2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

ബോദ്‌ലേർ - ഒരു മലബാർ പെൺകുട്ടിയോട്



നിന്റെ കൈകൾ പോലെ മെലിഞ്ഞതാണ്‌ നിന്റെ പാദങ്ങൾ,
എത്ര സുന്ദരിയായ വെള്ളക്കാരിയേയുമസൂയപ്പെടുത്തും നിന്റെ കനത്ത ജഘനങ്ങൾ;
ചിന്താശീലനായ കലാകാരനോമനയാണു നിന്റെ മൃദുലമായ ഉടൽവടിവുകൾ;
നിന്റെ മേനിയിലുമിരുണ്ടതാണു നിന്റെ വിടർന്ന വെൽവെറ്റുകണ്ണുകൾ.
നിന്റെ ദൈവം നിനക്കു ജന്മം നല്കിയ നീലിച്ച ഉഷ്ണദേശത്ത്
നിന്റെ ജോലിയായിരുന്നു, നിന്റെ യജമാനന്റെ ഹൂക്ക കൊളുത്തുക,
കൂജകളിൽ പുതുവെള്ളവും ധൂപപാത്രങ്ങളിൽ സാമ്പ്രാണിയും നിറയ്ക്കുക,
കിടക്കറയുപരോധിക്കുന്ന കൊതുകുകളെ ആട്ടിപ്പായിക്കുക,
പിന്നെ ചോലമരങ്ങൾ പാടിത്തുടങ്ങുന്ന പുലർകാലവേളയിൽ
കൈതച്ചക്കയും നേന്ത്രപ്പഴവും വാങ്ങാൻ അങ്ങാടിയിൽ പോവുകയും.

പകലാകെ നിനക്കു തോന്നിയിടത്തേക്കു നിന്റെ കാലടികൾ വന്നിരുന്നു,
അർത്ഥമറിയാത്ത പഴമ്പാട്ടുകൾ ആരും കേൾക്കാതെ നീ മൂളിയിരുന്നു.
കടുംചുവപ്പുകഞ്ചുകവുമണിഞ്ഞു പിന്നെ സായാഹ്നസൂര്യനെത്തുമ്പോൾ
നിലത്തു വിരിച്ച പുല്പായയിൽ നീ നിന്നെ മെല്ലെക്കിടത്തിയിരുന്നു,
അവിടെ നിന്റെയൊഴുകുന്ന സ്വപ്നങ്ങളിലന്നു കുരുവികൾ പാറിനടന്നിരുന്നു,
ആ സ്വപ്നങ്ങളെന്നും, നിന്നെപ്പോലെ, പ്രസന്നവും പുഷ്പാലങ്കൃതവുമായിരുന്നു.

അല്ലലറിയാത്ത കുഞ്ഞേ, നീയെന്തിനു ഞങ്ങളുടെ ഫ്രാൻസിലേക്കു വരണം,
ജനം പെരുകിയ, ദുരിതങ്ങൾ വെട്ടിക്കീറിയ ഒരു നാട്ടിലേക്ക്?
നാവികരുടെ കരുത്തൻ കരങ്ങളിൽ സ്വജീവൻ വിശ്വസിച്ചേല്പിച്ചുകൊണ്ട്
എന്തിനു നീ നിന്റെ പ്രിയപ്പെട്ട പുളിമരങ്ങളോടു യാത്ര പറഞ്ഞു പോരണം?
അവിടെ നേർത്ത മസ്ലിനും ധരിച്ചർദ്ധനഗ്നയായി നടക്കുമ്പോൾ,
പുതമഞ്ഞിലും മഞ്ഞുകാറ്റിലും നീ കുളിർന്നുവിറയ്ക്കുമ്പോൾ,
അലസവും നിഷ്കളങ്കവുമായൊരു ഭൂതകാലത്തെയോർത്തെത്ര നീ വിലപിക്കില്ല,
നിഷ്ഠുരമായ മാർക്കച്ചയുടെ തടവിൽ നിന്റെ മാറിടം ഞെരിയുമ്പോൾ,
ഞങ്ങളുടെ തെരുവിലെ ചേറിൽ നിന്നത്താഴം പെറുക്കിയെടുക്കണം നീയെങ്കിൽ,
നിന്റെ വിചിത്രവശ്യതകളുടെ പരിമളം വിറ്റുനടക്കണം നീയെങ്കിൽ?
ചിന്താകുലമായ നിന്റെ കണ്ണുകളപ്പോൾ ഞങ്ങളുടെ മലിനമായ മൂടൽമഞ്ഞിലലയുകയാവും,
ഇല്ലാത്ത തെങ്ങുകളുടെ ചിതറിയ പ്രേതരൂപങ്ങൾ തേടി!


അഭിപ്രായങ്ങളൊന്നുമില്ല: