2020, ജൂലൈ 3, വെള്ളിയാഴ്‌ച

വീസ്വാവ ഷിംബോർസ്ക - ഒരാശയം

ഒരാശയം എന്റെ മനസ്സിൽ വന്നു.
ഒരു പാട്ടിനോ? കവിതയ്ക്കോ?
ആകട്ടെ- ഞാൻ പറയുകയാണ്‌- ഇരിക്കൂ, നമുക്കു സംസാരിക്കം.
അതിനു മുമ്പ് എനിക്കു നിങ്ങളെക്കുറിച്ചൊന്നറിയണമല്ലോ.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
ഓ, അങ്ങനെയാണല്ലേ, കഥ- ഞാൻ പറയുകയാണ്‌- സംഗതി കൊള്ളാമല്ലോ!
ഇതു ഞാൻ കുറേക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്നതാണ്‌.
പക്ഷേ അതിനെക്കുറിച്ചൊരു കവിതയെഴുതാൻ? അതു വേണ്ട.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
അതങ്ങനെയാണെന്നു തോന്നാം- ഞാൻ പറയുകയാണ്‌,
നിങ്ങളെന്റെ കഴിവുകളെ പർവ്വതീകരിച്ചുകാണുകയാണ്‌.
എങ്ങനെ തുടങ്ങണമെന്നുപോലും എനിക്കറിയണമെന്നില്ല.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
നിങ്ങൾക്കു തെറ്റി - ഞാൻ പറയുകയാണ്‌,
ഹ്രസ്വവും സംക്ഷിപ്തവുമായ കവിതയാണ്‌ ദീർഘകവിതയേക്കാൾ ദുഷ്കരം.
എന്നെ ഇങ്ങനെ ശല്യപ്പെടുത്തരുത്, സംഗതി നടക്കില്ല.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
എന്നാൽ ശരി, ഞാനൊന്നു നോക്കാം, നിങ്ങൾ വല്ലാത്ത വാശിക്കാരൻ തന്നെ.
ഞാൻ മുമ്പേ പറഞ്ഞില്ലെന്നു പറഞ്ഞേക്കരുത്.
ഞാൻ എഴുതുന്നു, നുള്ളിക്കീറുന്നു, പറത്തിവിടുന്നു.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
നിങ്ങൾ പറഞ്ഞതു ശരിതന്നെ- ഞാൻ പറയുകയാണ്‌- കവികൾ വേറെയുമുണ്ട്,
അവരിൽ ചിലർ എന്നെക്കാൾ നന്നായി ഇതെഴുതിയെന്നും വരാം.
പേരും മേൽവിലാസവും വേണമെങ്കിൽ ഞാൻ തരാം.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
എന്താ സംശയം, എനിക്കവരോടസൂയ തോന്നും,
അല്ലെങ്കിൽത്തന്നെ ഞങ്ങൾക്കന്യോന്യം അസൂയയാണ്‌, മോശം കവിതയുടെ പേരിൽ പോലും.
എന്നാൽ ഇതെന്തായാലും...ഇതെന്തുകൊണ്ടും...

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
അതേയതെ, നിങ്ങൾ പറഞ്ഞ ഗുണങ്ങൾ ഈ കവിതയ്ക്കു വേണ്ടതുതന്നെയാണ്‌.
നമുക്കിനി മറ്റെന്തെങ്കിലും സംസാരിച്ചാലോ?
നമുക്കൊരു കാപ്പി കുടിക്കാം?

അതൊന്നു നെടുവീർപ്പിടുകമാത്രം ചെയ്തു.

പിന്നെയതു മറഞ്ഞുപോകാൻ തുടങ്ങി.

പിന്നെയതു മറഞ്ഞുപോയി.

അഭിപ്രായങ്ങളൊന്നുമില്ല: