നിന്നിലീ വിചിത്രവിഷാദമെവിടെ നിന്നു വന്നു, നീ ചോദിച്ചു,
നഗ്നമായ കരിമ്പാറകളിൽ വേലിയേറ്റമെന്നപോലെ?
-ഹൃദയമതിന്റെ തോപ്പിൽ നിന്നു വിളവെടുത്തുകഴിഞ്ഞാൽ
ജീവിതമൊരു ശാപമത്രേ. എല്ലാവർക്കുമറിയുന്ന രഹസ്യം.
വെറുമൊരു സരളശോകം, ദുരൂഹതകളൊഴിഞ്ഞതും,
നിന്റെ പ്രസന്നത പോലേവർക്കുമായിത്തിളങ്ങുന്നതും.
ജിജ്ഞാസുവായ സുന്ദരീ, ചോദ്യങ്ങളതിനാൽ നിർത്തൂ,
കാതിനു മധുരമെങ്കിലും നിന്റെ നാവടക്കിവയ്ക്കൂ!
മിണ്ടരുതേ, കഥയറിയാതാടിപ്പാടി നടക്കുന്നവളേ!
ശിശുവിനെപ്പോലെ ചിരിക്കുന്ന മുഖമേ! ജീവിതമല്ല,
കാണാച്ചരടുകളാൽ നമ്മെ വരിയുന്നതു മരണം തന്നെ.
ഒരു നുണ കുടിച്ചെന്റെ ഹൃദയമുന്മത്തമാവട്ടെ,
ഒരു സുന്ദരസ്വപ്നത്തിലെന്നപോൽ നിന്റെ സുന്ദരനയനങ്ങളിലതു മുങ്ങട്ടെ,
നിന്റെ കണ്ണിമകളുടെ തണലത്തതു ദീർഘനിദ്രയിൽ മുഴുകട്ടെ!
*
* Semper eadem - 'എന്നുമൊരുപോലെ' എന്നർത്ഥം വരുന്ന ലാറ്റിൻ പ്രയോഗം.
(അപ്പോളോണീ സബാത്തിയേ എന്ന ‘വെളുത്ത വീനസ്’ പ്രചോദിപ്പിച്ച ഒമ്പതു കവിതകളിൽ ആദ്യത്തേത്. ബോദ്‌ലേർ പരിചയപ്പെടുന്ന കാലത്ത് ഒരു ബൽജിയൻ പണക്കാരനൊപ്പമാണ് അവർ. കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും ഒരു താവളമായിരുന്നു ഇവരുടെ സ്വീകരണമുറി; കൂട്ടത്തിൽ അവരുടെ മുൻകാമുകരുമുണ്ടായിരുന്നു. ബോദ്ലെയർ അവരെ കണ്ടതു പക്ഷേ, ശുദ്ധസൗന്ദര്യത്തിന്റെ ആദർശരൂപമായിട്ടാണ്. പേരു വയ്ക്കാതെഴുതിയ കത്തുകളിൽ വിഗ്രഹപൂജ പോലെ തോന്നുന്ന സ്വരത്തിൽ അവരെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം കവിതകളെഴുതി. കവിതകൾ വായിച്ച ‘കാവ്യദേവത’ ശാരീരികബന്ധത്തിനുള്ള സന്നദ്ധത കാണിച്ചപ്പോൾ പക്ഷേ കവി നിരാശനായിപ്പോയി; തന്റെ ‘കാവൽമാലാഖയും, കാവ്യദേവതയും, ദേവമാതാവു’മായി താൻ വരിച്ച സ്ത്രീയിൽ നിന്ന് ‘മാംസനിബദ്ധമായ പ്രണയ’മല്ല അദ്ദേഹത്തിനു വേണ്ടിയിരുന്നത്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ