2020, ജൂലൈ 31, വെള്ളിയാഴ്‌ച

ലോർക്ക - കസീഡ: ജലം മുറിവേല്പിച്ചവൻ



കിണറ്റിനുള്ളിലേക്കെനിക്കിറങ്ങണം,
ഗ്രനാഡയുടെ ചുമരുകളെനിക്കു കയറണം,
ജലത്തിന്റെ കറുത്ത കൂരാണി തുളച്ചുകയറിയ
ഹൃദയമെനിക്കു കണ്ടുനില്ക്കണം.

ഉറമഞ്ഞിന്റെ കിരീടത്തിനടിയിൽ
മുറിപ്പെട്ട കുട്ടി ഞരങ്ങുകയായിരുന്നു.
കുളങ്ങൾ, നീർത്തൊട്ടികൾ, ജലധാരകൾ
അവയുടെ വാളുകൾ വായുവിലുയർത്തി.
ഹാ, എത്രയുന്മത്തമായ പ്രണയം, 
എത്ര മൂർച്ചയേറിയ വായ്ത്തല,
എത്രയിരുണ്ട മന്ത്രണങ്ങൾ, 
എത്ര വെണ്മയായ മരണം!
വെളിച്ചത്തിന്റെ മരുപ്പറമ്പുകൾ,
പുലരിയുടെ മണല്ക്കൂനകളെ
എങ്ങനെയവ തട്ടിത്തകർത്തു!
കുട്ടി ഒറ്റയ്ക്കായിരുന്നു,
നഗരം അവന്റെ തൊണ്ടയിലുറങ്ങുകയായിരുന്നു.
അവന്റെ സ്വപ്നങ്ങളിൽ നിന്നൊരു നീർക്കുത്ത്
ആർത്തിപെറ്റ പായലിനെ തടുത്തുനിർത്തുന്നു.
കുട്ടിയും അവന്റെ നോവും, നേർക്കുനേർ,
മെടഞ്ഞുകൂടിയ രണ്ട് പച്ചമഴകളായിരുന്നു.
കുട്ടി നിലത്തു നിവർന്നുകിടന്നു,
വേദന അവനു മേൽ കുനിഞ്ഞുനിന്നു.

കിണറ്റിനുള്ളിലേക്കെനിക്കിറങ്ങണം,
കവിളുകവിളായിട്ടെന്റെ മരണമെനിക്കു കുടിച്ചിറക്കണം,
കരിമ്പായലു കൊണ്ടെന്റെ ഹൃദയമെനിക്കു നിറയ്ക്കണം,
ജലം മുറിപ്പെടുത്തിയ കുട്ടിയെ എനിക്കു കണ്ടുനില്ക്കണം.


(കസീഡ (casida)- അറബിയിലെ ഒരു ദീർഘകവിതാരൂപം


അഭിപ്രായങ്ങളൊന്നുമില്ല: