2020, ജൂലൈ 24, വെള്ളിയാഴ്‌ച

ലോർക്ക - അടുക്കുകവിതകൾ



1. പകർച്ച


ഒറ്റക്കിളിയേ
പാടുന്നുള്ളു.
വായു അതിനെ
പെരുക്കുകയാണ്‌.
നാം കേൾക്കുന്നത്
കണ്ണാടികളിലൂടെ.

2. ആദി


ആദവും ഹവ്വയും.
സർപ്പം
ആയിരം നുറുങ്ങുകളായി
കണ്ണാടി
എറിഞ്ഞുടച്ചു.
ആപ്പിളായിരുന്നു
അവന്റെ പാറ.

3. പൊയ്ക


കൂമൻ
ധ്യാനം നിർത്തുന്നു,
കണ്ണട തുടയ്ക്കുന്നു,
നെടുവീർപ്പിടുന്നു.
ഒരു മിന്നാമിന്നി
കുന്നിഞ്ചരിവിലൂടെ
പറന്നിറങ്ങുന്നു,
ഒരു നക്ഷത്രം
തെന്നിക്കടന്നുപോകുന്നു.
കിഴവൻ കൂമൻ ചിറകു കുടയുന്നു,
ധ്യാനം തുടരുന്നു.

4. ആകെ


കാറ്റിന്റെ കൈ
സ്ഥലത്തിന്റെ നെറ്റി തലോടുന്നു
പിന്നെയും പിന്നെയും.
നക്ഷത്രങ്ങൾ
നീലിച്ച കണ്ണിമകൾ
പാതിയടയ്ക്കുന്നു
പിന്നെയും പിന്നെയും.

5. ഭേദങ്ങൾ


ഈ മാറ്റൊലിയുടെ ചില്ലകൾക്കടിയിൽ
തളം കെട്ടിയ വായു.
ആ നക്ഷത്രങ്ങളുടെ പടർപ്പിനടിയിൽ
തളം കെട്ടിയ ജലം.
നമ്മുടെ നിബിഡചുംബനത്തിനടിയിൽ
തളം കെട്ടിയ നിന്റെ വദനം.


6. നിറങ്ങൾ


ചന്ദ്രന്റെ നിറം
പാരീസിനു മേൽ
വയലറ്റ്,
മൃതനഗരങ്ങൾക്കു മേൽ
മഞ്ഞ.

പച്ചനിറത്തിലൊരു ചന്ദ്രനുണ്ട്,
ഇതിഹാസങ്ങളിലെ ചന്ദ്രൻ,
ചിലന്തിവല പോലെ
ഒരു ചന്ദ്രനുണ്ട്,
ഉടഞ്ഞ വർണ്ണച്ചില്ലു പോലെ
ഒരു ചന്ദ്രനുണ്ട്,
മരുപ്പറമ്പുകൾക്കു മേൽ
കട്ടച്ചോര പോലെ ഒരു ചന്ദ്രനും.

എന്നാൽ വെളുത്ത ചന്ദ്രൻ,
ശരിക്കുമുള്ള ചന്ദ്രൻ,
അതു തിളങ്ങുന്നത്
ഉൾനാടൻ ശവപ്പറമ്പുകളിലെ
മൂകതയ്ക്കു മേൽ.

7. ഘടികാരങ്ങളുടെ വനം


ഘടികാരങ്ങളുടെ വനത്തിലേക്കു
ഞാൻ കടന്നുചെന്നു.

മിടിക്കുന്ന ഇലകൾ,
കുലകുത്തിയ മണികൾ.
ബഹുമുഖമായൊരു ഘടികാരത്തിനടിയിൽ
പെൻഡുലങ്ങളുടെ നക്ഷത്രമണ്ഡലങ്ങൾ.

കറുത്ത ഐറിസ് പൂക്കൾ,
മരിച്ച നേരങ്ങൾ.
കറുത്ത ഐറിസ് പൂക്കൾ,
പുതിയ നേരങ്ങൾ.
എല്ലാം ഒരേപോലെ!
പ്രണയത്തിന്റെ സുവർണ്ണനേരമോ?

ഒരു നേരമേയുള്ളു,
ഒരേയൊരു നേരം.
വളരെത്തണുത്ത ഒരു നേരം.

8. മരംവെട്ടി


സന്ധ്യക്ക്
ഞാനിറങ്ങിനടന്നു.
“എവിടെയ്ക്ക്?” അവർ ചോദിച്ചു.
“ദീപ്തനക്ഷത്രങ്ങളെ നായാടാൻ.”
പിന്നെ കുന്നുകൾ മയക്കമായപ്പോൾ
നക്ഷത്രങ്ങളെ മാറാപ്പിലാക്കി
ഞാൻ മടങ്ങി.
ഒരു സഞ്ചി നിറയെ രാത്രി,
വെളുത്ത രാത്രി!


9. ഡോൺചെല്ല


ഞാനെന്തേ ഇപ്പോൾ നിന്നെയോർക്കാൻ,
മാർച്ചുമാസത്തിലെ ഒരു മഴനാളിൽ,
മഠത്തിൽ നിന്നിറങ്ങിവരുന്നതായി?

വെളുത്ത കൊച്ചു ഹിമപ്പക്ഷി,
അവർ നിന്നെ അങ്ങനെ വിളിച്ചിരുന്നു,
ഒരു സ്കൂൾകുട്ടി നിനക്കൊരു പനിനീർപ്പൂവും തന്നിരുന്നു.

പിന്നെ നിന്നിൽ നിന്നൊരു തൂവൽ കൊഴിഞ്ഞുവീണു,
ഈ വരികൾ ഞാനെഴുതുന്നതതുകൊണ്ട്.
എത്രയും ചെറിയൊരു തൂവൽ,
നീയതറിഞ്ഞതുതന്നെയില്ല!


10. തത്ത്വചിന്തകന്റെ അവസാനത്തെ നടത്തം


ന്യൂട്ടൺ
നടക്കാനിറങ്ങിയതായിരുന്നു.
തന്റെ ഗിത്താറും മീട്ടിക്കൊണ്ട്
മരണം പിന്നാലെയുണ്ടായിരുന്നു.
ന്യൂട്ടൺ
നടക്കാനിറങ്ങിയതായിരുന്നു.
അയാളുടെ ആപ്പിളിൽ
പുഴുക്കൾ നുഴഞ്ഞുകേറി.
മരങ്ങളിൽ കാറ്റിരമ്പി,
ചില്ലകൾക്കടിയിൽ പുഴയും.
(വേഡ്സ്‌വർത്തിനു കരച്ചിൽ വന്നേനെ.)
ഉടലിനെ വല്ലാതെ വളച്ചൊടിച്ചുകൊണ്ട്
മറ്റൊരാപ്പിളും കാത്തുനില്ക്കുകയായിരുന്നു,
തത്ത്വചിന്തകൻ.
അയാൾ വഴിയിലൂടോടി.
പുഴക്കരയിൽ ചെന്നുകിടന്നു.
ചന്ദ്രന്റെ കൂറ്റൻ പ്രതിബിംബത്തിൽ
തന്റെ മുഖം മുങ്ങിപ്പോകുന്നതയാൾ കണ്ടു.
ന്യൂട്ടൺ
കണ്ണീരൊഴുക്കി.

ഒരു ദേവതാരത്തിന്റെ തലപ്പത്ത്
രണ്ടു കൂമന്മാർ സല്ലപിച്ചിരുന്നു.
പിന്നെ രാത്രിയിൽ
ആ ജ്ഞാനിയായ മനുഷ്യൻ
പതുക്കെ വീട്ടിലേക്കു നടന്നു.
ആപ്പിളുകളുടെ കൂറ്റൻ കൂമ്പാരങ്ങൾ
അയാൾ സ്വപ്നം കണ്ടു.


11. സ്കൂൾ


മാഷ്:

കാറ്റിനെ
ഏതു കന്യക പരിണയിക്കും?

കുട്ടി:

ഞങ്ങൾ മോഹിക്കുന്ന
കന്യക.

മാഷ്:

കാറ്റ്
കന്യകയ്ക്കെന്തു കൊടുക്കും?

കുട്ടി:

പൊന്നിന്റെ ചുഴലികൾ.
ഒരു കൂമ്പാരം ഭൂപടങ്ങൾ.

മാഷ്:

അവൾ അവനോ?

കുട്ടി:

തന്റെ തുറന്ന ഹൃദയം.

മാഷ്:

അവളുടെ പേരു പറയൂ.

കുട്ടി:

അതൊരു രഹസ്യം.

(സ്കൂളിന്റെ
ജനാലയ്ക്ക്
നക്ഷത്രങ്ങളുടെ
പടുത.)


12. പ്രണയഗാനം


വൃത്തങ്ങളായി പടരുന്ന
അലകൾ പോലെ
നിന്റെ വാക്കുകൾ
എന്റെ നെഞ്ചിൽ.

കാറ്റിനോടു കൂട്ടിയിടിക്കുന്ന
കിളിയെപ്പോലെ
നിന്റെ ചുംബനം
എന്റെ ചുണ്ടിൽ.

രാത്രിക്കെതിർനില്ക്കുന്ന
ജലധാരകൾ പോലെ
എന്റെ ഇരുണ്ട കണ്ണുകൾ
നിന്റെയുടലിൽ.


അഭിപ്രായങ്ങളൊന്നുമില്ല: