അറയ്ക്കുന്നൊരു ജൂതത്തിക്കൊപ്പമൊരു രാത്രി ഞാൻ കിടന്നു*,
ഒരു ശവത്തിനരികിൽ മറ്റൊരു ശവമെന്നപോലെ;
ആ വാടകയുടലിന്റെ കൂടെക്കിടക്കുമ്പോൾ
എന്റെ തൃഷ്ണ നിരാകരിച്ച മറ്റൊരു സൗന്ദര്യത്തെ ഞാനോർത്തു.
അവളുടെ നിസ്സർഗ്ഗപ്രതാപം ഞാൻ മനസ്സിൽ കണ്ടു,
ഊർജ്ജവും ചാരുതയും ചേർന്ന നോട്ടം ഞാൻ കണ്ടു,
ഓർമ്മകൾ കൊണ്ടുതന്നെ പ്രണയദാഹമുണർത്തുന്ന
പരിമളച്ചെപ്പു പോലുള്ള മുടിക്കെട്ടും കണ്ടു.
ഉത്കടാവേശത്തോടെ നിന്നെ ഞാൻ ചുംബിച്ചേനെ,
കുളിരുന്ന കാലടികളിൽ നിന്നു തഴച്ചിരുണ്ട മുടി വരെയ്ക്കും
ഊഷ്മളാശ്ളേഷങ്ങൾ കൊണ്ടു നിന്നെ ഞാൻ പൊതിഞ്ഞേനെ,
വെറുമൊരു കണ്ണീർത്തുള്ളി കൊണ്ടൊരു രാത്രിയെങ്കിലും
നിന്റെ തണുത്ത കണ്ണുകളിലെ തീനാളങ്ങളെ
ക്രൂരയായ റാണീ, നീയൊന്നു കെടുത്തിയിരുന്നെങ്കിൽ!
*ബോദ്‌ലേറുടെ ആദ്യത്തെ കാമുകിയായ സാറയാണ് ഈ ‘ജൂതത്തി’ എന്നു കരുതപ്പെടുന്നു; തന്റെ പില്ക്കാലകാമുകിയായ ‘കറുത്ത വീനസ്’ ഷീൻ ദുവാലിനോടു പിണങ്ങിയാണ് കവി ആദ്യകാമുകിയിലേക്കു മടങ്ങിച്ചെല്ലുന്നത്. എന്നാൽ ഇവിടെയും അയാൾക്കു നഷ്ടബോധം തോന്നുന്നത് അവളുടെ പ്രബലസാന്നിദ്ധ്യത്തെക്കുറിച്ചോർത്താണ്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ