2021, മാർച്ച് 6, ശനിയാഴ്‌ച

ബോദ്‌ലേർ - ഒരു ബിയാട്രിസ്

 ഒരില പോലും ശേഷിക്കാതെ കത്തിച്ചാരമായൊരു നാട്ടിലൂടെ
പ്രകൃതിയോടെന്റെ പരിഭവങ്ങളുച്ചത്തിൽ പറഞ്ഞും
ഹൃദയത്തിന്റെ ചാണക്കല്ലിലണച്ചു ചിന്തയുടെ മൂർച്ച കൂട്ടിയും
എവിടെയ്ക്കെന്നറിയാതൊരു നട്ടുച്ചയ്ക്കു ഞാനലയുമ്പോൾ
കറുത്തും ചീർത്തുമൊരു ചണ്ഡമേഘമെനിക്കുമേലിറങ്ങിവന്നു;
അതു പെയ്തതു പക്ഷേ, കുള്ളന്മാരായ പിശാചുക്കളെയായിരുന്നു!
അവജ്ഞയുടെ തണുത്ത നോട്ടമവരെനിക്കു മേലെറിഞ്ഞു,
ഭ്രാന്തു പിടിച്ചൊരു സാധുവിനെപ്പോലവരെന്നെ തുറിച്ചുനോക്കി;
വാ പൊത്തിച്ചിരിച്ചും തമ്മിൽ തോണ്ടിയും കള്ളനോട്ടങ്ങൾ കൈമാറിയും
എനിക്കു കേൾക്കാൻ പാകത്തിലവരടക്കം പറയുന്നതു ഞാൻ കേട്ടു:

“ഈ പരിഹാസകഥാപാത്രത്തെ ശരിക്കുമൊന്നു നോക്കിയേ!
എവിടെത്തങ്ങണമെന്നറിയാത്ത നോട്ടവും കാറ്റിൽ പാറുന്ന മുടിയും-
നാട്യം കണ്ടാൽ ആളൊരു ഹാംലെറ്റിന്റെ നിഴലു തന്നെ!
ഈ ദയനീയമായ കാഴ്ച കണ്ടിട്ടു തനിക്കു പാവം തോന്നുന്നില്ലേ!
ഈ നാടോടി, ഈ കോമാളി, അരങ്ങു കിട്ടാത്ത നാടകനടൻ-
തന്റെ ഭാഗമഭിനയിക്കാനറിയാമെന്നതിനാൽ അയാൾ കരുതുന്നു,
സ്വന്തം ദുർവിധി വിലാപഗാനമാക്കിപ്പാടുകയാണു താനെന്ന്,
കിളികളും പ്രാണികളും അരുവികളും പൂക്കളും അതുകേട്ടു രസിക്കുന്നുവെന്ന്!
ഈ മുഷിപ്പൻ പ്രഹസനമെഴുതിത്തയ്യാറാക്കിയ നമ്മളെക്കൂടി
തന്റെ പരാതിപ്രസംഗം വായിച്ചുകേൾപ്പിക്കാൻ നോക്കുകയാണയാൾ!”

തിരിഞ്ഞുനോക്കാതെ തലയുമെടുത്തുപിടിച്ചു ഞാൻ നടന്നേനെ,
(എന്റെ ധാർഷ്ട്യം ഏതു മലയെക്കാളുമുയരമുള്ളതായിരുന്നു,
ഒരു പൈശാചശബ്ദത്തിനും കയറിയെത്താനാവാത്തതായിരുന്നു)
ആ അധമപ്പറ്റത്തിനൊപ്പം അവളെക്കൂടി കണ്ടില്ലായിരുന്നെങ്കിൽ!
-ആ പാതകം കണ്ടിട്ടു സൂര്യനൊന്നു പകയ്ക്കുക കൂടിച്ചെയ്തില്ല!-
എന്റെ ഹൃദയത്തിന്റെ റാണിയെ, പളുങ്കിന്റെ കണ്ണുകളുള്ളവളെ!
എന്റെ ദുരവസ്ഥ കണ്ടവളും പരിഹസിച്ചുചിരിക്കുകയായിരുന്നു,
ഇടയ്ക്കൊന്നു തൊട്ടും തലോടിയും അവരെ രസിപ്പിക്കുകയുമായിരുന്നു!



ബിയാട്രിസ് - പ്രണയത്തിൽ ദാന്തേയുടെ ആദർശമാതൃക; അദ്ദേഹത്തിൻ്റെ  കവിതയ്ക്കു പ്രചോദനമായിരുന്നു; ഈ കവിതയിലെ ബിയാട്രിസ് പക്ഷേ, കവിയുടെ ആരാധനയ്ക്കർഹയല്ല.



അഭിപ്രായങ്ങളൊന്നുമില്ല: