ഡയാനയെ മനസ്സിൽ കാണൂ, മൃഗയക്കിറങ്ങിയവളെ,
അടിക്കാടടിച്ചൊതുക്കിക്കാട്ടിലൂടെക്കുതിക്കുന്നവളെ,
വേട്ടയുടെ ലഹരിയിൽ മാറിടം തുറന്നും മുടി പാറിച്ചും
ഏതു കുതിരക്കാരനെയും പിന്നിലാക്കിപ്പായുന്നവളെ!
തെറോയിനെ അറിയുമോ, ചോരയ്ക്കു ദാഹിക്കുന്നവളെ,
ചെരുപ്പു പോലുമില്ലാത്തൊരു തെരുക്കൂട്ടത്തെ നയിച്ചും
കണ്ണും കവിളുമാളിക്കത്തിച്ചു തന്റെ വേഷം നന്നായഭിനയിച്ചും
കയ്യിൽ വാളുമേന്തി കൊട്ടാരപ്പടവോടിക്കയറുന്നവളെ?
അതാണ് സിസിന! ഈ പടയാളിപ്പെണ്ണു പക്ഷേ,
നിഗ്രഹോത്സുകയെന്നപോലെ വരദായിനിയുമത്രെ;
വെടിമരുന്നും പെരുമ്പറകളുമവളെ കലി കൊള്ളിക്കുമ്പോഴും
ശരണാർത്ഥികൾക്കു മുന്നിലവൾ ആയുധങ്ങൾ താഴെവയ്ക്കും,
താൻപോരിമ തെളിയിച്ചവരെ തനിക്കു മുന്നിൽ കാണുമ്പോൾ
ആ ജ്വലിക്കുന്ന ഹൃദയം കണ്ണീരിന്റെ തടാകവുമാകും!
*
സിസിന (Sisina)- മദാം സബാത്തിയേയുടെ ഇറ്റാലിയൻ സ്നേഹിതയായ എലിസാ നിയേരിയ്ക്ക് ബോദ്ലെയർ നല്കിയ പേര്; നെപ്പോളിയൻ മൂന്നാമനെ വധിക്കാൻ ശ്രമിച്ച ഓർസിനിയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ വിപ്ളവകാരികളോട് ഇവർക്കുള്ള അനുഭാവം വലിയ ചർച്ചാവിഷയമായിരുന്നു.

തെറോയിൻ-Theroigne de Mericourt, ഫ്രഞ്ചുവിപ്ളവനായിക; വേഴ്സായ് കൊട്ടാരത്തിന്റെ കോണിപ്പടികൾ ഉപരോധിച്ചതിവരായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ