അതു നിവർത്തിയിട്ട മേശപ്പുറം പോലെ പരന്നതാണത്-
അതിനടിയിൽ ഒന്നും ഇളകുന്നില്ല, ഒന്നും സ്ഥാനം മാറുന്നില്ല.
മുകളിൽ- എന്റെ മനുഷ്യനിശ്വാസം ഒരു ചുഴലിയുമുയർത്തുന്നില്ല,
അതിന്റെ പ്രതലത്തെ കലുഷമാക്കുന്നുമില്ല.
അതിന്റെ സമതലങ്ങളും താഴ്വരകളും എന്നും പച്ചയാണ്
അതിന്റെ പീഠഭൂമികളും പർവ്വതങ്ങളും മഞ്ഞയും തവിട്ടുനിറവുമാണ്,
അതിന്റെ കടലുകളും മഹാസമുദ്രങ്ങളുമാവട്ടെ,
കീറിപ്പറിഞ്ഞ തീരങ്ങൾക്കരികിൽ കരുണ നിറഞ്ഞ ഒരു നീലയും.
ഇതിലുള്ളതെല്ലാം ചെറുതാണ്, സമീപസ്ഥവും സുപ്രാപ്യവുമാണ്,
അഗ്നിപർവ്വതങ്ങളെ വിരൽത്തുമ്പുകൊണ്ടെനിക്കു ഞെക്കാം,
കട്ടിക്കൈയ്യുറകളില്ലാതെ ഇരുധ്രുവങ്ങളിൽ തലോടാം,
ഏതു മരുഭൂമിയേയും, അതിനരികിൽ കിടക്കുന്ന നദിയുൾപ്പെടെ,
ഒറ്റനോട്ടത്തിലൊതുക്കുകയും ചെയ്യാം.
പ്രാചീനവനങ്ങളുടെ സ്ഥാനത്ത് ചുരുക്കം ചില മരങ്ങൾ,
അതിൽ നിങ്ങൾക്കു വഴി തുലയാനും പോകുന്നില്ല.
കിഴക്കും പടിഞ്ഞാറും ഭൂമദ്ധ്യരേഖയുടെ മേലും കീഴെയും-
സൂചി വീണാൽ കേൾക്കുന്നത്ര നിശ്ശബ്ദതയോടെ,
ഓരോ കറുത്ത സൂചിക്കുത്തിലും മനുഷ്യർ ജീവിച്ചുപോരുന്നു.
ജഡങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ട ശവപ്പറമ്പുകളും
പൊടുന്നനേ തകർന്നടിഞ്ഞ കെട്ടിടങ്ങളും ചിത്രത്തിലേയില്ല.
രാഷ്ട്രങ്ങളുടെ അതിർത്തിരേഖങ്ങൾ കഷ്ടിച്ചേ കാണാനുള്ളു,
വേണോ വേണ്ടയോ എന്നുറപ്പിക്കാനാവാത്തപോലെ.
ഭൂപടങ്ങൾ എനിക്കിഷ്ടമാണ്, അവ നുണ പറയുന്നുവെന്നതിനാൽ,
കൊടിയ നേരിലേക്കവ നമ്മെ കടത്തിവിടുന്നില്ലെന്നതിനാൽ.
വിശാലമനസ്കതയോടെ, ഫലിതബോധത്തോടെ,
എനിക്കു മുന്നിലവ നിവർത്തിയിടുന്നു,
ഈ ലോകത്തില്ലാത്ത ഒരു ലോകത്തെയെന്നതിനാൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ