എന്റെ കുഞ്ഞേ, എന്റെ സോദരീ,
നാമൊരുമിച്ചവിടെക്കഴിയുന്നതിന്റെ
ഹർഷാവേശമൊന്നോർത്തുനോക്കൂ!
ഹിതം പോലെ നമുക്കു ചുംബിക്കാം,
നിന്നെയോർമ്മിപ്പിക്കുന്നൊരു ദേശത്തു
മരിക്കും വരെ നമുക്കു പ്രേമിക്കാം!
മൂടിക്കെട്ടിയൊരാകാശത്തു
നനവു പറ്റിയ സൂര്യന്മാ-
രെന്റെ ഹൃദയത്തിനു നല്കുന്ന പ്രിയങ്ങൾ
കണ്ണീരിനിടയിലൂടെത്തെളിയുന്ന
നിന്റെ കുടിലനേത്രങ്ങൾ പോലെ
നിഗൂഢങ്ങൾ!
ചിട്ടയും സൗന്ദര്യവുമാണവിടെ സർവ്വതും,
സുഖവും സ്വസ്ഥതയും സമൃദ്ധിയും!
വർഷങ്ങളുടെ ശോഭ കൊണ്ടു
മിന്നിത്തിളങ്ങുന്ന ദിവാനുകൾ
നമ്മുടെ കിടപ്പറയെ അലങ്കരിക്കും!
എത്രയുമനർഘമായ പുഷ്പങ്ങൾ
കുന്തിരിക്കത്തിന്റെ സന്ദിഗ്ധഗന്ധത്തിൽ
അവയുടെ പരിമളമിടകലർത്തും.
അലംകൃതമായ മച്ചുകൾ,
ധ്യാനസ്ഥരായ ദർപ്പണങ്ങൾ,
കിഴക്കിന്റെ സമൃദ്ധികൾ,
അവിടെയുള്ള സർവ്വതും
ആത്മാവിന്റെ കാതിലോതും
തനതുമൊഴിയിലവയുടെ രഹസ്യങ്ങൾ.
ചിട്ടയും സൗന്ദര്യവുമാണവിടെ സർവ്വതും,
സുഖവും സ്വസ്ഥതയും സമൃദ്ധിയും!
കനാലുകളിൽ നീ കാണുന്നില്ലേ,
സ്വപ്നം കണ്ടു മയങ്ങുന്ന യാനങ്ങളെ,
യാത്രക്കേതുനേരവുമൊരുങ്ങിയവയെ?
നിന്റെയേതു ഹിതവും നിവർത്തിക്കാൻ
ലോകത്തിനങ്ങേയറ്റത്തു നിന്നോടിവന്നതാണവ.
പോക്കുവെയിൽ
പൊന്നും ഹയാസിന്തും പൂശുന്നു,
പാടങ്ങളെ, കനാലുകളെ, നഗരത്തെയാകെ.
വെളിച്ചത്തിന്റെ ഊഷ്മളതയിൽ
ലോകം മയക്കത്തിലാഴുന്നു.
ചിട്ടയും സൗന്ദര്യവുമാണവിടെ സർവ്വതും,
സുഖവും സ്വസ്ഥതയും സമൃദ്ധിയും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ