പുറംകഴുത്തിലേക്കുലർന്നുവീഴുന്ന ചുരുൾമുടിയിഴകളേ!
കരിമുടിച്ചുരുളുകളേ! ആലസ്യം നിറയുന്ന പരിമളമേ!
ഹർഷോന്മാദമേ! ഇന്നുരാത്രിയിൽ, നമ്മുടെയിരുട്ടറയിൽ,
ആ മുടിക്കെട്ടിലുറങ്ങുന്ന സ്മൃതികളെക്കുടിപാർപ്പിക്കാൻ
ഒരു തൂവാല പോലതിനെ ഞാൻ വായുവിലെടുത്തു വീശട്ടെ!
വാടിത്തളർന്ന ഏഷ്യ, ചുട്ടുപൊള്ളുന്ന ആഫ്രിക്ക!
ഇങ്ങില്ലാത്ത, മൃതമായൊരു വിദൂരലോകമങ്ങനെത്തന്നെ
നിന്റെയാഴങ്ങളിൽ ജീവിക്കുന്നു, വാസനകളുടെ വനമേ!
അന്യരുടെയാത്മാക്കൾ സംഗീതത്തിൽ ജലയാത്ര നടത്തുമ്പോലെ
എന്റേതെന്റേ പ്രിയേ! നിന്റെ സുഗന്ധത്തിൽ നീന്തിനടക്കുന്നു.
അവിടെയ്ക്കു ഞാൻ പോകും, നീരു നിറഞ്ഞ മരങ്ങളുമാണുങ്ങളും
തീക്ഷ്ണോഷ്ണത്തിൽ ദീർഘമൂർച്ഛയിൽ വീഴുമവിടെ;
ബലത്ത മുടിപ്പിന്നലേ, അകലേക്കെന്നെക്കൊണ്ടുപോകുന്ന തിരപ്പെരുക്കമാകൂ!
കരിവീട്ടിക്കടലേ, നിന്നിലുണ്ടൊരതിദീപ്തസ്വപ്നം, പാമരങ്ങളും
കപ്പല്പായകളും തുഴക്കാരും കൊടിക്കൂറകളുമായി!
ആളുമാരവവും നിറഞ്ഞു മാറ്റൊലിക്കുന്ന തുറമുഖം;
എന്റെയാത്മാവവിടെ മോന്തുന്നു, നിറങ്ങളും മണങ്ങളും ഒച്ചകളും;
പൊന്നും പട്ടും പോലുള്ള ചാലുകളിലൂടൊഴുകുന്ന നൗകകൾ
പടുകൂറ്റൻ കൈകൾ വിടർത്തിപ്പുണരാനായുന്നു,
നിത്യോഷ്മളത തുടിക്കുന്ന തെളിഞ്ഞ നീലാകാശത്തെ.
പ്രണയം കൊണ്ടുന്മത്തനായെന്റെ മുഖം ഞാനതിൽ മുക്കും,
അവൾ ബന്ധിതയായിക്കിടക്കുന്ന ആ കരിങ്കടലിൽ;
തിരകളുടെ താരാട്ടിലുലയുമ്പോഴെന്റെയാത്മാവു പിന്നെയും
നിന്നെക്കണ്ടെടുക്കും, സഫലമായ ആലസ്യമേ!
പരിമളം മധുരിക്കുന്ന നിത്യവിശ്രമത്തിന്റെ നേരമേ!
കരിനീലമുടിക്കെട്ടേ, നിഴലു വിതാനിച്ച കൂടാരമേ,
വിപുലാകാകാശത്തിന്റെ നീലിമയെനിക്കു തിരിച്ചുതരൂ.
നിന്റെ പിണഞ്ഞ മുടിയുടെ പതുപതുത്ത ചുരുളുകളിൽ
വെളിച്ചെണ്ണയും കസ്തൂരിയും കീലും കലർന്ന ഗന്ധം
ആർത്തിയോടെ മോന്തി ഞാൻ പാതിബോധത്തിലാഴും.
എത്ര നേരവും! എന്നുമെന്നും! നിന്റെ തഴച്ച മുടിയിൽ
എന്റെ കൈകൾ വിതറും മുത്തും മാണിക്യവുമിന്ദ്രനീലവും,
എന്റെ തൃഷ്ണകളോടുദാസീനയാകരുതു നീയെന്നതിനായി!
സ്വപ്നം കണ്ടു ഞാൻ കിടക്കുന്ന മരുപ്പച്ചയല്ലേ നീ,
ഓർമ്മകളുടെ മദിര ഞാനൂറ്റിക്കുടിക്കുന്ന മരക്കുടുക്കയും?
1842ൽ പാരീസിൽ വച്ചു ബോദ്ലേർ കണ്ടുമുട്ടിയ ഷീൻ ദുവാൽ എന്ന സങ്കരവർഗ്ഗക്കാരിയാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ ‘കറുത്ത വീനസ്“ ആയത്. അവരുടെ കറുത്തുതഴച്ച മുടി കവിയ്ക്കൊരു നിത്യാകർഷണമായിരുന്നു. ’നിന്റെ മുടിയിൽ ഒരർദ്ധഗോളം‘ എന്ന പേരിൽ പിന്നീടെഴുതിയ ഗദ്യകവിതയിലും ഇതേ പ്രമേയം ആവർത്തിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ