2021, മാർച്ച് 29, തിങ്കളാഴ്‌ച

ബോദ്‌ലേർ - ആബേലും കായേനും


ആബേലിന്റെ വംശമേ, തിന്നുക, കുടിയ്ക്കുക, ഉറങ്ങുക;
നിനക്കു മേലെന്നുമുണ്ടല്ലോ, ദൈവത്തിന്റെ സുപ്രീതമന്ദഹാസം!

കായേന്റെ വംശമേ, മലത്തിലും പൊടിയിലും കിടന്നിഴയുക;
നായ്ക്കളെപ്പോലെ ദുരിതമരണം മരിയ്ക്കുക.

ആബേലിന്റെ വംശമേ, നിന്റെ ബലി മണക്കുമ്പോൾ
മാലാഖമാരുടെ നാസകൾക്കിക്കിളിയാകുന്നു!

കായേന്റെ വംശമേ, നിന്റെ ദുരിതത്തിനും ദുഃഖത്തിനും
ഇനിയേതു കാലത്താണൊരവസാനമുണ്ടാവുക?

ആബേലിന്റെ വംശമേ, നീ വിതച്ചതു തഴയ്ക്കുന്നു,
നിന്റെ കാലികൾ പുഷ്ടിപ്പെടുന്നു.

കായേന്റെ വംശമേ, വിശന്നുമോങ്ങുന്ന  നായയെപ്പോലെ
നിന്റെ കുടലുകൾ നിലവിളിയ്ക്കുന്നു.

ആബേലിന്റെ വംശമേ, കുടുംബപ്പെരുമയുടെ ഊഷ്മളതയിൽ
കാരണവരെപ്പോലെ സുഖം പറ്റി ഇരിക്കുക;

കായേന്റെ വംശമേ, ഒറ്റയാനായ കുറുക്കനെപ്പോലെ
തണുത്തും വിറച്ചും മാളത്തിലൊളിയ്ക്കുക!

ആബേലിന്റെ വംശമേ, ധാരാളമായിപ്പെരുകുക;
നിൻ്റെ പൊന്നുമതുപോലെ പെരുകട്ടെ!.

കായേന്റെ വംശമേ, നീറിയെരിയുന്ന ഹൃദയമേ!
നിന്റെ തീക്ഷ്ണദാഹങ്ങളെ കരുതിയിരിക്കുക!

ആബേലിന്റെ വംശമേ, വെട്ടിവിഴുങ്ങുക, പെറ്റുപെരുകുക,
പഴത്തോട്ടം കൈയേറിയ കീടങ്ങളെപ്പോലെ.

കായേന്റെ വംശമേ, കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ
തളർന്ന കുടുംബത്തെയും വലിച്ചിഴച്ചു നീ നടക്കുക.

II

ആബേലിന്റെ വംശമേ, നിന്റെ ചീർത്ത ശവമൊരുനാൾ
ആവി പൊന്തുന്ന മണ്ണിനു വളക്കൂറു നൽകും!

കായേന്റെ വംശമേ, ഒരു ദൌത്യം നിനക്കു ശേഷിക്കുന്നു,
നിന്റെ സന്തതിപരമ്പരകളതേറ്റെടുത്തു നടത്തട്ടെ.

ആബേലിന്റെ വംശമേ, ഒരുനാൾ നീ നാണം കെടും:
കൃഷിക്കാരന്റെ കലപ്പയെ വേട്ടക്കാരന്റെ വാളു ജയിക്കും!

കായേന്റെ വംശമേ, ആകാശത്തു കയറിച്ചെല്ലൂ,
ദൈവത്തെ വലിച്ചെടുത്തു മണ്ണിലേക്കെറിയൂ!

*

ആബേലും കായേനും : ഉല്പത്തിപുസ്തകം 4. ആദമിന്റെ ഹവ്വയുടെയും പുത്രന്മാർ; ആബേൽ ഇടയനായിരുന്നു, കായേൻ കർഷകനും. ആബേലിന്റെ ബലി സ്വീകരിച്ച ദൈവം തന്റെ ബലി സ്വീകരിക്കാഞ്ഞതിൽ അസൂയാലുവായ കായേൻ ആബേലിനെ കൊന്നു. ദൈവം കായേനെ ‘നീ ഭൂമിയിൽ ഉഴന്നലയുന്നവനാവട്ടെ’ എന്നു ശപിച്ചു. ഭ്രഷ്ടനായ കായേനോടാണ്‌ കവിയുടെ അനുതാപം. കവിതയുടെ ഒന്നാം ഭാഗം കീഴ്വഴക്കപ്രകാരമുള്ള വിവരണം; കവിയുടെ നിഗമനങ്ങൾ രണ്ടാം ഭാഗത്ത്.

കൃഷിക്കാരന്റെ കലപ്പയെ വേട്ടക്കാരന്റെ വാളു ജയിക്കും: ആബേൽ വംശത്തിന്റെ സംതൃപ്തമായ സുഖജീവിതത്തെ കായേന്റെ ഭാവിസന്തതികളുടെ ക്ഷാത്രവീര്യം അട്ടിമറിക്കുമെന്ന് എ. ആദാംസിന്റെ വായന.

അഭിപ്രായങ്ങളൊന്നുമില്ല: