പൈശാചനേത്രനായ മാലാഖയെപ്പോലെ
നിന്റെ കിടപ്പറയിൽ ഞാൻ വന്നുകേറും,
രാത്രിയുടെ നിഴലുകൾ ചുഴലുന്ന നേരം
അനക്കമില്ലാതെ ഞാൻ പതുങ്ങിയെത്തും.
ഇരുണ്ട സൗന്ദര്യമേ, നിനക്കു ഞാനർപ്പിക്കും
നിലാവു പോലെ തണുത്ത ചുംബനങ്ങൾ,
ശവമാടത്തിൽ ചുറയിട്ട പാമ്പിനെപ്പോലെ
നിന്റെയുടലുടനീളം ഞാനിഴഞ്ഞുകേറും.
മുഖം വിളർത്തു പിന്നെ പ്രഭാതമെത്തുമ്പോൾ
ഞാൻ കിടന്നിടം ശൂന്യമായി നിനക്കു കാണും,
കല്പലക പോലവിടം തണുത്തുകിടക്കും.
അന്യരാർദ്രതയാൽ ഭരിക്കാന്‍ നോക്കട്ടെ,
നിന്റെ ജീവിതവും, നിന്റെ യൗവനവും;
എനിക്കു മോഹം, ഭയം കൊണ്ടു നിന്നെ ഭരിക്കാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ