2021, മാർച്ച് 2, ചൊവ്വാഴ്ച

ബോദ്‌ലേർ - ഒരു വീരമൃത്യു

 

ഫോസ്യൂല് കേമനായ ഒരു വിദൂഷകനായിരുന്നു, പ്രിൻസിന്റെ സുഹൃദ്‌വലയത്തിൽ പെട്ട ഒരാളെന്നുപോലും പറയാം. പക്ഷേ, തൊഴിലു കൊണ്ട് തമാശക്കാരാവാൻ വിധിക്കപ്പെട്ടവർക്ക് ഗൗരവമുള്ള വിഷയങ്ങളോട് മാരകമായ ഒരാകർഷണം തോന്നാറുണ്ട്; ദേശാഭിമാനം, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങൾ ഒരു ഹാസ്യനടന്റെ മനസ്സിൽ പിടിമുറുക്കി എന്നത് നമുക്കു വിചിത്രമായി തോന്നിയേക്കാമെങ്കിലും അസംതൃപ്തരായ ചില പ്രഭുക്കന്മാർ രൂപം നല്കിയ ഒരു ഗൂഢാലോചനയിൽ ഫാൻസിയൂവും ഒരു നാൾ പങ്കാളിയായി. 

രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കാനും സമൂഹത്തെ അതിന്റെ അഭിപ്രായം കൂടി അറിയാനൊന്നും നില്ക്കാതെ മാറ്റിപ്പണിയാനും തുനിഞ്ഞിറങ്ങുന്ന അക്ഷമരായ മനുഷ്യരെ അധികാരികൾക്കൊറ്റിക്കൊടുക്കാൻ സന്നദ്ധരായ മര്യാദക്കാർ എവിടെയും ഉണ്ടായിരിക്കുമല്ലോ. മേല്പറഞ്ഞ പ്രഭുക്കന്മാർ അറസ്റ്റിലായി, ഒപ്പം ഫാൻസിയൂവും; എല്ലാവർക്കും മരണശിക്ഷ വിധിക്കപ്പെടുകയും ചെയ്തു.

കലാപകാരികൾക്കിടയിൽ തന്റെ പ്രിയപ്പെട്ട നടനേയും കണ്ടപ്പോൾ പ്രിൻസിനു കുറച്ചു നീരസം തോന്നി എന്നുതന്നെ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. മറ്റേതൊരു രാജാവിനെക്കാളും മോശക്കാരനോ നല്ലവനോ ആയിരുന്നില്ല ഇദ്ദേഹം; അതേ സമയം അമിതമായ ഒരു വൈകാരികത പലപ്പോഴും അയാളെ തന്റെ ഗണത്തിൽ പെട്ട മറ്റുള്ളവരെക്കാൾ ക്രൂരനും മർദ്ദകനുമാക്കിയിരുന്നു. ലളിതകലകളുടെ ആരാധകനും തികഞ്ഞ ആസ്വാദകനുമായ ഇയാൾക്ക് സുഖങ്ങളുടെ കാര്യത്തിൽ പൂർണ്ണതൃപ്തി വരിക എന്നതുണ്ടായിട്ടില്ല. മനുഷ്യരോടും സദാചാരത്തോടും ഉദാസീനനും സ്വയം ഒരു യഥാർത്ഥകലാകാരനുമായ അയാൾക്കറിയാവുന്ന ആപല്ക്കാരിയായ ഏകശത്രു മടുപ്പായിരുന്നു; നിഷ്ഠുരനായ ആ ലോകപീഡകനിൽ നിന്നു രക്ഷപ്പെടാനോ അവനെ കീഴടക്കാനോ അയാൾ സ്വീകരിച്ച വിചിത്രമാർഗ്ഗങ്ങൾ നിർദ്ദയനായ ഒരു ചരിത്രകാരനിൽ നിന്ന് ‘രാക്ഷസൻ’ എന്ന വിശേഷണം നേടിക്കൊടുക്കാൻ പോന്നതായിരുന്നു, എന്നു പറഞ്ഞാൽ,  ആനന്ദമോ അതിന്റെ ഏറ്റവും പേലവരൂപങ്ങളിലൊന്നായ നടുക്കമോ ജനിപ്പിക്കുന്നതല്ലാത്ത എന്തെങ്കിലുമൊന്നെഴുതാൻ അയാളുടെ അധികാരപരിധിയിൽ പെട്ട നാടുകളിൽ അനുവാദമുണ്ടായിരുന്നെങ്കിൽ. തന്റെ പ്രതിഭയ്ക്കു പൂർണ്ണവിഹാരം നടത്താൻ മാത്രം വിപുലമായ ഒരരങ്ങുണ്ടായില്ല എന്നതാണ്‌ ഈ പ്രിൻസിനു പറ്റിയ ഏറ്റവും വലിയ നിർഭാഗ്യം. അതിരുകൾ ഇടുങ്ങിപ്പോവുക കാരണം ശ്വാസം മുട്ടി കഴിയേണ്ടിവരികയും തങ്ങളുടെ പേരുകളും സദുദ്ദേശ്യങ്ങളും വരാനുള്ള നൂറ്റാണ്ടുകളെ കേൾപ്പിക്കാനാവാതെ പോവുകയും ചെയ്യുന്ന ചില യുവനീറോമാരുണ്ട്. ദൈവനിശ്ചയം അങ്ങനെയായിപ്പോയതിനാൽ തന്റെ സിദ്ധികൾക്കു കിടനില്ക്കുന്ന ഭൗതികസാഹചര്യങ്ങൾ ഈ പ്രിൻസിനു കിട്ടാതെപോയി.

എല്ലാ ഗൂഢാലോചനക്കാർക്കും രാജാവ് മാപ്പു കൊടുക്കാൻ ഉദ്ദേശിക്കുന്നതായി പെട്ടെന്നാണ്‌ ഒരു കിംവദന്തി പരന്നത്; ഫാൻസിയൂ തന്റെ ഏറ്റവും പ്രഗത്ഭവും പ്രശസ്തവുമായ ഒരു വേഷം അഭിനയിക്കുന്ന ഒരു നാടകം നടക്കാൻ പോകുന്നു എന്ന പ്രഖ്യാപനത്തിൽ നിന്നായിരുന്നു ആ കിംവദന്തിയുടെ ഉല്പത്തി; ശിക്ഷിക്കപ്പെട്ട പ്രഭുക്കന്മാരും അതിൽ പങ്കെടുക്കുന്നുണ്ടത്രെ. വഞ്ചനക്കിരയായ പ്രിൻസിന്റെ മഹാമനസ്കതയുടെ തികച്ചും വ്യക്തമായ ലക്ഷണമാണതെന്ന് ചില സരളബുദ്ധികൾ പറഞ്ഞുനടക്കുകയും ചെയ്തു. 

പ്രകൃതം കൊണ്ടും മനഃപൂർവ്വമായും കിറുക്കനായ ഒരു മനുഷ്യനിൽ നിന്ന് എന്തും പ്രതീക്ഷിക്കാം, നന്മ പോലും, ദയാദാക്ഷിണ്യം പോലും- അപ്രതീക്ഷിതമായ ചില ആനന്ദങ്ങൾ അതിൽ നിന്നു കണ്ടെടുക്കാമെന്നാശിക്കാൻ അയാൾക്കു കഴിഞ്ഞുവെങ്കിൽ, പ്രത്യേകിച്ചും. എന്നാൽ വിചിത്രവും രോഗാതുരവുമായ ആ ആത്മാവിന്റെ അഗാധതകളിലേക്ക് കുറച്ചുകൂടി ആഴത്തിലിറങ്ങാൻ കഴിഞ്ഞിട്ടുള്ള എന്നെപ്പോലെ ചിലർക്ക് അതിനെക്കാൾ എത്രയോ സംഭവ്യമായി തോന്നിയത് മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ അഭിനയസിദ്ധി വിലയിരുത്താനുള്ള പ്രിൻസിന്റെ കൗതുകമായിരുന്നു അതിനു പിന്നിൽ എന്നാണ്‌. ‘മാരകമായ’ താല്പര്യങ്ങളുള്ള ഒരു ശരീരശാസ്ത്രപരീക്ഷണം നടത്താനും ഒരു കലാകാരന്റെ പ്രകൃത്യായുള്ള കഴിവുകൾ അയാൾ എത്തിപ്പെട്ടിരിക്കുന്ന അസാധാരണമായ സന്ദർഭത്തിനനുസരിച്ച് എത്രത്തോളം മാറാനോ പരിഷ്കരിക്കപ്പെടാനോ സാദ്ധ്യതയുണ്ട് എന്നു നിർണ്ണയിക്കാനും അയാൾ ആ അവസരം ഉപയോഗപ്പെടുത്തുകയാണ്‌. അതിനപ്പുറം മാപ്പു കൊടുക്കാൻ ആലോചിച്ചെടുത്ത ഒരു തീരുമാനം അയാളുടെ ഉള്ളിലുണ്ടായിരുന്നോ? അതിന്നും വെളിച്ച്ച്ചം വീഴാത്ത ഒരു വിഷയമാണ്‌.

ഒടുവിൽ ആ മഹത്തായ ദിവസം വന്നുചേർന്നു; ആ ചെറിയ ദർബാർ അതിന്റെ എല്ലാ പകിട്ടുകളും എടുത്തണിഞ്ഞു. പരിമിതമായ വരുമാനമാർഗ്ഗങ്ങൾ മാത്രമുള്ള ഒരു ചെറിയ രാജ്യത്തെ വരേണ്യവർഗ്ഗം ഇതുപോലുള്ള ഔപചാരികസന്ദർഭങ്ങളിൽ നടത്തുന്ന ആഡംബരപ്രദർശനം കണ്ടുതന്നെ ബോദ്ധ്യപ്പെടണം. ഇവിടെ ആ സന്ദർഭത്തിന്റെ ഭവ്യത ഇരട്ടിയായിരുന്നു: അത്ഭുതപ്പെടുത്തുന്ന ആ അഡംബരപ്രദർശനം കൊണ്ടും പിന്നെ, അതിനോടു ബന്ധപ്പെട്ട ധാർമ്മികവും നിഗൂഢവുമായ താല്പര്യം കൊണ്ടും.

ഫാൻസിയൂ തന്റെ വൈഭവം പൂർണ്ണമായി പ്രകടമാക്കിയിരുന്നത് മൂകമായ, അല്ലെങ്കിൽ സംഭാഷണം പരിമിതമായ വേഷങ്ങളിലായിരുന്നു; ജീവിതത്തിന്റെ നിഗൂഢതയെ പ്രതീകാത്മകമായി ആവിഷ്കരിക്കുക ലക്ഷ്യമാക്കിയ ആ മാന്ത്രികനാടകങ്ങളിൽ പ്രാധാന്യമുള്ള വേഷങ്ങൾ. അനായാസതയോടെ, പൂർണ്ണമായ ആത്മവിശ്വാസത്തോടെയാണ്‌ അയാൾ അരങ്ങത്തേക്കു വന്നത്; അതു കണ്ടപ്പോൾ കാരുണ്യവും മാപ്പും പ്രതീക്ഷിക്കാമെന്ന പൊതുവിശ്വാസത്തിന്‌ ആക്കം കൂടുകയും ചെയ്തു. 

“ഇതാ ഒരു നല്ല നടൻ” എന്ന് നാം ഒരു നടനെക്കുറിച്ചു പറയുമ്പോൾ കഥാപാത്രത്തിനടിയിൽ നിന്ന് നടനെ, എന്നു പറഞ്ഞാൽ, അയാളുടെ വൈഭവത്തെ, അയാളുടെ പരിശ്രമത്തെ, അയാളുടെ ഇച്ഛാശക്തിയെ ഊഹിച്ചെടുക്കാം എന്നു സൂചിപ്പിക്കുന്ന ഒരു ഭാഷാപ്രയോഗമാണ്‌ നാം നടത്തുന്നത്. പൗരാണികകാലത്തെ പ്രതിമാശില്പങ്ങൾ ഒരത്ഭുതത്താൽ ജീവൻ വയ്ക്കുകയും  ചലിക്കുകയും നോക്കുകയും ചെയ്യുകയാണെങ്കിൽ സൗന്ദര്യത്തെക്കുറിച്ചു പൊതുവായുള്ളതും അവ്യക്തവുമായ സങ്കല്പത്തോട് അവയ്ക്കെന്തു ബന്ധമായിരിക്കുമോ, അതേ ബന്ധം  താൻ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തോട് ഒരു നടനു കൈവരിക്കാൻ കഴിഞ്ഞാൽ- അനന്യവും നവീനവുമായ ഒരനുഭവമായിരിക്കും അതെന്നതിൽ സംശയമില്ല. അന്നു രാത്രിയിലെ ഫാൻസിയൂ ഒരാദർശത്തിന്റെ തികവുറ്റ ആവിഷ്കാരമായിരുന്നു; ആ വേഷപ്പകർച്ച ജീവനുള്ളതും സാദ്ധ്യവും യഥാർത്ഥവുമാണെന്നു വിശ്വസിക്കാതിരിക്കാൻ ആർക്കും കഴിഞ്ഞില്ല. വിദൂഷകൻ പ്രവേശിക്കുകയും നിഷ്ക്രമിക്കുകയും ചെയ്തു, ചിരിക്കുകയും കരയുകയും ഞെളിപിരി കൊള്ളുകയും ചെയ്തു; അപ്പോഴൊക്കെയും അനശ്വരമായ ഒരു പരിവേഷം അയാളുടെ തലയ്ക്കു ചുറ്റും ഉണ്ടായിരുന്നു, ആരും കാണാത്ത, ഞാൻ മാത്രം കണ്ട ഒരു പരിവേഷം; കലയുടെ രശ്മികളും രക്തസാക്ഷിത്വത്തിന്റെ യശസ്സും ഒരു വിചിത്രമിശ്രിതമായി ഒന്നിക്കുന്ന ഒരു പരിവേഷം. തന്റെ ഏറ്റവും അതിരു കടന്ന വികടത്തരങ്ങളെപ്പോലും ഫാൻസിയൂ, ഏതൊരു വരദാനം കൊണ്ടെന്നാർക്കറിയാം, ദിവ്യവും അലൗകികവുമാക്കിത്തീർത്തു. അവിസ്മരണീയമായ ആ രാത്രിയെക്കുറിച്ചു നിങ്ങളോടു വിവരിക്കാൻ ശ്രമിക്കുമ്പോൾ എന്റെ തൂലിക വിറ കൊള്ളുന്നു, ഇന്നും മായാത്ത ഒരു വികാരത്തിന്റെ കണ്ണീർ എന്റെ കണ്ണുകളിൽ ഉറ പൊട്ടുകയും ചെയ്യുന്നു. ഫാൻസിയൂ അന്നെനിക്ക് ഖണ്ഡിതമായ, അനിഷേദ്ധ്യമായ  തെളിവു നല്കുകയായിരുന്നു, നമ്മെ കാത്തിരിക്കുന്ന ആ നിത്യഗർത്തത്തിന്റെ ഭീതികൾ മൂടിവയ്ക്കാൻ മറ്റെന്തിനെക്കാളും ഉചിതം കലയുടെ ലഹരിയാണെന്നതിന്‌; ഒരു പ്രതിഭാശാലിക്ക് ഒരു ശവക്കുഴിയുടെ വക്കത്തു നിന്നുപോലും ഒരു നാടകമാടാൻ കഴിയുമെന്ന്; മരണം, നാശം പോലുള്ള എല്ലാ ചിന്തകളേയും പുറത്തിട്ടടയ്ക്കുന്ന ഒരു പറുദീസയിൽ സ്വയം നഷ്ടപ്പെടുമ്പോൾ അതിന്റെ ആനന്ദത്തിൽ ശവക്കുഴി കണ്ണിൽ നിന്നു മാഞ്ഞുപോവുകയാണ്‌.

എല്ലാം ചെടിച്ചതും ചപലവുമായിരുന്നു ആ സദസ്സെങ്കിലും അതിലുണ്ടായിരുന്ന ഓരോ ആളും കലാകാരന്റെ പ്രബലമായ സ്വാധീനത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു. മരണം, വിലാപം, ശിക്ഷ ഇതൊന്നും ആരുടെയും ചിന്തയിൽ ഉണ്ടായില്ല. പ്രകൃഷ്ടകലയുടെ ഒരു ജീവൽമാതൃകയ്ക്കു നല്കാനാവുന്ന ആനന്ദങ്ങൾക്ക് പൂർണ്ണമായി വയം വിട്ടുകൊടുക്കുകയായിരുന്നു ഓരോ ആളും. ആഹ്ലാദത്തിന്റെയും ആരാധനയുടേയും വിസ്ഫോടനങ്ങൾ  ഇടിമുഴക്കത്തിന്റെ ഊറ്റത്തോടെ കൊട്ടാരത്തിന്റെ മച്ചുകൾ  പല വട്ടം പിടിച്ചുലച്ചു. ആ ലഹരിക്കടിമപ്പെട്ട പ്രിൻസും സദസ്യരുടെ കരഘോഷത്തിൽ പങ്കു ചേർന്നു. 

എന്നാൽ അയാളുടെ ആ ലഹരിയിൽ ഒരു കലർപ്പില്ലാതെയില്ല എന്ന് സൂക്ഷ്മദൃക്കായ ഒരാൾക്ക്  കണ്ടെത്താമായിരുന്നു. പരമാധികാരപ്രയോഗത്തിൽ മറ്റൊരാൾ തന്നെ അതിശയിച്ചതായി അയാൾക്കു തോന്നിയോ? മനുഷ്യരുടെ ഹൃദയങ്ങളിൽ ഭീതി നിറയ്ക്കാനും അവരെ ജഡബുദ്ധികളാക്കാനുമുള്ള തന്റെ വൈഭവത്തിനു കുറവു പറ്റിയോ? തന്റെ മോഹങ്ങൾ നടക്കാതെപോകുമെന്നും തന്റെ പദ്ധതികൾ പാളിപ്പോകുമെന്നും അയാൾക്കു തോന്നലുണ്ടായോ? പ്രിൻസിന്റെ മുഖം നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയത് ഈദൃശചിന്തകളായിരുന്നു- പൂർണ്ണമായി ന്യായീകരിക്കാനാവില്ലെങ്കില്ക്കൂടി അങ്ങനെയങ്ങു തള്ളിക്കളയാനാവാത്തതുമായ ചിന്തകൾ. മഞ്ഞിനു മേൽ മഞ്ഞു വീഴുന്നതു പോലെ ആ മുഖത്തിനു സ്വാഭാവികമായി ഉണ്ടായിരുന്ന വിളർച്ചയിൽ മറ്റൊരു വിളർച്ച നിരന്തരം വന്നുവീഴുകയായിരുന്നു. മരണത്തെ കണക്കിനു കളിയാക്കുന്ന ആ വിചിത്രവിദൂഷകനെ, തന്റെ പഴയ തോഴനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണെന്ന് പുറമേ തോന്നുമെങ്കിലും അയാളുടെ ചുണ്ടുകൾ അധികമധികം വലിഞ്ഞുമുറുകുകയായിരുന്നു, ഉള്ളിലെരിയുന്ന അസൂയയുടേയും പകയുടേയും തീനാളങ്ങൾ അയാളുടെ കണ്ണുകളിൽ കത്തിക്കാളുകയായിരുന്നു. ഒരു പ്രത്യേകനിമിഷത്തിൽ അയാൾ തന്റെ അടുത്തു നിന്നിരുന്ന പരിചാരകബാലന്റെ ചെകിട്ടിൽ കുനിഞ്ഞെന്തോ മന്ത്രിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. സുന്ദരനായ ആ ബാലന്റെ കുസൃതി നിറഞ്ഞ മുഖം ഒരു പുഞ്ചിരി കൊണ്ട് പ്രകാശമാനമായി; എന്നിട്ടവൻ എന്തോ അടിയന്തിരകാര്യം സാധിക്കാനുണ്ടെന്നപോലെ പെട്ടെന്ന് അവിടെ നിന്നു മാറിപ്പോയി.

ചില നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തീക്ഷ്ണവും ദീർഘവുമായ ഒരു ചൂളം വിളി ഒരനർഘനിമിഷത്തിൽ എത്തിനിന്ന ഫാൻസിയൂവിനെ തടസ്സപ്പെടുത്തി; ഹൃദയങ്ങളേയും കാതുകളേയും ഒരേ സമയം തുളച്ചുകീറിക്കൊണ്ടാണ്‌ അതുയർന്നത്. അപ്രതീക്ഷിതമായ ആ തിരസ്കാരം പുറപ്പെട്ട ഭാഗത്തു നിന്ന് ഒരു കുട്ടി ചിരിയമർത്തിക്കൊണ്ട് ഇടനാഴിയിലേക്കോടുന്നതും കാണപ്പെട്ടു.

തന്റെ സ്വപ്നത്തിൽ നിന്ന് നടുക്കത്തോടെ ഞെട്ടിയുണർന്ന ഫാൻസിയൂ ആദ്യം കണ്ണുകൾ മുറുക്കിയടച്ചു, പിന്നെ പെട്ടെന്നുതന്നെ വല്ലാതെ വലിച്ചുതുറന്നു, ശ്വാസം കിട്ടാൻ വിഷമിച്ചിട്ടെന്നപോലെ വായ പിളർന്നു, വേയ്ച്ചുകൊണ്ട് ഒരടി മുന്നോട്ടുവച്ചു, പിന്നെ ഒന്നു പിന്നിലേക്കു മാറി, എന്നിട്ട് അരങ്ങിൽ മരിച്ചുവീണു.

ഒരു വാൾ വീശൽ പോലെ വന്നുവീണ ആ ചൂളം വിളി, അതു ശരിക്കും ആരാച്ചാരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയായിരുന്നോ? തന്റെ സൂത്രത്തിന്റെ നരഹത്യാശേഷി പ്രിൻസ് മുൻകൂട്ടി കണ്ടിരുന്നോ? അങ്ങനെ കരുതാൻ അവകാശമുണ്ട്. തനിക്കു പ്രിയപ്പെട്ടവനും കിടയറ്റവനുമായ ഫാൻസിയൂവിനെയോർത്ത് അയാൾക്കു നഷ്ടബോധം തോന്നിയോ? അങ്ങനെ കരുതുന്നതിൽ ന്യായമുണ്ട്, അതിലൊരു മാധുര്യവുമുണ്ട്. 

അപരാധികളായ പ്രഭുക്കന്മാർ തങ്ങളുടെ അവസാനത്തെ ഹാസ്യനാടകവും കണ്ടുകഴിഞ്ഞു. അന്നു രാത്രിതന്നെ അവർ ജീവിതത്തിൽ നിന്നു തുടച്ചുമാറ്റപ്പെടുകയും ചെയ്തു.

അതില്പിന്നെ എത്രയോ മൂകാഭിനയവിദഗ്ധർ, മറ്റു നാടുകളിൽ അർഹമായ മതിപ്പു ലഭിച്ചവർ, ഈ *ന്റെ സദസ്സിൽ തങ്ങളുടെ പ്രകടനം നടത്താൻ വന്നിരിക്കുന്നു; എന്നാൽ ഫാൻസിയൂവിന്റെ അത്ഭുതസിദ്ധികളെ ഓർമ്മപ്പെടുത്താൻ അതിൽ ഒരാൾക്കു പോലും സാദ്ധ്യമായിട്ടില്ല, അത്രയും ‘പ്രീതി’ പിടിച്ചുപറ്റാനും ഒരാൾക്കും കഴിഞ്ഞിട്ടില്ല.


അഭിപ്രായങ്ങളൊന്നുമില്ല: