2021, മാർച്ച് 29, തിങ്കളാഴ്‌ച

ബോദ്‌ലേർ - ഭൂദൃശ്യം



എനിക്കു മോഹം, നിർമ്മലവും സരളവുമായ ഇടയഗാനങ്ങളെഴുതാൻ,
വാനനിരീക്ഷകരെപ്പോലാകാശത്തിനയൽവാസിയാകാൻ,
പള്ളിമേടകളിൽ മണികളാലപിക്കുന്ന ഭവ്യസങ്കീർത്തനങ്ങൾ
എന്റെ ദിവാസ്വപ്നങ്ങളിലേക്കൊഴുകിയെത്തുന്നതു കേൾക്കാൻ.
മച്ചറയിൽ ഇരുകൈകളും താടിക്കു കൊടുത്തിരിക്കുമ്പോൾ
പാടുകയും അലറുകയും ചെയ്യുന്ന പണിയാലകളെനിക്കു കാണാം,
പിന്നെ, പുകക്കുഴലുകൾ, മണിമേടകൾ- നഗരത്തിന്റെ കൊടിമരങ്ങൾ,
നിത്യതയെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മഹാകാശം.

എത്ര സുന്ദരം, പടരുന്ന മൂടല്മഞ്ഞിലൂടെ നോക്കിയിരിക്കുമ്പോൾ
മാനത്താദ്യതാരം പിറക്കുന്നതും ജനാലയ്ക്കൽ തിരി തെളിയുന്നതും,
കല്ക്കരിപ്പുകയുടെ പുഴകളാകാശത്തേക്കൊഴുകുന്നതും
ഏതിനും മേൽ വിളറിയ നിലാവതിന്റെ ഇന്ദ്രജാലം വിരിക്കുന്നതും.
വസന്തങ്ങൾ, ഗ്രീഷ്മങ്ങൾ, ശരല്ക്കാലങ്ങൾ കടന്നുപോകും,
പിന്നെ ഹിമപാതത്തിന്റെ വിരസതാളവുമായി ഹേമന്തമെത്തുമ്പോൾ
വാതിലുകളും ജനാലകളുമൊന്നൊന്നായി ഞാനിറുക്കിയടയ്ക്കും,
രാത്രിയിലൊരു മായാലോകത്തെന്റെ മനക്കോട്ടകൾ ഞാനുയർത്തും.
അങ്ങനെ ഞാൻ സ്വപ്നം കണ്ടുകിടക്കും നീലിച്ച ചക്രവാളങ്ങൾ,
ഉദ്യാനങ്ങൾ, വെൺകല്ലുകളിൽ കണ്ണീരൊഴുക്കുന്ന ജലധാരകൾ,
ചുംബനങ്ങൾ, രാവും പകലും പാടി മതിവരാത്ത കിളികൾ,
ഒരു ഗ്രാമീണകാവ്യത്തിനുചിതമായ ബാല്യകാലനിഷ്കളങ്കതകൾ.
എന്റെ ജനാലകളിൽ വിഫലമായലയ്ക്കുന്ന തെരുവുകലാപങ്ങൾ
എഴുത്തുമേശയിൽ നിന്നെന്റെ തലയുയർത്താൻ മതിയാവില്ല.
ഈ മാദകാനന്ദത്തിലാമഗ്നനാണു ഞാനെന്നതിനാൽ-
കവിത്വത്തിന്റെ പ്രബലേച്ഛ കൊണ്ടു വസന്തത്തെ ആവാഹിക്കുക,
സ്വന്തം ഹൃദയത്തിൽ നിന്നൊരു ദീപ്തസൂര്യനെ പുറത്തെടുക്കുക,
എരിയുന്ന ചിന്തകളെ ഊഷ്മളമയൊരു നിശ്വാസമാക്കുക.


അഭിപ്രായങ്ങളൊന്നുമില്ല: