നീ സ്വർഗ്ഗത്തു നിന്നു പതിച്ചതോ, പാതാളത്തിൽ നിന്നുയർന്നതോ?
ദിവ്യമെന്നപോലെ നാരകീയവുമാണല്ലോ നിന്റെ നോട്ടം, സുന്ദരീ!
ധന്യതകൾക്കൊപ്പം അശുഭങ്ങളും അതിൽ നിന്നു കലങ്ങിയൊഴുകുന്നു,
അതുകൊണ്ടല്ലേ, മനുഷ്യർ നിന്നെ മദിരയോടുപമിക്കുന്നതും!
ഉദയാസ്തമയങ്ങൾ രണ്ടും നിന്റെ കണ്ണുകളിലൊതുങ്ങുന്നു,
കൊടുങ്കാറ്റൂതുന്ന രാത്രിപോലെ നീ പരിമളങ്ങൾ പാറ്റുന്നു,
നുരയുന്ന ചാറ നിന്റെ വദനം, നിന്റെ ചുംബനം മാദകപാനീയം,
വീരനെയതധീരനാക്കുന്നു, ബാലനെ ചുണക്കുട്ടിയാക്കുന്നു.
നീ വന്നതിരുണ്ട നരകത്തിൽ നിന്നോ നക്ഷത്രങ്ങളിൽ നിന്നോ?
വളർത്തുനായയെപ്പോലെ വിധി നിന്നെപ്പിരിയാതെ നടക്കുന്നു;
തന്നിഷ്ടം പോലെ നീ ആനന്ദങ്ങളും ദുരിതങ്ങളും വിതറിനടക്കുന്നു,
ആരെയും ഭരിക്കുന്നവൾ, ആരുടെയും വിളിപ്പുറത്തുമല്ല നീ.
സുന്ദരീ, കൊലച്ചിരിയുമായി നീ ശവങ്ങളിൽ ചവിട്ടി നടക്കുന്നു;
നിന്റെയാഭരണങ്ങളിൽ പകിട്ടു കുറഞ്ഞതല്ലല്ലോ ഉൾക്കിടിലം,
നിന്റെയാഭരണങ്ങളിൽ പകിട്ടൊട്ടും കുറയാത്ത നരഹത്യ
നിന്റെയുദരത്തിലുരുമ്മിക്കൊണ്ടു നൃത്തം വയ്ക്കുന്നു.
ദീപമേ, കണ്ണഞ്ചിക്കൊണ്ടു നിന്നിലേക്കു പറന്നെത്തുന്ന ശലഭം
നാളത്തിൽ വീണു കരിയുമ്പോൾ പറയുന്നു: ധന്യം, ഈ ദഹനം!
കിതച്ചും കൊണ്ടു കാമുകിയ്ക്കു മേൽ ചായുന്ന കാമുകനെക്കണ്ടാൽ
സ്വന്തം കുഴിമാടത്തെത്തലോടുന്ന മരണാസന്നനെപ്പോലെ!
നീ വരുന്നതു സ്വർഗ്ഗത്തു നിന്നോ നരകത്തിൽ നിന്നോ ആകട്ടെ,
ഭീതിദയും ഭീമാകൃതിയും വിദഗ്ധയുമായ സത്വമേ, സുന്ദരീ!
ഞാൻ സ്നേഹിക്കുന്ന, അദൃശ്യമായ അനന്തതയിലേക്കുള്ള വഴി
നിന്റെ കണ്ണുകൾ, ചിരികൾ, കാലടികളെനിക്കു തുറക്കുമെങ്കിൽ!
ദൈവത്തിൽ നിന്നോ പിശാചിൽ നിന്നോ? മാലാഖയോ യക്ഷിയോ?
ആരുമായിക്കോളു നീ, സൂര്യപടക്കണ്ണുകളുള്ള മോഹിനീ!
ലോകത്തിന്റെ ഭാരവും കാലത്തിന്റെ വൈരസ്യവും സഹനീയമാക്കാൻ
നിന്റെ ഗന്ധം, നിന്റെ താളം, നിന്റെ തിളക്കമുതകുമെങ്കിൽ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ