2020, ജൂലൈ 27, തിങ്കളാഴ്‌ച

ലോർക്ക - കവി സഹായത്തിനായി കന്യാമറിയത്തോടു പ്രാർത്ഥിക്കുന്നു



ദിവ്യയായ ദേവമാതാവിനോടു  ഞാൻ പ്രാർത്ഥിക്കുന്നു,
ജീവികൾക്കെല്ലാം സ്വർഗ്ഗീയറാണി,
അവളെനിക്കു തരുമാറാകട്ടെ,
തങ്ങളുടെ ശബ്ദാവലിയിൽ ഒരേയൊരക്ഷരം മാത്രമുള്ള
കുഞ്ഞുജീവികളുടെ പരിശുദ്ധവെളിച്ചം.
ആത്മാവില്ലാത്ത ജന്തുക്കൾ. സരളരൂപങ്ങൾ.
പൂച്ചയുടെ നികൃഷ്ടബുദ്ധിയിൽ നിന്നകന്നവ,
കൂമന്റെ കല്പിതഗഹനതയിൽ നിന്നകന്നവ,
കുതിരയുടെ ശില്പഭദ്രമായ ജ്ഞാനത്തിൽ നിന്നകന്നവ.
കണ്ണുകളില്ലാതെ സ്നേഹിക്കുന്ന,
അനന്തതയുടെ വീചികളറിയാൻ
ഒരേയൊരിന്ദ്രിയം മാത്രമുള്ള,
കിളികൾക്കു തിന്നൊടുക്കാനായി
കൂമ്പാരം കൂടുന്ന ജീവികൾ.
ആ പരന്ന കുഞ്ഞുജന്തുക്കൾക്കുള്ള
ഏകമാനമെനിക്കു നല്കുക.
എങ്കിലെനിക്കു പറയാമല്ലോ,
ചെരുപ്പിന്റെ കനത്ത നിഷ്കളങ്കതയ്ക്കടിയിൽ
മണ്ണിനടിയിൽ ഞെരിയുന്ന കുഞ്ഞുകാര്യങ്ങളെപ്പറ്റി.
അങ്ങാടിയിൽ നടക്കുന്ന കോടിക്കോടി കുഞ്ഞുമരണങ്ങൾ,
തലയറ്റ ഉള്ളികളുടെ ചൈനീസ് പുരുഷാരം,
ചതഞ്ഞ മീനിന്റെ കൂറ്റൻ മഞ്ഞസൂര്യൻ-
ഇവയെച്ചൊല്ലി വിലപിക്കാനാരുമില്ല.

അമ്മേ, എന്നുമെന്നും ഭയക്കേണ്ടവളേ,
മാനമാകെ നീന്തുന്ന തിമിംഗലമേ;
അമ്മേ, എന്നുമെന്നും ചിരിപ്പിക്കുന്നവളേ,
അയമോദകം കടം വാങ്ങാൻ വന്ന അയല്ക്കാരീ,
നിനക്കറിയാമല്ലോ,
ലോകത്തെക്കുറിച്ചു സംസാരിക്കണമെങ്കിൽ
അതിന്റെ അണുമാത്രമായ ഉടലുകളും
എനിക്കറിവുണ്ടായിരിക്കണമെന്ന്.

(അജ്ഞാതമരണം വിധിക്കപ്പെട്ട ഹീനജന്മങ്ങളാണെങ്കിലും സൂക്ഷ്മജീവികളുടെ അദ്വയബോധം തനിയ്ക്കും നല്കണേയെന്നു പ്രാർത്ഥിക്കുകയാണു ലോർക്ക. തുടക്കത്തിൽ ദിവ്യവും വിശുദ്ധവുമായ സാമ്പ്രദായികഭാവമാണു കന്യാമറിയത്തിനെങ്കിൽ, അവസാനമെത്തുമ്പോൾ ഒരു പാഗൻമാതൃദേവതയുടെ ഭീഷണഭാവം പകരുകയാണവൾ.)

From Earth and Moon

അഭിപ്രായങ്ങളൊന്നുമില്ല: