പ്രിയസഹോദരങ്ങളേ,
ശരിയല്ലാത്ത അനുപാതങ്ങളുടെ ഒന്നാന്തരം ഒരുദാഹരണമാണ് നമുക്കു മുന്നിലുള്ളത്.
നോക്കൂ!
ഡൈനോസറിന്റെ അസ്ഥികൂടമാണ് നമുക്കു മുന്നിൽ ഉയർന്നുനില്ക്കുന്നത്-
പ്രിയസുഹൃത്തുക്കളേ,
ഇടതുഭാഗത്തായി അനന്തതയിലേക്കു നീളുന്ന വാൽ നാം കാണുന്നു,
വലതുഭാഗത്താകട്ടെ, മറ്റൊരനന്തതയിലേക്കു തള്ളിനില്ക്കുന്ന കഴുത്തും-
ബഹുമാന്യരായ സഖാക്കളേ,
രണ്ടിനുമിടയിലായി നാലു കാലുകൾ,
കുന്നുപോലത്തെ ഉടലിനടിയിലെ ചെളിയിൽ അവ പൂന്തിയിറങ്ങിയിരുന്നു-
മഹാനുഭാവരായ പൗരന്മാരേ,
പ്രകൃതിക്കൊരിക്കലും പിഴയ്ക്കാറില്ല, എന്നാൽ ഫലിതബോധത്തിനു കുറവുമില്ല:
കണ്ടാൽ ചിരി വരുന്ന ആ കുഞ്ഞൻതലയൊന്നു നോക്കൂ-
മാന്യമഹാജനങ്ങളേ,
ഈ വലിപ്പത്തിലുള്ള ഒരു തലയ്ക്കുള്ളിൽ ദൂരക്കാഴ്ചക്കുള്ള ഇടമില്ല,
അതുകൊണ്ടല്ലേ, അതിന്റെ ഉടമ അന്യം നിന്നുപോയതും-
ആദരണീയരായ മഹദ്‌വ്യക്തികളേ,
എത്രയും ചെറിയ ഒരു മനസ്സ്, അത്രയും വലിയ ഒരു വിശപ്പ്,
വിവേകപൂർണ്ണമായ ജാഗ്രതയേക്കാൾ കൂടുതൽ മൂഢമായ ഉറക്കം-
വിശിഷ്ടാതിഥികളേ,
ഇക്കാര്യത്തിൽ കുറച്ചുകൂടി ഭേദമാണ് നമ്മൾ,
ജീവിതം സുന്ദരമാണ്, ലോകം നമ്മുടേതുമാണ്-
ആരാധ്യരായ പ്രതിനിധികളേ,
ചിന്തിക്കുന്ന ഈറത്തണ്ടിനു* മേൽ നക്ഷത്രാവൃതമായ ആകാശം,
അതിനുള്ളിൽ ധാർമ്മികനിയമവും-
അത്യാദരണീയരായ സംഘാംഗങ്ങളേ,
ഇത്രയും വിജയം ഇനി രണ്ടാമതുണ്ടാവില്ല,
ഈയൊരു സൂര്യനു ചുവട്ടിലേ ഇങ്ങനെയുണ്ടാവൂ എന്നും വരാം-
ശ്രേഷ്ടരായ സാമാജികരേ,
കൈകളെത്ര നിപുണം,
ചുണ്ടുകളെത്ര വാചാലം,
ഈ ചുമലുകൾക്കു മേൽ എങ്ങനെയുള്ളൊരു ശിരസ്സ്-
കോടതികളിൽ അത്യുന്നതമേ,
ഇല്ലാതായൊരു വാലിനു പകരം എന്തുമാത്രം ഉത്തരവാദിത്വം-
-----------------------------------------------------------------------------
*മനുഷ്യന് പാസ്ക്കലിന്റെ നിർവ്വചനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ