2020, ജൂലൈ 3, വെള്ളിയാഴ്‌ച

വീസ്വാവ ഷിംബോർസ്ക- ഇവിടെ


മറ്റിടങ്ങൾ എങ്ങനെയാണെന്നെനിക്കറിയില്ല,
എന്നാൽ ഇവിടെ ഭൂമിയിൽ വേണ്ടതൊക്കെ വേണ്ടത്ര നമുക്കുണ്ട്.
ഇവിടെ നാം പണിതെടുക്കുന്നുണ്ട്, കസേരകൾ, സങ്കടങ്ങൾ,
കത്രിക, മനസ്സലിവ്, ട്രാൻസിസ്റ്ററുകൾ, വയലിനുകൾ,
അണക്കെട്ടുകൾ, ചായക്കപ്പുകൾ, തമാശകൾ.

മറ്റെവിടെങ്കിലും സകലതും വേണ്ടതിലധികമുണ്ടെന്നു വരാം.
എന്നാൽ, എന്തെന്നറിയാത്ത കാരണങ്ങളാൽ
അവിടെ പെയിന്റിങ്ങുകളില്ല, പിക്ചർ ട്യൂബുകളില്ല,
അടകളില്ല, കണ്ണീരു തുടയ്ക്കാൻ കൈലേസുകളില്ല.

ഇവിടെ നമുക്കു ചുറ്റുവട്ടങ്ങൾ എത്രയെങ്കിലുമാണ്‌.
അവയിൽ ചിലതിനോടു നിങ്ങൾക്കൊരിഷ്ടം തോന്നിയെന്നുവരാം,
നിങ്ങളതിനെ ഒരോമനപ്പേരിട്ടു വിളിച്ചുവെന്നുവരാം,
ആപത്തുകളിൽ നിന്നതിനെ കാത്തുവെന്നുവരാം.

ഇതുപോലുള്ളിടങ്ങൾ മറ്റെവിടെയെങ്കിലും കണ്ടേക്കാം,
എന്നാൽ നിങ്ങൾക്കതു സുന്ദരമായി തോന്നാറില്ല.

മറ്റെങ്ങുമില്ലാത്ത മാതിരി, അഥവാ, മിക്കവാറുമെങ്ങുമില്ലാത്ത മാതിരി
നിങ്ങൾക്കിവിടെ സ്വന്തമായ ഒരുടൽ തന്നിരിക്കുന്നു,
സ്വന്തം സന്താനങ്ങളെ കൂട്ടിച്ചേർക്കാനായി
അനുബന്ധോപകരണങ്ങൾ കൊണ്ടു സജ്ജവുമാണത്.
കൈകാലുകളും അന്തം വിട്ട തലയും- അതു പറയേണ്ടല്ലോ.

അജ്ഞത ഇവിടെ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്,
കണക്കെടുക്കലും തട്ടിച്ചുനോക്കലും അളവെടുക്കലുമാണെപ്പോഴും,
അതിനൊടുവിൽ കാരണങ്ങളും നിഗമനങ്ങളും കണ്ടെടുക്കുകയും.

എനിക്കറിയാം, നിങ്ങൾ പറയാൻ പോകുന്നതെനിക്കറിയാം:
യാതൊന്നും ഇവിടെ വാഴില്ലെന്ന്,
കാലമുള്ള കാലം മുതല്ക്കേ, കാലമൊടുങ്ങുന്ന കാലം വരേക്കും
പ്രകൃതിശക്തികൾക്കാണിവിടെ മേല്ക്കൈയെന്ന്.
എന്നാലറിയാമോ, പ്രകൃതിശക്തികളും ചിലപ്പോൾ ക്ഷീണിക്കാറുണ്ട്,
അപ്പോഴവ നീണ്ടകാലത്തേക്കവധിയെടുക്കാറുണ്ട്.

ഇനി നിങ്ങൾ പറയാൻ പോകുന്നതും എനിക്കറിയാം:
യുദ്ധം, യുദ്ധം, യുദ്ധം.
അതിനിടയിലും വിരാമങ്ങളുണ്ടാവാറുണ്ടല്ലോ.
അറ്റൻഷൻ! ആളുകൾ ചീത്തകളാവുന്നു.
സ്റ്റാന്ററ്റീസ്! ആളുകൾ നല്ലവരാകുന്നു.
അറ്റൻഷന്റെ കാലത്ത് പാഴിടങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
സ്റ്റാന്ററ്റീസിൽ നെറ്റിവിയർപ്പിൽ നിന്നു വീടുകളുണ്ടാവുകയും
ആളുകളതിൽ താമസം തുടങ്ങുകയും ചെയ്യുന്നു.

ഭൂമിയിലെ ജീവിതം ഒരു ലാഭക്കച്ചവടമെന്നേ പറയേണ്ടു.
ഉദാഹരണത്തിന്‌, സ്വപ്നങ്ങൾക്കു പ്രവേശനം സൗജന്യമാണ്‌.
നഷ്ടപ്പെടുമ്പോഴേ വ്യാമോഹങ്ങൾക്കു വില കൂടുന്നുള്ളു.
ഉടലാവട്ടെ, തവണവ്യവസ്ഥയിലും കിട്ടും.

ഇതൊന്നും പോരാഞ്ഞിട്ടല്ലേ,
ഗ്രഹങ്ങളുടെ ആകാശത്തൊട്ടിലിൽ ടിക്കറ്റെടുക്കാതൊരു കറക്കവും,
ഒപ്പം, താരാപഥങ്ങളുടെ പ്രചണ്ഡവാതത്തിനിടയിലൂടെ
സൗജന്യമായി തരപ്പെട്ടൊരു സവാരിയും,
അതും കാതുകൾ കൊട്ടിയടയ്ക്കുന്ന വേഗത്തിൽ,
ഇവിടെ ഭൂമിയിലുള്ളതൊന്നിനും ഒന്നു വിറയ്ക്കാൻ കൂടി ഇടകൊടുക്കാതെ.
ഒന്നു സൂക്ഷിച്ചുനോക്കൂ,
മേശ അതിട്ടിടത്തുതന്നെ കിടപ്പുണ്ട്,
അതിന്മേൽ പത്രം നിവർത്തിയ പടി തന്നെ,
തുറന്നുവച്ച വാതിലിലൂടെ ഒരു തെന്നൽ പതിയേ വീശിവരുന്നു,
ചുമരുകളിൽ വിള്ളലുകളും കാണാനില്ല,
അതിനാൽ, അതിലൂടെ നിങ്ങൾ
പുറത്തെ ശൂന്യതയിൽ ചെന്നുവീഴുമെന്നു പേടിക്കുകയും വേണ്ട.
***

അഭിപ്രായങ്ങളൊന്നുമില്ല: