തൃഷ്ണകളെരിയുന്നൊരു ധൂപപാത്രം പോലെ
ദീപ്തസായാഹ്നത്തിലൂടെ നീ കടന്നുപോകുന്നു,
വാടിയ ജടാമാഞ്ചി പോലിരുണ്ട ഉടലുമായി,
അനിമേഷനയനങ്ങളിൽ പ്രബലരതിയുമായി.
മരിച്ച ചാരിത്രത്തിന്റെ വിഷാദം നിന്റെ ചുണ്ടുകളിൽ,
ഡയണീസസ്സിന്റെ പാനപാത്രമായ നിന്റെ ഗർഭപാത്രത്തിൽ
ഒരെട്ടുകാലി വന്ധ്യതയുടെ മൂടുപടം നെയ്യുന്നു,
ചുംബനങ്ങളുടെ കനികളായി
ജീവനുള്ള പനിനീർപ്പൂക്കളൊരുനാളും വിരിയാത്ത
നിന്റെ ഉദരത്തിനായി.
മരിച്ച വ്യാമോഹങ്ങളുടെ നൂൽക്കഴി നിന്റെ വെളുത്ത കൈകളിൽ,
ആഗ്നേയചുംബനങ്ങൾക്കു ദാഹിക്കുന്ന വികാരം നിന്റെയാത്മാവിൽ,
തൊട്ടിലുകളും സ്വസ്ഥതയും സ്വപ്നം കാണുന്ന നിന്റെ മാതൃസ്നേഹം
ഒരു താരാട്ടിന്റെ നീലയിഴകളിടുന്നു നിന്റെ ചുണ്ടുകളിൽ.
നിദ്രാണമായ പ്രണയം നിന്റെ ഉടലു തൊട്ടിരുന്നുവെങ്കിൽ
പൊൻകതിരുകളിടുമായിരുന്നു നീ, സീരിസ്സിനെപ്പോലെ,
നിന്റെ മാറിൽ നിന്നു മറ്റൊരു ക്ഷീരപഥമൊഴുക്കുമായിരുന്നു നീ,
കന്യാമറിയത്തെപ്പോലെ.
മഗ്നോളിയാപ്പൂവുപോലെ നീ വാടിക്കരിയും,
കനലടങ്ങാത്ത നിന്റെ തുടകളിലൊരാളും ചുംബിക്കില്ല,
കിന്നരത്തിന്റെ തന്ത്രികളിലൂടെന്നപോലെ
നിന്റെ മുടിയിലൂടൊരു വിരലുമോടില്ല.
കരിവീട്ടിയും ജടാമാഞ്ചിയും പോലെ കാതലാർന്ന പെണ്ണേ,
മുല്ലപ്പൂ പോലെ നിശ്വാസം വെളുത്തവളേ!
മനിലാസാൽവ ചുറ്റിയ വീനസ് നീ,
ഗിത്താറും മധുരിക്കുന്ന മാലഗാവീഞ്ഞുമറിയുന്നവൾ.
ശ്യാമഹംസമേ! നിന്റെ തടാകത്തിലുണ്ട്,
ഫ്ലാമെങ്കോഗാനങ്ങളുടെ താമരകൾ,
മധുരനാരങ്ങകളുടെ തിരമാലകൾ,
തന്റെ ചിറകൊതുക്കിൽ വാടിയ കൂടുകളിൽ
പരിമളം നിറയ്ക്കുന്ന ചുവന്ന കാർണേഷനുകളും.
ആരും ഉർവ്വരയാക്കുന്നില്ല നിന്നെ, ആൻഡലൂഷ്യൻ രക്തസാക്ഷീ,
തളം കെട്ടിയ ജലത്തിന്റെ കലുഷതാളത്തിനിടയിൽ,
പാതിരാവിന്റെ നിറഞ്ഞ നിശ്ശബ്ദതയിൽ,
മുന്തിരിക്കൊടികൾക്കടിയിലാകേണ്ടിയിരുന്നു,
നിന്റെ ചുംബനങ്ങൾ.
നിന്റെ കണ്ണുകൾക്കടിയിൽ കറുത്ത പാടുകൾ വീഴുന്നുവല്ലോ,
നിന്റെ കറുത്ത മുടിയിഴകൾ വെള്ളിനാരുകളാകുന്നുവല്ലോ;
പരിമളം തൂവിക്കൊണ്ടു നിന്റെ മുലകൾ ചരിയുന്നു,
നിന്റെ പ്രൗഢമായ നട്ടെല്ലു വളഞ്ഞുതുടങ്ങുന്നു.
മെലിഞ്ഞ സ്ത്രീയേ, എരിയുന്ന മാതൃത്വമേ!
ആകാശത്തിന്റെ കയങ്ങളെയ്തുവിടുന്ന നക്ഷത്രങ്ങളോരോന്നും
ഹൃദയത്തിൽ തറച്ചുകയറിയ വ്യാകുലമാതാവേ!
ആൻഡലൂഷ്യയുടെ പ്രതിബിംബം നീ:
വിപുലവികാരങ്ങൾ നിശ്ശബ്ദം സഹിക്കുന്നവൾ,
നോട്ടങ്ങൾ ചുവന്ന പോറലുകൾ വീഴ്ത്തിയ തൊണ്ടകളിൽ,
ചോരയും മഞ്ഞും തുടിക്കുന്ന തൊണ്ടകളിൽ
മടക്കിയിട്ട തട്ടങ്ങളിൽ, വിശറികളിലുലയുന്ന വികാരങ്ങൾ.
ശരൽക്കാലത്തിന്റെ മൂടൽമഞ്ഞിനുള്ളിലേക്കി നീ കയറിപ്പോകുന്നു,
കന്യകയായി, ആഗ്നസ്സിനെപ്പോലെ, സെസീലിയയെപ്പോലെ,
പ്രിയങ്കരിയായ ക്ലാരയെപ്പോലെ;
മുന്തിരിവള്ളികളും പച്ചിലകളും തലയിൽ ചാർത്തി
നൃത്തം ചെയ്യേണ്ടിയിരുന്ന ബാക്കസ്സിന്റെ പൂജാരിണികൾ.
നിന്റെ കണ്ണുകളിലൊഴുകുന്ന വിപുലവിഷാദം ഞങ്ങളോടു പറയുന്നു,
നിന്റെ തകർന്ന ജീവിതത്തിലെ പരാജയങ്ങളെപ്പറ്റി,
അങ്ങകലെ മണികളുടെ കലുഷകലാപം മുഴങ്ങുമ്പോൾ
ജനാലയ്ക്കു വെളിയിൽ ആളുകൾ കടന്നുപോകുന്നതു നോക്കിയും
പഴകിയ നാട്ടുവഴികളുടെ മനക്കടുപ്പത്തിനു മേൽ മഴ പെയ്യുന്നതു കണ്ടും
നാളുകൾ തള്ളിനീക്കുന്ന നിന്റെ ഗതികെട്ട ലോകത്തിന്റെ വൈരസ്യത്തെപ്പറ്റി.
എന്നാൽ കാറ്റിനു നീ കാതുകൊടുത്തതു വെറുതേ,
മധുരിക്കുന്ന പ്രണയഗാനം നിന്റെ കാതുകളിൽ വീണതേയില്ല.
ഇപ്പോഴും നീ ജനാലയ്ക്കു പിന്നിലിരുന്നു പുറത്തേക്കു നോക്കുന്നു.
എത്രയഗാധമായിരിക്കും നിന്റെയാത്മാവിൽ നിറയുന്ന ശോകം,
പ്രണയമാദ്യം പരിചയിക്കുന്നൊരു പെൺകുട്ടിയുടെ വികാരം
നിന്റെ പാഴായ നെഞ്ചിൽ നീ കണ്ടെത്തുമ്പോൾ!
നിന്റെയുടൽ കുഴിമാടത്തിലേക്കു പോകും,
വികാരങ്ങൾക്കൊരുടവും തട്ടാതെ.
ഇരുണ്ട മണ്ണിനു മേൽ
ഒരു പ്രഭാതഗാനം പൊട്ടിവിടരും.
നിന്റെ കണ്ണുകളിൽ നിന്നു രണ്ടു ചോരച്ച കാർണേഷനുകൾ വളരും,
നിന്റെ മാറിൽ നിന്നു തൂവെള്ളയായ രണ്ടു പനിനീർപ്പൂക്കളും.
നിന്റെ വിപുലശോകമെന്നാൽ നക്ഷത്രങ്ങളിലേക്കു പറക്കും,
അവയെ മുറിപ്പെടുത്താൻ, നിഷ്‌പ്രഭമാക്കാൻ യോഗ്യമായ
മറ്റൊരു നക്ഷത്രമായി.
(1918 ഡിസംബർ, ഗ്രനാഡ)
---------------------------------------------------------------------------------------------------------------------
തിരിച്ചുകിട്ടാത്ത പ്രണയത്തെയും വിഫലമായ മാതൃത്വത്തെയും പറ്റിയുള്ള വിലാപഗാനം. ഈ പ്രമേയം അതിന്റെ പൂർണ്ണതയിൽ ‘യെർമ്മ,’ ‘അവിവാഹിതയായ ഡോണ റൊസീറ്റ’ എന്നീ നാടകങ്ങളിൽ കാണാം.
* ജടാമാഞ്ചി Spikenard- ഹിമാലയൻ സാനുക്കളിൽ കണ്ടുവരുന്ന ഒരു സുഗന്ധതൈലച്ചെടി.
*ഡയണീസസ് dionysus- വീഞ്ഞിന്റെയും ഉർവ്വരതയുടേയും നാടകത്തിന്റെയും ദേവൻ. റോമാക്കാർ ബാക്കസ് എന്നു വിളിച്ചു.
* സീരിസ് Ceres- റോമാക്കാർക്ക് കൃഷിയുടേയും മാതൃവാത്സല്യത്തിന്റെയും ദേവി.
*മനിലാസാൽവ Manila Shawl- കൊളോണിയൽ കാലത്ത് ഫിലിപ്പൈൻസിലും ലാറ്റിനമേരിക്കയിലും സ്പെയിനിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ചിത്രത്തുന്നൽ ചെയ്ത സില്ക്ക് ഷാൾ. ഫ്ലാമെങ്കോ നൃത്തത്തിൽ ആഹാര്യത്തിന്റെ ഭാഗമാണ്.
*മാലഗാവീഞ്ഞ് Malaga Wine- സ്പെയിനിലെ മാലഗ നഗരത്തിൽ ഉല്പാദിപ്പിക്കുന്ന മധുരമുള്ള വീഞ്ഞ്.
*ആഗ്നസ് St. Agnes- പതിമൂന്നാം വയസ്സിൽ രക്തസാക്ഷിയായ റോമൻ വിശുദ്ധ.
*ക്ലാര St. Clare- ഫ്രാൻസിസ് അസീസ്സിയുടെ ശിഷ്യ
*സെസീലിയ Cecilia- സംഗീതജ്ഞർക്കു പ്രിയപ്പെട്ട വിശുദ്ധ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ