ഇതാണാ പാവനമായ ഭവനം,
ഇവിടെയാണവൾ ചമയങ്ങളെല്ലാമണിഞ്ഞും
ഏതതിഥിക്കും സന്നദ്ധയായും
പനവിശറി കൊണ്ടു മാറിടം വീശിയും
പതുപതുത്ത തലയിണയിൽ കൊടുംകൈ കുത്തിയും
ജലധാരകളുടെ തേങ്ങലിനു കാതോർക്കുന്നതും;
ഇതത്രേ, ഡോറത്തിയുടെ കിടപ്പറ.
അകലെ, താരാട്ടിന്റെ തേങ്ങുന്ന താളത്തിൽ
തെന്നലും ചോലയും ഇവൾക്കായി പാടുന്നു;
ഇത്രയും ലാളന കിട്ടിയ മറ്റൊരു വേശ്യയുണ്ടോ?
അടി തൊട്ടു മുടിയോളമുടലുടനീളം
സാമ്പ്രാണിയും സുഗന്ധതൈലവും പൂശി
സ്നിഗ്ധചർമ്മത്തോടവളുടെ മേനി മിനുങ്ങുമ്പോൾ
-മുറിയുടെ കോണിൽ പൂക്കൾ മൂർച്ഛിക്കുന്നു.
**
റീയൂണിയൻ ദ്വീപിൽ വച്ചു പരിചയിച്ച ഡോറത്തിയെക്കുറിച്ചെഴുതിയത്. ഇതേ ഡോറത്തിയുടെ ഇതിലും ശക്തവും വിശദവുമായ പ്രതിപാദനമാണ് ‘ഡോറത്തി എന്ന സുന്ദരി’ എന്ന പേരിലുള്ള ഗദ്യകവിത.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ