മറ്റു തരത്തിൽ ഒരു കുറ്റവും പറയാനില്ലാത്ത ഒരു ജീവിതകാലത്ത് ശുണ്ഠിയെടുത്തു പറഞ്ഞുപോയ നൂറു ശകാരപദങ്ങൾ സൃഷ്ടിച്ച ഒരു മീനാണ് ‘നൂറുതലയൻ.’ ചൈനീസ് ഭാഷയിലുള്ള ഒരു ബുദ്ധജീവിതകഥയിൽ അദ്ദേഹം വല വലിച്ചുകയറ്റിക്കൊണ്ടിരുന്ന ചില മുക്കുവരെ കണ്ടതിനെക്കുറിച്ചു പറയുന്നുണ്ട്. ഏറെപ്പണിപ്പെട്ട ശേഷം അവർ കരയിൽ വലിച്ചിട്ട മീനിന് നൂറു തലകളുണ്ടായിരുന്നു: അതിന്റെ ഒരു തല കുരങ്ങന്റേത്, മറ്റൊരു തല പട്ടിയുടേത്, വേറൊരു തല കുതിരയുടേത്, പിന്നൊന്ന് കുറുക്കന്റേത്, ഒരെണ്ണം പെരുച്ചാഴിയുടേത്, ഒന്ന് കടുവയുടേത്...അങ്ങനെയങ്ങനെ നൂറെണ്ണം. ബുദ്ധൻ മീനിനോടു ചോദിച്ചു: “അങ്ങ് കപിലനാണോ?”
“അതെ, ഞാൻ തന്നെ,” ജീവൻ വെടിയും മുമ്പ് നൂറു തലയുള്ള ആ മീൻ പറഞ്ഞു.
ബുദ്ധൻ ശിഷ്യന്മാരോട് കപിലന്റെ കഥ വിശദീകരിച്ചു: പൂർവ്വജന്മത്തിൽ കപിലൻ സന്ന്യാസിയായ ബ്രാഹ്മണനായിരുന്നു; വേദങ്ങളിൽ അദ്ദേഹത്തിന്റെ ജ്ഞാനം അപാരമായിരുന്നു. അദ്ധ്യയനകാലത്ത് തന്റെ സഹപാഠികൾ വാക്കുകൾ തെറ്റി ഉച്ചരിക്കുമ്പോൾ കപിലൻ അവരെ കുതിരത്തലയൻ, നായത്തലയൻ, എലിത്തലയൻ എന്നൊക്കെ വിളിച്ചു കളിയാക്കുക പതിവായിരുന്നു. ആ അധിക്ഷേപങ്ങളുടെ കർമ്മഫലമായിട്ടാണ് മരണശേഷം കപിലന് വിചിത്രമായ ഒരു കടൽജീവിയായി ജനിക്കേണ്ടിവന്നത്; തന്റെ കൂട്ടുകാർക്കു മേൽ താൻ കെട്ടിയേല്പിച്ച ആ തലകളുടെയെല്ലാം ഭാരം അദ്ദേഹത്തിനു ചുമക്കേണ്ടിവരികയും ചെയ്തു.
(“ഭാവനാജീവികളുടെ പുസ്തക”ത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ