I
വൈകാതെ നാമന്ധകാരത്തിന്റെ മരവിപ്പിലേക്കാണ്ടുപോകും,
അത്രമേൽ ഹ്രസ്വമായ വേനലിന്റെ വിശദവെളിച്ചമേ, വിട!
ആ ദാരുണശബ്ദമിപ്പോൾത്തന്നെ കാതുകളിൽ മുഴങ്ങുന്നു,
മുറ്റത്തെ തറക്കല്ലുകളിൽ വിറകുകൊള്ളികളുടെ മാറ്റൊലി!
ഹേമന്തമെല്ലാമെടുത്തെന്റെ ഹൃദയത്തിൽ വന്നു കുടിയേറും:
കോപം, പക, ഭീതി, ഉടൽവിറ, മോചനമില്ലാത്ത അടിമവേല.
ധ്രുവപ്രദേശമെന്ന നരകത്തിലെ സൂര്യനെന്നപോലെ
എന്റെ ഹൃദയം തണുത്തുറഞ്ഞൊരു ചോരക്കട്ടയാകും.
ഓരോ വിറകും വന്നുവീഴുമ്പോൾ ഞാൻ കിടുങ്ങിവിറയ്ക്കുന്നു;
ഇത്രയും ചതഞ്ഞൊരൊച്ചയല്ലല്ലോ കൊലമരം പണിയുമ്പോൾ കേൾക്കുക!
ഒരു കൂറ്റനിരുമ്പുകൂടത്തിന്റെ അക്ഷീണപ്രഹരങ്ങൾക്കടിയിൽ
തകർന്നടിയുന്നൊരു ഗോപുരമാണിന്നെന്റെ ചേതന.
ആ നിരന്തരമായ ഒച്ച കേട്ടു തല പെരുക്കുമ്പോളെനിക്കു തോന്നുന്നു,
ആരുടെയോ ശവപ്പെട്ടിയിലാണിയടിക്കുകയാണവർ. പക്ഷേ ആരുടെ?
ഇന്നലെ വേനലായിരുന്നു, ഇന്നിതാ, ശരല്ക്കാലവുമായി!
ആ അജ്ഞാതശബ്ദമൊച്ചപ്പെടുന്നതൊരു വിട വാങ്ങൽ പോലെ.
II
എനിക്കിഷ്ടമാണു പ്രിയേ, നിന്റെ നീണ്ട കണ്ണുകളിലെ പച്ചവെളിച്ചം,
ഇന്നുപക്ഷേ, സർവ്വതുമെനിക്കു ചവർത്തുപോയിരിക്കുന്നു,
ഇന്നെനിക്കു വേണ്ടതു നിന്റെ പ്രണയമല്ല, നിന്റെ കിടപ്പറയല്ല,
കടല്പരപ്പിലോളം തല്ലുന്ന തെല്ലു സൂര്യവെളിച്ചം മാത്രം!
എന്നിരുന്നാലുമാർദ്രഹൃദയമേ, എന്നെ നീ സ്നേഹിക്കണേ!
നിന്ദ്യനും നന്ദി കെട്ടവനുമാണെങ്കിലുമവനമ്മയാകണേ;
രമണീയമായൊരു ശരല്ക്കാലത്തിന്റെ, അസ്തമയസൂര്യന്റെ
ക്ഷണികമാധുര്യമാകണേ, എന്റെ കാമുകീ, എന്റെ സോദരീ!
ഇനി വൈകില്ല! ആർത്തിയോടെ ശവക്കുഴി കാത്തിരിക്കുന്നു!
ഹാ, നിന്റെ കാല്മുട്ടുകളിൽ ഞാനൊന്നു നെറ്റി ചേർക്കട്ടെ,
പൊള്ളുന്ന വേനലിന്റെ വെണ്മയെച്ചൊല്ലി വിലപിക്കുമ്പോൾത്തന്നെ
ശരല്ക്കാലാന്ത്യത്തിന്റെ സുവർണ്ണരശ്മികൾ ഞാൻ നുകരട്ടെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ