2021, മാർച്ച് 23, ചൊവ്വാഴ്ച

ആദം സഗയെവ്സ്കി - കവിതകൾ

 
ഈ മാർച്ച് 21ന്‌ ക്രാക്കോവിൽ വച്ചന്തരിച്ച ആദം സഗയെവ്സ്കി Adam Zagajewski (1945-1921) പോളണ്ടിലെ സമകാലീനകവികളിൽ ഏറ്റവും പ്രമുഖനായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രോപ്പഗാൻഡയുടെ നുണകളെ എതിർത്തുകൊണ്ട് പോളിഷ് നവതരംഗത്തിലൂടെ കടന്നുവന്ന അദ്ദേഹം എമ്പതുകളിലെ സോളിഡാരിസ്റ്റി പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. തന്റെ ജന്മദേശത്തിന്റെ വിക്ഷുബ്ദ്ധമായ ചരിത്രവും ആധുനികബുദ്ധിജീവിയുടെ സന്ദേഹങ്ങളുമാണ്‌ സഗയെവ്സ്കിയുടെ കവിതയിൽ പ്രമേയങ്ങളായി വരുന്നത്.

മുഖങ്ങൾ


രാത്രിയിൽ അങ്ങാടിക്കവലയിൽ
എനിക്കറിയാത്ത മനുഷ്യരുടെ തിളങ്ങുന്ന മുഖങ്ങൾ ഞാൻ കണ്ടു.
ആർത്തിയോടെ ഞാനവരുടെ മുഖങ്ങളിലേക്കു നോക്കി:
ഓരോന്നും വ്യത്യസ്തമായിരുന്നു,
ഓരോന്നും എന്തോ പറഞ്ഞിരുന്നു, പ്രേരിപ്പിച്ചിരുന്നു,
ചിരിച്ചിരുന്നു, സഹിച്ചിരുന്നു.

എനിക്കു തോന്നി,
നഗരം നിർമ്മിച്ചിരിക്കുന്നത് വീടുകൾ കൊണ്ടല്ല,
കവലകളും നടക്കാവുകളും ഉദ്യാനങ്ങളും
വീതിയേറിയ തെരുവുകളും കൊണ്ടല്ല,
വിളക്കുകൾ പോലെ തിളങ്ങുന്ന മുഖങ്ങൾ കൊണ്ടാണെന്ന്,
രാത്രിയിൽ, തീപ്പൊരികളുടെ മേഘങ്ങൾക്കുള്ളിൽ,
ഉരുക്കു വിളക്കിച്ചേർക്കുന്ന വെൽഡർമാരുടെ 
ടോർച്ചുകൾ പോലത്തെ മുഖങ്ങൾ കൊണ്ട്.


മഞ്ഞുകാറ്റ്


നമ്മൾ സംഗീതം കേൾക്കുകയായിരുന്നു-
ബാഹിന്റെ സംഗീതം,
ഷൂബെർട്ടിന്റെ ഏകാന്തശോകം.
ഒരു നിമിഷം നാം നിശ്ശബ്ദതയ്ക്കും കാതുകൊടുത്തു.
പുറത്തൊരു മഞ്ഞുകാറ്റിരമ്പിപ്പാഞ്ഞു,
കാറ്റതിന്റെ നീലിച്ച മുഖം
ചുമരിനോടു ചേർത്തുരച്ചിരുന്നു.
മരിച്ചവർ തെന്നുന്ന മഞ്ഞുവണ്ടികളിൽ പാഞ്ഞുപോയി,
നമ്മുടെ ജനാലകളിൽ
മഞ്ഞുരുളകൾ തട്ടിത്തെറിപ്പിച്ചും കൊണ്ട്.

ഒരപരിചിതനഗരത്തിൽ


മദ്ധ്യധരണ്യാഴിയുടെ
നേർത്ത, ഭ്രമാത്മകം തന്നെയായ, ഗന്ധം,
പാതിരാത്രിയിൽ തെരുവുകളിൽ ആൾക്കൂട്ടങ്ങൾ,
ഒരു മേളയ്ക്കു തുടക്കമാവുകയായി,
ഏതെന്നു നമുക്കറിയുകയുമില്ല.
ഒരു മെലിഞ്ഞ പൂച്ച
നമ്മുടെ കാലുകൾക്കിടയിലൂടെ പാഞ്ഞുപോകുന്നു,
ജിപ്സികൾ അത്താഴം കഴിക്കുന്നു,
പാട്ടു പാടും പോലെ;
അവർക്കുമപ്പുറം വെളുത്ത വീടുകൾ,
അറിയാത്ത ഭാഷ.
ആനന്ദം.


പുതുവർഷത്തലേന്ന്, 2004


ബില്ലി ഹോളിഡേയുടെ റെക്കോഡുകൾ കേട്ടുകൊണ്ട്
നിങ്ങൾ വീട്ടിലിരിക്കുകയാണ്‌,
നിദ്രാണമായ വിഷാദത്തോടെ അവർ പാടുന്നു.
പാതിരാത്രിയെത്താൻ ഇനിയെത്ര മണിക്കൂറുകൾ വേണമെന്ന്
നിങ്ങൾ എണ്ണിക്കൊണ്ടിരിക്കുന്നു.
ഇത്ര മനശ്ശാന്തിയോടെ പാടാൻ മരിച്ചവർക്കെങ്ങനെ കഴിയുന്നു,
ഭീതിയിൽ നിന്നു മോചിതരാവാൻ 
ജീവിച്ചിരിക്കുന്നവർക്കു കഴിയുന്നില്ലെന്നിരിക്കെ?

ബാല്യമില്ല


നിങ്ങളുടെ ബാല്യകാലം എങ്ങനെയായിരുന്നു?
ക്ഷീണിതനായ ഒരു റിപ്പോർട്ടർ അവസാനമായി ചോദിക്കുന്നു.
ബാല്യമെന്നതില്ലായിരുന്നു,
കറുത്ത കാക്കകളും കറണ്ടിനു വിശക്കുന്ന ട്രാമുകളും മാത്രം,
കനത്ത അംഗവസ്ത്രമണിഞ്ഞ തടിച്ച പുരോഹിതന്മാർ,
വെങ്കലത്തിന്റെ മുഖമുള്ള അദ്ധ്യാപകന്മാർ.
ബാല്യമില്ല, പ്രതീക്ഷ മാത്രം.
രാത്രിയിൽ മേപ്പിളിലകൾ മിന്നാമിന്നി പോലെ മിനുങ്ങിയിരുന്നു,
ഇരുണ്ട ഗായകരുടെ ചുണ്ടുകൾ മഴ നനച്ചിരുന്നു.


അമേരിക്കൻ സൂര്യൻ


ജനാലയ്ക്കു വെളിയിൽ
കണ്ണഞ്ചിക്കുന്ന അമേരിക്കൻ സൂര്യൻ,
ഇരുളടഞ്ഞ മുറിയിൽ മേശയ്ക്കരികിൽ 
യൗവ്വനം കടന്ന ഒരാളിരിക്കുന്നു,
തനിക്കെന്തൊക്കെ നഷ്ടമായെന്നും
എന്തൊക്കെ ശേഷിക്കുന്നുവെന്നും
ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയാണയാൾ.

ആ മനുഷ്യൻ ഞാനാണ്‌,
എന്തൊക്കെ നഷ്ടങ്ങളാണ്‌
ഭാവി എനിക്കായി കരുതിവച്ചിരിക്കുന്നതെന്ന്
ഊഹിച്ചെടുക്കാൻ നോക്കുകയാണു ഞാൻ.
എന്താണു ഞാൻ കണ്ടെത്താൻ പോകുന്നതെന്ന്
എനിക്കിപ്പോഴുമറിയില്ല.


എന്റെ ഇഷ്ടകവികൾ



എന്റെ ഇഷ്ടകവികൾ
പരസ്പരം കണ്ടിട്ടേയില്ല
അവർ ജീവിച്ചത് വിഭിന്നദേശങ്ങളിലായിരുന്നു
വിഭിന്നകാലങ്ങളിലുമായിരുന്നു
ചുറ്റും സാധാരണത്വവും
നല്ലവരും മോശക്കാരുമായി
അവർ ഒതുങ്ങിജീവിച്ചു
തോട്ടത്തിൽ ഒരാപ്പിൾ പോലെ
അവർക്കു മേഘങ്ങളിഷ്ടമായിരുന്നു
തല പൊക്കി നോക്കുമ്പോൾ
വെളിച്ചത്തിന്റെയും നിഴലിന്റെയും
ഒരു കൂറ്റൻ കപ്പൽവ്യൂഹം
അവർക്കു മേൽ കൂടി കടന്നുപോയി
ഒരു സിനിമ നടക്കുന്നുണ്ടായിരുന്നു
അതിനിയും അവസാനിച്ചിട്ടില്ല
മനക്കടുപ്പത്തിന്റെ നിമിഷങ്ങൾ
അതിവേഗം കടന്നുപോയി
ആഹ്ലാദത്തിന്റെ നിമിഷങ്ങളുമതുപോലെ
ലോകമെന്താണെന്ന്
ചിലനേരം അവർക്കറിയാമായിരുന്നു
അപ്പോഴവർ മിനുസമുള്ള താളുകളിൽ
കഠിനമായ വാക്കുകളെഴുതി
ചിലപ്പോഴവർക്ക് ഒന്നുമറിയില്ലായിരുന്നു
അപ്പോഴവർ സ്കൂൾ മൈതാനത്ത്
കുട്ടികളെപ്പോലെയായിരുന്നു
ഊഷ്മളമായ മഴയുടെ
ആദ്യത്തെ തുള്ളി
ഇറങ്ങിവരുമ്പോൾ


കേട്ട സംഗീതം


നിന്നോടൊപ്പം കേട്ട സംഗീതം
സംഗീതത്തിലും കവിഞ്ഞതായിരുന്നു,
നമ്മുടെ സിരകളിലൂടൊഴുകിയ രക്തം
രക്തത്തിലും കവിഞ്ഞതായിരുന്നു,
നാമന്നറിഞ്ഞ ആനന്ദം അവ്യാജമായിരുന്നു,
ഇതിനെല്ലാം ആരോടെങ്കിലും നന്ദി പറയാനുണ്ടെങ്കിൽ
ഞാനയാൾക്കിപ്പോൾ നന്ദി പറയുന്നു,
വൈകിപ്പോകും മുമ്പേ,
എല്ലാം അനക്കമറ്റുപോകും മുമ്പേ.

***


പുലർച്ചയ്ക്ക്

ഉദയവേളയിലെ ട്രെയിൻ ജനാലയിലൂടെ
ശൂന്യനഗരങ്ങൾ ഉറങ്ങുന്നതു ഞാൻ കണ്ടു,
അശരണരായി മലർന്നടിച്ചുകിടക്കുന്ന
കൂറ്റൻ ജന്തുക്കളെപ്പോലെ.
വിശാലമായ കവലകളിലൂടെ
എൻ്റെ ചിന്തകളും  തുളച്ചുകയറുന്നൊരു കാറ്റും മാത്രം
അലഞ്ഞുനടന്നിരുന്നു;
ഗോപുരങ്ങളിൽ ലിനൻ പതാകകൾ മൂർച്ഛിച്ചുകിടന്നു,
മരങ്ങളിൽ കിളികളുണർന്നുതുടങ്ങി,
പാർക്കുകളിലെ നിബിഡമായ പൊന്തകളിൽ
ഒറ്റയാൻ പൂച്ചകളുടെ കണ്ണുകൾ മിന്നിത്തെളിഞ്ഞു.
പ്രഭാതത്തിലെ കാതരവെളിച്ചം,
എന്നുമരങ്ങേറ്റക്കാരിയായ നർത്തകി,
കടകളുടെ ജനാലച്ചില്ലുകളിൽ പ്രതിഫലിക്കുന്നു.

*


ഭദ്രാസനപ്പള്ളിക്കു ചുവട്ടിൽ

 

ജൂണിലൊരിക്കൽ, ഒരു വൈകുന്നേരം,
ഒരു ദീർഘയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ,
(ഫ്രാൻസിലെ പൂമരങ്ങളുടെ ഓർമ്മകൾ
നമ്മുടെ മനസ്സിലപ്പോഴും പൂത്തുനിന്നിരുന്നു,
അതിൻ്റെ മഞ്ഞപ്പാടങ്ങൾ, പച്ച തെഴുത്ത മരങ്ങൾ
കാറിനു മുന്നിലൂടപ്പോഴും പാഞ്ഞുപോയിരുന്നു)
 
ഭദ്രാസനപ്പള്ളിക്കു മുന്നിലെ കടമ്പയിലിരുന്ന്
പതിഞ്ഞ ശബ്ദത്തിൽ നാം സംസാരിച്ചു,
അത്യാഹിതങ്ങളെക്കുറിച്ച്, ഭാവിയെക്കുറിച്ച്,
വരാനിരിക്കുന്ന ഭയത്തെക്കുറിച്ച്;
അപ്പോളാരോ പറഞ്ഞു,
ഇപ്പോൾ നമുക്കു ചെയ്യാവുന്നതിൽ വച്ചേറ്റവും നല്ലതിതാണെന്ന്-
ആ തെളിഞ്ഞ നിഴലത്തിരുന്നുകൊണ്ട് ഇരുട്ടിനെക്കുറിച്ചു സംസാരിക്കുക.

*

അഭിപ്രായങ്ങളൊന്നുമില്ല: