2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

ബോദ്‌ലേർ - ലീത്തി



എന്റെ മാറിൽ വന്നുകിടക്കൂ, ഞാനാരാധിക്കുന്ന വ്യാഘ്രമേ,
ക്രൂരയും ബധിരയുമായ ആത്മാവേ, അലസഭാവമെടുത്ത സത്വമേ;
നിന്റെ മുടിയുടെ നിബിഡതയിൽ വിറയാർന്ന വിരലുകളാഴ്ത്തണം,
സ്മൃതി കെട്ടേറെനേരമെനിക്കവിടെയുറങ്ങിക്കിടക്കണം.

നിന്റെ ഗന്ധം വഴിയുന്ന നിന്റെ പുടവയുടെ ഞൊറികൾക്കുള്ളിൽ
എന്റെ നീറുന്ന നെറ്റിത്തടമെനിക്കൊന്നൊളിപ്പിക്കണം,
വാടിക്കൊഴിഞ്ഞ പൂവിന്റെ പഴകിപ്പോയ മണം പോലെ
മരിച്ച പ്രണയത്തിന്റെ മാധുര്യമെനിക്കു ശ്വസിക്കണം.

എനിക്കുറങ്ങിയാൽ മതി! ജീവനെക്കാളെനിക്കുറക്കം മതി!
മരണം പോലെ മധുരതരമായൊരു മയക്കത്തിൽ
കാച്ചിയ ചെമ്പു പോലെ മിനുങ്ങുന്ന നിന്റെ മേനിയിൽ
കുറ്റബോധമില്ലാതെന്റെ ചുംബനങ്ങൾ ഞാൻ വിതയ്ക്കും.

എന്റെയാത്മാവിന്റെ കടിച്ചമർത്തിയ തേങ്ങലുകളെ
നിന്റെ കിടക്കയുടെ ഗർത്തത്തിലല്ലാതെവിടെ ഞാൻ മുക്കിത്താഴ്ത്തും?
നിന്റെ ചുണ്ടുകളിൽ കുടിപാർക്കുന്നു പ്രബലയായ വിസ്മൃതി,
നിന്റെ ചുംബനങ്ങളിലൊഴുകുന്നു മരണനദിയായ ലീത്തി.

എന്റെ ശിരോലിഖിതമേ, ഇനിമേലെന്റെയാനന്ദമേ,
മരണം വിധിക്കപ്പെട്ടവനെപ്പോലെ നിനക്കു ഞാൻ വഴങ്ങാം;
വിധേയനായ രക്തസാക്ഷി, വിധിക്കപ്പെട്ട നിരപരാധി,
സ്വന്തം ചിതാഗ്നി താൻ തന്നെ ആളിക്കത്തിക്കുന്നവൻ.

എന്റെ ശോകവുമെന്റെ വിദ്വേഷവും ശമിപ്പിക്കാൻ, വരൂ,
നങ്കൂരമിടാനൊരു ഹൃദയത്തിനുമിടം കൊടുക്കാത്ത മാറിടമേ,
ശിലാകഠിനമായ മുലകളുടെ തറയ്ക്കുന്ന മൊട്ടുകളിൽ നിന്നും
മോഹനിദ്രയുടെ നഞ്ഞു കലർന്ന പാലു ഞാനൂറ്റിക്കുടിക്കട്ടെ.
*

ലീത്തി- പാതാളത്തിലെ വിസ്മൃതിയുടെ നദി; ഭൂമിയിൽ വീണ്ടും ജന്മമെടുക്കുന്നതിനു മുമ്പായി ആത്മാക്കൾ ഈ നദിയിലെ വെള്ളം കുടിച്ച് തങ്ങളുടെ പൂർവ്വജന്മം മറക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: