ലാറ്റിനമേരിക്കൻ കവികളിൽ വച്ച് ഏറ്റവുമധികം രാഷ്ട്രാന്തരപ്രശസ്തി കിട്ടിയത് നെരൂദയ്ക്കാണ്; ലെനിൻ സമ്മാനത്തിനും നൊബേൽ പുരസ്കാരത്തിനും അർഹനായ നെരൂദ തന്റെ രാജ്യത്തിന്റെ രാഷ്ട്രീയഭാഗധേയത്തിലും പങ്കാളിയായിരുന്നു.വൈകാരികതയുടെ നൈസർഗ്ഗികമായ ഒരു സംഗീതത്തോടെ, ഒഴുകുന്ന ഒരു ഭാഷയിൽ കവിതയെഴുതാനുള്ള കഴിവാണ് നെരൂദയെ ശ്രദ്ധേയനാക്കിയത്; നിത്യജീവിതത്തിലെ ഏറ്റവും സാധാരണമായ ഒരു കാര്യത്തെക്കുറിച്ചുപോലും ഒരു കവിതയെഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. നെരൂദയുടെ “ഇരുപതു പ്രണയകവിതകളും ഒരു നൈരാശ്യഗീതവും” സ്പാനിഷ് അമേരിക്കയുടെ പ്രണയഭാഷ മാറ്റിയെഴുതിയ പുസ്തകമാണ്; മുൻകാലകവികൾക്കില്ലാത്ത ഒരാർജ്ജവത്തോടെ ഇന്ദ്രിയതൃഷ്ണയെ, അതിന്റെ സാഫല്യത്തെ ആവിഷ്കരിക്കുകയാണ് ആ കവിതകൾ ചെയ്തത്. പിന്നീടുവന്ന Residencia en la Tierra (ഭൂമിയിൽ വാസം) യുടെ രണ്ടു ഭാഗങ്ങൾ മനുഷ്യന്റെ വിധിയ്ക്കു മേൽ ഉദാസീനയായ പ്രകൃതിയുടെ അനിവാര്യമായ വിജയത്തെ വിഷാദത്തോടെ നോക്കിക്കാണുന്നു. എന്നാൽ പിന്നീട് സോഷ്യലിസ്റ്റായ നെരൂദ കാവ്യശൈലിയിൽ വിറ്റ്മാന്റെ അനുയായി ആയി; ഒരു രാഷ്ട്രീയദർശനം നല്കുന്ന ആത്മവിശ്വാസത്തിന്റെ ഊർജ്ജ്വസ്വലമായ സ്വരമായിരുന്നു പിന്നീടുള്ള കവിതകൾക്ക്. അവസാനകാലത്തെ കവിതകളിൽ വസ്തുക്കളുടെ നിർജ്ജീവാവസ്ഥയിലേക്കു മടങ്ങിപ്പോകുന്ന സചേതനജീവികളെ തിരയടങ്ങിയ മനസ്സോടെ കണ്ടുനില്ക്കുകയാണ് നെരൂദ. അദ്ദേഹത്തിന്റെ വിപുലമായ കാവ്യപ്രപഞ്ചം എപ്പോഴും ഭൗതികലോകത്തിൽ വേരിറക്കിയതായിരുന്നു. അമൂർത്തവല്ക്കരണങ്ങളും അതിഭൗതികചിന്തകളും ആ കവിതകളിൽ കാണില്ല; തന്റെ അഞ്ചിന്ദ്രിയങ്ങൾ കണ്ടുമുട്ടുന്ന എന്തിനെക്കുറിച്ചും ഒരു കവിതയെഴുതാൻ നെരൂദയ്ക്കു കഴിഞ്ഞിരുന്നു. യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കാൻ ഭാഷ സമർത്ഥമാണോയെന്ന സംശയങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല.
വയഹോയുടെ കാര്യം നേരേ മറിച്ചായിരുന്നു: തന്റെ വൈകാരികാനുഭൂതികളുടെ ആവിഷ്കാരം ഭാഷയുമായുള്ള മല്പിടുത്തമായിരുന്നു അദ്ദേഹത്തിന്.
സ്പാനിഷ് ആഭ്യന്തരയുദ്ധത്തെക്കുറിച്ച് ഇരുവരും എഴുതിയ കവിതകൾ വായിച്ചാൽ ഈ വ്യത്യാസം മനസ്സിലാക്കാം. തന്റെ രോഷവും വേദനയും പ്രകടിപ്പിക്കുമ്പോൾത്തന്നെ അന്തിമഫലം എന്തായിരിക്കുമെന്ന് നെരൂദയ്ക്കു സംശയമില്ല. ഫാസിസ്റ്റ് ബോംബിങ്ങിനെക്കുറിച്ചും സ്നേഹിതനായ ലോർക്കയുടെ മരണത്തെക്കുറിച്ചും മാഡ്രിഡിന്റെ തെരുവുകളിലൂടൊഴുകുന്ന സ്പെയിനിന്റെ ചോരയെക്കുറിച്ചും വിവരിച്ച ശേഷം കവിത ധിക്കാരത്തോടെ വെല്ലുവിളിയ്ക്കുന്നു:
സ്പെയിനിലെ ഓരോ കുഴിയിൽ നിന്നുംഒരു സ്പെയിൻ പുറത്തുവരുന്നു,മരിച്ച ഓരോ കുഞ്ഞിൽ നിന്നുംകണ്ണുകളുള്ളൊരു റൈഫിൾ പുറത്തുവരുന്നു,ഓരോ കൊടുംപാതകത്തിൽ നിന്നുംവെടിയുണ്ടകൾ പിറവിയെടുക്കുന്നു,ഒരുനാളവ നിങ്ങളുടെ ഹൃദയത്തിൽഉന്നം കാണും...(ഞാൻ ചില കാര്യങ്ങൾ വിശദീകരിക്കുന്നു)
സ്പാനിഷ് റിപ്പബ്ലിക്കിനു വേണ്ടി സായുധപ്രതിരോധം തീർക്കുന്നതിൽ നെരൂദയെപ്പോലെതന്നെ പ്രതിജ്ഞാബദ്ധതയുണ്ടായിരുന്നു, വയെഹോയ്ക്കെങ്കിലും കവിതയിൽ അതിന്റെ പ്രതികരണം സന്ദേഹങ്ങൾ നിറഞ്ഞതായിരുന്നു. സ്പാനിഷ് സന്നദ്ധസൈനികരെ വാഴ്ത്തുന്ന ഒരു കവിതയിൽ വയഹോ എഴുതുന്നു:
മരിക്കാനായി നിന്റെ ഹൃദയം മാർച്ചുചെയ്തു പോകുമ്പോൾ,
ലോകവിപുലമായ വേദനയോടെ
നിന്റെ ഹൃദയം കൊല്ലാനായി മാർച്ചുചെയ്തു പോകുമ്പോൾ,
സത്യമായുമെനിക്കറിയില്ല,
എന്തു ചെയ്യണമെന്ന്,
എവിടെയാണു ഞാൻ നില്ക്കേണ്ടതെന്ന്;
ഞാൻ ഓടുന്നു, എഴുതുന്നു, കൈയ്യടിക്കുന്നു,
കരയുന്നു, നോക്കുന്നു, നശിപ്പിക്കുന്നു...
പല അടരുകളുള്ള വയഹോയുടെ ബിംബലോകം നെരൂദയുടത്ര വിശാലമല്ല; എന്നാൽ അതിനെക്കാൾ നൂതനവും അപ്രവചനീയവും സാന്ദ്രവും വികാരതീക്ഷ്ണവുമാണത്. രാഷ്ട്രീയപ്രതികരണങ്ങൾക്കു മനുഷ്യരെ സജ്ജരാക്കുന്ന രൂപകങ്ങൾ നെരൂദ ഭൗതികലോകത്തു നിന്നു കണ്ടെടുക്കുമ്പോൾ വയഹോയുടെ രൂപകങ്ങൾ ഭൗതികവും രാഷ്ട്രീയവും ഭാഷാപരവും ആത്മീയവുമായ മണ്ഡലങ്ങളുടെ സംഘർഷത്തിൽ നിന്നാണ് ജന്മമെടുക്കുന്നത്. തന്നെയുമല്ല, മനുഷ്യശോകത്തിന്റെ ആവിഷ്കാരത്തിന് ഭാഷ സമർത്ഥമാണോയെന്ന സംശയവും അദ്ദേഹത്തെ അലട്ടുന്നുണ്ട്:
ഇത്രയധികം വാക്കുകൾക്കു ശേഷവും
വാക്കു തന്നെയും ശേഷിക്കുന്നില്ലെങ്കിൽ!
(By Efrain Kristal; from the introduction to The Complete Poetry of Cesar Vallejo)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ