നിറം മങ്ങിയ കസേരകളിൽ പ്രായം ചെന്ന വിളറിയ വേശ്യകൾ,
കറുപ്പിച്ച പുരികങ്ങൾ, മാരകശാന്തത നിറഞ്ഞ കണ്ണുകൾ;
അവരുടെ പൊള്ളച്ചിരിയിൽ ചുളിഞ്ഞ കാതുകളിൽ നിന്നിറ്റുവീഴുന്നു,
മുക്കുപൊന്നിന്റെയും കല്ലുകളുടേയും കമ്മലിളകുന്ന കിലുക്കങ്ങൾ.
ചൂതാട്ടമേശകൾക്കു ചുറ്റും ചുണ്ടുകളില്ലാത്ത മുഖങ്ങൾ,
നിറമില്ലാത്ത ചുണ്ടുകൾ, പല്ലുകളില്ലാത്ത മോണകൾ,
ജ്വരത്തിന്റെ നരകപ്പിടുത്തത്തിൽ പിടഞ്ഞുപോയ വിരലുകൾ
ഒഴിഞ്ഞ കീശകളോ കിതയ്ക്കുന്ന നെഞ്ചുകളോ തപ്പുന്നു.
കരി പിടിച്ച മച്ചിനടിയിൽ മങ്ങിക്കത്തുന്ന തൂക്കുവിളക്കുകൾ,
ചോര വിയർപ്പാക്കിയതിവിടെക്കൊണ്ടുതുലയ്ക്കുന്ന
സമർത്ഥരായ കവികളുടെ ഇരുണ്ട നെറ്റിത്തടങ്ങളിൽ
കൂറ്റനെണ്ണവിളക്കുകളവയുടെ രൂക്ഷവെളിച്ചം വീഴ്ത്തുന്നു.
ഒരു രാത്രിസ്വപ്നത്തിൽ എന്റെ ദീർഘദൃഷ്ടിക്കു മുന്നിൽ
ചുരുൾ നിവർന്ന കറുത്ത ചിത്രം ഇതായിരുന്നു;
ആ നിശ്ശബ്ദമായ മടയുടെ പിന്നാമ്പുറത്തെന്നെയും ഞാൻ കണ്ടു,
കൈമുട്ടുകളിൽ ചാഞ്ഞും തണുത്തും മിണ്ടാതെയും അസൂയാലുവായും;
എനിക്കസൂയ അവരുടെ പിടി വിടാത്ത ദുരാശയോടായിരുന്നു,
ആ വൃദ്ധവേശ്യകളുടെ രോഗാതുരമായ പ്രസരിപ്പിനോടായിരുന്നു;
എന്റെ കണ്മുന്നിൽ സ്വയം മറന്നവർ വാണിഭം നടത്തുകയാണ്:
ഒരാൾ തന്റെ പഴയ പ്രതാപം, ഒരുവൾ തന്റെ സൗന്ദര്യം.
വായ പിളർന്ന കൊടുംഗർത്തത്തിലേക്കവരിരച്ചുപായുമ്പോൾ
ആ പതിതരോടിത്രയുമസൂയയോ നിനക്ക്, ഹൃദയമേ?
സ്വന്തം ചോരയൂറ്റിക്കുടിക്കുമ്പോഴും അവർക്കിഷ്ടം
മരണത്തെക്കാൾ യാതനയെ, ശൂന്യതയെക്കാൾ നരകത്തെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ