നരച്ചുപരന്ന ഒരാകാശത്തിനു ചുവട്ടിൽ, ഒരു വഴിത്താര പോലുമില്ലാത്ത, ഒരു കള്ളിമുള്ളോ ഒരു മുൾച്ചെടിയോ ഒരു പുൽക്കൊടി പോലുമോ കണ്ടെടുക്കാനില്ലാത്ത, വിശാലവും പൊടി പാറുന്നതുമായ ഒരു സമതലപ്രദേശത്തുവച്ച് അധോമുഖരായി നടന്നുപോകുന്ന കുറേ മനുഷ്യരെ ഞാൻ കാണാനിടയായി.
ഓരോ ആളും മുതുകത്ത് ഒരു കൂറ്റൻ കൈമീറയെ ചുമക്കുന്നുണ്ട്, ഗോതമ്പുചാക്കോ കരിച്ചാക്കോ, അല്ലെങ്കിൽ റോമൻ കാലാളുകൾ മുതുകത്തു കൊണ്ടുനടക്കുന്ന പടക്കോപ്പോ പോലെ കനത്തത്.
എന്നാൽ ആ ഭീകരസത്വം വെറുമൊരു ജഡഭാരവുമല്ല; മറിച്ച്, വഴക്കമുള്ളതും കരുത്തുറ്റതുമായ പേശികൾ കൊണ്ട് തന്നെ ചുമക്കുന്ന മനുഷ്യനെ ചുറ്റിപ്പിടിച്ചിരിക്കുകയാണത്; അതിന്റെ ബലിഷ്ഠമായ രണ്ടു വളർനഖങ്ങൾ അയാളുടെ നെഞ്ചത്താഴ്ന്നിറങ്ങിയിരിക്കുന്നു; കഥകളിൽ പറയുന്നതരത്തിലുള്ള അതിന്റെ തല മനുഷ്യന്റെ തലയ്ക്കു മേൽ ഉയർന്നുനില്ക്കുന്നു, ശത്രുക്കളിൽ ഭീതി വളർത്താനായി പണ്ടത്തെ പടയാളികൾ തലയിലണിഞ്ഞിരുന്ന ശിരോകവചങ്ങൾ പോലെ.
ഈ മട്ടിൽ അവർ എങ്ങോട്ടുപോവുകയാണെന്ന് ഞാൻ അതിൽ ഒരാളോടന്വേഷിച്ചു. തനിക്കു യാതൊന്നും അറിയില്ലെന്നായിരുന്നു അയാളുടെ മറുപടി; തനിക്കെന്നല്ല, കൂടെയുള്ളവർക്കും ഒന്നുമറിയില്ല; എന്നാൽ തങ്ങൾ എങ്ങോട്ടോ പോവുകയാണെന്നുമാത്രം അവർക്കറിയാം, നടക്കാനുള്ള അദമ്യമായ ഒരു പ്രേരണ അങ്ങോട്ടവരെ തള്ളിവിടുകയാണ്.
വിചിത്രമെന്നു പറയട്ടെ, തന്റെ കഴുത്തിനു ചുറ്റിപ്പിടിച്ച്, മുതുകത്തള്ളിപ്പിടിച്ചു കിടക്കുന്ന ആ വിലക്ഷണജന്തു ഒരാളെപ്പോലും മാനസികമായി ശല്യപ്പെടുത്തുന്നതായി കണ്ടില്ല; തങ്ങളുടെ ഒരു ഭാഗമായിത്തന്നെയാണ് അവർ അതിനെ കാണുന്നതെന്നു തോന്നി. ആ തളർന്ന, ഗൗരവം മുറ്റിയ മുഖങ്ങളിൽ നൈരാശ്യത്തിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല; ആകാശത്തിന്റെ നിരുന്മേഷമായ കമാനത്തിനു ചുവട്ടിൽ, അതേ ആകാശം പോലെതന്നെ പരിത്യക്തമായ ഒരു ഭൂമിയിലെ പൊടിമണ്ണിൽ കാലു വലിച്ചിഴച്ച്, ഒരുനാളും ആശ കൈവിടാതിരിക്കാൻ വിധിക്കപ്പെട്ടവരുടെ കീഴടങ്ങിയ മുഖത്തോടെ അവർ മുന്നോട്ടു നീങ്ങി.
അങ്ങനെ ആ പരിവാരമൊന്നാകെ എന്നെക്കടന്നു പോയി; വൈകാതെ, ഭൂമിയുടെ വർത്തുളോപരിതലം ജിജ്ഞാസുവായ മനുഷ്യദൃഷ്ടിയിൽ നിന്നു വഴുതിമാറുന്ന ആ ബിന്ദുവിൽ വച്ച് ചക്രവാളത്തിന്റെ ധൂസരതയിൽ അവർ അലിഞ്ഞുപോവുകയും ചെയ്തു.
ആ നിഗൂഢതയുടെ പൊരുളഴിക്കാൻ കുറച്ചു നിമിഷത്തേക്ക് ഞാൻ മനഃപൂർവ്വമായിത്തന്നെ ശ്രമിച്ചുനോക്കി; എന്നാൽ തടുക്കരുതാത്ത ഒരുദാസീനത എന്റെ മേൽ വന്നുവീണു; അതിന്റെ ഭാരം അവരെ ഞെരിച്ചമർത്തുന്ന ആ കൈമീറകളുടേതിനെക്കാൾ കനത്തതുമായിരുന്നു.
(1862)
* കൈമീറ Chimera- ആടും സിംഹവും സർപ്പവും ചേർന്ന ഒരു ഐതിഹാസികജന്തു. ബോദ്‌ലേറുടെ ഈ കവിതയിൽ പിടി വിടാത്ത ശീലത്തിന്റെ ബിംബമാണത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ