2021, മാർച്ച് 5, വെള്ളിയാഴ്‌ച

ബോദ്‌ലേർ - പത്രോസിന്റെ നിഷേധം



തന്റെ പ്രിയമാലാഖമാരുടെ കാല്ക്കൽ തിരപ്പെരുക്കം പോലെ
നിത്യേന ശാപങ്ങൾ വന്നലയ്ക്കുമ്പോൾ ദൈവമെന്തു പറയും?
വീഞ്ഞുമിറച്ചിയുമാവോളം ചെലുത്തിയൊരു ദുഷ്‌പ്രഭുവെപ്പോലെ
നമ്മുടെ ഘോരമായ ദൈവനിന്ദകളുടെ താരാട്ടിലവൻ മയങ്ങുന്നു.

രക്തസാക്ഷികളുടെ തേങ്ങലുകളും പീഡിതരുടെ രോദനങ്ങളും
നമ്മുടെ ദൈവത്തിനു ലഹരി പിടിപ്പിക്കുന്ന സംഗീതം.
അവർക്കാനന്ദത്തിനായി മനുഷ്യനെത്ര ചോര നിവേദിച്ചാലും
സ്വർഗ്ഗത്തെ ദേവതകളതുകൊണ്ടു സമ്പ്രീതരാവുന്നില്ലല്ലോ.

-യേശുവേ, ആ ഒലീവുമരത്തോട്ടം നീയോർക്കുന്നുവോ?
നിന്റെ എളിമ കൊണ്ടു മുട്ടുകാലിൽ വീണവനോടു നീ പ്രാർത്ഥിച്ചു,
അവനോ, ആ നിന്ദ്യരായ കശാപ്പുകാർ നിന്റെ ജീവനുള്ള മാംസത്തിൽ
ആണികളടിച്ചുകയറ്റുമ്പോളതുകേട്ടു രസിക്കുകയായിരുന്നു;

ആ തെമ്മാടികൾ, ആ കാവൽക്കാർ, വിടുപണിക്കാർ-
അവർ നിന്റെ നിർമ്മലദിവ്യത്വത്തിനു മേൽ കാറിത്തുപ്പുമ്പോൾ,
നമ്മുടെ മനുഷ്യത്വത്തിനിരിപ്പിടമായ നിന്റെ നെറ്റിയിൽ
കൂർത്ത കാരമുള്ളുകളാഴ്ന്നിറങ്ങുന്നതു നീയറിയുമ്പോൾ;

നിന്റെ തകർന്ന ഉടൽ താങ്ങരുതാത്ത ഭാരമാകുമ്പോൾ,
നിന്റെ തളർന്ന കൈകളിരുവശത്തേക്കും വലിഞ്ഞുനീളുമ്പോൾ,
വിളർത്ത നെറ്റിയിലൂടെ ചോരയും വിയർപ്പുമൊലിച്ചിറങ്ങുമ്പോൾ,
പുരുഷാരത്തിനൊരുന്നമായി നിന്നെയുയർത്തിക്കാട്ടുമ്പോൾ;

നിനക്കോർമ്മ വന്നുവോ, ആ ദീപ്തസുന്ദരസുദിനങ്ങൾ,
ഒരു ചിരകാലവാഗ്ദാനത്തിന്റെ നിറവേറലിനായി
ഈന്തപ്പനയോലകളും പൂക്കളും വിതറിയ പാതകളിലൂടെ,
സാധുവായൊരു പെൺകഴുതയുടെ മുകളിലേറി നീ പോയതും,

ധൈര്യത്തോടെ, ഹൃദയം തുളുമ്പുന്ന പ്രതീക്ഷയോടെ,
കൊള്ളപ്പലിശക്കാർക്കു നേരേ ചാട്ടയോങ്ങി നീ ചെന്നതും,
ഒടുവിൽ ലോകത്തിനു നാഥനായതും? അന്നു നിന്റെ പാർശ്വത്തിൽ
കുന്തമുനയേക്കാളുമാഴത്തിൽ കുറ്റബോധം തറച്ചുകയറിയില്ലേ?

സ്വപ്നവും പ്രവൃത്തിയും തമ്മിൽച്ചേരാത്ത ഈ ലോകത്തു നിന്ന്,
എനിക്കു സംശയമേയില്ല, സംതൃപ്തിയോടെ ഞാനിറങ്ങിപ്പോകും;
വാളെടുക്കാൻ, വാളിനാൽ മരിക്കാനെനിക്കായെങ്കിൽ!
യേശുവിനെ പത്രോസ് തള്ളിപ്പറഞ്ഞുവത്രെ...അതിൽ ന്യായമുണ്ട്!


അഭിപ്രായങ്ങളൊന്നുമില്ല: