ബറാബാസ്സിന്റെ കാര്യം പിന്നെയെന്തായി?
ഞാൻ ചോദിച്ചിട്ടും ആർക്കും ഒന്നുമറിയില്ല
തുടലൂരി വിട്ടയുടനേ പ്രകാശമാനമായ തെരുവിലേക്കയാൾ പോയി
അയാൾക്കു വലത്തേക്കു തിരിയാമായിരുന്നു
നേരേ പോകാമായിരുന്നു
ഇടത്തേക്കു തിരിയാമായിരുന്നു
നിന്ന നില്പിൽ പെരുവിരലൂന്നി ഒന്നു തിരിയാമായിരുന്നു
ഒരു പൂവൻകോഴിയെപ്പോലെ തൊണ്ട തെളിഞ്ഞൊന്നു കൂവാമായിരുന്നു
സ്വന്തം തലയ്ക്കും കൈകൾക്കും ചക്രവർത്തിയാണയാൾ
സ്വന്തം ശ്വാസത്തിനധികാരിയാണയാൾ
ഞാനിതു ചോദിക്കുന്നത് അന്നു നടന്നതിലൊക്കെ ഒരർത്ഥത്തിൽ ഞാൻ പങ്കാളിയായിരുന്നു എന്നതുകൊണ്ടാണ്
പീലാത്തോസ്സിന്റെ കൊട്ടാരത്തിനു മുന്നിൽ ആൾക്കൂട്ടത്തിന്റെ ആവേശം ബാധിച്ച് മറ്റുള്ളവരോടൊപ്പം ഞാനും ആർത്തുവിളിച്ചു
ബറാബാസ്സിനെ മോചിപ്പിക്കുക ബറാബാസ്സിനെ മോചിപ്പിക്കുക
എല്ലാവരും ഒച്ചയെടുക്കുകയായിരുന്നു
ഞാനൊരാൾ മാത്രം നിശ്ശബ്ദനായി നിന്നാലും നടക്കേണ്ടതൊക്കെ നടക്കുമായിരുന്നു
അങ്ങനെ ബറാബാസ് ഒരുവേള മലകളിലെ തന്റെ തസ്കരസംഘത്തിലേക്കു മടങ്ങിയിട്ടുണ്ടാവാം
അറപ്പില്ലാതെ കൊല്ലുകയും വിദഗ്ധമായി കൊള്ളയടിക്കുകയും ചെയ്യുന്നുണ്ടാവാം
ഇനിയല്ലെങ്കിൽ അയാളൊരു കുംഭാരനായിട്ടുണ്ടാവാം
അയാളിപ്പോൾ പാപക്കറ പറ്റിയ തന്റെ കൈകൾ സൃഷ്ടിയുടെ കളിമണ്ണിൽ കഴുകിയെടുക്കുകയുമാവാം
അയാളൊരു വെള്ളക്കച്ചവടക്കാരനാണ് കാലിതെളിപ്പുകാരനാണ് കൊള്ളപ്പലിശക്കാരനാണ്
കപ്പലുടമയാണ്- അയാളുടെ ഒരു കപ്പലിലാണ് പൗലോസ് കോരിന്തിലേക്കു പോയത്-
അല്ലെങ്കിൽ- എന്തിനാ സാദ്ധ്യത തള്ളിക്കളയണം-
റോമാക്കാരുടെ ശമ്പളപ്പട്ടികയിലുള്ള വിലപിടിച്ച ചാരനുമാവാം
സാദ്ധ്യതകളും അധികാരവും ഭാഗ്യദേവതയുടെ കടാക്ഷങ്ങളും വച്ച് വിധി കളിക്കുന്ന കളികൾ കണ്ടതിശയിക്കൂ
എന്നാൽ നസ്രായേനു മാത്രം
മറ്റൊരു വഴിയില്ലായിരുന്നു
ചോരയുടെ
ചെങ്കുത്തായ
ഊടുവഴിയല്ലാതെ
(1990)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ