2021, മാർച്ച് 20, ശനിയാഴ്‌ച

ബോദ്‌ലേർ - കൊലപാതകിയുടെ വീഞ്ഞ്



എന്റെ ഭാര്യ ചത്തു. ഞാൻ സ്വതന്ത്രനുമായി!
ഇനിയെനിക്കു മതിയാവോളം കുടിക്കാം.
കയ്യിലൊന്നുമില്ലാതെ വീട്ടിൽ വരുമ്പോൾ
അവളുടെ കരച്ചിലെന്റെ നെഞ്ചു പിളർന്നിരുന്നു.

ഇന്നൊരു രാജാവിനെപ്പോലെ ഞാൻ സന്തുഷ്ടൻ;
വായു നിർമ്മലം, തെളിഞ്ഞ ആകാശം...
ഇതുപോലൊരു വേനൽ മുമ്പൊരിക്കലുമുണ്ടായിരുന്നു,
അന്നു ഞാനവളെ പ്രേമിച്ചുതുടങ്ങിയ കാലവുമായിരുന്നു!

ഇന്നെന്റെ തൊണ്ട പൊള്ളിക്കുന്ന ദാഹം തീർക്കാൻ
എത്ര ചാരായം ഞാൻ കുടിച്ചുതീർക്കണം;
അവൾ കിടക്കുന്ന ശവക്കുഴി നിറയ്ക്കുന്നത്ര-
അതത്ര കുറഞ്ഞ അളവുമല്ല!

ഒരു പൊട്ടക്കിണറ്റിലേക്കു ഞാനവളെ തള്ളിയിട്ടു;
ആൾമറയുടെ ചില കല്ലുകളിളകിക്കിടന്നിരുന്നു,
അതും ഞാനവളുടെ മുകളിലേക്കുരുട്ടിയിട്ടു-
അവൾ മറവിക്കടിയിലാകുമോയെന്നു നോക്കട്ടെ!

ഇനിയൊരിക്കലും അറുത്തുമാറ്റാനാവാത്ത
പഴയ പ്രണയവാഗ്ദാനങ്ങളോർമ്മിപ്പിച്ചും
വികാരം കത്തിനിന്ന പണ്ടുകാലം പോലെ
പിന്നെയും നമുക്കു പ്രേമിക്കാമെന്നു വിശ്വസിപ്പിച്ചും

രാത്രിയിൽ, ഒരിടവഴിയുടെ രഹസ്യത്തിലേക്ക്
ഒരുമിച്ചുകൂടാൻ ഞാനവളെ ക്ഷണിച്ചു.
അവൾ വന്നു!- ആ ഭ്രാന്തിപ്പെണ്ണ്‌!
നാമെല്ലാം ഒരു കണക്കിനു ഭ്രാന്തന്മാരാണ്.

അവളപ്പോഴും കാണാൻ സുന്ദരിയായിരുന്നു,
ഒന്നു വാട്ടം തട്ടിയിരുന്നുവെന്നു മാത്രം;
എനിക്കവളെ അത്ര സ്നേഹമായിരുന്നതിനാൽ
ഞാൻ പറഞ്ഞു: “നീ ജീവിതത്തിൽ നിന്നു പോകൂ!”

ആർക്കുമെന്നെ മനസ്സിലാകുന്നില്ല.
ലഹരിയുടെ രോഗാതുരസ്വപ്നങ്ങൾ നുരയുന്ന രാത്രിയിൽ
ഒരു കുടിയനെങ്കിലും തോന്നിയിട്ടുണ്ടോ,
ചാരായത്തിൽ നിന്നൊരു ശവക്കച്ച നെയ്യാൻ?

ബോധത്തിന്റെ തരി പോലുമില്ലാത്തവർ,
ഇരുമ്പുയന്ത്രങ്ങൾ കണക്കെ വികാരഹീനർ,
വേനല്ക്കാലമാവട്ടെ, മഞ്ഞുകാലമാവട്ടെ,
പ്രണയത്തിന്റെ തനതർത്ഥം അവരറിയുന്നില്ല.

പ്രണയം- അതിന്റെ ദുരാഭിചാരങ്ങൾ,
നരകത്തിൽ നിന്നണിയിട്ടുവരുന്ന ഭീതികൾ,
അതിന്റെ കണ്ണീർ, വിഷം നിറച്ച ചിമിഴുകൾ,
എല്ലുകളുടെയും ചങ്ങലകളുടേയും കിലുക്കം!

-ഒടുവിൽ ഞാനൊറ്റ, ഞാൻ സ്വതന്ത്രൻ!
ഇന്നു രാത്രിയിൽ ബോധം കെടും വരെ ഞാൻ കുടിക്കും,
പിന്നെ, പേടിയില്ലാതെ, കുറ്റബോധമില്ലാതെ
വെറും മണ്ണിൽ മാനം നോക്കി ഞാൻ കിടക്കും.

ഒരു പട്ടിയെപ്പോലെ ഞാൻ കിടന്നുറങ്ങും,
ചരലും ചവറും കയറ്റിയ ഭാരവണ്ടികൾ
ഞരങ്ങിക്കൊണ്ടോടുന്ന നടുറോഡിൽത്തന്നെ!
കോപിഷ്ടരായ വണ്ടിച്ചക്രങ്ങൾ

എന്റെ കുറ്റബോധത്തിന്റെ തല തകർക്കട്ടെ,
അല്ലെങ്കിലെന്നെ രണ്ടായി മുറിച്ചുതള്ളട്ടെ,
എന്നാലും പുല്ലോളം ഞാൻ മതിക്കില്ല,
ദൈവത്തെ, സാത്താനെ, പ്രമാണങ്ങളെ!

അഭിപ്രായങ്ങളൊന്നുമില്ല: