ഞങ്ങളുടെ പ്രപിതാക്കൾ രഹസ്യമായാരാധിച്ചിരുന്ന ചന്ദ്ര,
നിന്റെ നീലിച്ച മാളികയിൽ നിന്നന്തഃപുരം വിട്ടിറങ്ങുമ്പോൾ
വെള്ളിമാറ്റുടുത്ത ദാസിമാരകമ്പടി വന്നവളേ, സിന്തിയാ,
ഇരുളടഞ്ഞ ഞങ്ങളുടെ മടകളിൽ വെളിച്ചം വീശുന്ന ദീപമേ,
നീ കാണുന്നുവോ, വിടർന്ന ചുണ്ടുകൾക്കിടയിൽ വെളുത്ത പല്ലുകളും കാട്ടി
സമൃദ്ധശയ്യകളിൽ തളർന്നുറക്കമായ പ്രണയികളെ?
കവിതയുമായി മല്ലു പിടിക്കുന്ന കവികളെ?
വൈക്കോലിലിണചേർന്നു പുളയുന്ന അണലികളെ?
നിഗൂഢപാദങ്ങളുമായി, മഞ്ഞ മുഖംമൂടിയുമായി,
പുലരി മുതൽ സന്ധ്യ വരെ നീയലയുന്നതു പഴയൊരോർമ്മയിലോ,
എൻഡമിയോണിന്റെ മങ്ങിയ ചാരുതകളെ ചുംബിക്കുവാനോ?
-“ഈ ജീർണ്ണകാലത്തിന്റെ സന്താനമേ, ഞാൻ കാണുന്നതു നിന്റെയമ്മയെ,
പോയ വർഷങ്ങളുടെ ഭാരത്താൽ കണ്ണാടിയിലേക്കു ചരിഞ്ഞവളെ,
നിന്നെയൂട്ടിയ മുലക്കണ്ണുകളിൽ കുങ്കുമം തേയ്ക്കുകയാണവൾ!“
*
സിന്തിയാ - ആർട്ടെമിസ് എന്ന ചാന്ദ്രദേവതയുടെ മറ്റൊരു ഗ്രീക്കുനാമം.
എൻഡമിയോൺ - ഗ്രീക്കുപുരാണത്തിൽ ചന്ദ്രൻ പ്രണയിച്ച ആട്ടിടയബാലൻ; സിയൂസ് അവനു നിത്യയൌവനം നല്കി.
ഈ ജീർണ്ണകാലത്തിന്റെ സന്താനമേ - കവിയുടെ ധാർഷ്ട്യം കണ്ടു കോപിച്ച ചന്ദ്രൻ അയാളുടെ അമ്മയെ, ഈ ജീർണ്ണിച്ച കാലത്തെയാണു താൻ കാണുന്നതെന്നു തിരിച്ചടിക്കുന്നു; കാലം കവർന്ന സൌന്ദര്യത്തെ ചമയം കൊണ്ടു തിരിച്ചുപിടിക്കാൻ നോക്കുന്ന വൃദ്ധവേശ്യയാണവർ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ