2020, ജൂലൈ 12, ഞായറാഴ്‌ച

നെരൂദ - കറുത്ത പെൺപുലിക്കൊരു വാഴ്ത്ത്



മുപ്പത്തൊന്നുകൊല്ലം മുമ്പ്,
സിംഗപ്പൂരിൽ
- ഞാൻ ഇപ്പോഴും ഓർക്കുന്നു-
ഈർപ്പത്തിന്റെ ചുംബനങ്ങൾ
പുണ്ണുകൾ വീഴ്ത്തിയ
നനഞ്ഞ വെൺചുമരുകളിൽ
ചോര പോലെ ചുടുന്ന
മഴ വീഴുകയായിരുന്നു.
തലയ്ക്കു മേൽ കല്ലിച്ച സൂര്യൻ
കൊടുംപകയോടെ
കുന്തങ്ങളെറിയുമ്പോൾ,
പല്ലുകളുടെയോ കണ്ണുകളുടെയോ
ഒരു മിന്നായം
ഇരുണ്ട ജനക്കൂട്ടത്തെ
വെളിച്ചപ്പെടുത്തുന്നു.

നുരയുന്ന ഇടത്തെരുവുകളിലൂടെ
ഞാനലഞ്ഞു:
വെറ്റിലക്കെട്ടുകൾ,
വാസനിക്കുന്ന ഇലക്കിടക്കകൾക്കു മേൽ
ശയിക്കുന്ന അടയ്ക്കകൾ,
വിയർത്തൊഴുകുന്ന ഉച്ചമയക്കത്തിൽ
അഴുകുന്ന ദൂരിയാൻ പഴങ്ങൾ.


പൊടുന്നനേയതാ,
രണ്ടു കണ്ണുകൾ
എന്നെ പിടിച്ചുനിർത്തുന്നു,
ഒരുറ്റുനോട്ടം,
തെരുവിനു നടുവിൽ ഒരു കൂട്ടിൽ;
മഞ്ഞുപോലെ തണുത്ത
രണ്ടു വൃത്തങ്ങൾ,
രണ്ടു കാന്തങ്ങൾ,
ഒന്നിനൊന്നിടയുന്ന
രണ്ടാലക്തികമുനകൾ,
തറച്ചുകേറുന്ന രണ്ടു കൃഷ്ണമണികൾ
ആ പുണ്ണു പിടിച്ച ചുമരിനു മുന്നിൽ
തറയിലെന്നെ കുത്തിക്കോർക്കുന്നു.
പിന്നെ ഞാൻ കണ്ടു,
ഓളം വെട്ടുന്ന പേശികൾ,
വെൽവെറ്റ് ചർമ്മം,
പൂർണ്ണതയുടെ വലിവും മുറുക്കവും-
അന്ധകാരത്തിന്റെ അവതാരം.
പിന്നെ, ആ ചടുലസാന്നിദ്ധ്യം
ഒന്നനങ്ങുമ്പോൾ
ആ ചർമ്മത്തിന്റെ രാത്രിയിൽ
പരാഗരേണുക്കൾ പോലെ
മിനുങ്ങിയിരുന്നു,
ഒന്നുകിൽ - എനിക്കു കൃത്യമറിയില്ല-
രണ്ടു പുഷ്യരാഗചതുരങ്ങൾ,
അല്ലെങ്കിൽ സുവർണ്ണഷഡ്ഭുജങ്ങൾ.
ചിന്താധീനയായ,
സ്പന്ദിക്കുന്ന
ഒരു പെൺപുലി;
ആ വൃത്തികെട്ട
തെരുവിനു നടുവിൽ
കൂട്ടിലടച്ച
ഒരു വനറാണി.
ചതിയിലൂടെ തനിക്കു നഷ്ടപ്പെട്ട
കാടിന്റെ പേരിൽ,
തനിക്കെന്നെന്നേക്കുമായി നഷ്ടപ്പെട്ട
സ്വാതന്ത്ര്യത്തിന്റെ പേരിൽ,
മനുഷ്യരുടേയും
അവരുടെ പൊടി പിടിച്ച
പാർപ്പിടങ്ങളുടേയും പേരിൽ
അവളുടെ അവജ്ഞ,
അവളുടെ രോഷത്തിന്റെ ഉഷ്ണം
വെളിപ്പെട്ടത്
അവളുടെ കണ്ണുകളിലൂടെ മാത്രം.
എന്നെന്നേക്കുമായി കൊട്ടിയടച്ച
വന്യതയുടെ വാതിലിൽ
മുദ്ര വച്ചവയായിരുന്നു
ആ കണ്ണുകൾ.

തീ പോലെ, പുക പോലെ
അവൾ നടന്നു,
അവൾ കണ്ണടച്ചപ്പോൾ
പുക പോലവൾ മറയുകയും ചെയ്തു,
പിടി തരാത്ത, അദൃശ്യരാത്രി പോലെ.

അഭിപ്രായങ്ങളൊന്നുമില്ല: