കോപമില്ലാതെ, പകയില്ലാതെ, നിന്നെ ഞാൻ പ്രഹരിക്കും,
കശാപ്പുകാരൻ മൂരിയെപ്പോലെ,
പണ്ടു മോശ പാറയിലാഞ്ഞടിച്ചപോലെ!
നിന്റെ കണ്ണുകളുടെ തടയണ ഞാൻ വെട്ടിമുറിക്കും,
നിന്റെ നോവിന്റെ കണ്ണീർപ്പുഴ ഞാനൊഴുക്കിവിടും,
അതു കുടിച്ചെന്റെ ദാഹത്തിന്റെ സഹാറ കുതിരും,
എന്റെ തൃഷ്ണ, പ്രത്യാശ കൊണ്ടാകെച്ചീർത്തവൾ,
നിന്റെ കയ്ക്കുന്ന കണ്ണീരിലൊഴുകിനടക്കും,
യാത്രയ്ക്കു പായ തിരിച്ച നൗക പോലെ;
നിന്റെ യാതന കുടിച്ചുന്മത്തമായ എന്റെ ഹൃദയത്തിൽ
നിന്റെ മുഗ്ധമായ തേങ്ങലുകൾ മാറ്റൊലിക്കും,
പടനിലത്തു പെരുമ്പറ പോലെ!
ശ്രുതിഭദ്രമായ സ്വർഗ്ഗീയസംഗീതത്തിൽ
ഞാൻ വെറുമൊരപശ്രുതിയല്ലേ,
വാളു പോലെന്നെ വെട്ടിക്കീറുന്ന
ആർത്തി പെരുത്ത വിരുദ്ധോക്തി കാരണം?
എന്റെ ശബ്ദത്തിലുണ്ടവൾ, ആ കലഹക്കാരി!
എന്റെ ചോരയിലുണ്ടവൾ, ആ കരാളവിഷം!
ആ പെൺചെന്നായക്കു മുഖം നോക്കാൻ
കുടിലമായ കണ്ണാടിയും ഞാൻ തന്നെ!
മുറിവു ഞാൻ, മുറിവേല്പിച്ച കഠാരയും ഞാൻ!
കവിളു ഞാൻ, കവിളത്തു വീണ പ്രഹരവും ഞാൻ!
ചക്രം ഞാൻ, ചതഞ്ഞരഞ്ഞ കൈകാലുകൾ ഞാൻ!
പീഡകനും പീഡിതനും ഞാൻ!
സ്വന്ത ചോരയൂറ്റിക്കുടിക്കുന്ന രക്തരക്ഷസ്സാണു ഞാൻ
-ദൈവശാപമേറ്റു പരിത്യക്തരായവരിലൊരാൾ:
എന്നും പൊട്ടിച്ചിരിക്കാൻ വിധിക്കപ്പെട്ടവരാണവർ,
എന്നാലൊന്നു പുഞ്ചിരിക്കാൻ പോലുമാകാത്തവർ!
***
ഹ്യൂട്ടോൺടിമോറൊമിനോസ് Héautontimorouménos - സ്വയം പീഡിപ്പിക്കുന്നവൻ എന്നർത്ഥം വരുന്ന ഗ്രീക്കുപദം. റോമൻ നാടകകൃത്തായ ടെറെൻസിന്റെ ഒരു രചനയും ഇതേ പേരിലുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ