എന്റെ തൊട്ടിൽ ബുക്കലമാരകൾക്കു തൊട്ടടുത്തായിരുന്നു,
നോവലുകൾ, പുരാണങ്ങൾ, ചരിത്രങ്ങൾ- അതൊരിരുളടഞ്ഞ ബാബേലായിരുന്നു;
ലാറ്റിന്റെ ചാരവും ഗ്രീക്കിന്റെ പൊടിയും അവിടെക്കലർന്നുകിടന്നിരുന്നു.
ഒരിക്കൽ- എനിക്കന്നൊരു പുസ്തകത്തിന്റെ പൊക്കമേയുള്ളു-
രണ്ടു ശബ്ദങ്ങളെന്നോടു പറയുന്നതു ഞാൻ കേട്ടു:
“ഈ ലോകം,” കൗശലവും ദാർഢ്യവും ചേർന്ന ഒരു ശബ്ദം പറഞ്ഞു,
“മധുരം നിറഞ്ഞൊരു പലഹാരമാണ്, ചങ്ങാതീ;
എന്നുമതു രുചിക്കാൻ ചേർന്നൊരു വിശപ്പും ഞാൻ തരാം.”
അപ്പോൾ മറ്റേതു പറഞ്ഞു: “വരൂ, നമുക്കൊരു സ്വപ്നയാത്ര പോകാം,
സാദ്ധ്യമായതിനുമപ്പുറം, അറിഞ്ഞതിനുമപ്പുറം നമുക്കു പോകാം!”
ആ ശബ്ദത്തിലുണ്ടായിരുന്നു കടലോരക്കാറ്റിന്റെ നിരർത്ഥസംഗീതം,
എവിടുന്നു വരുന്നുവെന്നറിയാത്തൊരു പ്രേതത്തിന്റെ രോദനം,
കാതു കുളിർപ്പിക്കുമ്പോൾത്തന്നെ പേടിപ്പിക്കുന്നൊരു മാധുര്യം.
“വരാം, ഞാൻ വരാം, സൗമ്യശബ്ദമേ!” അതിനോടു ഞാൻ പറഞ്ഞു.
ആ നിമിഷം എന്റെ വിധി നിശ്ചയിക്കപ്പെട്ടു, എന്റെ മുറിവിനു പേരുമായി;
അതില്പിന്നെ സ്ഥലകാലങ്ങളുടെ പരിചിതസീമകൾക്കുമപ്പുറം
നവലോകങ്ങളുടെ ദീപ്തവിസ്മയങ്ങൾ ഞാൻ കാണുകയായി,
എന്റെ ഉൾവിളികളുടെ ഉന്മാദത്തിനു ഞാൻ വേട്ടമൃഗമാവുകയായി,
പാദങ്ങളിൽ ചുറ്റിപ്പിണഞ്ഞ പാമ്പുകളെയും വലിച്ചിഴച്ചു ഞാൻ നടന്നു;
അതില്പിന്നെ, പ്രാക്തനരായ പ്രവാചകന്മാരെപ്പോലെ
മണല്ക്കാടിനെയും കടലിനെയും ഞാനരുമയോടെ സ്നേഹിച്ചു,
മരണവീട്ടിൽ ഞാൻ പൊട്ടിച്ചിരിച്ചു, വിരുന്നുകളിൽ തേങ്ങിക്കരഞ്ഞു,
കയ്ക്കുന്ന വീഞ്ഞുകളിൽ അതിമധുരം ഞാൻ നുണഞ്ഞു;
നുണകൾ വസ്തുതകളായി വെള്ളം കൂട്ടാതെ ഞാൻ വിഴുങ്ങി,
നക്ഷത്രങ്ങളെ നോക്കിനടക്കെ പടുകുഴികളിൽ ചെന്നു ചാടി.
“സ്വപ്നത്തിന്റെ പിടി വിടരുതേ!” ആ ശബ്ദമപ്പോഴുമെന്നെ ആശ്വസിപ്പിച്ചു,
“വിഭ്രാന്തസ്വപ്നത്തിന്റെ സൗന്ദര്യം ജ്ഞാനികൾക്കൊരിക്കലും കിട്ടില്ല.”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ