2021, മാർച്ച് 30, ചൊവ്വാഴ്ച

ബോദ്‌ലേർ - പ്രകാശഗോപുരങ്ങൾ



റൂബൻ, വിസ്മൃതിയുടെ മഹാനദി, ആലസ്യത്തിന്റെ പൂങ്കാവനം,
ഉടലുകളുടെ മൃദുമെത്തയിൽ പ്രണയം വന്ധ്യമാകുന്നതവിടെ,
ജീവനെന്നാൽ നിലയ്ക്കാതൊഴുകിമറിയുന്നതുമവിടെ,
ആകാശത്തു വായുവെന്നപോലെ, കടലിലൊഴുക്കു പോലെ.

ലിയനാർഡോ, ഇരുണ്ടും ഗഹനവുമായൊരു ദർപ്പണം,
ഹിമാനികളും പൈന്മരങ്ങളും കെട്ടിയടച്ച ദേശം,
അവയുടെ നിഴലുകളിലവിടവിടെ മാലാഖമാർ,
നിഗൂഢതയുടെ മന്ദഹാസവുമായി മോഹിപ്പിക്കുന്നവർ.

റെംബ്രാന്റ്, രോദനങ്ങളൊടുങ്ങാത്ത ദാരുണമായൊരാതുരാലയം,
അതിലാകെയൊരലങ്കാരമായി കൂറ്റനൊരു ക്രൂശിതരൂപം,
മാലിന്യക്കൂനയിൽ നിന്നു കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളുയരവെ,
വിലങ്ങനെ വന്നുവീഴുന്നു, ഒരു ഹേമന്തസൂര്യന്റെ ആകസ്മികരശ്മി.

മൈക്കലാഞ്ജലോ, ക്രിസ്തുവും ഹെർക്കുലീസും കെട്ടുപിണയുന്നൊരന്തരാളം,
പ്രബലരായ പ്രേതരൂപങ്ങൾ നിവർന്നെഴുന്നേറ്റുനില്ക്കുന്നു,
മങ്ങൂഴത്തിന്റെ സന്ദിഗ്ധതയിലവർ വിരലുകൾ വിതിർക്കുന്നു,
വരിഞ്ഞുമുറുക്കുന്ന ശവക്കച്ചകളവർ വലിച്ചുകീറുന്നു.

മല്ലയുദ്ധക്കാരന്റെ രോഷം, വനദേവന്റെ ഉച്ഛൃംഖലകാമം,
നിന്റെ പ്രതിഭ കാട്ടിത്തന്നതു ഖലന്മാരുടെ സൗന്ദര്യം,
രോഗാതുരമായൊരുടലിലെ ധാർഷ്ട്യം നിറഞ്ഞ ഹൃദയമേ,
പ്യൂഷേ, തടവുപുള്ളികളുടെ വിഷാദിയായ രാജാവേ.

വറ്റ്യു, ശബളാഭമായ ചിത്രശലഭങ്ങൾ പോലെ
വിശ്രുതഹൃദയങ്ങൾ പാറിക്കളിക്കുന്ന മേള,
നൃത്തച്ചുഴലികളിലിണകൾ ചുറ്റിത്തിരിയുമ്പോൾ
അവർക്കു മേലുന്മാദം പെയ്യുന്നു തൂക്കുവിളക്കുകൾ.

ഗോയ, നിറയെ ദുരൂഹതകളുമായി ഒരു ദുഃസ്വപ്നം,
മന്ത്രവാദിനികളുടെ പാതിരാസദിരിൽ പൊരിയുന്ന ഭ്രൂണങ്ങൾ,
കണ്ണാടിയിൽ നോക്കി കണ്ണിറുക്കുന്ന പടുകിഴവികൾ,
പിശാചുക്കളെ വശീകരിക്കാൻ ഇറുകിയ കാലുറകളണിയുന്ന ബാലികമാർ.

ദെലക്രോ, പതിതമാലാഖമാരുടെ താവളമായ ചോരത്തടാകം,
ദേവതാരങ്ങൾ തണൽ വിരിക്കുന്ന നിത്യഹരിതവനം,
വിഷണ്ണമായൊരാകാശത്തിനു ചുവട്ടിൽ വിചിത്രകാഹളങ്ങളലിയുന്നു,
വെബറുടെ തേങ്ങിയടങ്ങുന്ന നെടുവീർപ്പുകൾ പോലെ.

ഈ ശാപങ്ങൾ, ഈ വിലാപങ്ങൾ, ഈ ദൈവദൂഷണങ്ങൾ,
ഈ ഹർഷോന്മാദങ്ങൾ, കണ്ണീരുകൾ, രോദനങ്ങൾ, സങ്കീർത്തനങ്ങൾ,
ഒരായിരം കുടിലദുർഗ്ഗങ്ങളിലലയൊലിക്കുന്ന പ്രതിദ്ധ്വനികളാണവ;
മനുഷ്യഹൃദയങ്ങളെ മയക്കുന്ന ദിവ്യമായൊരു കറുപ്പുസത്ത്!

അതൊരായിരം കാവൽമാടങ്ങളാവർത്തിക്കുന്നൊരാക്രോശം,
ഒരായിരം കാഹളങ്ങൾ പകർന്നുപോകുന്നൊരാഹ്വാനം,
ഒരായിരം കോട്ടകൾക്കു മേൽ വെളിച്ചം വീശുന്ന പന്തങ്ങൾ,
പെരുങ്കാടുകളിൽ വഴി തുലഞ്ഞ വേട്ടക്കാരുടെ മറുവിളികൾ!


സത്യമായും ദൈവമേ, ഞങ്ങളഭിജാതരാണെങ്കിൽ,
ഇതത്രേ, ഞങ്ങൾക്കുള്ളൊരേയൊരു സാക്ഷ്യപത്രം,
ഒരു യുഗത്തിൽ നിന്നൊരു യുഗത്തിലേക്കുരുണ്ടുകൂടിയൊടുവിൽ,
നിത്യതേ, നിന്റെ കരയിൽ വീണു തലതല്ലുന്ന ഗദ്ഗദം!


അഭിപ്രായങ്ങളൊന്നുമില്ല: