2021, മാർച്ച് 20, ശനിയാഴ്‌ച

നെരൂദ - രാത്രിക്കൊരു വാഴ്ത്ത്



പകലിനു
പിന്നിൽ,
ഓരോ കല്ലിനും മരത്തിനും
ഓരോ പുസ്തകത്തിനും പിന്നിൽ,
രാത്രീ,
നീ കുതിച്ചോടുന്നു, പണിയെടുക്കുന്നു,
അല്ലെങ്കിൽ ഇളവെടുക്കുന്നു,
ഉള്ളിലേക്കു വലിഞ്ഞ നിന്റെ വേരുകൾ
പൂക്കളും ഇലച്ചാർത്തുമായി വിടരുവോളം
നീ കാത്തിരിക്കുന്നു.
പതാക പോലെ
നീ മാനത്തു പാറുന്നു,
പിന്നെ നീ നിറയുന്നു,
കുന്നുകളിലും കടലുകളിലും മാത്രമല്ല,
ഏതു ചെറിയ പഴുതിലും,
തളർന്ന കൃഷിക്കാരന്റെ
ഇരുമ്പുകണ്ണുകളിലും
സ്വപ്നം കാണുന്ന
മനുഷ്യവദനങ്ങളുടെ
കറുത്ത പവിഴങ്ങളിലും.
പുഴകളുടെ കിരാതഗതിക്കു മേൽ
നീ കെട്ടഴിഞ്ഞുപായുന്നു,
രാത്രീ, നീ മറയ്ക്കുന്നു,
രഹസ്യവഴികൾ,
നഗ്നമായ ഉടലുകൾ വീണുകിടക്കുന്ന
പ്രണയത്തിന്റെ ഗർത്തങ്ങൾ,
ഒരു നിഴലിന്റെ നിലവിളി
തെറിച്ചുവീണ പാതകങ്ങൾ,
ഇതിനിടയിൽ
തീവണ്ടികളോടുന്നു,
ചുവന്ന തീയിൽ 
സ്റ്റോക്കർമാർ
രാത്രി പോൽ കറുത്ത കല്ക്കരി
കോരിയെറിയുന്നു,
തിരക്കൊഴിയാത്ത
സ്ഥിതിവിവരക്കണക്കുകാരൻ
ജഡിലമായ താളുകളുടെ കാട്ടിൽ
കാണാതെയാകുന്നു,
അപ്പക്കടക്കാരൻ
വെണ്മ കുഴച്ചെടുക്കുന്നു.
ഒരു കരിങ്കുതിരയെപ്പോലെ
രാത്രിയും ഉറക്കമാകുന്നു.
വടക്കു നിന്നു തെക്കോട്ടേക്കു
മഴ പെയ്യുന്നു,
എന്റെ ദേശത്തിന്റെ
പ്രതാപികളായ മരങ്ങൾക്കു മേൽ,
മേല്പ്പുരകളുടെ
തകരപ്പാളികൾക്കു മേൽ
രാത്രിയുടെ പാട്ടു കേൾക്കാകുന്നു,
ആ പാടുന്ന കുന്തം തീർത്തത്
ഇരുട്ടും മഴയും,
മുകളിൽ, ഇരുട്ടിൽ നിന്നും
മുല്ലപ്പൂക്കളും നക്ഷത്രങ്ങളും
കാവൽ നില്ക്കുന്നു,
പതിയെപ്പതിയെ,
നൂറ്റാണ്ടുകളുടെ വേഗതയിൽ
ആ ചിഹ്നങ്ങളുടെ പൊരുൾ
നമുക്കു തിരിയും.
രാത്രീ,
എന്റെ സ്വന്തമായ രാത്രീ,
ആകെ ലോകത്തിന്റെയും രാത്രീ,
നിന്റെയുള്ളിൽ ഒന്നുണ്ട്,
പിറക്കാൻ പോകുന്ന
കുഞ്ഞിനെപ്പോലുരുണ്ടത്,
ഒരു പൊള്ളുന്ന വിത്ത്,
അതൊരു ദിവ്യാത്ഭുതമാണ്‌,
അതാണ്‌ പകൽ.
എത്ര സുന്ദരിയാണു നീ,
പിറന്നുവീഴുന്ന പോപ്പിപ്പൂവിന്‌
ഇരുണ്ട മുലപ്പാൽ നീയൂട്ടുന്നതിനാൽ,
കണ്ണുകൾക്കു തുറക്കാനായി,
ജലത്തിനു പാടാനായി,
ഞങ്ങളുടെ ജീവിതങ്ങൾക്കു
പിന്നെയും ശ്വാസമെടുക്കുന്നതിനായി
കണ്ണുകളടച്ചു നീ പണിയെടുക്കുന്നതിനാൽ.

അഭിപ്രായങ്ങളൊന്നുമില്ല: