എന്റെ ഹൃദയം ആഹ്ലാദത്തിന്റെ ചിറകേറിയൊരു പക്ഷിയായിരുന്നു,
കമ്പക്കയറുകൾക്കിടയിലൂടതു സ്വൈരമായി വിഹരിക്കുകയായിരുന്നു;
തെളിഞ്ഞ മാനത്തിനു ചുവട്ടിലൂടെ ഞങ്ങളുടെ യാനമൊഴുകുകയായിരുന്നു,
ഭാസുരമായ സൂര്യവെളിച്ചം കുടിച്ചുന്മത്തനായൊരു മാലാഖയെപ്പോലെ.
ഏതാണാ ഇരുളടഞ്ഞ, മ്ളാനമായ ദ്വീപ്?
അതല്ലേ, കിത്തെറാ! പാട്ടുകളിൽ പേരു കേട്ടൊരു ദേശം,
അവിവാഹിതരായി നരയ്ക്കുന്ന പുരുഷന്മാരുടെ എൽ ഡൊറാഡോ.
എന്നാൽ നോക്കൂ; എത്ര ദരിദ്രവും വിരസവുമാണത്.
നിഗൂഢാനന്ദങ്ങളുടേയും മദിരോത്സവങ്ങളുടേയും നാടേ!
പ്രാക്തനയായ വീനസ്ദേവിയുടെ അഭിജാതമായ മായാരൂപം
നിന്റെ കടലിനുമേലൊരു പരിമളം പോലെ തങ്ങിനില്ക്കുന്നു,
പ്രണയവുമാലസ്യവും കൊണ്ടു ഞങ്ങളുടെ ഹൃദയങ്ങൾ നിറയ്ക്കുന്നു.
പച്ചക്കൊളുന്തുകളുടേയും വാടാത്ത പൂക്കളുടേയും നാടേ,
ഏതൊരാളുമൊരിക്കലെത്താൻ മോഹിച്ച പവിത്രദേശമേ,
കാമുകഹൃദയങ്ങളുടെ ചുടുനിശ്വാസങ്ങളന്നുയർന്നിരുന്നു,
പനിനീർപ്പൂക്കാടുകൾക്കു മേൽ പരിമളം പോലെ,
മാടപ്രാവുകളുടെ തീരാത്ത കുറുകൽ പോലെ;
എന്നാലിന്നു കിത്തെറ മുൾക്കാടു കേറിയൊരു മുനമ്പു മാത്രം,
കാറിയ കിളിയൊച്ചകൾ കീറിമുറിയ്ക്കുന്ന മരുപ്രദേശം.
എന്നാലവിടെ ഞാൻ വിചിത്രമായൊരു ദൃശ്യം കണ്ടു!
മരങ്ങളുടെ നിഴല്പാടിലൊളിഞ്ഞ പുരാതനദേവാലയമല്ല,
താലോലിക്കുന്ന തെന്നലിനായി മാറിടം തുറന്നിട്ടും
നിഗൂഢതൃഷ്ണകളുടെ തീനാളങ്ങളിലുടലെരിഞ്ഞും
പൂക്കളിറുക്കുന്ന യുവതിയായ പൂജാരിണിയെയല്ല.
തിരകൾ വകഞ്ഞും കൊണ്ടു ഞങ്ങളുടെ നൗക തീരമടുത്തപ്പോൾ,
വെളുത്ത കപ്പല്പായകൾ കണ്ടു പറവകൾ വിരണ്ടുയർന്നപ്പോൾ,
ഞങ്ങൾ കണ്ടത് മൂന്നു കവരങ്ങളുള്ളൊരു കഴുമരമായിരുന്നു,
നെടിയ സൈപ്രസ് മരം പോലെ മാനത്തതിരുണ്ടുയർന്നു നിന്നു.
അതിൽ കഴുവേറ്റിയ മനുഷ്യന്റെ അഴുകിത്തുടങ്ങിയ ശവത്തിന്മേൽ
ഭീഷണരായ കഴുകന്മാർ കൊത്തിപ്പറിക്കുകയായിരുന്നു;
ഓരോ ജന്തുവും വൃത്തികെട്ട വളഞ്ഞ കൊക്കുകൾ
ആ ജീർണ്ണതയുടെ ഓരോ കോണിലും കുത്തിക്കയറ്റുകയായിരുന്നു.
കണ്ണുകൾ രണ്ടു കുഴികളായിരുന്നു, വയറു പിളർന്നുകിടന്നിരുന്നു,
നീലിച്ച കുടൽമാല പുറത്തുചാടി തുടകളിൽ പിണഞ്ഞുകിടന്നിരുന്നു,
ബീഭത്സാനന്ദങ്ങളാൽ വയറു നിറഞ്ഞ ആ ജന്തുക്കൾ
കൊക്കുകൾ കൊണ്ടയാളെ ഷണ്ഡനാക്കുകകൂടിച്ചെയ്തിരുന്നു.
പാദങ്ങൾക്കടിയിലായി അസൂയ പെരുത്ത ഒരു നാല്ക്കാലിപ്പറ്റം
മോന്തകളുയർത്തിപ്പിടിച്ചു തിക്കിത്തിരക്കിയിരുന്നു;
അവയിൽ വലിപ്പം മുഴുത്ത ഒരു ജന്തു വട്ടം ചുറ്റി നടക്കുന്നു,
ആരാച്ചാർ തന്റെ സഹായികൾക്കിടയിലെന്നപോലെ!
കിത്തെറാ നിവാസീ, ഇത്ര തെളിഞ്ഞൊരാകാശത്തിന്റെ സന്തതീ,
ഘോരപീഡനങ്ങൾ മൗനമായി സഹിക്കുകയാണോ നീ,
ഇത്രനാൾ നീയാചരിച്ച നിഷിദ്ധവിശ്വാസങ്ങൾക്കും
നിനക്കു ശവക്കുഴി വിലക്കിയ പാപങ്ങൾക്കും പരിഹാരമായി?
കഴുവേറ്റിയ പരിഹാസ്യനേ, നിന്റെ വേദനകളെന്റേതുതന്നെ!
നിന്റെ കുഴഞ്ഞുതൂങ്ങുന്ന കൈകാലുകൾ കണ്ടപ്പോൾ
തൊണ്ടയിൽ നിന്നു പല്ലുകളിലേക്കൊരു മനംപുരട്ടലിരച്ചുകേറുന്നു,
പഴയ വേദനകളുടെ പിത്തവെള്ളത്തിലെന്റെ വായ കയ്ക്കുന്നു.
നിന്റെ മുന്നിൽ നില്ക്കുമ്പോൾ, ഓർമ്മയിലെന്നുമുള്ള സത്വമേ,
യൗവ്വനത്തിലെന്റെയുടൽ വിരുന്നാക്കിയാനന്ദിച്ച ജന്തുക്കൾ,
കരുണയറ്റ കാക്കകൾ, അറുക്കവാൾപല്ലുകളുള്ള കരിമ്പുലികൾ,
അവയുടെ പല്ലും നഖങ്ങളും പിന്നെയുമെന്നിലാഴുന്നതു ഞാനറിഞ്ഞു.
ആകാശം ചേതോഹരമായിരുന്നു, കടൽ കണ്ണാടിപോലായിരുന്നു,
എന്റെ ലോകം പക്ഷേ, ചോരയുമിരുട്ടും മാത്രമായി;
ഇരുളു നെയ്ത ശവക്കച്ച കൊണ്ടെന്നപോലെന്റെ ഹൃദയം
ആ വൈരൂപ്യത്തിന്റെ ചിത്രത്തിൽ ഞാൻ മൂടിയിട്ടു.
നിന്റെ ദ്വീപിൽ, ഹേ വീനസ്, ഞാൻ കണ്ടതിതു മാത്രം,
എന്റെ രൂപം തൂങ്ങിയാടുന്നൊരു കഴുമരത്തിന്റെ പ്രതീകം...
സ്വദേഹത്തെയും ഹൃദയത്തെയുമറപ്പില്ലാതെ നോക്കിക്കാണാൻ
മനക്കരുത്തും ബലവുമെനിക്കു തരേണമേ, ദൈവമേ!
കിത്തെറാ Cythera- പെലോപ്പൊണീസിനു തെക്കുള്ള ഒരു ഗ്രീക്കുദ്വീപ്; പ്രണയത്തിന്റെ ദേശമെന്ന നിലയിൽ ഇതിഹാസപ്രസിദ്ധമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ