പോയ രാത്രിയിൽ കേമന്മാരായ രണ്ടു ചെകുത്താന്മാരും അത്രതന്നെ വിശേഷപ്പെട്ട ഒരു പിശാചിനിയും ഉറങ്ങിക്കിടക്കുന്ന മനുഷ്യന്റെ ദൗർബ്ബല്യത്തിനു മേൽ നരകം തന്റെ ആക്രമണം അഴിച്ചുവിടുകയും അവനുമായി രഹസ്യസമ്പർക്കം പുലർത്തുകയും ചെയ്യുന്ന പാതാളക്കോണി കയറി വന്നു. അരങ്ങത്തെത്തിയ അഭിനേതാക്കളെപ്പോലെ അവർ എന്റെ മുന്നിൽ വന്ന് പ്രതാപത്തോടെ നിലയുറപ്പിച്ചു. രാത്രിയുടെ അതാര്യപശ്ചാത്തലത്തിൽ എഴുന്നുനിന്ന ആ മൂന്നു രൂപങ്ങളിൽ നിന്നും ഒരു ഗന്ധകദീപ്തി പ്രസരിച്ചിരുന്നു. അവരുടെയാ പ്രതാപവും മേധാവിത്വവും കണ്ടപ്പോൾ ഇവർ ശരിക്കുമുള്ള ദേവന്മാരാണോയെന്ന് ഒരു നിമിഷം ഞാനൊന്നു ശങ്കിച്ചുപോവുകയും ചെയ്തു.
ഒന്നാമത്തെ ചെകുത്താന്റെ മുഖം നോക്കിയാൽ അത് ആണിന്റേതോ പെണ്ണിന്റേതോ എന്നു നിർണ്ണയിക്കുക പ്രയാസമായിരിക്കും; അവന്റെ ഉടൽവടിവാകട്ടെ, പുരാതനനായ ബാക്കസ്സിന്റേതുപോലെ മാർദ്ദവമുള്ളതുമായിരുന്നു. ഏതെന്നറിയാത്ത ഒരു നിറം നിഴൽ വീശിയ അവന്റെ കൂമ്പിയ, മനോഹരമായ കണ്ണുകൾ ഒരു കൊടുങ്കാറ്റിന്റെ കണ്ണീർക്കണങ്ങളിറ്റുതീരാത്ത വയലറ്റുകളെ ഓർമ്മിപ്പിച്ചു; പാതി വിടർന്ന ചുണ്ടുകൾ ഒരു സുഗന്ധതൈലശാലയിലെ പരിമളങ്ങൾ വമിക്കുന്ന ഊഷ്മളമായ ധൂപപാത്രങ്ങൾക്കു സദൃശം; അവൻ ഓരോ തവണ നെടുവീർപ്പിടുമ്പോഴും ശലഭങ്ങൾ അവന്റെ ചുടുനിശ്വാസമേറ്റു തിളങ്ങിയിരുന്നു.
അവന്റെ ചെമ്പട്ടുകഞ്ചുകത്തിനു ചുറ്റുമായി അരപ്പട്ട പോലെ കിടക്കുന്ന മിന്നിത്തിളങ്ങുന്ന ഒരു സർപ്പം പത്തിയുയർത്തി കനല്ക്കണ്ണുകൾ കൊണ്ട് ആലസ്യത്തോടെ അവന്റെ മുഖത്തേക്കു നോക്കുന്നു. ആ ജീവനുള്ള നാടയിൽ നിന്ന് ആസുരദ്രാവകങ്ങൾ നിറച്ച കുപ്പികളും മിന്നുന്ന കത്തികളും ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളും തൂങ്ങിക്കിടപ്പുണ്ട്. വലതുകയ്യിൽ ചുവന്നു തിളങ്ങുന്ന ഒരു ദ്രാവകം നിറച്ച മറ്റൊരു കുപ്പി, വിചിത്രമായ ഇങ്ങനെയൊരു കുറിപ്പുമായി: “കുടിക്കുക, ഇതെന്റെ രക്തം, ഉന്മേഷത്തിനുള്ള ഒന്നാന്തരം പാനീയം.” ഇടതുകയ്യിലെ വയലിൻ തന്റെ സന്തോഷങ്ങളും ദുഃഖ്നങ്ങളും ഈണപ്പെടുത്താനും ശാബത്ത് രാത്രികളിൽ ഉന്മാദമെന്ന സാംക്രമികരോഗം പരത്താനും അവനെ സഹായിച്ച ഉപാധിയാണെന്നു വ്യക്തം.
അവന്റെ മെലിഞ്ഞ കണങ്കാലുകളിൽ നിന്ന് ഒരു സ്വർണ്ണത്തുടലിന്റെ പൊട്ടിയ കണ്ണികൾ ഞാന്നുകിടന്നിരുന്നു; അതു കൊണ്ടുണ്ടാകുന്ന അസൗകര്യം നിലത്തേക്കവന്റെ നോട്ടം വീഴ്ത്തുമ്പോൾ നന്നായി ഉരച്ചുമിനുക്കിയ രത്നക്കല്ലുകൾ പോലത്തെ തന്റെ കാൽനഖങ്ങളിലേക്ക് അഭിമാനത്തോടെ അവൻ നോക്കുന്നുമുണ്ട്.
ഒരു നിഗൂഢലഹരി പടരുന്ന ശോകപൂർണ്ണമായ കണ്ണുകൾ കൊണ്ടെന്നെയുഴിഞ്ഞിട്ട് ഈണത്തിൽ അവൻ പറഞ്ഞു: “നിങ്ങൾക്കിഷ്ടമാണെങ്കിൽ, നിങ്ങൾക്കിഷ്ടമാണെങ്കിൽ, നിങ്ങളെ ഞാൻ ആത്മാവുകളുടെ നാഥനാക്കാം; ശില്പിക്കു കളിമണ്ണിലുള്ളതിനെക്കാൾ അധികാരം ജൈവവസ്തുവിനുമേൽ നിങ്ങൾക്കുണ്ടാകും; തന്നിൽ നിന്നു പുറത്തുപോയി അന്യരിൽ സ്വയം നഷ്ടപ്പെടുത്തുന്നതിന്റെയും മറ്റാത്മാക്കളെ തന്നിലേക്കാകർഷിച്ചുവരുത്തി അവരുമായി ഒന്നുചേരുന്നതിന്റെയും നിരന്തരസുഖം നിങ്ങൾക്കനുഭവിക്കുകയും ചെയ്യാം.“
ഞാൻ പറഞ്ഞു: ”വളരെ നന്ദി! എന്നാൽ എന്റെ ദരിദ്രമായ ആത്മാവിനെക്കാൾ ഒട്ടും മൂല്യം കാണാൻ വഴിയില്ലാത്ത ഒരു പറ്റം നികൃഷ്ടജീവികളുമായി ഒരിടപാടും എനിക്കു വേണ്ട. നാണക്കേടുകളേ ഓർമ്മിക്കാനുള്ളുവെങ്കില്ക്കൂടി യാതൊന്നും മറക്കാനും എനിക്കാഗ്രഹമില്ല. എനിക്കു നിന്നെ അറിയില്ലെന്നു വന്നാലും, കിഴട്ടുപിശാചേ, നിന്റെ ഈ നിഗൂഢമായ കത്തികളും സംശയം തോന്നിക്കുന്ന കുപ്പികളും നിന്റെയാ കാൽത്തുടലുകളുമെല്ലാം നീയുമായുള്ള സൗഹൃദം സൗകര്യപ്രദമല്ലെന്നത് വ്യക്ത്മായി വിശദീകരിക്കുന്ന പ്രതീകങ്ങളാണ്. സമ്മാനങ്ങൾ നിന്റെ കയ്യിൽത്തന്നെ ഇരിക്കട്ടെ.“
രണ്ടാമത്തെ ചെകുത്താന് ഇതുപോലെ വിഷാദവും സന്തോഷവും കലർന്ന ഭാവമായിരുന്നില്ല; പാട്ടിലാക്കുന്ന പെരുമാറ്റമോ ലോലവും വാസനിക്കുന്നതുമായ സൗന്ദര്യമോ ഉണ്ടായിരുന്നില്ല. കണ്ണുകളില്ലാത്ത മുഴുത്ത മുഖവും തുടകളിലേക്കു തൂങ്ങിക്കിടക്കുന്ന കുടവയറുമായി ഒരു പടുകൂറ്റൻ ആൾരൂപം; പൊന്നു പൂശിയ പോലത്തെ തൊലിയിലാകെ ലോകത്തെ ദാരിദ്ര്യത്തിന്റെ നാനാരൂപങ്ങളെ പ്രതിനിധീകരിക്കുന്ന ചലിക്കുന്ന കൊച്ചുരൂപങ്ങൾ പച്ച കുത്തിയപോലെ വരച്ചുനിറച്ചിരിക്കുന്നു. അതിൽ ആണികളിൽ നിന്നു സ്വയം തൂങ്ങിക്കിടക്കുന്ന ചടച്ചൊട്ടിയ കൊച്ചുമനുഷ്യരുണ്ട്; വിറയ്ക്കുന്ന കൈകളെക്കാൾ വാചാലമായി ദീനമായ കണ്ണുകൾ കൊണ്ടു യാചിക്കുന്ന എല്ലും തോലുമായി, വികൃതരൂപികളായ ഭൂതങ്ങളുണ്ട്; അകാലപ്പിറവികളായ കുഞ്ഞുങ്ങളെ തേഞ്ഞൊട്ടിയ മുലകളിൽ ചേർത്തുപിടിച്ചിരിക്കുന്ന പ്രായം ചെന്ന അമ്മമാരുണ്ട്; അങ്ങനെ പലതുമുണ്ട്.
ആ തടിയൻ ചെകുത്താൻ കൈ മുറുക്കി തന്റെ കുടവയറിൽ ആഞ്ഞിടിച്ചപ്പോൾ ഉണ്ടായ ദീർഘവും ലോഹം കിടുങ്ങുന്നതുപോലുള്ളതുമായ വലിയ ഒച്ച അനേകം മനുഷ്യജീവികളുയർത്തിയ നേർത്ത രോദനത്തിന്റെ മറ്റൊലി പോലെയാണൊടുങ്ങിയത്. ഒരു നാണവുമില്ലാതെ പുഴുപ്പല്ലും പുറത്തു കാണിച്ചുകൊണ്ട് അവൻ പൊട്ടിച്ചിരിച്ചപ്പോൾ ഏതു നാട്ടിലെയും ചില തീറ്റമാടന്മാരുടെ വിഡ്ഢിച്ചിരി പോലുണ്ടായിരുന്നു അത്.
അവൻ ഇതാണെന്നോടു പറഞ്ഞത്: “എന്തും നേടിയെടുക്കുന്നതും എന്തിന്റെയും മൂല്യമുള്ളതും എന്തിനെയും പകരം വയ്ക്കുന്നതുമായ ഒന്ന് ഞാൻ നിങ്ങൾക്കു നല്കാം!” എന്നിട്ടവൻ തന്റെ കൊഴുത്ത കുമ്പയിലടിച്ചപ്പോളുണ്ടായ മുഴങ്ങുന്ന ഒച്ച അവന്റെ ജല്പനത്തിനു ചേർന്ന ഭാഷ്യം ചമയ്ക്കുകയായിരുന്നു.
അറപ്പോടെ മുഖം തിരിച്ചുകൊണ്ട് ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു: “അന്യന്റെ ദുരിതം കൊണ്ടു നേടുന്ന ഒരൈശ്വര്യവും എനിക്കു വേണ്ട; ഒരു ചുമർചിത്രമെന്നപോലെ തന്റെ തൊലിയിൽ വരച്ചുവച്ചിരിക്കുന്ന ആ ദൗർഭാഗ്യങ്ങളുടെ കറ പറ്റിയ ഒരു സമ്പത്തും എനിക്കാവശ്യമില്ല.“
പിശാചിനിയുടെ കാര്യം പറയാനാണെങ്കിൽ, അവളെ ആദ്യം കണ്ടപ്പോൾ വിചിത്രമായ ഒരാകർഷണത്തിനു ഞാനൊന്നു കീഴടങ്ങിപ്പോയതു തുറന്നുപറഞ്ഞില്ലെങ്കിൽ അതൊരു നുണയായിപ്പോകും. യൗവ്വനം കഴിഞ്ഞുവെങ്കിലും പിന്നീടു പ്രായമേറുന്നില്ലെന്നു തോന്നിക്കുകയും സൗന്ദര്യത്തിൽ നാശാവശിഷ്ടങ്ങളുടെ തീക്ഷ്ണമായ മാന്ത്രികതയെ ഓർമ്മിപ്പിക്കുകയും ചെയ്യുന്ന അതിസുന്ദരികളായ സ്ത്രീകളോടു തുലനം ചെയ്തുകൊണ്ടേ അവളുടെ വശ്യതയെ എനിക്കു നിർവ്വചിക്കാനാവൂ. ഔദ്ധത്യത്തോടൊപ്പം മുഗ്ധതയും കലർന്നതായിരുന്നു അവളുടെ ഭാവം. കണ്ണുകൾ ക്ഷീണിതമായി തോന്നിയെങ്കിലും വശീകരണശക്തിക്കു കുറവുണ്ടായിരുന്നില്ല. എന്നാൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവളുടെ ശബ്ദത്തിലെ നിഗൂഢതയായിരുന്നു; അതിഹൃദ്യമായ കോൺട്രാൾട്ടോകളെയാണ് അതെന്നെ ഓർമ്മിപ്പിച്ചത്; ഒപ്പം അമിതമായി മദ്യപിച്ചു വരണ്ട തൊണ്ടകളേയും.
”എന്റെ ശക്തി അറിയണമെന്നുണ്ടോ?“ മയക്കുന്ന സ്വരത്തിൽ ആ കപടദേവത എന്നോടു ചോദിച്ചു. ”കേട്ടുനോക്കൂ.“
എന്നിട്ടവൾ കൂറ്റനൊരു കാഹളമെടുത്ത് ചുണ്ടിലേക്കു വച്ചു; ഒരു കളിയോടക്കുഴലിലെന്നപോലെ അതിൽ നിന്നു തൂങ്ങിക്കിടക്കുന്ന നാടകളിൽ ഈ പ്രപഞ്ചത്തിലെ സകല പത്രങ്ങളുടേയും പേരുകളെഴുതിയിരുന്നു; ആ കാഹളത്തിലൂടെ അവൾ എന്റെ പേരു വിളിച്ചുപറഞ്ഞപ്പോൾ ഒരു നൂറായിരം ഇടിമുഴക്കങ്ങൾ പോലെ അതുരുണ്ടുമറിഞ്ഞ് സർവ്വദിക്കിലേക്കും വ്യാപിക്കുകയും പ്രപഞ്ചസീമയിലെ വിദൂരഗോളങ്ങളിൽ തട്ടി മാറ്റൊലിച്ചാലെന്നപോലെ തിരിച്ചെന്നിലേക്കെത്തുകയും ചെയ്തു.
“പിശാചേ!” പാതി വീണുപോയ ഞാൻ പറഞ്ഞു, “ഇത് സംഗതി കൊള്ളാമല്ലോ!” എന്നാൽ മോഹിപ്പിക്കുന്ന ആ യക്ഷിയെ ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ഇവളെ ഞാൻ എവിടെയോ കണ്ടതാണെന്നുള്ള അസ്പഷ്ടമായ ഓർമ്മ എനിക്കുണ്ടായി; അതുപോലെ എനിക്കറിയാവുന്ന ചില കോമാളികളുമായി ഇവൾ കുടിച്ചുകൂത്താടുന്നത് ഞാനെവിടെയോ കണ്ടിട്ടുമുണ്ട്. അവളുടെ വാദ്യത്തിന്റെ രൂക്ഷമായ സ്വരം വ്യഭിചരിക്കപ്പെട്ട ഒരു കാഹളത്തിന്റെ നേർത്തൊരോർമ്മ എന്റെ കാതുകളിലേക്കെത്തിക്കുകയും ചെയ്തു.
അതു കാരണം കടുത്ത വെറുപ്പോടെ ഞാൻ പറഞ്ഞു, “കടന്നുപൊയ്ക്കോ! എനിക്കു പേരു പറയാൻ ഇഷ്ടമില്ലാത്ത ചിലരുടെ വെപ്പാട്ടിയായിരുന്ന ഒരുത്തിയെ കെട്ടാനല്ല ഞാൻ ജനിച്ചത്.”
അത്രയും ധീരമായ ഒരാത്മനിരാസത്തിന്റെ പേരിൽ അഭിമാനം കൊള്ളാൻ തീർച്ചയായും എനിക്കവകാശമുണ്ടായിരുന്നു. പക്ഷേ എന്റെ ഭാഗ്യക്കേടിന് അപ്പോഴേക്കും എന്റെ ഉറക്കം പോയി; എന്റെ സകല ഇച്ഛാശക്തിയും എന്നെ വിട്ടു പോവുകയും ചെയ്തു. “ശരിയാണ്,” ഞാൻ സ്വയം പറഞ്ഞു, “അത്രയും മനസ്സാക്ഷിയൊക്കെ കാണിക്കണമെങ്കിൽ തീച്ചയായും ഞാൻ നല്ല ഉറക്കമായിരുന്നിരിക്കണം. ഹാ, ഞാൻ ഉണർന്നിരിക്കുമ്പോൾ അവർ ഇനിയൊന്നു തിരിച്ചുവരട്ടെ, അത്രയും സ്വഭാവഗുണമൊന്നും ഞാൻ കാണിക്കാൻ പോകുന്നില്ല!”
ആവുന്നത്ര ഒച്ചയിൽ ഞാനവരെ വിളിച്ചുനോക്കി; എന്നെ മാപ്പാക്കണമെന്നു ഞാൻ അവരോടിരന്നു; അവരുടെ പ്രീതിക്കർഹനാവാൻ എത്ര തവണ വേണമെങ്കിലും മാനം കെട്ടുകൊള്ളാമെന്ന് ഞാൻ ഉറപ്പു കൊടുത്തു; പക്ഷേ അവർ പിന്നെ തിരിച്ചുവന്നതേയില്ല; ഞാനവരെ അത്രയധികം വേദനിപ്പിച്ചു കാണണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ