2020, ജൂലൈ 23, വ്യാഴാഴ്‌ച

ലോർക്ക - ഗാനങ്ങൾ



1. ഇതു സത്യം!


ഹാ, ഞാൻ സ്നേഹിക്കുമ്പോലെ
നിന്നെ സ്നേഹിക്കാൻ
ഞാൻ സഹിക്കുന്ന വേദന!

നിന്നോടുള്ള പ്രണയത്താൽ
എനിക്കുണ്ടായി,
ഒരു ശ്വാസവേദന,
ഒരു ഹൃദയവേദന,
ഒരു തലവേദന.

ആരെന്നിൽ നിന്നിതു വാങ്ങും,
ഞാൻ തലയിൽ കെട്ടിയ ഈ നാട,
വെളുത്ത ശോകത്തിന്റെ പട്ടുശീല?
പിന്നെയാരതു തുന്നി തൂവാലകളാക്കും?

ഹാ, ഞാൻ സ്നേഹിക്കുമ്പോലെ
നിന്നെ സ്നേഹിക്കാൻ
ഞാൻ സഹിക്കുന്ന വേദന!
*

2. മൂകനായ കുട്ടി


കുട്ടി തന്റെ ശബ്ദം തേടുകയായിരുന്നു.
(ചീവീടുകളുടെ രാജാവതു കൈക്കലാക്കിയിരുന്നു.)
ഒരു നീർത്തുള്ളിയിൽ
കുട്ടി തന്റെ ശബ്ദം തേടുകയായിരുന്നു.

സാംസാരിക്കാനെനിക്കതു വേണ്ട;
ഞാനതുകൊണ്ടൊരു മോതിരമുണ്ടാക്കും,
എന്റെ മൗനത്തിന്റെ കുഞ്ഞുവിരലിൽ
ഞാനതണിയിക്കും.

ഒരു നീർത്തുള്ളിയിൽ
കുട്ടി തന്റെ ശബ്ദം തേടുകയായിരുന്നു.

(തടവിലായ ശബ്ദം, അങ്ങകലെ,
ഒരു ചീവീടിന്റെ വേഷമിടുകയായിരുന്നു.)
*

3. വിട പറയൽ


ഞാൻ മരിച്ചാൽ
ബാൽക്കണി തുറന്നുകിടക്കട്ടെ.

ഒരു കുട്ടി ഓറഞ്ചു തിന്നു.
(എന്റെ ബാൽക്കണിയിൽ നിന്ന് ഞാനതു കാണുന്നു.)

കൊയ്ത്തുകാരൻ ഗോതമ്പു കൊയ്യുന്നു.
(എന്റെ ബാൽക്കണിയിൽ നിന്ന് എനിക്കതു കേൾക്കാം.)

ഞാൻ മരിച്ചാൽ
ബാൽക്കണി തുറന്നുകിടക്കട്ടെ.
*


4. കായ്ക്കാത്ത ഓറഞ്ചുമരത്തിന്റെ പാട്ട്


മരംവെട്ടുകാരാ,
എന്റെ നിഴൽ മുറിച്ചുകളയൂ.
വൈഫല്യത്തിന്റെ യാതനയിൽ നി-
ന്നെന്നെ മോചിപ്പിക്കൂ.

കണ്ണാടികൾക്കിടയിൽ ഞാനെന്തിനു വന്നുപിറന്നു?
പകലെന്നെ വട്ടം ചുറ്റുന്നു
രാത്രിയതിന്റെ നക്ഷത്രങ്ങളിലേക്കെന്നെ
പകർത്തുകയും ചെയ്യുന്നു.

എനിക്കെന്നെക്കാണാതെ ജീവിക്കണം.
ഉറുമ്പുകളും അപ്പൂപ്പൻതാടികളുമാണ്‌
എന്റെയിലകളും എന്റെ കിളികളുമെന്ന്
ഞാൻ സ്വപ്നം കാണട്ടെ.

മരംവെട്ടുകാരാ,
എന്റെ നിഴൽ മുറിച്ചുകളയൂ.
വൈഫല്യത്തിന്റെ യാതനയിൽ നി-
ന്നെന്നെ മോചിപ്പിക്കൂ.
*

5. സെവിയേച്ചിന്ത്


നാരകത്തോപ്പിൽ
സൂര്യോദയം.
പൊൻനിറമായ കുഞ്ഞുതേനീച്ചകൾ
തേൻ തേടിപ്പോകുന്നു.

എവിടെ,
തേനിരിക്കുമിടം?

അതൊരു നീലമാറിടത്തിൽ,
ഇസബെൽ.
ആ റോസ്മേരിച്ചെടിയുടെ
വിടർന്ന പൂവിൽ.

(മൂറിനൊരു*
പൊൻപീഠം,
ഭാര്യയ്ക്കു
തിളങ്ങുന്നതും.)

നാരകത്തോപ്പിൽ
സൂര്യോദയം.

* ഒരു നാടോടിക്കവിതയുടെ വരികൾ 

6. അഡെലീന, നടക്കാനിറങ്ങിയവൾ


കടലിൽ ഓറഞ്ചില്ല,
സെവിയേയിൽ പ്രണയവും.
കറുത്ത പെണ്ണേ, എന്തുമാതിരി വെയിൽ!
നിന്റെ കുടയൊന്നു കടം തരൂ.

ചെറുനാരങ്ങാനീരിൽ
എന്റെ മുഖം പച്ചയാകും.
നിന്റെ വാക്കുകൾ - പരൽമീനുകൾ-
ചുറ്റും നീന്തിനടക്കും.

കടലിൽ ഓറഞ്ചില്ല.
കഷ്ടമേ, പ്രിയേ,
സെവിയേയിൽ പ്രണയവുമില്ല.

*സെവിയേ Seville - ഒരു ആൻഡലൂഷ്യൻ നഗരം

7. ലൂസിയ മർത്തീനെസ്


ലൂസിയ മർത്തീനെസ്,
ചെമ്പട്ടിലിരുണ്ടവളേ.

വെളിച്ചത്തു നിന്നു നിഴലിലേക്കു മാറുന്നു,
സന്ധ്യ പോലെ നിന്റെ തുടകൾ.
നിന്റെ മഗ്നോളിയാപ്പൂക്കളെ ഇരുളടയ്ക്കുന്നു,
കരി പോൽ കറുത്ത നിഗൂഢസിരകൾ.

ഞാൻ വന്നു, ലൂസിയ മർത്തീനെസ്.
ഞാൻ വന്നു, നിന്റെ വായ വിഴുങ്ങാൻ,
പുലരിയുടെ കടല്ചിപ്പികളിലേക്ക്
മുടിയ്ക്കു പിടിച്ചു നിന്നെ വലിച്ചിഴച്ചുകൊണ്ടുപോകാൻ.

എനിക്കു വേണം, എനിക്കു കഴിയും.
ലൂസിയ മർത്തീനെസ്.
*

അഭിപ്രായങ്ങളൊന്നുമില്ല: