2020, ജൂലൈ 29, ബുധനാഴ്‌ച

ലോർക്ക - ഇരുണ്ട മരണത്തിന്റെ ഗസൽ




ആപ്പിൾക്കനികളുടെ ഉറക്കമെനിക്കുറങ്ങണം,
സിമിത്തേരികളുടെ കോലാഹലത്തിൽ നിന്നെനിക്കകലെപ്പോകണം;
പുറംകടലിൽ വച്ചു ഹൃദയമറുത്തെറിയാൻ മോഹിച്ച
ആ കുട്ടിയുടെ ഉറക്കമെനിക്കുറങ്ങണം.
ഇനിയുമെനിക്കു കേൾക്കേണ്ടാ, മരിച്ചവർ ചോര ചൊരിയില്ലെന്ന്,
അഴുകിയ വായ വെള്ളത്തിനു കേഴുകയാണെന്ന്.
പുല്ക്കൊടികളുടെ യാതനകളെക്കുറിച്ചെനിക്കു കേൾക്കേണ്ട,
സർപ്പമുഖമുള്ള ചന്ദ്രൻ പുലരിക്കു മുമ്പെത്തൊക്കെച്ചെയ്തുവെന്നും.
എനിക്കൊരുനിമിഷമൊന്നുറങ്ങിയാൽ മതി,
ഒരു നിമിഷം, ഒരു മിനുട്ട്, ഒരു നൂറ്റാണ്ട്;
എന്നാൽ നിങ്ങളേവരുമറിയണം, മരിച്ചിട്ടില്ല ഞാനെന്ന്,
പൊന്നു കൊണ്ടൊരു പുൽത്തൊട്ടിയുണ്ടെന്റെ ചുണ്ടുകളിലെന്ന്,
പടിഞ്ഞാറൻ കാറ്റിന്റെ കുഞ്ഞുചങ്ങാതിയാണു ഞാനെന്ന്,
എന്റെ കണ്ണീരിന്റെ കൂറ്റൻ നിഴലാണു ഞാനെന്ന്.
പുലരുമ്പോഴൊരു മൂടുപടത്തിലെന്നെ പൊതിഞ്ഞെടുക്കൂ,
പുലരിയെറിയുന്ന ഉറുമ്പുകളെനിക്കുമേൽ വീഴാതിരിക്കട്ടെ,
എന്റെ പാദുകങ്ങളിൽ ഘനജലം തളിയ്ക്കൂ,
അവളുടെ കരിന്തേൾക്കാലുകൾ പിടുത്തം വിടട്ടെ.
ആപ്പിൾക്കനികളുടെ ഉറക്കമെനിക്കുറങ്ങണമെന്നതിനാൽ,
എന്നിൽ നിന്നു മണ്ണു കഴുകിക്കളയുന്നൊരു വിലാപമെനിക്കു പഠിക്കണമെന്നതിനാൽ;
പുറംകടലിൽ വച്ചു ഹൃദയമറുത്തെറിയാൻ മോഹിച്ച
ആ ഇരുണ്ട കുട്ടിയോടൊപ്പമെനിക്കു ജീവിക്കണമെന്നതിനാൽ.

അഭിപ്രായങ്ങളൊന്നുമില്ല: