2020, ജൂലൈ 30, വ്യാഴാഴ്‌ച

ലോർക്ക -ഗസൽ: അങ്ങാടിയിലെ പ്രഭാതം



എൽവിരാകമാനത്തിനടിയിലൂടെ
നീ പോകുന്നതെനിക്കു കാണണം,
നിന്റെ പേരെനിക്കറിയണം,
പിന്നെയെനിക്കു തേങ്ങിക്കരയണം.

നിന്റെ കവിളത്തെ ചോര വാറ്റിയ-
തേതൊമ്പതുമണിനേരത്തെ ധൂസരചന്ദ്രൻ?
വെടിച്ചുപൊള്ളുന്ന നിന്റെ വിത്തുകൾ
മഞ്ഞിൽ നിന്നു വാരിയെടുക്കുന്നതാര്‌?
നിന്റെ പളുങ്കിനെ കൊല ചെയ്യുന്ന-
തേതു കള്ളിമുള്ളിന്റെ കുറിയ മുന?

എൽവിരാകമാനത്തിനടിയിലൂടെ
നീ പോകുന്നതു കാണാൻ ഞാൻ പോകുന്നു,
നിന്റെ കണ്ണുകളെനിക്കു മൊത്തിക്കുടിക്കണം,
പിന്നെയെനിക്കു തേങ്ങിക്കരയണം.

അങ്ങാടിയിൽ നീ എന്തുമാത്രം ഒച്ചയിട്ടു,
എനിക്കുള്ള ശിക്ഷയായി!
ചോളമണിക്കൂനകൾക്കിടയിൽ
കൂട്ടം തെറ്റി വീണ കാർണേഷൻ പുഷ്പമേ!
നിനക്കരികിൽ ഞാനെത്രയകലെ,
നീയില്ലെങ്കിൽ ഞാനെത്രയരികെ!

എൽവിരാകമാനത്തിനടിയിലൂടെ
നീ പോകുന്നതു കാണാൻ ഞാൻ പോകുന്നു,
നിന്റെ തുടകളിലെനിക്കു തൊടണം,
പിന്നെയെനിക്കു തേങ്ങിക്കരയണം.

എൽവിരാകമാനം (Arch of Elvira)- ഗ്രനാഡയുടെ ജിപ്സിഭാഗത്തേക്കുള്ള കവാടം. മൂറിഷ് ശൈലിയിൽ പണിത ഈ കമാനത്തിനടിയിലൂടെയാണ്‌ മുമ്പ് അധിനിവേശസൈന്യങ്ങൾ നഗരത്തിലേക്കു കടന്നുവന്നിരുന്നത്.

പ്രകടമായ സ്വവർഗ്ഗാനുരാഗസൂചനകൾ നിറഞ്ഞ ഈ കവിത പുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിൽ ലോർക്ക വിമുഖനായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. 1931-34ൽ എഴുതിയതാണെങ്കിലും ലോർക്കയുടെ മരണശേഷം1940ലാണ് ആദ്യമായി  പ്രസിദ്ധീകരിക്കപ്പെടുന്നത്.



അഭിപ്രായങ്ങളൊന്നുമില്ല: