2021, ഏപ്രിൽ 28, ബുധനാഴ്‌ച

ബോദ്‌ലേർ- മദിരയുടെ ആത്മാവ്



രാത്രിയിൽ, കുപ്പികളിൽ നിന്നും, മദിരയുടെയാത്മാവിങ്ങനെ പാടി:
“കോലരക്കിന്റെ മുദ്ര വച്ച ചില്ലുതടവറയ്ക്കുള്ളിൽ നിന്നും
നിറയെ വെളിച്ചവും സാഹോദര്യവുമായൊരു ഗാനം
വേരറ്റ മനുഷ്യാ, നിന്റെ നന്മക്കായി ഞാനയക്കുന്നു!

എനിക്കു ജീവൻ നല്കാനും എനിക്കാത്മാവു നല്കാനും
എരിയുന്ന കുന്നിൻചരിവിൽ, പൊരിയുന്ന വെയിലിൽ
നീ കഷ്ടപ്പെട്ടതും  വിയർപ്പൊഴുക്കിയതുമെനിക്കറിയാം;
അതിനാൽ ഞാൻ കൃതഘ്നനും ദുഷ്ടനുമാവുകയുമില്ല.

പണിയെടുത്തു തളർന്നവന്റെ തൊണ്ടയിലൂടിറങ്ങുമ്പോൾ
ഞാനനുഭവിക്കുന്ന പരമാനന്ദം എത്ര നിസ്സീമം!
തണുത്ത നിലവറകളേക്കാൾ എനിക്കു ഹിതകരം,
അവന്റെ ചൂടുള്ള നെഞ്ചിന്റെ സുഖമുള്ള കുഴിമാടം!

കേൾക്കുന്നില്ലേ, ഞായറാഴ്ചകളിൽ മാറ്റൊലിക്കുന്ന സംഘഗാനങ്ങൾ,
എന്റെ പിടയ്ക്കുന്ന നെഞ്ചിൽ ചിലയ്ക്കുന്ന പ്രതീക്ഷയും?
മേശ മേൽ കൊടുംകൈ കുത്തി, കുപ്പായക്കൈ തെറുത്തുകേറ്റി
നീയെന്നെ മഹത്വപ്പെടുത്തുമ്പോൾ നിന്നെ ഞാൻ സംതൃപ്തനാക്കാം.

നിന്റെ ഭാര്യയുടെ കണ്ണുകളിൽ ഞാൻ ജീവന്റെ തിരി കൊളുത്താം,
നിന്റെ മകനു കരുത്തും അവന്റെ കവിളിനു തുടുപ്പും പകരാം,
ഈ ജീവിതപ്പന്തയത്തിലെ ബലഹീനനായ ഓട്ടക്കാരനു ഞാൻ
മല്പിടുത്തക്കാരുടെ പേശികൾ ദൃഢമാക്കുന്ന എണ്ണയും തരാം

നിത്യനായ വിതക്കാരനെറിഞ്ഞ അനർഘധാന്യമണിയായി,
അമൃതവല്ലിയായി നിന്നിലേക്കു ഞാൻ വന്നുവീഴും,
നമ്മുടെ പ്രണയത്തിൽ നിന്നൊരു കവിത പിറക്കും,
ഒരപൂർവ്വപുഷ്പം പോലതു ദൈവത്തിനു നേർക്കു വിടർന്നുനില്ക്കും!“


അഭിപ്രായങ്ങളൊന്നുമില്ല: