2021, ഏപ്രിൽ 4, ഞായറാഴ്‌ച

ബോദ്‌ലേർ - “തീരാത്ത മടുപ്പിന്റെ പിടിയിൽ പെട്ടു ഞരങ്ങുന്ന ആത്മാവിനു മേൽ...”

 

തീരാത്ത മടുപ്പിന്റെ പിടിയിൽ പെട്ടു ഞരങ്ങുന്ന ആത്മാവിനു മേൽ
ശവപ്പെട്ടിയുടെ മൂടി പോലെ ആകാശം താഴ്ന്നടയുമ്പോൾ,
ലോകമാകെ വലയം ചെയ്യുന്ന ചക്രവാളരേഖയിൽ നിന്നും
ഏതു രാത്രിയെക്കാളുമിരുണ്ട പകൽ വന്നു ഞങ്ങളെ വളയുമ്പോൾ,

ഈറൻ മാറാത്തൊരിരുട്ടറയായി ഭൂമി മാറിമറിയുമ്പോൾ,
പ്രത്യാശ ഉള്ളിൽ പെട്ടുപോയൊരു വാവലിനെപ്പോലെ
കുഴഞ്ഞുപോയ ചിറകുകൾ കൊണ്ടു ചുമരുകളിൽച്ചെന്നടിക്കുമ്പോൾ,
പൂതലിച്ച മച്ചിലതു വിഭ്രാന്തമായി തല കൊണ്ടിടിക്കുമ്പോൾ,

കൂറ്റനൊരു തടവറയുടെ കനത്ത കമ്പിയഴികൾ പോലെ
തോരാമഴയുടെ നരച്ച നാരുകൾ ചുറ്റും വന്നു വീഴുമ്പോൾ,
നികൃഷ്ടമായൊരു ചിലന്തിപ്പറ്റം ഒച്ചയനക്കമില്ല്ലാതെ 
ഞങ്ങളുടെ തലയ്ക്കുള്ളിലതിന്റെ വല വിരിക്കുമ്പോൾ,

പൊടുന്നനേ കൂട്ടത്തോടെ മണികൾ പിടഞ്ഞുണരുന്നു,
ഭീഷണമായൊരാക്രോശമാകാശത്തേക്കെടുത്തെറിയുന്നു,
കൊട്ടിയടച്ച കാതിൽ തട്ടിവിളിച്ചുകരയുകയല്ലാതെ
മറ്റൊരു വഴിയില്ലാതെ ഗതിയറ്റലയുന്ന ആത്മാക്കൾ പോലെ.

വിലാപങ്ങളില്ലാതെ, പെരുമ്പറയില്ലാതെന്റെ ആത്മാവിലൂടെ
ശവമഞ്ചങ്ങളുടെ നീണ്ടനിരയതാ, സാവധാനം നീങ്ങുന്നു;
പരാജിതയായ പ്രത്യാശ തേങ്ങുന്നു; കൊടുംവേദനയെന്ന ഭീകരൻ
എന്റെ ചരിഞ്ഞ തലയോട്ടിയിൽ കറുത്ത ജയക്കൊടി നാട്ടുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: