്‌; അവർ ഒരു വാക്കു പറയുമ്പോൾ എനിക്കു തപ്പിത്തടയേണ്ടിവരുന്നു; എന്റെ കൈകൾ തൊടുന്നത് തണുത്ത, മരവിച്ച അക്ഷരങ്ങളിലാകുന്നു. ഈ മൃതരെ സന്തുഷ്ടഹൃദയത്തോടെ എനിക്കു പ്രശംസിക്കണം; എന്തെന്നാൽ അവരെന്നെ നിരാശപ്പെടുത്തി, അവരെന്നെ തെറ്റിദ്ധരിച്ചു, അവരെന്നോടു മര്യാദകേടായി പെരുമാറി, അങ്ങനെ ദീർഘമായ ആ യാതനാവഴിയിലൂടെ അവരെന്നെ നിന്നിലേക്കു നയിക്കുയും ചെയ്തു.- ഇപ്പോൾ എനിക്കു നീയാകണം. കന്യാമറിയത്തിന്റെ തിരുരൂപത്തിനു മുന്നിലെ കെടാവിളക്കു പോലെ നിന്റെ കൃപയ്ക്കു മുന്നിൽ എന്റെ ഹൃദയം എരിഞ്ഞുനില്ക്കുന്നു.

വ്യാഴാഴ്ച രാവിലെ

ചോരച്ചുവപ്പായ കംബളങ്ങളെനിക്കു നീട്ടിവിരിക്കണം,
പതിനായിരങ്ങളായ പുഷ്പദീപങ്ങൾ നിരത്തിവയ്ക്കണം,
മണക്കുന്ന പൊൻകിണ്ണങ്ങളിൽ നിന്നവയിലെണ്ണ പകരണം,
പിന്നെയെങ്ങുമവ തുള്ളിത്തുളുമ്പി നില്ക്കണം.


അങ്ങനെയവ എരിഞ്ഞെരിഞ്ഞു നില്ക്കണം,
ചുവന്ന പകലുകൾ അന്ധരാക്കിയ നമ്മൾ
വിളർത്ത രാത്രിയിൽ അന്യോന്യമറിയും വരെ,
നക്ഷത്രങ്ങളാണു നമ്മുടെയാത്മാക്കളെന്നറിയും വരെ.


എത്ര സമ്പന്നയാണു നീ. എന്റെ രാത്രികൾക്കു നീ സ്വപ്നങ്ങൾ നല്കുന്നു, എന്റെ പുലരികൾക്കു ഗാനങ്ങൾ നല്കുന്നു, എന്റെ പകലിനു ലക്ഷ്യം നല്കുന്നു, എന്റെ ചുവന്ന അസ്തമയത്തിനു സൂര്യാശംസകളും നല്കുന്നു. അക്ഷയമാണു നിന്റെ ദാനങ്ങൾ. നിന്റെ കൃപ കൈക്കൊള്ളാനായി മുട്ടു കുത്തി ഞാൻ കൈകളുയർത്തുന്നു. എത്ര സമ്പന്നയാണു നീ! ഞാനാരാകണമെന്നു നീയാഗ്രഹിക്കുന്നുവോ, അതൊക്കെയാണു ഞാൻ. നിനക്കു കോപം വരുമ്പോൾ ഞാൻ അടിമയാകാം, നിനക്കു പുഞ്ചിരി വരുമ്പോൾ ഞാൻ രാജാവാകാം. എങ്ങനെയായാലും എനിക്കസ്തിത്വം നല്കുന്നത് - നീ.

ഇതു നിന്നോടു ഞാൻ പലപ്പോഴും പറയും, മിക്കപ്പോഴും പറയും. എന്റെ കുമ്പസാരം എളിമയും സാരള്യവും വായ്ചതൊന്നായി വിളയും.  അങ്ങനെയൊടുവിൽ എത്രയും ലളിതമായി നിന്നോടു ഞാനതു പറയുമ്പോൾ അത്രയും ലളിതമായിത്തന്നെ നീയതുൾക്കൊള്ളും, നമ്മുടെ ഗ്രീഷ്മകാലം വന്നുചേരും. എല്ലാ പകലുകൾക്കും മേലതു വ്യാപിക്കുകയും ചെയ്യും- നിന്റെ
                                                            റെനെയുടെ.


നീ ഇന്നു വരും!?


(1903 നവംബർ 9)
റോം, 1904 ജനുവരി 15


ലൂ, പ്രിയപ്പെട്ട ലൂ, നിന്റെ ഒടുവിലത്തെ  കത്തിന്റെ തീയതി ഞാൻ എന്റെ കത്തിനു മുകളിൽ എഴുതുന്നു,- നീ എഴുതിയതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നറിയിക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണത്; അങ്ങനെയൊരവിശ്വാസത്തിനു നിരന്തരവും സാദ്ധ്യമായ എല്ലാ തരത്തിലുമുള്ള പിൻബലം തരുന്നവരാണ്‌ ഇറ്റലിയിലെ തപാൽ വകുപ്പുകാർ.

പ്രിയപ്പെട്ട ലൂ, ഞാനിപ്പോൾ തോട്ടത്തിലെ എന്റെ ചെറിയ പുരയ്ക്കുള്ളിലാണ്‌; ഏറെ നേരത്തെ അശാന്തിയ്ക്കു ശേഷം കിട്ടുന്ന ആദ്യത്തെ സമാധാനപൂർണ്ണമായ നേരമാണിത്; ലളിതമായ ഈ മുറിയ്ക്കുള്ളിൽ ഓരോന്നും അതാതിന്റെയിടത്തു കുടി പാർക്കുന്നു, ജീവിക്കുന്നു, പകലും രാത്രിയും അതിനു മേൽ പതിക്കാൻ വിട്ടുകൊടുക്കുകയും ചെയ്യുന്നു. അത്രയധികം മഴയ്ക്കു ശേഷം പുറത്തിപ്പോൾ ഒരു വസന്തകാലത്തിന്റെ അപരാഹ്നമാണ്‌, നാളെ കണ്ടില്ലെന്നു വരാമെങ്കിലും നിത്യതയിൽ നിന്നു വരുന്നതായി ഇപ്പോൾ തോന്നുന്ന ഏതോ വസന്തത്തിന്റെ നേരങ്ങളാണ്‌: അത്ര സംയമനമാണ്‌, തിളങ്ങുന്ന വാകയിലകളും കുറ്റിയോക്കുകളുടെ എളിയ ഇലപ്പൊതികളുമിളക്കുന്ന നേർത്ത ഇളംകാറ്റിന്‌; അത്ര ആത്മവിശ്വാസമാണ്‌, ഒഴിഞ്ഞൊരിടമുണ്ടെന്നു പറയാനില്ലാത്ത മരങ്ങളിൽ ഇളംചുവപ്പു നിറമാർന്ന കുഞ്ഞുമൊട്ടുകൾക്ക്; അത്രയ്ക്കാണ്‌, ഒരു പഴയപാലത്തിന്റെ കമാനം ധ്യാനനിരതമായി നോക്കിനില്ക്കുന്ന എന്റെ ഈ പ്രശാന്തസാനുവിലെ ധൂസരവും ഇളംപച്ചനിറവുമായ നാഴ്സിസസ് പൂത്തടത്തിൽ നിന്നു പൊങ്ങുന്ന സൗരഭ്യം. എന്റെ പുരപ്പുറത്തു കെട്ടിക്കിടന്ന മഴവെള്ളത്തിന്റെ അടിമട്ടു ഞാൻ തൂത്തു മാറ്റിക്കളഞ്ഞു, വാടിയ ഓക്കിലകൾ ഒരു വശത്തേക്കു വാരി മാറ്റുകയും ചെയ്തു; 

...ഏറെക്കാലത്തിനു ശേഷം ഇതാദ്യമായിട്ടാണ്‌ ഒരല്പം സ്വതന്ത്രനായ പോലെ, ഉല്ലാസവാനായ പോലെ, എന്റെ വീട്ടിലേക്കു നീ കയറിവരുന്ന പോലെ എനിക്കു തോന്നുന്നതും...ആഹ്ളാദം നല്കുന്ന ഈ അനുഭൂതിയും മാഞ്ഞുപോകാനേയുള്ളു: ആരറിഞ്ഞു, എന്റെ പുരപ്പുറത്തു പിന്നെയും വെള്ളം കോരിച്ചൊരിയാനായി അകലെ മലകൾക്കു പിന്നിൽ ഒരു മഴരാത്രി തയാറെടുക്കുകയല്ലെന്ന്, എന്റെ വഴികൾ പിന്നെയും മേഘങ്ങൾ കൊണ്ടു നിറയ്ക്കാൻ ഒരു കൊടുങ്കാറ്റുരുണ്ടുകൂടുകയല്ലെന്ന്.-

പക്ഷേ നിനക്കൊരു കത്തെഴുതാതെ ഈ നേരം കടന്നുപോകരുതെന്നു ഞാൻ കരുതി; നിനക്കു കത്തെഴുതാൻ എനിക്കു കഴിയുന്ന, നിനക്കടുത്തേക്കു വരാൻ മാത്രം എന്റെ മനസ്സു ശാന്തവും തല തെളിഞ്ഞതും ഞാൻ ഏകാകിയുമായിരിക്കുന്ന അല്പനിമിഷങ്ങൾ പാഴായിപ്പോകരുതെന്നു ഞാൻ കരുതി; കാരണം അത്രയ്ക്ക്, അത്രയ്ക്കാണെനിക്കു നിന്നോടു പറയാനുള്ളത്. പാരീസിൽ, ഡുറാൻഡ്-റുവേലിൽ വച്ച് കഴിഞ്ഞ കൊല്ലത്തെ വസന്തകാലത്ത് പൗരാണികചിത്രങ്ങളുടെ ഒരു പ്രദർശനം ഉണ്ടായിരുന്നു; ബോസ്ക്കോറിയേലിലെ ഒരു വില്ലായിൽ നിന്നുള്ള ചുമർചിത്രങ്ങൾ...ആ ചിത്രശകലങ്ങളിൽ ഏറ്റവും വലുതും അതിനാൽ അത്ര ലോലമെന്നു തോന്നുന്നതുമായ ഒന്ന് പൂർണ്ണമായും വലിയ ചേതം വരാതെയുമുണ്ടായിരുന്നു. ഗൗരവം നിറഞ്ഞതും പ്രശാന്തവുമായ ഒരു മുഖഭാവത്തോടെ ഒരു സ്ത്രീ ഇരിക്കുന്നതാണ്‌ അതിൽ ചിത്രീകരിച്ചിരുന്നത്; മന്ത്രിക്കുന്ന പോലെയും ചിന്തയിൽ മുഴുകിയ പോലെയും സംസാരിക്കുന്ന ഒരു പുരുഷൻ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണവൾ; അയാൾ സംസാരിക്കുന്നത് അവളോടെന്നപോലെ തന്നോടുമാണ്‌; അസ്തമയനേരത്തെ കടലോരങ്ങൾ പോലെ കഴിഞ്ഞുപോയ ഭാഗധേയങ്ങൾ തിളങ്ങുന്ന ഇരുണ്ട ശബ്ദമാണയാളുടേത്. ഈ മനുഷ്യൻ, എന്റെ ഓർമ്മ ശരിയാണെങ്കിൽ, അയാളുടെ കൈകൾ ഒരൂന്നുവടി മേൽ വച്ചിരുന്നു, വിദൂരദേശങ്ങളിൽ അയാൾ ഒപ്പം കൊണ്ടുപോയിരിക്കാവുന്ന ആ വടി മേൽ മടക്കിവച്ചിരുന്നു; അയാൾ സംസാരിക്കുമ്പോൾ അവ വിശ്രമിക്കുകയായിരുന്നു (തങ്ങളുടെ യജമാനൻ കഥ പറയാൻ തുടങ്ങുമ്പോൾ, അതേറെ നേരം നീണ്ടുനില്ക്കുമെന്നു കാണുമ്പോൾ മയങ്ങാൻ കിടക്കുന്ന നായ്ക്കളെപ്പോലെ-); എന്നാൽ ഈ മനുഷ്യൻ തന്റെ കഥയിൽ ഏറെ മുന്നോട്ടു പോയിരിക്കുന്നുവെങ്കിലും ഓർമ്മയുടെ എത്രയും വലിയൊരു വിസ്തൃതി (നിരപ്പായതെങ്കിലും പാത അപ്രതീക്ഷിതമായി വളവുകളെടുക്കുന്ന ഓർമ്മയുടെ വിസ്തൃതി) ഇനിയും മുന്നിലുണ്ടെന്നു തോന്നിപ്പിച്ചിരുന്നു; പക്ഷേ പ്രഥമദർശനത്തിൽ തന്നെ നിങ്ങൾക്കു മനസ്സിലാകുന്നു, അയാളാണു വന്നതെന്ന്, സ്വസ്ഥയും പ്രൗഢയുമായ ഈ സ്ത്രീയിലേക്കു യാത്ര ചെയ്തു വന്നയാൾ; ഉയരം വച്ച, വീടിന്റെ ശാന്തി നിറഞ്ഞ ഈ സ്ത്രീയിലേക്കു കയറിവന്ന അപരിചിതൻ. ആ ആഗമനത്തിന്റെ ഭാവം അപ്പോഴും അയാളിൽ ശേഷിച്ചിരുന്നു, കടലോരത്തൊരു തിരയിലെന്നപോലെ, തെളിഞ്ഞുപരന്ന ചില്ലു പോലതു പിൻവാങ്ങുകയാണെങ്കില്പോലും; കുറച്ചുകൂടി പക്വത വന്ന ഒരു സഞ്ചാരിക്കു പോലും കുടഞ്ഞുകളയാനാവാത്ത ആ തിടുക്കം അയാളിൽ നിന്നപ്പോഴും കൊഴിഞ്ഞുപോയിരുന്നില്ല; അയാളുടെ മനസ്സിന്റെ ഊന്നൽ അപ്പോഴും മാറിവരുന്നതും വിചാരിച്ചിരിക്കാത്തതുമായ സാദ്ധ്യതകളിലായിരുന്നു, അയാളുടെ കൈകളെക്കാൾ ഉത്തേജിതമായ, ഇനിയും ഉറക്കം പിടിക്കാത്ത കാലടികളിലേക്ക് ചോര ഇരച്ചുപായുകയായിരുന്നു. ഇപ്രകാരമാണ്‌ ചലനവും നിശ്ചലതയും ആ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരുന്നത്; വൈരുദ്ധ്യങ്ങളായിട്ടല്ല, ഒരന്യാപദേശമായി, സാവധാനം മുറി കൂടുന്ന ഒരു വ്രണം പോലെ അന്തിമമായൊരൈക്യമായി...മഹത്തും ലളിതവുമായ ആ ചിത്രം എനിക്കു മേൽ പിടി മുറുക്കിയ രീതി എന്റെ ഓർമ്മയിൽ എന്നുമുണ്ടാവും. അത്രയ്ക്കതൊരാലേഖനമായിരുന്നു, രണ്ടു രൂപങ്ങളേ അതിലുള്ളുവെന്നതിനാൽ; അത്രയ്ക്കതർത്ഥവത്തുമായിരുന്നു, ആ രണ്ടു രൂപങ്ങൾ തങ്ങളാൽത്തന്നെ നിറഞ്ഞിരുന്നുവെന്നതിനാൽ, തങ്ങളാൽത്തന്നെ ഭാരിച്ചതായിരുന്നുവെന്നതിനാൽ, നിരുപമമായ ഒരനിവാര്യതയാൽ ഒന്നുചേർന്നിരുന്നുവെന്നതിനാൽ. ആദ്യനിമിഷം തന്നെ ആ ചിത്രത്തിന്റെ സാരം എനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു. തികച്ചും കലുഷമായ ആ പാരീസ്‌കാലത്ത്, അനുഭവങ്ങൾ ദുഷ്കരവും വേദനാപൂർണ്ണവുമായി വലിയൊരുയരത്തിൽ നിന്നെന്നപോലെ ആത്മാവിൽ വന്നുപതിച്ചുകൊണ്ടിരുന്നപ്പോൾ, ആ മനോഹരചിത്രവുമായുള്ള സംഗമം നിർണ്ണായകമായ ഒരൂന്നൽ കൈവരിക്കുകയായിരുന്നു; ആസന്നമായതിനൊക്കെയപ്പുറം, അന്തിമമായതൊന്നിലേക്കു നോക്കാൻ എനിക്കനുമതി കിട്ടിയ പോലെയായിരുന്നു; അത്രയ്ക്കാണ്‌ ആ ചിത്രദർശനം എന്നെ സ്പർശിച്ചതും ദൃഢപ്പെടുത്തിയതും. പിന്നെയാണ്‌ പ്രിയപ്പെട്ട ലൂ, നിനക്കു കത്തെഴുതാനുള്ള ധൈര്യം വന്നുഭവിച്ചതും; എന്തെന്നാൽ എനിക്കു തോന്നി, ഏതു പാതയും, അതെത്ര വളഞ്ഞുപുളഞ്ഞതുമായിക്കോട്ടെ, സാർത്ഥകമാകും, ഒരു സ്ത്രീയിലേക്കുള്ള, സ്വസ്ഥതയിലും പക്വതയിലും കുടി കൊള്ളുന്ന, വിപുലയായ, ഗ്രീഷ്മരാത്രി പോലെന്തും- തങ്ങളെത്തന്നെ പേടിക്കുന്ന കുഞ്ഞുശബ്ദങ്ങൾ, വിളികൾ, മണിനാദങ്ങൾ- കേൾക്കാനറിയുന്ന ആ ഒരു സ്ത്രീയിലേക്കുള്ള അന്തിമമായ മടക്കത്തിലൂടെയെന്ന്:
പക്ഷേ ലൂ, എനിക്ക്, നിനക്കെങ്ങനെയോ നഷ്ടപ്പെട്ട ഈ മകന്‌, ഇനി വരാനുള്ള കുറേയേറെക്കാലത്തേക്കാവില്ല, കഥകൾ പറയുന്നവനാവാൻ, സ്വന്തം വഴി ഗണിച്ചെടുക്കുന്നവനാവാൻ, എന്റെ പൊയ്പോയ ഭാഗധേയങ്ങൾ വിവരിക്കുന്നവനാവാൻ; നീ കേൾക്കുന്നത് ഞാൻ ചുവടു വയ്ക്കുന്ന ശബ്ദം മാത്രമാണ്‌, ഇപ്പോഴുമതു തുടരുകയാണ്‌, ഇന്നതെന്നറിയാത്ത വഴികളിലൂടതു പിന്മടങ്ങുകയാണ്‌, ഏതിൽ നിന്നെന്നെനിക്കറിയില്ല, ആർക്കെങ്കിലുമടുത്തേക്കു വരികയാണോ അതെന്നുമെനിക്കറിയില്ല. എന്റെ നാവ്, ഒരിക്കലതൊരു വൻപുഴയായിക്കഴിഞ്ഞാൽ നിന്നിലേക്ക്, നിന്റെ കേൾവിയിലേക്ക്, നിന്റെ തുറന്ന ഗഹനതകളുടെ നിശബ്ദതയിലേക്കൊഴുകേണമെന്നേയെനിക്കുള്ളു- അതാണെന്റെ പ്രാർത്ഥന; പ്രബലമായ ഓരോ നേരത്തോടും, സംരക്ഷിക്കുകയും സർവതും പ്രദാനം ചെയ്യുകയും ചെയ്യുന്ന ഓരോ ഉത്കണ്ഠയോടും അഭിലാഷത്തോടും ആഹ്ളാദത്തോടും ആ പ്രാർത്ഥന ഞാൻ ആവർത്തിക്കുന്നു. ഇപ്പോൾപ്പോലും അപ്രധാനമാണെന്റെ ജീവിതമെങ്കിലും, കളകൾ കോയ്മ നേടിയ, പരിപാലനമില്ലാത്ത തൈകൾക്കിടയിൽ കിളികൾ കൊത്തിപ്പെറുക്കുന്ന ഉഴാത്ത പാടം പോലെയാണതെന്നു പലപ്പോഴും പലപ്പോഴുമെനിക്കു തോന്നാറുണ്ടെങ്കിലും,- നിന്നോടു പറയാനാവുമ്പോഴേ എനിക്കതുള്ളു, നീയതു കേൾക്കുമ്പോഴേ എനിക്കതുള്ളു!



എഴുത്തുകാരിയും സൈക്കോ അനലിസ്റ്റും നീച്ചയുടെ ശിഷ്യയും ഫ്രോയിഡിന്റെ ആത്മമിത്രവും റില്ക്കെയുടെ കാവ്യദേവതയുമായിരുന്ന ലൂ അന്ദ്രിയാസ് സലോമി Lou Andreas Salom� 1861ൽ സെയിന്റ് പീറ്റേഴ്സ് ബർഗിൽ ഒരു റഷ്യൻ ജനറലിന്റെ മകളായി ജനിച്ചു. സൂറിച്ച് യൂണിവേഴ്സിറ്റിയിൽ രണ്ടു കൊല്ലം മതചരിത്രവും ദൈവശാസ്ത്രവും പഠിച്ചതിനു ശേഷം 1882ൽ സലോമിറോമിൽ താമസമായി. ഇവിടെ വച്ചാണ്‌ പോൾ റീ (Paul Rhee)യെയും ഫ്രീഡ്രിക് നീച്ച (Friedrich Nietzsche)യെയും കണ്ടുമുട്ടുന്നതും പ്രബലമായ ഒരു ധൈഷണികത്രിത്വം ജന്മമെടുക്കുന്നതും. പില്ക്കാലത്ത് തന്റെ ഭർത്താവായ കാൾ ഫ്രീഡ്രിക് അന്ദ്രിയാസിനെ (Carl Friedrich Andreas) അവർ കണ്ടുമുട്ടുന്നത് 1887ലാണ്‌. കാൾ മരിക്കുന്ന 1930 വരെ അവർ തമ്മിൽ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും അവർ പ്രത്യേകം വീടുകളിലാണ്‌ താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു. ലേഖനങ്ങളും പുസ്തകങ്ങളും വഴി കിട്ടിയിരുന്ന വരുമാനം കൊണ്ട് സലോമിയ്ക്ക് ഭർത്താവിനെ ആശ്രയിക്കേണ്ടിയും വന്നില്ല. നീച്ചയെ കുറിച്ച് ആദ്യമായി പഠനങ്ങൾ എഴുതുന്നത് അവരാണ്‌- അദ്ദേഹം മരിക്കുന്നതിന്‌ ആറു കൊല്ലം മുമ്പ്. തന്നെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും അവർ അത് നിരാകരിച്ചു. 1897ൽ അവർ റയിനർ മരിയ റില്ക്കെയെ പരിചയപ്പെട്ടു. ദീർഘമായ ഒരു കാല്പനികപ്രണയത്തിന്റെ തുടക്കമായിരുന്നു അത്. തന്നെക്കാൾ പതിനഞ്ചു വയസ്സ് പ്രായം കുറവായ റില്ക്കെയുടെ പ്രണയാഭ്യർത്ഥന ആദ്യമൊക്കെ അവർ നിരസിച്ചുവെങ്കിലും പിന്നീട് കവിയുടെ നിർബന്ധബുദ്ധിയ്ക്കു മുന്നിൽ അവർ വഴങ്ങുകയായിരുന്നു. പ്രണയത്തിലേക്കും സൗഹൃദത്തിലേക്കും ആരാധനയിലേക്കും മാറിമാറിപ്പൊയ്ക്കൊണ്ടിരുന്ന ആ ബന്ധം ഇരുവരുടെയും സർഗ്ഗാത്മകതയെ പോഷിപ്പിച്ചു എന്നതാണ്‌ പ്രധാനം. ഇക്കാലത്ത് അവർ റില്ക്കെയെ റഷ്യൻ പഠിപ്പിക്കുകയും ചെയ്തു. 1902ൽ പോൾ റീയുടെ ആത്മഹത്യയെ തുടർന്നുണ്ടായ മാനസികാഘാതം അവരെ വിയന്നീസ് ഡോക്ടറായ ഫ്രീഡ്രിക് പിനേലെസ്സിലേക്കും അദ്ദേഹവുമായുള്ള ബന്ധത്തിലേക്കും നയിച്ചു. 1911ൽ ഫ്രോയിഡുമായുള്ള സന്ദർശനം സൈക്കോ അനാലിസിസ് പഠിക്കാൻ അവരെ പ്രേരിപ്പിച്ചു. വിയന്ന സൈക്കോ അനലിറ്റിക് സർക്കിളിൽ പ്രവേശനം കിട്ടിയ ഒരേയൊരു സ്ത്രീയുമായി അവർ. പിന്നീടവർ ഗോട്ടിംഗ എന്ന ജർമ്മൻ നഗരത്തിൽ സൈക്കോ അനലിറ്റിക് ചികിത്സയ്ക്കായി ഒരു കേന്ദ്രവും തുടങ്ങി. 1937ൽ വൃക്കരോഗത്തെ തുടർന്ന് എഴുപത്താറാമത്തെ വയസ്സിൽ അവർ മരിച്ചു.