2021, ഏപ്രിൽ 20, ചൊവ്വാഴ്ച

ബോദ്‌ലേർ - അന്തിവെളിച്ചം



വശ്യയായ സായംസന്ധ്യ വരവായി, കുറ്റവാളിയുടെ ചങ്ങാതി,
ചെന്നായയുടെ പാദപതനങ്ങളോടെ, തവന്റെ കൂട്ടാളി പോലെ;
വലിയൊരു പെട്ടകം പോലാകാശം സാവധാനമടയുന്നു,
പൊറുതി കെട്ട മനുഷ്യൻ കാട്ടുമൃഗമായി മാറുന്നു.

സന്ധ്യേ, മനോജ്ഞസന്ധ്യേ, ഇന്നു ഞങ്ങളദ്ധ്വാനിച്ചെന്നു പറയുന്ന
നേരുള്ള കൈകളത്രമേൽ മോഹിക്കുന്നവളേ, 
ഘോരദുഃഖത്തിൽ വീണു ദഹിക്കുന്ന ആത്മാവുകൾക്കും
തളർച്ച കൊണ്ടു തല താണുപോയ പണ്ഡിതന്മാർക്കും
കിടക്കയിലേക്കു ചടഞ്ഞുവീഴുന്ന നടുവൊടിഞ്ഞ പണിക്കാർക്കും
പ്രിയസന്ധ്യേ, സാന്ത്വനവുമായി നീയെത്തുന്നു.
ഈ നേരമത്രേ, വലിയ കാര്യങ്ങൾ നടത്താനുള്ളവരെപ്പോലെ
അന്തരീക്ഷത്തിലെ ദുഷ്ടശക്തികൾ സാവധാനം ഉറക്കം വിട്ടുണരുന്നു,
നമ്മുടെ വെളിയടകളിലും മോന്തായങ്ങളിലുമവ പറന്നുവന്നിടിക്കുന്നു.
ഗ്യാസുവിളക്കുകൾ കാറ്റിൽ വേവലാതിപ്പെടുന്ന തെരുവുകളിൽ
വ്യഭിചാരമതിന്റെ വെളിച്ചങ്ങളാളിക്കത്തിക്കുന്നു,
ഉറുമ്പിൻ പുറ്റു പോലവൾ വാതിലുകൾ തുറന്നുവയ്ക്കുന്നു,
ഓരൊളിവേട്ടയ്ക്കു തയ്യാറെടുക്കുന്ന ശത്രുവിനെപ്പോലെ
രക്ഷാമാർഗ്ഗങ്ങളെല്ലാമവൾ തെളിച്ചുവയ്ക്കുന്നു;
മനുഷ്യന്റെ നിത്യാഹാരമപഹരിക്കുന്ന പുഴുവിനെപ്പോലെ
ചെളിയുമഴുക്കും നിറഞ്ഞ നഗരത്തിലൂടവൾ നീങ്ങുന്നു.
അങ്ങുമിങ്ങും നിങ്ങൾക്കു കേൾക്കാം, അടുക്കളകളിലെ പൊരിക്കലുകൾ,
നാടകശാലകളിലെ സീല്ക്കാരങ്ങൾ, ബാൻഡുകളുടെ അലർച്ചകൾ.
ഭാഗ്യത്തിന്റെ പകിടയുരുളുന്ന ചൂതാട്ടമടകളിൽ
തേവിടിശ്ശികളും തെമ്മാടികളും മേശകൾക്കു ചുറ്റും തിരക്കുന്നു.
വിശ്രമമറിയാത്ത, അനുകമ്പയറിയാത്ത കവർച്ചക്കാർ,
അവരും വൈകാതെ തങ്ങളുടെ നിത്യത്തൊഴിലിനിറങ്ങും,
പണപ്പെട്ടികളും വാതിലുകളുമവർ കുത്തിത്തുറക്കും,
കുറച്ചുനാളുകൾ കൂടി ജീവിതം ദീർഘിപ്പിക്കാൻ,
തങ്ങളുടെ വെപ്പാട്ടികൾക്കു തുണി വാങ്ങിക്കൊടുക്കാൻ.

ഈ ഭവ്യമുഹൂർത്തത്തിലെന്റെയാത്മാവേ, നീ ശാന്തമാവൂ,
ഈ കോലാഹലത്തിനു നേർക്കു നീ കാതുകളടയ്ക്കൂ.
രോഗികളുടെ നോവുകൾ കടുക്കുന്നതും ഈ നേരമത്രേ!
കറുത്ത രാത്രി വന്നവരുടെ കഴുത്തു പിരിക്കും,
അവരുടെ വിധിയതോടെ തീരും, ഒരേ കുഴിയിലവരടിയും.
ആശുപത്രികളിലവരുടെ നെടുവീർപ്പുകളുയരുന്നു;
അവരിലൊന്നിലധികം പേരുമിനി വീട്ടിലേക്കു മടങ്ങില്ല,
രാത്രിയിൽ, തീയ്ക്കരികിൽ, ഒരിഷ്ടജനത്തിനൊപ്പം
സൂപ്പിന്റെ മണവും നുകർന്നവരിരിക്കില്ല.

അവരിൽ മിക്കവരും പക്ഷേ, വീടിന്റെ ഊഷ്മളതയറിഞ്ഞവരല്ല,
ഇന്നേവരെയവർ ജീവിച്ചിട്ടുമില്ല!


അഭിപ്രായങ്ങളൊന്നുമില്ല: