2020, ജൂലൈ 5, ഞായറാഴ്‌ച

വീസ്വാവ ഷിംബോർസ്ക - മുന്നറിയിപ്പ്

ബഹിരാകാശത്തേക്കു പോകുമ്പോൾ വിദൂഷകന്മാരെ കൂടെക്കൂട്ടരുത്.
അതാണെന്റെ ഉപദേശം.

ജീവനില്ലാത്ത പതിനാലു ഗ്രഹങ്ങൾ,
ചില ധൂമകേതുക്കൾ, രണ്ടു നക്ഷത്രങ്ങൾ.
മൂന്നാമത്തെ നക്ഷത്രത്തിലേക്കു യാത്രയാവുമ്പോഴേക്കും
നിങ്ങളുടെ വിദൂഷകന്മാർക്കു വെറി പിടിച്ചിട്ടുണ്ടാവും.

പ്രപഞ്ചമെന്നാൽ അതു തന്നെ-
എന്നു പറഞ്ഞാൽ, പരിപൂർണ്ണം.
നിങ്ങളുടെ വിദൂഷകന്മാർ അതു മാപ്പാക്കില്ല.

യാതൊന്നും അവർക്കു സന്തോഷം നല്കില്ല:
കാലമോ (എത്രയോ പ്രാക്തനമാണത്),
സൌന്ദര്യമോ (പിഴവില്ലാത്തതാണത്),
ഗുരുത്വാകർഷണമോ (ഹാസ്യത്തിന്റെ ലാഘവത്തിനതു വേണ്ട).
അന്യർ അത്ഭുതപ്പെട്ടു വാ പൊളിക്കുമ്പോൾ
വിദൂഷകന്മാർ കോട്ടുവായിടുകയാവും.

നാലാമത്തെ നക്ഷത്രത്തിലേക്കുള്ള യാത്രയ്ക്കിടെ
കാര്യങ്ങൾ പിന്നെയും വഷളാവും:
ഉറഞ്ഞുകൂടിയ മന്ദഹാസങ്ങൾ,
ശിഥിലമായ ഉറക്കവും മനോനിലയും.
അലസജല്പനങ്ങൾ:
വെണ്ണക്കട്ടി കൊത്തിയെടുത്ത ആ കാക്കയെ ഓർമ്മയില്ലേ,
പൊന്നുതമ്പുരാന്റെ ചിത്രത്തിൽ ഈച്ച മുട്ടയിട്ടതും,
ചൂടുവെള്ളത്തൊട്ടിയിൽ കുരങ്ങൻ വീണതും-
അതൊക്കെയായിരുന്നു ജീവിതം.

സങ്കുചിതമനസ്കർ.
നിത്യതയെക്കാൾ അവർക്കിഷ്ടം ഒരു വ്യാഴാഴ്ച.
പ്രാകൃതർ.
ആകാശഗോളങ്ങളുടെ സംഗീതത്തെക്കാൾ അവർക്കു ചേരുക അപശ്രുതികൾ.
സിദ്ധാന്തത്തിനും പ്രയോഗത്തിനുമിടയിലുള്ള,
കാര്യകാരണങ്ങൾക്കിടയിലുള്ള  വിടവിൽ വീഴുമ്പോഴാണ്‌
അവർക്കേറ്റവുമധികം സന്തോഷം തോന്നുക.
ഇതു പക്ഷേ ബഹിരാകാശമാണ്‌, ഭൂമിയല്ല:
ഇവിടെ സർവതും ഒന്നിനൊന്നിണങ്ങും.

പതിമൂന്നാമത്തെ ഗ്രഹത്തിലെത്തുമ്പോൾ
(കുറ്റമറ്റ ആ ശൂന്യതയിൽ കണ്ണു നട്ടുകൊണ്ട്)
അവർ തങ്ങളുടെ പേടകം വിട്ടിറങ്ങാൻ തന്നെ മടിക്കും:
“വല്ലാത്ത തലവേദന,” അവർ പരാതിപ്പെടും. “തള്ളവിരലൊന്നു മുട്ടി.”

എന്തൊരു ദുർവ്യയം. എന്തൊരവമാനം.
എന്തുമാത്രം പണമാണ്‌ ബഹിരാകാശത്തു കൊണ്ടുപോയി തുലയ്ക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: